ഇങ്ങനെയാണ് അവരെല്ലാം ചേര്‍ന്ന് ബംഗാള്‍ സ്വദേശിയായ മണിക് റോയിയെ കൊന്നൊടുക്കിയത്
Mob Lynching
ഇങ്ങനെയാണ് അവരെല്ലാം ചേര്‍ന്ന് ബംഗാള്‍ സ്വദേശിയായ മണിക് റോയിയെ കൊന്നൊടുക്കിയത്
അമേഷ് ലാല്‍
Thursday, 19th July 2018, 4:49 pm

“ഞായറാഴ്ച വൈകിട്ടാണ് ചേച്ചീ കോഴിയെ കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ച് മണി വന്നത്, 450 രൂപ വില സമ്മതിച്ച് കോഴിയെ കൊടുത്തു, 100 രൂപ തന്നു, ബാക്കി നാളെ പണി കഴിഞ്ഞു വരുമ്പോ തരാമെന്ന് പറഞ്ഞ് കോഴിയേയും കൊണ്ട് പോയതാണ് അയാള്‍. ഇവിടെ നിന്ന് താഴേക്ക് ഇറങ്ങുമ്പോ ആ കലുങ്കിനടുത്ത് വെച്ചാണ് അവര്‍ അയാളെ അടിച്ചത്. ഇവിടുന്ന് ഒരു കോഴിയേയും കൊണ്ട് പോയ അയാള്‍ക്ക് ഈ അവസ്ഥ വന്നതോര്‍ത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ഞാന്‍ ഉറങ്ങിയിട്ടില്ല” കൊല്ലം ജില്ലയിലെ അഞ്ചല്‍ പനയംചേരി സ്വദേശി സരോജിനി എന്ന വീട്ടമ്മയുടെ വാക്കുകളാണ്. കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ച് ആള്‍കൂട്ടം മര്‍ദ്ദിച്ച് കൊന്ന ബംഗാള്‍ സ്വദേശി മണിക് റോയിയെ കുറിച്ചാണ് നിറകണ്ണുകളോടെ സരോജിനി സംസാരിച്ചത്.

ജൂണ്‍ 24 ഞായറാഴ്ചയാണ് സരോജിനിയുടെ വീട്ടില്‍ നിന്ന് മണിക് റോയ് കോഴിയെ വാങ്ങിയത്. ഈ കോഴിയുമായി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരില്‍ ശശിധരക്കുറുപ്പ്, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ആസിഫ് എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

വിദേശത്ത് ജോലിക്ക് ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ശശിധരക്കുറുപ്പും സഹായികളും കൂടി ഞായറാഴ്ച വൈകുന്നേരം ആഘോഷിക്കുന്നതിനിടെയാണ് കയ്യില്‍ കോഴിയുമായി മണിക് താമസസ്ഥലത്തേക്ക് പോകാനായി അതുവഴി വന്നത്. കോഴിയെ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ശശിധരക്കുറുപ്പ് മണിക്കിനെയും കൂടെയുണ്ടായിരുന്നയാളെയും തടഞ്ഞു നിര്‍ത്തുകയായിരുന്നു.

കോഴിയെ വില കൊടുത്ത് വാങ്ങിയതാണെന്ന് പറഞ്ഞെങ്കിലും ശശിധരക്കുറുപ്പും സഹായി ആസിഫും ചേര്‍ന്ന് മണിക്കിനെ അടിക്കാന്‍ തുടങ്ങി. ഇതിനിടെ ബഹളം കേട്ട് കോഴിയെ നല്‍കിയ സരോജിനിയുടെ ഭര്‍ത്താവ് സുന്ദരന്‍ സ്ഥലത്തെത്തി കോഴിയെ വിറ്റതാണെന്ന് പറഞ്ഞെങ്കിലും മര്‍ദ്ദനം നിര്‍ത്താന്‍ പ്രതികള്‍ തയ്യാറായില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂക്കിലും വായിലും നിന്ന് ചോര ഒലിക്കും വരെ മര്‍ദ്ദനം തുടര്‍ന്നു. പ്രതികളുടെ പരിചയക്കാരായ കൂടുതല്‍ പേര്‍ ഇയാളെ മര്‍ദ്ദിച്ചിരുന്നതായും ആരോപണമുണ്ട്.

Also Read: ‘ഇത്ര സ്വഭാവദൂഷ്യങ്ങള്‍ പെണ്‍കുട്ടിക്കുണ്ടെന്ന് പിന്നീടാണറിഞ്ഞത്’ ഇരയെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി ഒളിവില്‍ കഴിയുന്ന ഓര്‍ത്തഡോക്‌സ് സഭാ വൈദികന്റെ വീഡിയോ

“ഈ ശശി എന്ന് പറയുന്നയാളുടെ വീട് വലിയ മതിലും ഗേറ്റും ഒക്കെയുള്ള വലിയ വീടാണ്. അവിടേക്ക് ഒരു പൂച്ചക്കുഞ്ഞിനു പോലും കയറാന്‍ കഴിയില്ല. പിന്നെ എന്തിനാണ് അവര്‍ കോഴിയെ മോഷ്ടിച്ചു എന്ന് പറഞ്ഞ് അയാളെ അടിച്ചതെന്ന് എനിക്കറിയില്ല. ഞങ്ങടെ കോഴി പോയെങ്കിലും അത് പട്ടി പിടിച്ചതായിരുന്നു. അത് ഞങ്ങള്‍ പറയുകയും ചെയ്തതാണ്. പട്ടി ബാക്കിയുള്ള കോഴിയെ കൂടി കൊണ്ട് പോകണ്ടല്ലോ എന്ന് കരുതിയാണ് ഞാന്‍ കോഴിയെ കൊടുക്കാന്‍ തീരുമാനിച്ചത്. ചന്തയില്‍ കൊണ്ട് പോകുന്നതിലും നല്ലത് ബംഗാളികള്‍ കോഴിയെ വാങ്ങും അവര്‍ക്ക് കൊടുക്കാന്‍ വേറൊരാള്‍ എന്നോട് പറഞ്ഞു. അങ്ങനെയാണ് ഞായറാഴ്ച രാവിലെ ഞാന്‍ ഇവര് താമസിക്കുന്ന സ്ഥലത്ത് ചെന്ന് കോഴിയെ വേണോ എന്ന് ചോദിച്ചത്. അപ്പോ അവിടെ മണി ഇല്ലാരുന്നു, ഈ വിവരം അറിഞ്ഞാണ് മണി വൈകിട്ട് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പോകുന്ന വഴിക്ക് കോഴിയെ വാങ്ങാനായി വീട്ടില്‍ കയറിയത്.” സരോജിനി പറയുന്നു.

രണ്ടു ദിവസം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ മണിക് പിന്നീട് വീട്ടിലെത്തുകയും ജോലിക്ക് പോയി തുടങ്ങുകയും ചെയ്തു. മൂന്നാഴ്ചയ്ക്ക് ശേഷം ജൂലൈ 15 ഞായറാഴ്ച വൈകിട്ട് ജോലി ചെയ്യുന്നതിനിടെ മണിക് കുഴഞ്ഞു വീഴുകയായിരുന്നു. അഞ്ചല്‍ സെന്റ് ജോസഫ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിനിടെയാണ് മണിക് മരണപ്പെട്ടത്. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സാമ്പത്തിക ഞെരുക്കം മൂലം കൃത്യമായ ചികിത്സ തേടാന്‍ കഴിയാതിരുന്നതാണ് മരണത്തിന് ഇടയാക്കിയത്.

മെഡിക്കല്‍ കോളേജിലേക്ക് മണിക് റോയിയെ കൊണ്ടുപോയത് അഞ്ചല്‍ സ്വദേശി സുഭാഷ് എന്നയാളുടെ ആംബുലന്‍സിലാണ്. മണിക്കിന് മര്‍ദ്ദനമേറ്റ സംഭവം അറിയാമായിരുന്ന സുഭാഷ് ആംബുലന്‍സുമായി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.

ബന്ധപ്പെട്ടവരെ തിരുവനന്തപുരത്ത് എത്തിക്കാന്‍ വേണ്ടത് ചെയ്യാം എന്ന് എസ്.ഐ പറഞ്ഞതനുസരിച്ച് സുഭാഷ് മണിക്കുമായി യാത്ര തിരിച്ചെങ്കിലും മണിക്കിന് അനക്കമില്ല എന്ന് കണ്ടു സംശയം തോന്നി, അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കയറ്റി പള്‍സ് ഒന്ന് നോക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയോട് ഒരു ഡോക്ടറും ചെയ്യാന്‍ പാടില്ലാത്തതാണ് അഞ്ചല്‍ സൂര്യ ആശുപത്രിയിലെ ഡോക്ടര്‍ ചെയ്തതെന്ന് സുഭാഷ് പറയുന്നു. “അദ്ദേഹം എന്നെ ആട്ടി ഇറക്കുന്നത് പോലെയാണ് സംസാരിച്ചത്. ഡോക്ടര്‍ പള്‍സ് ഒന്ന് നോക്കിയാല്‍ മാത്രം മതി എന്ന് പറഞ്ഞപ്പോ ഞാന്‍ പള്‍സ് നോക്കിയാല്‍ പിന്നെ ഞാന്‍ കോടതി കയറേണ്ടി വരും. വേഗം ഇവിടുന്ന് കൊണ്ട് പൊക്കോ എന്നാണ് അയാള്‍ പറഞ്ഞത്. ഒരു പക്ഷേ അപ്പോള്‍ പള്‍സ് നോക്കി ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഓക്‌സിജന്‍ കൊടുക്കുകയോ അടിയന്തിര ചികിത്സ കൊടുക്കുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ അയാളെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. അവിടെ നിന്ന് വേഗം മിഷന്‍ ഹോസ്പിറ്റലിലേക്ക് തന്നെ രോഗിയെ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നെ വൈകിട്ട് ഞാന്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കൊണ്ട് പോയതും, നാട്ടിലേക്ക് മൃതദേഹം കൊണ്ട് പോകാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തിയതും. പലരും ഒന്നേകാല്‍ ലക്ഷം രൂപ വേണമെന്ന് പറഞ്ഞു, ഒടുവില്‍ 90000 രൂപയ്ക്ക് ഒരു ആംബുലന്‍സ് ഏര്‍പ്പാടാക്കുകയായിരുന്നു.” സുഭാഷ് പറഞ്ഞു.

Also Read:‘മീശ’യെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ഷഭാരത തെറിവിളികള്‍

ബംഗാളിലെ മാല്‍ഡ ജില്ലയില്‍ കാശിമാപുര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട മണിക് റോയ്. രോഗിയായ ഭാര്യയും, രണ്ടു മക്കളുമുണ്ട്. ഭാര്യ: തമൂലി. മക്കള്‍: ഉസ്മ, മന്‍തുഷ്. മകളുടെ കല്യാണം കഴിഞ്ഞു, 21 വയസ്സുള്ള മകന്‍ മണിക്കിനൊപ്പം താമസിക്കുകയായിരുന്നു.

ആറു വര്‍ഷത്തോളമായി നാട്ടുകാര്‍ മണി എന്ന് വിളിക്കുന്ന മണിക് റോയ് അഞ്ചലില്‍ താമസിക്കുന്നു. നാട്ടുകാര്‍ക്ക് ആര്‍ക്കും ഇയാളെ കുറിച്ച് യാതൊരു പരാതിയുമില്ല. ജോലിക്ക് പോകും, തിരിച്ച് താമസസ്ഥലത്ത് വരും. ഞായറാഴ്ചകളില്‍ കോഴിയെ വാങ്ങി സുഹൃത്തുക്കള്‍ക്കൊപ്പം പാചകം ചെയ്തു കഴിക്കും. അത്ര സുപരിചിതനായ ഒരാളെ കോഴിയെ മോഷ്ടിച്ചു എന്നു പറഞ്ഞ് കൊന്നു കളഞ്ഞതിന്റെ ആഘാതത്തിലാണ് നാട്ടുകാര്‍.

എങ്കിലും പ്രതികളുടെ ഉന്നത ബന്ധങ്ങള്‍ ഭയന്നാവണം നാട്ടുകാരില്‍ പലരും പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്റെ സ്ഥാപനത്തിലെ ഡ്രൈവറുമാണ് പ്രതികളില്‍ ഒരാളായ ആസിഫ്.

മണിക് റോയിയുടെ സഹോദരപുത്രനായ മുകുള്‍ റോയി ഭാര്യയ്ക്കും കുഞ്ഞു മകള്‍ക്കും ഒപ്പം സമീപത്ത് തന്നെ താമസിക്കുന്നുണ്ട്. “എന്റെ ചിറ്റപ്പനാണ് മരിച്ചത്, ഞായറാഴ്ച വൈകിട്ട് കോഴിയേയും കൊണ്ട് പോകുന്ന വഴിക്കാണ് കുറച്ച് പേര്‍ അടിച്ചത്. ആരാണെന്ന് ഞാന്‍ കണ്ടില്ല. നാട്ടില്‍ ഞങ്ങള്‍ക്ക് ഭൂമി കുറവാണ്. ചിറ്റപ്പന്റെ ഭാര്യ രോഗിയായതിനാല്‍ ജോലിക്ക് ഒന്നും പോകാന്‍ കഴിയില്ല, ചികിത്സക്കും നല്ല പണം വേണം. വലിയ കഷ്ടപ്പാടായത് കൊണ്ടാണ് അദ്ദേഹം ഇവിടെ ജോലിക്ക് വന്നത്.” മുകുള്‍ റോയി പറയുന്നു. നാട്ടുകാര്‍ക്ക് എതിരെ സംസാരിച്ചാല്‍ തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം മുകുള്‍ റോയിക്കുമുണ്ട്.

മര്‍ദ്ദനമേറ്റ ദിവസം തന്നെ മണിക്ക് റോയി അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൈകൊണ്ടുള്ള അടി (ഐ.പി.സി 323), അസഭ്യം പറച്ചില്‍ (294 ബി), മാര്‍ഗതടസ്സം സൃഷ്ടിക്കല്‍ (341), ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്നുള്ള അക്രമം (34) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അന്നു കേസെടുത്തത്. നിസ്സാര വകുപ്പുകള്‍ ആയതിനാല്‍ പ്രതികള്‍ സ്റ്റേഷനില്‍ നിന്ന് ജാമ്യം നേടുകയും ചെയ്തു.

മണിക് റോയി മരിച്ച ശേഷം ഐ.പി.സി 302, 34 വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഉന്നത ബന്ധവും സാമ്പത്തികശേഷിയുമുള്ളവരായതിനാല്‍ ഇവര്‍ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്നത് തടയണമെന്നും സ്വതന്ത്രമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കണമെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം.

കേസ് പിന്തുടരാനോ സമ്മര്‍ദ്ദം ചെലുത്താനോ ശേഷിയില്ലാത്ത ഇതര സംസ്ഥാന തൊഴിലാളി കുടുംബമായതിനാല്‍ ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്കൊടുവില്‍ കേസ് ഉപേക്ഷിക്കപ്പെടാനുള്ള സാധ്യതയും പലരും ചൂണ്ടിക്കാണിക്കുന്നു.