കൂടത്തായി മോഡലില്‍ തിരുവനന്തപുരത്ത് കല്ലറ തുറന്ന് പരിശോധന; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം
Kerala
കൂടത്തായി മോഡലില്‍ തിരുവനന്തപുരത്ത് കല്ലറ തുറന്ന് പരിശോധന; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th October 2019, 10:13 am

തിരുവനന്തപുരം: തിരുവനന്തപുരം ഭരതന്നൂരിലെ 10 വര്‍ഷം പഴക്കമുള്ള ദുരൂഹ മരണം വീണ്ടും അന്വേഷിക്കുന്നു.

പത്ത് വര്‍ഷം മുന്‍പ് അടക്കം ചെയ്ത ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിന്റെ മൃതദേഹം ആണ് പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുക.

മരണം കൊലപാതകമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. ഭരതന്നൂരില്‍ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമോര്‍ട്ടവും ഫോറന്‍സിക് പരിശോധനയും നടത്താനാണ് തീരുമാനം.

തലയ്ക്കും നട്ടെല്ലിനുമേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അന്ന് താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

2009 ഏപ്രില്‍ അഞ്ചിന് പാല് വാങ്ങാനായി അടുത്ത കടയിലേക്ക് പോയ ആദര്‍ശിനെ പിന്നീട് കണ്ടെത്തുന്നത് വഴിയരികിലെ ഒരു കുളത്തില്‍ മരിച്ച നിലയിലാണ്. മുങ്ങിമരണമെന്ന് പാങ്ങോട് പൊലീസ് ആദ്യം തന്നെ വിധിയെഴുതി.

എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ലഭിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്ന് കണ്ടതോടെയാണ് പരാതി ഉയരുന്നത്. മകനെ വെള്ളത്തില്‍ നിന്ന് താന്‍ വാരിയെടുക്കുമ്പോള്‍ അവന്റെ കഴുത്ത് കിടന്ന് ആടുകയായിരുന്നെന്നും അടിച്ചാണ് അവര് അവനെ കൊന്നതെന്നും ആദര്‍ശിന്റെ അമ്മ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം കയറിയിരുന്നില്ല. മുങ്ങിയല്ല കുട്ടി മരിച്ചതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. മറ്റൊന്ന് കുട്ടിയുടെ വസ്ത്രത്തിലടക്കം അന്ന് ബീജവും രക്തക്കറയും കണ്ടെത്തിയിരുന്നു. കുട്ടി കൊല്ലപ്പെട്ട ദിവസം കനത്ത മഴയായിരുന്നെങ്കിലും കുളത്തിന് കരയില്‍ മടക്കിയ നിലയില്‍ കണ്ടെത്തിയ വസ്ത്രം നനഞ്ഞിരുന്നില്ല. എന്നിട്ടും കുട്ടിയെ ഉപദ്രവിച്ച് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തില്‍ അന്ന് പൊലീസ് എത്തിയിയിരുന്നില്ല.

ഇപ്പോള്‍ കൂടത്തായി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സജീവമായതോടെയാണ് പത്തുവര്‍ഷം മുന്‍പുള്ള ഈ കേസ് വീണ്ടും അന്വേഷിക്കുന്നത്. മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധന അടക്കം നടത്തി കൊലപാതകിയിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കുറച്ചുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് ഒരുങ്ങുന്നുണ്ട്. നാലോ അഞ്ചോ പേര്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണെന്നാണ് അറിയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight;  Investigation into the mysterious death of a seventh class student