| Friday, 10th August 2012, 9:25 am

മലയാളി ജവാന്റെ ആത്മഹത്യ: സൈനിക പ്രതിഷേധത്തെക്കുറിച്ച് അന്വേഷണം തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ ജവാന്‍ സ്വയം വെടിവച്ചു മരിച്ചതിനെ തുടര്‍ന്ന് കാശ്മീരിലെ സാമ്പയില്‍ 16 കാവല്‍റി യൂണിറ്റില്‍ ജവാന്‍മാരും ഓഫീസര്‍മാരും തമ്മിലുണ്ടായ കലഹത്തെക്കുറിച്ച് കരസേന അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി എ.കെ ആന്റണി കരസേനാ മേധാവി ജനറല്‍ ബിക്രം സിങ്ങിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.[]

ബുധനാഴ്ച രാവിലെയാണ് തിരുവനന്തപുരം സ്വദേശി അരുണ്‍ (26) ക്യാമ്പില്‍ സര്‍വീസ് റൈഫിള്‍ കൊണ്ട് സ്വയം വെടിവച്ചത്. സെക്കന്തറാബാദില്‍ നിന്ന് ആറുമാസം മുന്‍പ് ജമ്മുവിലെ സാമ്പ ക്യാമ്പിലെത്തിയ അരുണിനെ ഒരു ഓഫീസര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി ആരോപണമുണ്ട്. ഈ ക്യാമ്പില്‍ ജവാന്‍മാരും ഓഫീസര്‍മാരും തമ്മില്‍ കുറച്ചു കാലമായി പ്രശ്‌നങ്ങളാണ്. അരുണിന്റെ മരണം നടന്നയുടന്‍ രോഷാകുലരായ ജവാന്‍മാര്‍ സംഘമായി ഓഫീസര്‍മാരുടെ വീടുകളിലും ഓഫീസേഴ്‌സ് മെസ്സുകളിലുമെത്തി ബഹളംവെക്കുകയും മേലുദ്യോഗസ്ഥരെ പൂട്ടിയിടുകയും ചെയ്തിരുന്നു.

കലഹം നീണ്ടതോടെ ജമ്മുവിലെ സമീപ പ്രദേശങ്ങളില്‍ നിന്ന് രണ്ട് ആര്‍മി യൂണിറ്റ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. കോര്‍ കമാന്‍ഡര്‍ എ.കെ. ഭല്ലയുടെ നേതൃത്വത്തില്‍ ജവാന്‍മാരെ പിന്തിരിപ്പിക്കുകയും ഓഫീസര്‍മാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് മേജര്‍മാര്‍ക്കും രണ്ട് സൈനികര്‍ക്കും പരുക്കേറ്റു. കഴിഞ്ഞ നാല് മാസമായി ഈ ക്യാമ്പില്‍ ഉദ്യോഗസ്ഥരും സൈനികരും തമ്മില്‍ സംഘര്‍ഷം പതിവായിരുന്നു.

അതിനിടെ വിഷയം ഇന്നലെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ചര്‍ച്ചയായി. പ്രതിരോധ മന്ത്രി വിശദീകരണം നല്‍കണമെന്ന് രാജ്യസഭയില്‍ ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ക്യാമ്പില്‍ നടന്നത് സേനയുടെ അച്ചടക്കലംഘനമാണെന്ന് ശൂന്യവേളയില്‍ പ്രശ്‌നം ഉന്നയിച്ച സി.പി.ഐ.എമ്മിലെ കെ. എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

സാമ്പയിലുണ്ടായത് ചെറിയൊരു സംഭവമാണെന്നും അത് ഊതി വീര്‍പ്പിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. സേനയുടെ ആത്മവീര്യം തകര്‍ക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രാജ്യസഭയില്‍ സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി ഉന്നയിച്ച വിഷയത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. വിഷയത്തില്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി വിശദീകരണം നല്‍കണമെന്നായിരുന്നു യെച്ചൂരിയുടെ ആവശ്യം. എന്നാല്‍ എ.കെ ആന്റണി സഭയിലുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി മറുപടി നല്‍കുകയായിരുന്നു.  ധാരാളം മലയാളികളുള്ള യൂണിറ്റില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജവാന്‍മാരെ പീഡിപ്പിക്കുന്നതായുള്ള പരാതികള്‍ ഉണ്ടെന്ന് ലോക്‌സഭയില്‍ പ്രശ്‌നം ഉന്നയിച്ച പി.കരുണാകരന്‍ എം.പി ചൂണ്ടിക്കാട്ടി.

സംഭവത്തെ തുടര്‍ന്ന് ഓഫീസര്‍മാരെ അവരുടെ താമസ സ്ഥലത്ത് നിന്ന് മാറ്റിയതായും ഇവര്‍ക്ക് പ്രത്യേക ഭക്ഷണശാല ഏര്‍പ്പെടുത്തിയതായും ദല്‍ഹിയിലെ സൈനിക ആസ്ഥാനം അറിയിച്ചു.

ഇന്ത്യന്‍ സൈന്യത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത സൈനികരുടെ എണ്ണം ആയിരത്തിന് മുകളിലാണെന്നാണ് കണക്കുകള്‍. 2003 മുതല്‍ 2012 ജൂലൈ വരെയുള്ള കണക്ക് പ്രകാരം 1,028 പേര്‍ സൈനിക സേവനത്തിനിടെ സ്വയം ജീവനൊടുക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാറിന്റെ ഔദ്യോഗിക രേഖയില്‍ പറയുന്നത്. ഈ വര്‍ഷം നൂറ് സൈനികരാണ് ആത്മഹത്യ ചെയ്തത്. പാര്‍ലമെന്റില്‍ എ.കെ ആന്റണിയാണ് ഈ കണക്ക് കഴിഞ്ഞദിവസം പുറത്തുവിട്ടത്.

അതിനിടെ ആത്മഹത്യ ചെയ്ത അരുണിന്റെ മൃതദേഹം ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി.

മലയാളി സൈനികന്റെ ആത്മഹത്യ: സൈനിക യൂണിറ്റില്‍ ഓഫീസര്‍മാര്‍ക്കെതിരെ പ്രതിഷേധവുമായി ജവാന്‍മാര്‍

We use cookies to give you the best possible experience. Learn more