| Monday, 23rd April 2018, 12:57 pm

ലിഗയുടെ മരണം: അന്വേഷണം പൊലീസിന്റെ അഭിമാനപ്രശ്‌നമാണ്; എത്ര സമയമെടുത്താലും സത്യം പുറത്തുകൊണ്ടുവരും: ലോക്‌നാഥ് ബെഹ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദേശവനിതയായ ലിഗ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ കനത്ത വെല്ലുവിളി നേരിടുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിഷയത്തില്‍ ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് കേരള പൊലീസിന്റെ അഭിമാനപ്രശ്‌നമാണ്. ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം കേസില്‍ നടത്തുമെന്നും ബെഹ്‌റ വ്യക്തമാക്കി.


ALSO READ: ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്; കുടുംബത്തിന് അടിയന്തിര സഹായം നല്‍കുമെന്ന് സര്‍ക്കാര്‍


ലിഗയുടെ മരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഗൗരവത്തോടെയാണ് കേസിനെ സമീപിക്കുന്നതെന്നും ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല.

എത്ര സമയമെടുത്താലും കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് ലോക്‌നാഥ് ബെഹ്‌റ ഉറപ്പ് നല്‍കി. അതേസമയം കേസന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിടുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. നിലവില്‍ ഐ.ജിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

ഒരു മാസം മുന്‍പു കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന നിലപാടിലയിരുന്നു പൊലീസ്. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എല്ലുകളും മറ്റും യഥാസ്ഥാനത്ത് തന്നെയാണ്. വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണം എന്ന സംശയത്തിലാണ് ഇപ്പോള്‍ പൊലീസ്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു എന്നും പൊലീസ് നേരത്തേ പറഞ്ഞിരുന്നു. ഒരു മാസം നീണ്ട തിരച്ചിലിനൊടുവില്‍ കോവളത്തെ തിരുവല്ലം വാഴമുട്ടം പൂനംതുരുത്തിലാണ് വള്ളികളില്‍ കുരുങ്ങിയ നിലയില്‍ ലിഗയുടേതെന്ന് സംശയിക്കപ്പെടുന്ന തലയറ്റ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് രണ്ട് ദിവസമായി തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും ലഭിച്ചിട്ടില്ല.


ALSO READ: ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കുന്ന കോടതിയില്‍ ഇനി താന്‍ ഹാജരാവില്ലെന്ന് കബില്‍ സിബല്‍


വിഷാദരോഗത്തിന് ചികിത്സ തേടിയാണ് ലിഗ(33) ഇന്ത്യയിലെത്തിയത്. ചികിത്സ തേടിയ പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നാണ് ലിഗയെ ഒരു മാസം മുന്‍പ് കാണാതായത്. കാണാതായ ദിവസം ലിഗ ഓട്ടോറിക്ഷയില്‍ കോവളത്തേക്ക് പോയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണും പാസ്‌പോര്‍ട്ടും കയ്യില്‍ കരുതാതെയാണ് ലിഗ പോയത്.

അതേസമയം ലിഗയുടെ മരണത്തില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹോദരി ഇല്‍സി ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. മരണത്തില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്നും സത്യവസ്ഥ പുറത്തുകൊണ്ടുവരാന്‍ കേരളത്തിലെ പൊലീസ് നേതൃത്വം തയ്യാറാകണമെന്നും ഇല്‍സി മാധ്യമങ്ങളോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more