| Saturday, 14th July 2012, 11:48 am

ടി.പി വധം: അന്വേഷണം അവസാനിപ്പിക്കുന്നതായി സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കുന്നതായി സൂചന. അന്വേഷണം അവസാനിപ്പിച്ച് അടുത്ത മാസം 15നകം പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കും. കുറ്റപത്രം തയാറാക്കാനുള്ള നടപടികള്‍ അന്വേഷണസംഘം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല.

പുതിയ തെളിവുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് സൂചന. കേസില്‍ അറസ്റ്റിലായ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനില്‍ നിന്ന് കേസിലെ ഉന്നത ബന്ധം പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന കൂടുതല്‍ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ലഭ്യമായ വിവരങ്ങള്‍ വെച്ച് അന്വേഷണസംഘം കുറ്റപത്രം തയാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ടി.പി.ചന്ദ്രശേഖരനെ വധിച്ച കൊലയാളി സംഘത്തിലെ ഏഴുപേരാണ് പ്രതിപ്പട്ടികയിലെ ആദ്യപേരുകാരെന്നാണ് സൂചന. കേസില്‍ ഇതിനോടകം 70 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. കാരായി രാജന്‍, പി. മോഹനന്‍ എന്നിവരിലാണ് അന്വേഷണം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.

പ്രാദേശിക നേതാക്കളായ പടയങ്കണ്ടി രവീന്ദ്രന്‍, കുഞ്ഞനന്തന്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു പി മോഹനന്റെ അറസ്റ്റ്. ടി.പിയെ വധിക്കാന്‍ പാര്‍ട്ടി തീരുമാനമുണ്ടെന്ന് മോഹനന്‍ കുഞ്ഞനന്തന് നിര്‍ദേശം നല്‍കിയതായി മൊഴിയുണ്ടായിരുന്നു. എന്നാല്‍ ഏഴ് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും ഇത് സംബന്ധിച്ചകാര്യത്തില്‍ എന്തെങ്കിലും പറയാന്‍ പി. മോഹനന്‍ തയ്യാറായിട്ടില്ല.

പാനൂരിലെ പാര്‍ട്ടി അംഗങ്ങളും സി.പി.ഐ.എം ഗുണ്ടകളുമാണ് ഇതിന് നേതൃത്വം വഹിച്ചത്. ഒഞ്ചിയം കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനയാണ് ടി.പി വധത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേരുന്നത്.

സി.പി.ഐ.എം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ടി.പി ചന്ദ്രശേഖരനെ വധിച്ചതെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കെ.കെ രമയും ആരോപിച്ചിരുന്നു. അന്വേഷണത്തിനിടയില്‍ അറസ്റ്റിലായ പലരുടെയും മൊഴികളില്‍ നിന്നും അന്വേഷണ സംഘത്തിന് ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ടി.പി വധക്കേസില്‍ സി.പി.ഐ.എം നേതൃത്വത്തിന്റെ പങ്ക് വെളിവാക്കുന്ന യാതൊരു തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുത്താല്‍ കോടതിയില്‍ അത് തള്ളപ്പടും. ഉന്നതതല ഗൂഢാലോചന സംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ കിട്ടാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണം സംഘം തയ്യാറെടുക്കുന്നത്.

അതേസമയം, ടി.പി വധക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നത് സംബന്ധിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു. ഇത് സംബന്ധിച്ച വാര്‍ത്തയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നാണ് റവല്യൂഷണറി പാര്‍ട്ടി നേതൃത്വം പറയുന്നത്. കുറ്റപത്രം സമര്‍പ്പിച്ചശേഷം ഉന്നത ഏജന്‍സികളെക്കൊണ്ട് കേസന്വേഷിപ്പിക്കണമോയെന്ന കാര്യം തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more