| Tuesday, 4th April 2023, 4:38 pm

പേര് മാറ്റുന്നത് കൊണ്ട് യാഥാര്‍ത്ഥ്യമില്ലാതാകുന്നില്ല; അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളെ പുനര്‍നാമകരണം ചെയ്ത ചൈനീസ് നടപടിയെ നിരസിച്ച് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ 11 പ്രദേശങ്ങള്‍ ചൈന പുനര്‍നാമകരണം ചെയ്തതിനെതിരെ ഇന്ത്യ. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ പ്രധാനപ്പെട്ട സംസ്ഥാനമാണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

സംസ്ഥാനത്തിന് മേലുള്ള ചൈനയുടെ ആധിപത്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൈന സംസ്ഥാനത്തെ 11 പ്രദേശങ്ങളുടെ പേര് മാറ്റിയിരുന്നു. മൂന്നാം തവണയാണ് ചൈന സംസ്താനത്തെ പ്രദേശങ്ങളുടെ പേര് മാറ്റുന്നത്. അഞ്ച് പര്‍വത നിരകളും, രണ്ട് ഭൂപ്രദേശങ്ങള്‍. പാര്‍പ്പിട മേഖലകള്‍, നദികള്‍ എന്നിവയുടെ പേര് മാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.

2018ലും 2021ലുമാണ് സമാന രീതിയില്‍ ചൈന നേരത്തെ പേര് മാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. സംസ്ഥാനത്തെ ആറ് പ്രദേശങ്ങളുടെ പേരുകള്‍ക്കായിരുന്നു ചൈന മാറ്റം വരുത്തിയത്. എന്നാല്‍ 2021ല്‍ ഇത് പതിനഞ്ചായി ഉയര്‍ന്നു.

അതേസമയം ചൈനയുടെ ഇത്തരം നടപടികള്‍ ആദ്യമായല്ല കാണുന്നതെന്നും ഇതിനെ നിരസിക്കുന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ഭാഗ്ചി പറഞ്ഞു.

‘ചൈനയുടെ ഇത്തരം നീക്കങ്ങള്‍ രാജ്യം ആദ്യമായല്ല കാണുന്നത്. ഈ നീക്കത്തെ രാജ്യം ശക്തമായി എതിര്‍ക്കുന്നു. അരുണാചല്‍ പ്രദേശ് അന്നും ഇന്നും എന്നും രാജ്യത്തിന്റെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ്. അത് എന്നും അങ്ങനെ തന്നെയായിരിക്കും. ചൈനയുടെ നീക്കം യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കില്ല,’ അരിന്ദം ഭാഗ്ചി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പുനര്‍നാമകരണം ചൈനയ്ക്ക് പ്രധാനമന്ത്രി നല്‍കിയ ക്ലീന്‍ ചിറ്റിനുള്ള പ്രതിഫലമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. 2020 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിന്റെ വിലയാണ് രാജ്യം അനുഭവിക്കുന്നതെന്നും ചൈനീസ് നടപടികലോടുള്ള മോദിയുടെ മൗനത്തിനുള്ള വില വലുതായിരിക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടരി ജയ്‌റാം രമേശ് പറഞ്ഞു.

Content Highlight: “Invented Names”: India Rejects China ‘Renaming’ Places In Arunachal

We use cookies to give you the best possible experience. Learn more