ന്യൂദല്‍ഹി: തനിക്കെതിരെയുള്ള പൊലീസിന്റെ കുറ്റപത്രത്തിലുള്ള ആരോപണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാവനയില്‍വിരിഞ്ഞ തിരക്കഥയാണെന്ന് ദല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദ് കോടതിയില്‍.
അക്ഷരാര്‍ഥത്തില്‍ അദ്ദേഹം(അന്വേഷണ ഉദ്യോഗസ്ഥന്‍) ഒരു തിരക്കഥാകൃത്താണെന്നും, ഇത് ആ വ്യക്തി എഴുതിയ ഒരു നോവലാണെന്നും ഉമര്‍ കോടതിയില്‍ പറഞ്ഞു.
ചൊവ്വാഴ്ചയാണ് ദല്‍ഹി കോടതിയില്‍ ഉമറിനെ ഹാജരാക്കിയത്. കഴിഞ്ഞ വര്‍ഷം കസ്റ്റഡിയിലെടുക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ അറസ്റ്റ് ചെയ്യാനുള്ള കഥകള്‍ ദല്‍ഹി പൊലീസ് ഉണ്ടാക്കിയിരുന്നതായി അദ്ദേഹം കോടതില്‍ പറഞ്ഞു.
യു.എ.പി.എ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ഉമറിന്റെ ആരോപണം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിന് മുമ്പാകെയാണ് ഖാലിദിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പൈസിയാണ് മൊഴി നല്‍കിയത്. നവംബര്‍ എട്ടിന് കേസില്‍ വാദം തുടരും.
വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോലും അംഗമല്ലാത്തപ്പോള്‍ ഉമര്‍ എങ്ങനെ ഗ്രൂപ്പ് ഉണ്ടാക്കി എന്നതിന്റെ അവകാശവാദം പ്രോസിക്യൂഷന്‍ കാണിക്കേണ്ടതുണ്ടെന്നും അറസ്റ്റ് എത്രമാത്രം തെരഞ്ഞെടുത്താണ് പൊലീസ് നടപ്പാക്കിയെതെന്നും അഭിഭാഷകന്‍ വാദിച്ചു.