| Tuesday, 16th November 2021, 11:05 am

ഓര്‍ഹന്‍ പാമുക്കിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ എര്‍ദോഗന്‍ സര്‍ക്കാര്‍; അതാതുര്‍ക്ക്നെ അധിക്ഷേപിച്ചെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: 2006ലെ സാഹിത്യ നൊബേല്‍ ജേതാവായ ഓര്‍ഹന്‍ പാമുക്കിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ തുര്‍ക്കിയില്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.

ആധുനിക തുര്‍ക്കിയുടെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന മുസ്തഫ കെമാല്‍ അതാതുര്‍ക്ക്നെ അധിക്ഷേപിച്ചു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ പാമുകിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്മേലാണ് ഇപ്പോള്‍ അന്വേഷണം പുനരാരംഭിച്ചിരിക്കുകയാണ്.

ഇതിനിടയിലാണ് നോവലിസ്റ്റിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ നീക്കമുള്ളതായി വാര്‍ത്ത വരുന്നത്.

പാമുകിന്റെ ‘നൈറ്റ്‌സ് ഓഫ് പ്ലേഗ്’ എന്ന പുതിയ പുസ്തകത്തില്‍ അതാതുര്‍ക്കിനെ അധിക്ഷേപിക്കുന്നതായി അഭിഭാഷകന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നോവലിസ്റ്റിനെതിരെ മുമ്പ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ വര്‍ഷമാദ്യം ആയിരുന്നു അന്വേഷണം തുടങ്ങിയത്.

നോവലിലെ ചില ഭാഗങ്ങള്‍, അതാതുര്‍ക്കിന്റെ ഓര്‍മകളെ സംരക്ഷിക്കുന്ന രാജ്യത്തെ നിയമങ്ങളെ ലംഘിക്കുന്നു എന്നായിരുന്നു അഭിഭാഷകന്റെ പരാതി.

എന്നാല്‍ നിയമനടപടിയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ അന്വേഷണം അവസാനിപ്പിച്ചു. ഇതേത്തുടര്‍ന്ന് കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ വീണ്ടും രംഗത്തെത്തുകയായിരുന്നു. അതേസമയം ആരോപണങ്ങള്‍ പാമുക് നിഷേധിച്ചു.

”നൈറ്റ്‌സ് ഓഫ് പ്ലേഗ് എന്ന നോവലിന് വേണ്ടി ഞാന്‍ അഞ്ച് വര്‍ഷം പണിയെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ ധീരരായ സ്ഥാപകരോട് ആരോടും പുസ്തകത്തില്‍ അനാദരവ് കാണിക്കുന്നില്ല.

മറിച്ച്, രാജ്യത്തിന്റെ സ്വാതന്ത്ര്യവാദികളോടും നേതാക്കന്മാരോടുമുള്ള ബഹുമാനത്തോടും ആദരവോടും കൂടിയാണ് പുസ്തകം എഴുതിയത്,” പാമുക് പ്രതികരിച്ചു.

സംഭവം നിരീക്ഷിച്ച് വരികയാണെന്ന് നൊബേല്‍ പുരസ്‌കാര ദാതാക്കളായ സ്വീഡിഷ് അക്കാദമി പ്രതികരിച്ചു.

ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ആധുനിക തുര്‍ക്കിയെ സൃഷ്ടിച്ചെടുത്തതില്‍ പ്രധാന പങ്ക് വഹിച്ച നേതാവായിരുന്നു മുസ്തഫ കെമാല്‍ അതാതുര്‍ക്ക്.

20ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഓട്ടോമന്‍ തുര്‍ക്കിയുടെ പ്രവിശ്യകളില്‍ വെച്ച് 10 ലക്ഷത്തോളം അര്‍മേനിയക്കാരെ വംശഹത്യ ചെയ്തിരുന്നു എന്ന് തുറന്ന് പറഞ്ഞതിന് മുമ്പും പാമുകിനെ തുര്‍ക്കിയില്‍ വിചാരണ ചെയ്തിരുന്നു. നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നതിന് മുമ്പായിരുന്നു അത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Investigation on Orhan Pamuk on the claim that he insulted the founder of modern Turkey through his novel

We use cookies to give you the best possible experience. Learn more