| Thursday, 2nd January 2025, 12:25 pm

ആക്രമണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നു; അന്വേഷണത്തിന് മുമ്പ് മറ്റ് അനുമാനങ്ങളില്‍ എത്തരുത്: ജോ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: യു.എസിലെ ന്യൂ ഓര്‍ലാന്‍സില്‍ പുതുവത്സരാഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി പതിനഞ്ച് പേരുടെ മരണത്തിനിടയാക്കിയ ആക്രമണവും ലാസ്‌വെഗാസിലെ ട്രംപ് ഹോട്ടലിന് പുറത്തുണ്ടായ ടെസ്‌ല സൈബര്‍ ട്രക്ക് സ്‌ഫോടനത്തിനും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.

രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും അത് നിര്‍ണയിക്കേണ്ടത് വലിയ പ്രാധാന്യമുള്ള കാര്യമാണെന്നും ജോബൈഡന്‍ പറഞ്ഞു. രണ്ട് ആക്രമങ്ങളെ കുറിച്ചും അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ (എഫ്.ബി.ഐ)യുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പ് മറ്റ് അനുമാനങ്ങളില്‍ എത്തരുതെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് മുന്നിലുണ്ടായ സൈബര്‍ ട്രക്ക് ആക്രമണത്തെ കുറിച്ച് തങ്ങള്‍ അന്വേഷണം നടത്തി വരികയാണെന്നും ഈ അപകടത്തിന് ന്യൂ ഓര്‍ലിയന്‍സിലെ ആക്രമണവുമായി ബന്ധമുണ്ടോയെന്ന് നിയമനിര്‍വഹണ വിഭാഗവും രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

ന്യൂ ഓര്‍ലാന്‍സില്‍ ഒരു ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ ഇടിച്ചുകയറിയാണ് ആക്രമണം ഉണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം വാഹനം ഇടിച്ച് അപകടം ഉണ്ടാക്കിയതിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ പുറത്തിറങ്ങി ആയുധം ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു. ന്യൂ ഓര്‍ലാന്‍സിലെ പ്രശസ്തമായ കനാല്‍, ബാര്‍ബണ്‍ സ്ട്രീറ്റുകളിലാണ് ആക്രമണം നടന്നത്. പുതുവത്സര ആഘോഷം നടക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. ആക്രമണത്തില്‍ പതിനഞ്ച് പേര്‍ മരണപ്പെടുകയും മുപ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ലാസ്‌വെഗാസില്‍ സ്‌ഫോടനം നടക്കുന്നത്. ട്രംപ് ഹോട്ടലിന് പുറത്ത് ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഡ്രൈവര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ട്രക്കില്‍ പടക്കങ്ങളോ സ്ഫോടക വസ്തുക്കളോ നിറച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നതെന്ന് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ന്യൂ ഓര്‍ലിയന്‍സ് കാര്‍ ആക്രമണത്തിലെ ഡ്രൈവറായ ഷംസുദ്-ദിന്‍ ജബ്ബാര്‍ അപകടത്തിന് തൊട്ടുമുമ്പ് താന്‍ തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേരുകയാണെന്ന വീഡിയോ സന്ദേശം അപ് ലോഡ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Investigates New Orleans Attacks and Las Vegas Bombings; Joe Biden

We use cookies to give you the best possible experience. Learn more