| Sunday, 26th November 2017, 11:45 am

വ്യാജരേഖയുണ്ടാക്കി യാത്രാപ്പടി കൈപ്പറ്റിയെന്ന് ആരോപണം; പ്രയാറിനും അജയ് തറയിലിനുമെതിരെ അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി യാത്രപ്പടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ ദേവസ്വം മുന്‍ പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗം അജയ് തറയിലിനുമെതിരെ അന്വേഷണം നടത്തുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത അതേദിവസങ്ങളില്‍ ശബരിമലയില്‍ ഉണ്ടായിരുന്നെന്ന് കാട്ടി ഇവര്‍ യാത്രാപ്പടി കൈപ്പറ്റിയിരുന്നു.

ശബരിമലയിലെ സന്ദര്‍ശക രജിസ്റ്ററിലോ യോഗം മിനുട്‌സിലോ കൃത്രിമത്വം നടത്തിയെന്നാണ് കരുതുന്നത്. മൂന്ന് വര്‍ഷം കാലാവധിയുണ്ടായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അടുത്തിടെ ഓര്‍ഡിനന്‍സിലൂടെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.


Also Read: ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബന്ധത്തില്‍ ഉലച്ചിലുണ്ടാകും; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക


ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയായിരുന്നു അംഗീകാരം നല്‍കിയത്. അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണ് ബോര്‍ഡിനെ പിരിച്ചു വിടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും അംഗമായ ബോര്‍ഡ്, രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്പാണ് മൂന്നുവര്‍ഷ കാലാവധി രണ്ടുവര്‍ഷമാക്കി ചുരുക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

ഇതോടെ ബോര്‍ഡിന്റെ പ്രസിഡണ്ട് സ്ഥാനത്തുനിന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്തായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ തന്റെ ശക്തമായ നിലപാടാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നായിരുന്നു കാലാവധി വെട്ടിച്ചുരുക്കിയതിനെതിരെ പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more