| Saturday, 26th September 2020, 8:45 am

'സസ്‌പെന്‍ഷന്‍ ഉത്തരവ് ഫേസ്ബുക്കിലിട്ടു, മാധ്യമങ്ങളോട് സംസാരിച്ചു'; ഉമേഷ് വള്ളിക്കുന്നിനെതിരെ രണ്ട് അന്വേഷണം കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സദാചാര ലംഘനം ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്ത സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെതിരെ രണ്ട് അന്വേഷണം കൂടി. സസ്‌പെന്‍ഷന്‍ ഉത്തരവ് സമൂഹമാധ്യമത്തിലിട്ടുവെന്നും, മാധ്യമങ്ങളോട് ഇക്കാര്യത്തെപ്പറ്റി സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണം.

സസ്‌പെന്‍ഷന്‍ ഉത്തരവ് ഫേസ്ബുക്കിലിട്ടതോടെ ഉത്തരവില്‍ പരാമര്‍ശിക്കുന്ന യുവതിയ്ക്ക് അപമാനമുണ്ടായി എന്നാണ് ആരോപണം.

സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതുസംബന്ധിച്ച് ഡി.സി.ആര്‍.ബി അസി. കമ്മീഷണര്‍ രഞ്ജിത്ത് ഉമേഷിനോട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് സംബന്ധിച്ച് പ്രാഥമിക വിവരങ്ങള്‍ ചോദിച്ചിരുന്നു.

മാധ്യമങ്ങളോട് സംസാരിച്ചത് പൊലീസ് സേനയ്ക്ക് തന്നെ അപമാനമുണ്ടാക്കിയെന്ന ആരോപണത്തില്‍ ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജിനോടാണ് അന്വേഷണത്തിന് നേതൃത്വം നല്‍ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.

അതേസമയം സസ്‌പെന്‍ഷന്‍ ഉത്തരവിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിനെതിരെ യുവതി നല്‍കിയ പരാതി ഉത്തരമേഖല ഐ.ജി അശോക് യാദവിന്റെ പരിഗണനയിലാണ്.

വനിതാ പൊലീസില്ലാതെ മൊഴിയെടുക്കാനെത്തിയ അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. യുവതി നല്‍കിയ പരാതിയിലെ ആരോപണവിധേയരാണ് ഉമേഷിനെതിരെ വീണ്ടും അന്വേഷണം നടത്തുന്നതെന്നത് വിമര്‍ശനത്തിടയാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ആതിരയുടെ അയല്‍വാസികളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് വിവരം. ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്നുണ്ടോയെന്നും അവിടെ പുരുഷന്‍മാര്‍ വന്നുപോകാറുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്.

തന്റെ നേരേയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഉമേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇന്ന് വൈകുന്നേരം ആദരപൂര്‍വ്വം കൈപ്പറ്റിയിരിക്കുന്നുവെന്നാണ് ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം മാവോയിസ്റ്റ് ബന്ധമാരോപിച്ച് എന്‍.ഐ.എ യു.എ.പി.എ ചുമത്തിയ അലനും താഹയ്ക്കും ജാമ്യം അനുവദിച്ച കോടതി വിധി വായിക്കുകയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് നേരത്തേ ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

പൊലീസ് വകുപ്പിനെ അവഹേളിക്കുന്ന തരത്തില്‍ നിരന്തരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുവെന്നും കാരണം കാണിക്കല്‍ മെമ്മോയില്‍ ആരോപിക്കുന്നുണ്ട്.

ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ് ഐ.പി.എസാണ് മെമ്മോ അയച്ചത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.

കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ രംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനും മിഠായിതെരുവിലെ സംഘപരിവാര്‍ അക്രമത്തില്‍ പൊലീസ് അനാസ്ഥ ചൂണ്ടിക്കാണിച്ചതിനും അദ്ദേഹത്തിനെതിരെ നേരത്തെയും നടപടിയെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights;  investigation aganist cpo umesh vallikunnu

We use cookies to give you the best possible experience. Learn more