| Wednesday, 4th July 2012, 9:15 am

ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ നിരപരാധിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആനക്കൊമ്പ് കൈവശം വെച്ചുവെന്ന കേസില്‍ ആരോപണ വിധേയനായ നടന്‍ മോഹന്‍ലാല്‍ നിരപരാധിയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ലാലിന്റെ കൈവശമുള്ള ആനക്കൊമ്പ് രണ്ട് സൃഹൃത്തുക്കള്‍ സമ്മാനമായി നല്‍കിയതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിനിമാനിര്‍മാതാക്കള്‍ കൂടിയായ തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാറും, തൃശൂര്‍ സ്വദേശി പി. കൃഷ്ണകുമാറുമാണ് ലാലിന് ആനക്കൊമ്പ് കൈമാറിയത്. തൃപ്പൂണിത്തറ സ്വദേശി കെ. കൃഷ്ണകുമാര്‍ പരമ്പരാഗതമായി കൈമാറിക്കിട്ടിയ ആനക്കൊമ്പാണ് ലാലിന് നല്‍കിയത്.

തൃശൂര്‍ സ്വദേശി പി. കൃഷ്ണകുമാറിന് സ്വന്തമായി ഉണ്ടായിരുന്ന കൃഷ്ണന്‍കുട്ടി എന്ന ആന ചരിഞ്ഞപ്പോള്‍ കൊമ്പുകള്‍ മോഹന്‍ലാലിന്  സ്‌നേഹോപഹാരമായി നല്‍കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി ജേക്കബ് പുന്നൂസിന് കൈമാറിയിട്ടുണ്ട്. അതേസമയം മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ നിയമപരമായി അവകാശമുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തിയിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണം മലയാറ്റൂര്‍ ഡി.എഫ്.ഒ ആണ് നടത്തുന്നത്.

വനംവകുപ്പിന്റെ ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ലാല്‍ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കിയിരുന്നു.  ആനക്കൊമ്പ് കൈവശം വെക്കാന്‍ തനിക്ക് ലൈസന്‍സ് ഉണ്ടെന്നാണ് ലാല്‍ പോലീസിന് മൊഴി നല്‍കിയത്. മോഹന്‍ലാലില്‍ നിന്ന് വനംവകുപ്പും മൊഴിയെടുത്തിരുന്നു.

2011 ജൂലൈ 22നാണ് ആദാനയികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 2 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

We use cookies to give you the best possible experience. Learn more