[] കോഴിക്കോട്: പരിസ്ഥിതി ലോലപ്രദേശമായ ചക്കിട്ടപ്പാറയിലെ ഖനനാനുമതി വിവാദത്തില്‍ സര്‍ക്കാര്‍ ഇന്ന് തന്നെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. ചക്കിട്ടപ്പാറയിലെ ഖനനപ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ കമ്പനിക്ക് ഖനനാനുമതി നല്‍കിയ സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടൊ, ഇതിന് പിന്നില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്കുണ്ടൊ തുടങ്ങിയ വിവരങ്ങള്‍ പുറത്തു വരേണ്ടതുണ്ട്.
ഇന്നുതന്നെ വിഷയത്തില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു വ്യവസായ വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നത്.
ഖനനാനുമതി വന്‍വിവാദമാവുകയും രാഷ്ട്രീയബന്ധം ആരോപിക്കപ്പെടുകയും ചെയ്തതോടെയാണ് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്.
എന്നാല്‍ വി.എം സുധീരന്‍, ടി.എന്‍ പ്രതാപന്‍, പി.സി ജോര്‍ജ് തുടങ്ങിയ നേതാക്കള്‍ സി.ബി.ഐ അന്വേഷണത്തിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചക്കിട്ടപ്പാറ വിഷയം വിവാദമായ സന്ദര്‍ഭത്തില്‍ തന്നെ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെ ടി.എന്‍ പ്രതാപന്‍, കെ.പി അനില്‍കുമാര്‍, ഡി.സി.സി പ്രസിഡണ്ട് അബു എന്നിവര്‍ക്കൊപ്പമാണ് ചെന്നിത്തല ചക്കിട്ടപ്പാറ സന്ദര്‍ശിച്ചത്.