ദുബായ്: സുസ്ഥിരവും വേഗത്തിലുമുള്ള വികസനം കൈവരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സഹകരണവും അറിവും പങ്കിടുന്നതിന് യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
ദുര്‍ബലരായ സമൂഹങ്ങളെയും സാങ്കേതികവിദ്യയുടെ അഭാവം മൂലം തടസ്സങ്ങള്‍ നേരിടുന്നവരെയും കേന്ദ്രീകരിച്ച് വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അന്താരാഷട്ര തലത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള യു.എ.ഇ സര്‍ക്കാര്‍, മേഖലയിലെ ഏറ്റവും നൂതന ഡിജിറ്റല്‍ ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന് തന്റെ വൈദഗ്ദ്ധ്യം അന്താരാഷ്ട്ര സമൂഹവുമായി പങ്കിടാന്‍ തയ്യാറാണെന്നും അറിയിച്ചു.
ലോകത്തിന് മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കാനുള്ള യു.എന്നിന്റെ ശ്രമങ്ങളെ ഷെയ്ഖ് ഹംദാന്‍ പ്രശംസിച്ചു, കൂടാതെ രാജ്യങ്ങളും സമൂഹങ്ങളും തമ്മില്‍ സഹകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എല്ലാ അന്താരാഷ്ട്ര സംരംഭങ്ങളോടും അതുപോലെ ജനങ്ങളുടെ ക്ഷേമത്തിനായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനും യു.എ.ഇയക്ക് പ്രതിബദ്ധത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിലെ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍, ചരിത്രപുസ്തകങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ഘട്ടത്തിന് ലോകം സാക്ഷ്യം വഹിച്ചു. ഒരേ സമയം വളരെയധികം വെല്ലുവിളികള്‍ക്കും വിപുലമായ പുരോഗതിക്കും നമ്മള്‍ സാക്ഷ്യം വഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവിയിലേക്ക് നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘വരാനിരിക്കുന്നത് എന്താണോ അതിലേക്കാണ് നിക്ഷേപം നടത്തേണ്ടത്, മറിച്ച് ഇതിനകം ഇവിടെയുള്ളവയിലേക്കല്ല.’ അദ്ദേഹം പറഞ്ഞു.
‘ഡിജിറ്റല്‍ ലോകത്തിന്റെ അവസ്ഥയും ഡിജിറ്റല്‍ സഹകരണത്തിനുള്ള റോഡ്മാപ്പ് നടപ്പിലാക്കലും’ എന്ന വിഷയത്തില്‍ ഉന്നതതല വെര്‍ച്വല്‍ ഇവന്റിന്റെ ഭാഗമായി ഷെയ്ഖ് ഹംദാന്‍ മുഖ്യ പ്രഭാഷണം നടത്തി.
”റോഡ്മാപ്പ് സംരംഭം സര്‍ക്കാരുകള്‍ തമ്മിലുള്ള ഡിജിറ്റല്‍ സഹകരണം ശക്തിപ്പെടുത്തുകയും സ്വകാര്യമേഖലയില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും ലോകമെമ്പാടുമുള്ള വ്യക്തികളില്‍ നിന്നുമുള്ള പിന്തുണ പ്രോത്സാഹിപ്പിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
”യു.എന്നിന്റെ പ്രധാന പിന്തുണക്കാരായതിനാല്‍ അന്താരാഷ്ട്ര സംഭാഷണത്തെ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു സംരംഭത്തിനും യു.എ.ഇ പ്രതിജ്ഞാബദ്ധമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ