കോഴിക്കോട്: മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു.വി. ജോണിനും മാധ്യമപ്രവര്‍ത്തകര്‍ റോയ് മാത്യുവിനുമെതിരെ അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്.
2021 ഒക്ടോബര്‍ 1ന് നടത്തിയ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരിലാണ് നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് മകള്‍ കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും അതില്‍ മോണ്‍സണ്‍ മാവുങ്കലിന്റെ സാന്നിദ്ധ്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നുമായിരുന്നു പരാതി. നേരത്തെ ഈ പരാതിയില്‍ കേസെടുക്കാതിരുന്ന പൊലീസ് നടപടിയെ ബാലാവകാശ കമ്മീഷന്‍ വിമര്‍ശിക്കുകയും ചെയ്തു. ഗുരുതര വീഴ്ചയാണ് പൊലീസ് നടത്തിയിട്ടുള്ളതെന്നും ബാലാവകാശകമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പ്രസ്തുത ചാനല്‍ ചര്‍ച്ചയിലുടനീളം പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കാണിക്കുകയും പെണ്‍കുട്ടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. രക്ഷിതാവിന്റെ വിവരങ്ങള്‍ ഉള്‍പ്പടെ പറഞ്ഞുകൊണ്ടുള്ള ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം , വകുപ്പ് 23(1,2) പ്രകാരം കുറ്റകരമാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ മാപ്പപേക്ഷയിന്‍മേല്‍ തീര്‍പ്പാക്കാന്‍ കഴിയുന്നതല്ലെന്നും ബാലാവകാശ കമ്മീഷന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
കുട്ടിയുടെ ദൃശ്യങ്ങള്‍ കാണിക്കുകയും മാധ്യമപ്രവര്‍ത്തകനായ റോയ് മാത്യു കുട്ടിയുടെ പിതൃത്വം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. റോയ് മാത്യുവിന്റെ ഈ പ്രസ്താവനയെ അവതാരകനായ വിനു വി ജോണ്‍ പിന്തുണക്കുകയും ചെയ്തത് കുട്ടിയെ അപമാനിക്കുന്നതാണെന്ന് കാണിച്ച് കുട്ടിയുടെ മാതാവ് നേരത്തെ പൊലീസിലും പരാതി നല്‍കിയിരുന്നു.
ഈ പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതുംകൂടി പരിഗണിച്ചാണ് ഇപ്പോള്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മെയ് 10നാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇതു സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുള്ളത്.
content highlights; Bad remarks against the girl in the channel discussion: Investigation against Vinu.V. John and Roy Mathew