| Monday, 29th July 2024, 7:48 am

റാവൂസ് കോച്ചിങ് സെന്റര്‍ ചട്ടം ലംഘിച്ചു; ബെയ്സ്മെന്റില്‍ അനുമതി പാര്‍ക്കിങ്ങിന് മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഐ.എ.എസ് കോച്ചിങ് സെന്റര്‍ ചട്ടം ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ ബെയ്സ്മെന്റില്‍ പാര്‍ക്കിങ്ങിനാണ് അനുമതിയെന്ന് ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പറഞ്ഞു. സ്റ്റോര്‍ റൂം മാത്രം പ്രവര്‍ത്തിക്കാനാണ് അനുമതിയെന്ന് ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഇതുപ്രകാരം റാവൂസ് കോച്ചിങ് സെന്റര്‍ ചട്ടങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം വാണിജ്യപ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമെന്ന് സര്‍ക്കാരിന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് നല്‍കി. മലയാളി ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ദല്‍ഹിയില്‍ പ്രതിഷേധം കനക്കുകയാണ്. അപകടത്തിന് കാരണമായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും പിന്തുണ സ്വീകരിക്കാതെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

നിലവില്‍ കോച്ചിങ് സെന്ററിന്റെ മുന്‍വശത്ത് വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തങ്ങള്‍ക്ക് നീതി ലഭിക്കാത്തപക്ഷം പ്രതിഷേധം അവസാനിപ്പിക്കുകയില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. കോച്ചിങ് സെന്ററുകളിലെ പരിശോധന എം.സി.ഡി ഇന്ന് ആരംഭിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ കെട്ടിടത്തിന്റെ ഉടമയായ അഭിഷേക് ഗുപ്ത (41), ഐ.എ.എസ് കോച്ചിങ് സെന്ററിന്റെ കോര്‍ഡിനേറ്റര്‍ ഡി.പി. സിങ് (60) എന്നിവരെ ദല്‍ഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മലയാളി വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ മരിച്ചത്. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിനാണ് മരിച്ച മലയാളി. മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ ഉത്തര്‍പ്രദേശ്, തെലങ്കാന സ്വദേശികളുമാണ്.

ദല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയിലാണ് നവീന്റെ മൃതദേഹമുള്ളത്. വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി നവീനെ തിരിച്ചറിഞ്ഞു. ഇന്ന് പത്ത് മണിയോടെ നവീന്റെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് ആശുപത്രി അധികൃതരും പൊലീസും പ്രതികരിച്ചു.

Content Highlight: Investigation report that IAS coaching center in Delhi violated the rules

We use cookies to give you the best possible experience. Learn more