| Wednesday, 29th September 2021, 11:11 am

ലോകാരോഗ്യ സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരായ ലൈംഗിക പീഡന പരാതി; റിപ്പോര്‍ട്ട് പുറത്തുവിട്ട് അന്വേഷണസംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: കോംഗോയില്‍ (ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ) എബോള നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ലോകാരോഗ്യ സംഘടനാ പ്രവര്‍ത്തകര്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതായി ലോകാരോഗ്യ അന്വേഷണ റിപ്പോര്‍ട്ട്. സംഘടന സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിലാണ് ഇത്തരം 83 കേസുകള്‍ കണ്ടെത്തിയത്. ഇതില്‍ ഒമ്പത് പീഡന ആരോപണങ്ങളും ഉള്‍പ്പെടുന്നു.

ലോകാരോഗ്യ സംഘടനാ ജീവനക്കാരായ 20 അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്. 2018 മുതല്‍ 2020 വരെ നീണ്ടുനിന്ന കാലയളവില്‍ പ്രാദേശികമായും കോംഗോയിലെ അന്താരാഷ്ട്ര സംഘടനകളുടെ ഭാഗമായും പ്രവര്‍ത്തിച്ചവരാണ് കുറ്റം ചെയ്തിരിക്കുന്നതായി കണ്ടെത്തിയത്.

35 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് ലോകാരോഗ്യസംഘടന അന്വേഷണ സംഘം ചൊവ്വാഴ്ച പുറത്തുവിട്ടു. ഐക്യരാഷ്ട്രസംഘടനയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു സ്ഥാപനത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ വലിയരീതിയില്‍ ലൈംഗിക കുറ്റകൃത്യകേസ് വരുന്നത് ആദ്യമായാണ്.

പീഡനവും മറ്റ് ലൈംഗിക അതിക്രമങ്ങളും നേരിട്ട സ്ത്രീകളോട് അന്വേഷണ കമ്മീഷന്‍ സംസാരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഭാഗമായി എബോള നിര്‍മാര്‍ജനത്തിന് എത്തിയവര്‍ തങ്ങളെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് കോംഗോയിലെ സ്ത്രീകള്‍ മൊഴി നല്‍കിയത്. 50ലധികം സ്ത്രീകളായിരുന്നു പരാതിയുമായി രംഗത്തെത്തിയത്.

പീഡനത്തെത്തുടര്‍ന്ന് ചിലര്‍ ഗര്‍ഭിണികളായതായും അബോര്‍ഷന് വേണ്ടി നിര്‍ബന്ധിക്കപ്പെട്ടതായും സ്ത്രീകള്‍ പറഞ്ഞു. കുറ്റാരോപിതരായ 83 പേരേയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ കോംഗോ പൗരന്മാരും വിദേശികളും ഉള്‍പ്പെടുന്നു.

ലോകാരോഗ്യസംഘടനയുടെ സംഘടനാപ്രവര്‍ത്തനത്തിലെ പിഴവാണ് സംഭവങ്ങള്‍ തെളിയിക്കുന്നതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് തരുന്ന സൂചനയെന്നാണ് വിലയിരുത്തല്‍.

വര്‍ഷങ്ങളായി കോംഗോ നിരവധി സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അതുകൊണ്ട് തന്നെ പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ ഒട്ടും സ്വീകാര്യമല്ലെന്നും കോംഗോയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഇനീഷ്യേറ്റീവ് സ്ഥാപകയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പാസ്സി മലബമ പറഞ്ഞു.

കുറ്റക്കാരായവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നീതീകരിക്കാനാവാത്ത കാര്യങ്ങളാണ് ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥാനം പ്രതികരിച്ചു.

”നിങ്ങളെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനും വേണ്ടി ലോകാരോഗ്യസംഘടന നിയോഗിച്ച ആളുകള്‍ നിങ്ങളോട് ചെയ്തതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇവര്‍ ശിക്ഷിക്കപ്പെടുക എന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന,” അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും നേരിട്ടവരുടെ ഒപ്പം നില്‍ക്കുമെന്നും അവരുടെ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്നും ടെഡ്രോസ് അഥാനം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Investigation by WHO has identified sexual abuse during an Ebola outbreak in Congo

Latest Stories

We use cookies to give you the best possible experience. Learn more