തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം കൈമാറാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സി.പി.ഐ.എം നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
വലിയ രീതിയിലുള്ള വീഴ്ചകള്‍ ശിവശങ്കറില്‍ നിന്നും ഉണ്ടായെന്നാണ് ബിശ്വാസ് മേത്ത ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ സമിതി കണ്ടെത്തിയതെന്നാണ് സൂചന. ഇന്ന് തന്നെ റിപ്പോര്‍ട്ട് കൊടുക്കുമെന്നാണ് അറിയുന്നത്. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ജാഗ്രത കുറവുണ്ടായെന്നും പദവി ദുരുപയോഗം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് അറിയുന്നത്.
എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീണ്ടുപോകുന്നത് സര്‍ക്കാരിനെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിപക്ഷം ഏറ്റവും വലിയ ആയുധമാക്കുന്നതും ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷണത്തില്‍ നിര്‍ത്തുന്നു എന്നതായിരുന്നു.
ഇന്നലെ ശിവശങ്കര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് സന്ദീപിന് ഫ്‌ളാറ്റില്‍ റൂം എടുത്തുനല്‍കിയതെന്ന് ഐ.ടി ഫെല്ലോ അരുണ്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ അരുണിനെ ഐ.ടി വകുപ്പില്‍ നിന്നും പുറത്താക്കി. അപ്പോഴും ശിവശങ്കറിന് കൊടുത്ത സംരക്ഷണം വലിയ ചര്‍ച്ചയായിരുന്നു. സ്വപ്‌നയും സരിത്തും ശിവശങ്കറുമായി വിളിച്ച ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും സസ്‌പെന്‍ഷന്‍ നടപടി വൈകുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.