റെയ്ഡ് നിയമപരം; ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ഇല്ല
Kerala News
റെയ്ഡ് നിയമപരം; ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ഇല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th January 2019, 11:11 am

തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ ചൈത്ര തെരേസ ജോണിനെതിരെ നടപടിക്ക് ശുപാര്‍ശ ഇല്ല.

സി.പി.ഐ.എം ഓഫീസ് റെയ്ഡ് നിയമപരമാണെന്നും ക്രമക്കേടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റെയ്ഡ് നടത്തുമ്പോള്‍ എസ്.പി അല്പം കൂടി ജാഗ്രത കാട്ടണമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റെയ്ഡിന് മുന്‍പ് വ്യക്തമായ വിവരണശേഖരണം വേണമായിരുന്നു. ഉന്നത ഉദ്യോഗസ്ഥ എന്ന നിലയില്‍ റെയ്ഡിന് മുന്‍പ് ജാഗ്രത പുലര്‍ത്തണമായിരുന്നെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം നടന്നത്. സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ചൈത്ര തെരേസ ജോണ്‍ വിശദീകരണം നല്‍കിയിരുന്നു. പരിശോധനയ്ക്കിടെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്നും മുറികള്‍ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ചൈത്ര വിശദീകരണത്തില്‍ പറഞ്ഞിരുന്നു.


മുസ്‌ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ആളല്ലേ,; കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി; സംസ്‌ക്കാരം തൊട്ടുതീണ്ടാത്തവനെന്ന് മറുപടി


പാര്‍ട്ടി ഓഫിസില്‍ റെയ്ഡ് നടത്തിയ ചൈത്രയെ നേരത്തെ ഡി.സി.പിയുടെ ചുമതലയില്‍നിന്നു നീക്കിയിരുന്നു. ക്രമസമാധാനപാലന ഡി.സി.പിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെ വനിതാ സെല്ലിലേക്കുതന്നെ തിരികെ അയക്കുകയായിരുന്നു.

റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡി.സി.പിയോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

ജനുവരി 23ന് രാത്രി അന്‍പതോളം പേരടങ്ങിയ ഡി.വൈ.എഫ്.ഐ സംഘം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞതെന്നാണ് കേസ്. പ്രതികളില്‍ പ്രധാനികള്‍ മേട്ടുക്കടയിലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ചൈത്രയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാര്‍ട്ടി ഓഫിസില്‍ എത്തിയത്. സി.പി.ഐ.എം നേതാക്കള്‍ പൊലീസിനെ തടഞ്ഞെങ്കിലും പരിശോധന നടത്താതെ പോകില്ലെന്ന് ഡി.സി.പി നിലപാട് എടുക്കുകയായിരുന്നു.

ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേര്‍ മാത്രമേ പരിശോധനാ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എന്നാല്‍ ആരെയും കണ്ടെത്താനായില്ല. തൊട്ടുപിന്നാലെ ഡി.സി.പിക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിക്കുകയായിരുന്നു. തുടര്‍ന്ന ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രിവിശദീകരണം തേടിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്സോ കേസ് പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്.