| Wednesday, 23rd January 2013, 4:45 pm

പാക്ക് പ്രധാനമന്ത്രിക്കെതിരെയുള്ള അന്വേഷണം താത്കാലികമായി നിര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിനെതിരായ അഴിമതിക്കേസിന്റെ അന്വേഷണം താത്കാലികമായി നിര്‍ത്തിവെച്ചു. കേസ് അന്വേഷിച്ചിരുന്ന നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍.എ.ബി) ഉദ്യോഗസ്ഥന്റെ മരണംസംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അന്വേഷണം നിര്‍ത്തിവെക്കാനാണ് നാബിന്റെ തീരുമാനം.[]

എന്‍.എ.ബി. ചെയര്‍മാന്‍ അഡ്മിറല്‍ ഫാസിഹ് ബുഖാരിയാണ് ഇക്കാര്യം അറിയിച്ചത്. അഴിമതിക്കേസ് അന്വേഷണസംഘത്തിലുണ്ടായിരുന്ന എന്‍.എ.ബി. അസിസ്റ്റന്റ് ഡയറക്ടറായ കമ്രാന്‍ ഫൈസലിനെ ജനവരി 18 നാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കമ്രാന്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നെന്നും എന്‍.എ.ബി. മേധാവി ഫാസിഹ് ബുഖാരിയുമായും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം വഴക്കിട്ടിരുന്നെന്നും  കമ്രാന്റെ  കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇതില്‍ ദുരൂഹതയുണ്ടെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.

രാജാ പര്‍വേസ് അഷറഫിനെതിരായ അഴിമതിക്കേസിന്റെ പകര്‍പ്പ് കോടതിയില്‍ നിന്നും തിരിച്ച്് വാങ്ങിയതായി കമ്രാന്റെ പിതാവ് പറഞ്ഞു. സെക്രട്ടേറിയറ്റ് പോലീസ്‌സ്‌റ്റേഷനിലെ അന്വേഷണോദ്യോഗസ്ഥനു നല്‍കിയ മൊഴിയിലാണ് അദ്ദേഹത്തിന്റെ  വെളിപ്പെടുത്തല്‍.

അതേസമയം, കമ്രാന്റെ മരണംസംബന്ധിച്ച അന്വേഷണത്തില്‍ കുടുംബം  തൃപ്തികരമല്ലെങ്കില്‍ എന്‍.എ.ബി. ഉന്നതതല  അന്വേഷണം നടത്തുമെന്ന് ഫാസിഹ് ബുഖാരി പറഞ്ഞു.

സ്വയം രക്ഷക്കായി  എന്‍.എ.ബിയിലെ എല്ലാ അന്വേഷണോദ്യോഗസ്ഥര്‍ക്ക് ആയുധപരിശീലനം നല്‍കും. ഭീഷണിയും സമ്മര്‍ദവും നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും എന്‍.എ.ബി. ചെയര്‍മാന്‍ അഡ്മിറല്‍ ഫാസിഹ് ബുഖാരി പറഞ്ഞു

We use cookies to give you the best possible experience. Learn more