| Tuesday, 2nd April 2024, 7:32 am

പെഗാസസ്; മുന്‍ സര്‍ക്കാരിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പോളണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഴ്‌സോ: പെഗാസസ് ചാര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് പോളണ്ടില്‍ മുന്‍ സര്‍ക്കാരിനെതിരെ അന്വേഷണം. മുന്‍ സര്‍ക്കാരിലെ പ്രതിനിധികള്‍ ഈ സ്പൈവേര്‍ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ സ്വതന്ത്ര അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ ചാര സോഫ്റ്റ്‌വെയറിന്റെ ഇരകള്‍ക്ക് അന്വേഷണത്തിന്റെ ഭാഗമായി അറിയിപ്പ് ലഭിക്കുമെന്ന് പോളണ്ട് നീതിന്യായ മന്ത്രി ആദം ബോദ്‌നര്‍ പറഞ്ഞു.

ഇരകള്‍ക്ക് കേസില്‍ സാമ്പത്തിക നഷ്ടപരിഹാരം തേടാനും ക്രിമിനല്‍ നടപടികളില്‍ കക്ഷിയാകാനും കഴിയുമെന്ന് ആദം വ്യക്തമാക്കി. കൂടാതെ മുന്‍ പ്രതിനിധികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

വരുന്ന രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സ്‌പൈവെയര്‍ എങ്ങനെ ഉപയോഗിച്ചുവെന്നും എന്തിന് വേണ്ടിയാണ് ഉപയോഗിച്ചതെന്നും കണ്ടെത്താന്‍ കഴിയുമെന്ന് ആദം അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇസ്രഈലി കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് രൂപകല്‍പന ചെയ്ത സ്‌പൈവെയറാണ് പെഗാസസ്. ഇരയുടെ മൊബൈല്‍ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ആപ്പുകളില്‍ നിന്ന് ഡാറ്റ ആക്സസ് ചെയ്യാനും ഉപകരണത്തെ ഒരു റെക്കോര്‍ഡറാക്കി മാറ്റാനും ഈ സോഫ്റ്റ്വെയറിന് കഴിയും.

2021ല്‍ വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജന പ്രതിനിധികള്‍ തുടങ്ങിയ ആയിരക്കണക്കിന് ആളുകളുടെ ഫോണുകളില്‍ നിന്ന് പെഗാസസ് ഡാറ്റകള്‍ ചോര്‍ത്തിയിരുന്നു.

ഫെബ്രുവരിയില്‍ ജോര്‍ദാനില്‍ പെഗാസസ് ടാര്‍ഗറ്റ് ചെയ്തവരില്‍ 35ലധികം മനുഷ്യാവകാശ അഭിഭാഷകരും രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ജോര്‍ദാന്‍ നടത്തിയ ഫോറന്‍സിക് അന്വേഷണമാണ് 2019 മുതല്‍ പെഗാസസ് ലക്ഷ്യമിട്ടവരുടെ കണക്കുകള്‍ പുറത്തുവിട്ടത്.

അന്വേഷണത്തില്‍ ജോര്‍ദാന്‍ ആസ്ഥാനമായുള്ള ഫലസ്തീന്‍ ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടുന്നുണ്ടെന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രഈല്‍ അധിനിവേശത്തെയും ഇസ്രഈലുമായുള്ള ജോര്‍ദാന്റെ കരാറിനെയും എതിര്‍ത്തുകൊണ്ടുള്ള പൊതു പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ഇവരെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Content Highlight: Investigation against Poland former government over Pegasus spy software

We use cookies to give you the best possible experience. Learn more