| Sunday, 17th June 2012, 1:39 pm

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന്റെ മൊഴിയെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരുമ്പാവൂര്‍: ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ ആനക്കൊമ്പ് കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്തു. കഴിഞ്ഞദിവസം കോടനാട് ഡി.എഫ്.ഒ ഓഫീസിലേക്ക് മോഹന്‍ലാലിനെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയായിരുന്നു.

വനം വകുപ്പ് രജിസ്റ്റര്‍ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായി അതീവ രഹസ്യമായാണ് മോഹന്‍ലാല്‍ ശനിയാഴ്ച രാവിലെ 10 ന് കോടനാട്ട് എത്തിയത്. ഡി.എഫ്.ഒ വി.എന്‍. നാഗരാജ്, റേഞ്ചോഫിസര്‍ ഐ.പി. സനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒന്നരമണിക്കൂറോളം ലാലിനെ ചോദ്യംചെയ്തു.

ആനക്കൊമ്പ് കൈവശം വെക്കാന്‍ ലൈസന്‍സുള്ള തന്റെ സുഹൃത്തുക്കള്‍ വിദേശത്ത് പോയപ്പോള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ ലാല്‍ മൊഴി നല്‍കിയിരുന്നത്. ചോദ്യംചെയ്യലില്‍ ലാല്‍ അതേമൊഴി ആവര്‍ത്തിക്കുകയായിരുന്നെന്നാണ് സൂചന. എന്നാല്‍, ലാലിന്റെ മൊഴി സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

വന്യജീവി സംരക്ഷണ നിയമപ്രകാരം ലാലിനും സുഹൃത്തുക്കളായ തൃപ്പൂണിത്തുറ സ്വദേശി എന്‍.കൃഷ്ണകുമാര്‍, തൃശൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയുമാണ് കേസ്.

പ്രാഥമിക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് വനം വകുപ്പിന്റെ നിര്‍ദേശപ്രകാരം ലാല്‍ നേരിട്ട് ഹാജരായത്. ഇതുസംബന്ധിച്ച് ലഭ്യമായ രേഖകള്‍ നിയമപരമാണോ എന്ന് സ്ഥിരീകരിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഇതിന് ലാലിന്റെ വിദേശത്തുള്ള സുഹൃത്തുക്കളുടെ മൊഴിയെടുക്കണം. ഇവരെ നാട്ടിലെത്തിച്ച് മൊഴിയെടുക്കാനും ആലോചനയുണ്ട്. എന്നാല്‍, ഇവര്‍ വിദേശത്ത് എവിടെയാണന്ന കൃത്യമായ വിവരം ലഭിക്കാത്തത് വനം വകുപ്പിന് തലവേദനയുണ്ടാക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി ആനക്കൊമ്പ് പിടിച്ചെടുത്തത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനു സര്‍ക്കാര്‍ അംഗീകരിക്കുന്ന ലൈസന്‍സ് ഇല്ലെന്നാണ് മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടി നല്‍കിയിട്ടുള്ളത്.

ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായിട്ടും ആനക്കൊമ്പ് ലാലില്‍ നിന്ന് പിടിച്ചെടുക്കുകയോ ലാലിനെതിരെ നടപടിയെടുക്കുകയോ ചെയ്യാതിരുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ലാലിനെതിരെയുള്ള നടപടി വൈകുന്നതില്‍ വനംമന്ത്രിയുടെ ഇടപെടലുണ്ടെന്ന ആക്ഷേപവുമുയര്‍ന്നിരുന്ന

We use cookies to give you the best possible experience. Learn more