| Wednesday, 25th September 2024, 12:10 pm

ഒടുവിൽ അന്വേഷണം; ആര്‍.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ചയില്‍ ഉത്തരവിറക്കി സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവുമായി എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. അന്വേഷണത്തിന് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് ക്രമസമാധാന ചുമതലയുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെ ആരോപണം ഉയര്‍ന്ന് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി.

അന്വേഷണത്തിന്റെ ഭാഗമായി ആര്‍.എസ്.എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് നല്‍കിയാതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്നലെയാണ് നോട്ടീസ് നൽകിയത്. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എം.ആര്‍. അജിത് കുമാറിനെതിരായ അന്വേഷണത്തിൽ ഭാഗമായി മൊഴിയെടുക്കാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ദത്താത്രേയ ഹൊസബല്ല-എ.ഡി.ജി.പി കുടിക്കാഴ്ചയുടെ ഇടനിലക്കാരനെന്ന നിലയിലാണ് ജയകുമാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടന്നതിന്റെ അടുത്ത ദിവസം തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനുപുറമെ ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് റാം മാധവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു റാം മാധവുമായി എം.ആര്‍. അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്.

2023 ഡിസംബര്‍ അവസാനത്തോടെയായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയുടെയും ഇടനിലക്കാരന്‍ ജയകുമാര്‍ തന്നെയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എം.ആര്‍. അജിത് കുമാറിനെതിരെ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എല്‍.ഡി.എഫിനുള്ളില്‍ നിന്നും പോലും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

പി.വി. അൻവർ എം.എൽ.എയാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ വിവരം വെളിപ്പെടുത്തിയത്. ഇപ്പോൾ ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

തൃശൂർ പൂരം കലക്കിയതിൽ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Content Highlight: Investigation announced on RSS-MR Ajith Kumar meeting

Latest Stories

We use cookies to give you the best possible experience. Learn more