| Saturday, 6th July 2024, 8:44 pm

കാര്യവട്ടം ക്യാമ്പസിലെ ഇടിമുറി മര്‍ദനം തള്ളി സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട്; എസ്.എഫ്.ഐയെ സംരക്ഷിക്കാനുള്ള റിപ്പോര്‍ട്ടെന്ന് കെ.എസ്.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ എസ്.എഫ്.ഐയുടെ ഇടിമുറി മര്‍ദനം തള്ളി കേരള സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇടിമുറിയിലിട്ട് മര്‍ദിച്ചെന്ന് ആരോപിച്ച കെ.എസ്.യു നേതാവ് സാന്‍ജോസിന്റെ പരാതിയാണ് അന്വേഷണ റിപ്പോർട്ടിൽ തള്ളിക്കളഞ്ഞത്.

സാന്‍ജോസിനെ മര്‍ദിച്ചതിനോ ഇടിമുറി ഉള്ളതിനോ തെളിവൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരോപണം ഉയര്‍ന്ന ഹോസ്റ്റലിലെ 121ാം നമ്പര്‍ മുറി സംഭവം നടന്നെന്ന് പറയുന്ന ദിവസം പൂട്ടിക്കിടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ മുറി ഒരു ഗവേഷക വിദ്യാര്‍ത്ഥിയുടെതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സി.സി.ടി.വി കേടായതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സംഭവദിവസം കെ.എസ്.യു, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുറത്തുനിന്നുള്ള ആള്‍ ക്യാമ്പസില്‍ പ്രവേശിച്ചതിന്റെ പേരിലാണ് സംഘര്‍ഷമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേരർത്തു.

എന്നാല്‍ ഇതിനെതിരെ കെ.എസ്.യു രംഗത്തെത്തി. എസ്.എഫ്.ഐയെ സംരക്ഷിക്കാനുള്ള റിപ്പോര്‍ട്ടാണ് സര്‍വകലാശാല ഉണ്ടാക്കിയതെന്ന് കെ.എസ്.യു ആരോപിച്ചു. അന്വേഷണ സമിതിയില്‍ ഇടത് അധ്യാപകര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും കെ.എസ്.യു പറഞ്ഞു. നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും കെ.എസ്.യു കൂട്ടിച്ചേര്‍ത്തു.

Content Highlight: investigation report of the university has rejected the assault in Kariyavattam campus by sfi

We use cookies to give you the best possible experience. Learn more