| Saturday, 20th March 2021, 3:44 pm

സംഘ് ബോധ്യങ്ങള്‍ക്ക് മനസ്സിലാകില്ല രക്തസാക്ഷിത്വത്തെ; വാചസ്പതിമാര്‍ക്ക് ഒരു തുറന്ന കത്ത് | കെ. ജയദേവന്‍

കെ. ജയദേവന്‍

സന്ദീപ് വാചസ്പതി എന്ന മനുഷ്യനെ എനിയ്ക്കറിയില്ല. അയാള്‍ക്കോ എനിക്കോ അതുകൊണ്ടൊട്ട് ദോഷവുമില്ല. എന്നാല്‍, സന്ദീപ് ബി.ജെ.പി ക്ക് പറ്റിയ ആളാണെന്നും, ബി.ജെ.പി. സന്ദീപിന് ചേരാന്‍ പറ്റിയ (ഒരേയൊരു) പാര്‍ട്ടിയാണെന്നും കഴിഞ്ഞ ദിവസത്തോടെ മനസ്സിലായി. അത്രമേല്‍ ചരിത്ര വിരുദ്ധവും, തൊഴിലാളി വിരുദ്ധവുമായിരുന്നു പുന്നപ്ര-വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍ അയാള്‍ നടത്തിയ പ്രകോപനപരമായ കോപ്രായം.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തൊഴിലാളി – ദലിത് വിരുദ്ധമാണ് എന്ന് സ്ഥാപിക്കാനും, അതിന്റെ പേരില്‍ ഒരു പ്രകോപനമുണ്ടാക്കി ആ സാഹചര്യത്തില്‍ നിന്ന് ഒരു സംഘര്‍ഷം രൂപപ്പെടുത്താനും സാധിക്കുമോ എന്നതുമായിരിക്കും സന്ദീപിന്റെ പൊടുന്നനെയുള്ള ‘മിന്നലാക്രമണ’ത്തിന് പിറകിലെ ചേതോവികാരം.

എന്നാല്‍, സംഭവിച്ചത് മറിച്ചാണ്. ‘ഒരു തുണ്ട് മീന്‍ പോയാലും പട്ടിയുടെ സ്വഭാവം പിടികിട്ടി’ എന്ന് പറഞ്ഞ പോലെയായി കാര്യങ്ങള്‍. സന്ദീപ് വാചസ്പതിയുടേയും അയാളെ നയിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെയും തൊഴിലാളി വിരുദ്ധതയും, ചരിത്രത്തോടും, ദലിതരോടുമുള്ള പുച്ഛവും, ഭൂതകാലത്തെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന അജ്ഞതയുമാണ് ഇന്നലത്തെ അയാളുടെ പ്രവൃത്തിയിലൂടെ സ്വാഭാവികമായി പുറത്തുചാടിയത്.

തൊഴിലാളികളെ കബളിപ്പിച്ചാണ് പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുപ്പിച്ചത് എന്നതാണ് സന്ദീപിന്റെ ബോധ്യം. പട്ടാളക്കാരുടെ തോക്കില്‍ നിന്നും വെടിയുണ്ടയല്ല; പകരം മുതിരയും, പിണ്ണാക്കുമാണ് പുറത്തു വരിക എന്നും തൊഴിലാളികളെ നേതാക്കള്‍ വിശ്വസിപ്പിച്ചത്രെ!

ആര്, എന്ത് പറഞ്ഞാലും അത് വിശ്വസിക്കുന്ന കഴുതകളാണ് ദലിതരും, തൊഴിലാളികളുമെന്ന ബോധം, അയാള്‍ എത്തിപ്പെട്ട ഇടത്തിന് പറ്റിയ ബോധം തന്നെയാണ്. തോക്കില്‍ നിന്ന് മുതിരയാണ് പുറത്ത് വരിക എന്ന് അവര്‍ വിശ്വസിച്ചു എന്ന് കരുതുന്നവര്‍ തീര്‍ച്ചയായും ഒരു കറതീര്‍ന്ന സവര്‍ക്കറൈറ്റ് ആയിരിക്കും.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് സമയം കളയരുതെന്നും, ബ്രിട്ടീഷുകാരേക്കാള്‍ വലിയ ശത്രുക്കള്‍ മുസ്‌ലിങ്ങളാണെന്നും ഇന്ത്യയിലെ ഹിന്ദുക്കളെ ഉപദേശിച്ച സവര്‍ക്കറുടെ അനുയായികള്‍ക്ക് മാത്രമേ, ലാഭേച്ഛയില്ലാതെ നാടിന്റെ പുരോഗതിക്ക് സ്വയം ഇന്ധനമായ മനുഷ്യജന്മങ്ങളെക്കുറിച്ച് ഇത്രയും നീചമായി സംസാരിക്കാനാവൂ. സ്വയമറിയാതെയാണെങ്കിലും പുറത്തുചാടിയത് അയാള്‍ക്കുള്ളിലെ യഥാര്‍ത്ഥ ഹിന്ദുത്വ വാദിയാണ്. നിര്‍ണ്ണായക ഘട്ടങ്ങളിലാണ് ഓരോരുത്തരുടേയും ‘ചെമ്പ്’ പുറത്തുചാടുക.

സവര്‍കര്‍

താന്തിയാ തോപ്പിയും, നാനാ സാഹേബും, റാണി ലക്ഷ്മിഭായിയും 1857ലെ ആ മഹാപ്രക്ഷോഭത്തിനിറങ്ങിയത് ബ്രിട്ടീഷുകാര്‍ അവരെ ഇന്ത്യയുടെ ഭരണാധികാരികള്‍ ആക്കുമെന്ന് കരുതിയായിരുന്നോ? മുംബെയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഗ്രാന്റ് ട്രങ്ക് റോഡിന്റെ ഇരുവശവുമുള്ള മരങ്ങളില്‍ ആയിരക്കണക്കിന് ദേശാഭിമാനികളായ ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് അന്ന് തൂങ്ങിയാടിയത്.

തൂങ്ങി മരിച്ചതല്ല അവരൊന്നും. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് കൊന്നതാണ്. കൃത്യമായ എണ്ണമോ പേരോ ഇന്നുമറിയില്ല ആര്‍ക്കും. സന്ദീപും, അയാളുടെ പാര്‍ട്ടിക്കാരും അവരെപ്പറ്റി വിഡ്ഢികളെന്നേ കരുതൂ. സ്വകാര്യ സംഭാഷണങ്ങളിലെങ്കിലും അവരാ പുച്ഛം പ്രകടപ്പിക്കാതിരിക്കില്ല. കാരണം, സ്വാതന്ത്ര്യ സമരത്തിന്റെ പൊരിവെയിലില്‍ ഇന്ത്യ നിന്ന് തിളയ്ക്കുമ്പോള്‍, അതില്‍ നിന്ന് സ്വയം മാറി നില്‍ക്കാനും, ഹിന്ദുവും മുസല്‍മാനുമായി ഇന്ത്യക്കാരെ വിഭജിക്കാനും നടന്നവരുടെ പിന്‍മുറക്കാര്‍ക്ക് അങ്ങിനെ മാത്രമേ ചിന്തിക്കാനാവൂ. അത് അവരുടെ കുറ്റമല്ല. മറിച്ച് നിര്‍മ്മിതിപ്പിശകാണ്.

പ്രിയപ്പെട്ട വാചസ്പതി താങ്കള്‍ക്കും, താങ്കളെപ്പോലുള്ളവര്‍ക്കും എത്ര ആലോചിച്ചാലും പിടികിട്ടാത്ത ഒരു വിഭാഗം മനുഷ്യര്‍ ഇന്നാട്ടില്‍ എല്ലാക്കാലത്തുമുണ്ടായിരുന്നു. സ്വന്തം ജീവിതം നോക്കാതെ, ഒരു വേള ചരിത്രത്തില്‍ തങ്ങളുടെ പേര് പോലും രേഖപ്പെടുത്തണമെന്ന് ആഗ്രഹിക്കാതെ, നാളേക്ക് വേണ്ടി സ്വയം ഇന്ധനമായവര്‍. ഈ നാടിന്റെ യഥാര്‍ത്ഥ സ്രഷ്ടാക്കള്‍.

വിഡ്ഢിയായത് കൊണ്ടല്ല ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഭഗത് സിംഗ് കഴുമരത്തിന് കീഴടങ്ങിയത്. ഗാന്ധിജിയും, നെഹ്റുവും, തിലകനും, ലാലാ ലജ്പത് റായിയും, ടിപ്പു സുല്‍ത്താനും, വീരപഴശ്ശിയും, ഉദ്ദം സിംഗും അതുപോലുള്ള പതിനായിരക്കണക്കിന് മനുഷ്യരും അജ്ഞരായിരുന്നില്ല സന്ദീപ്. സ്വാതന്ത്ര്യത്തിനായി പൊരുതിയാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങള്‍ക്ക് സര്‍ പദവി നല്‍കും എന്ന് അവരാരും കരുതിയിരുന്നില്ല. സമരത്തിനിറങ്ങുമ്പോള്‍, ഒരു വേള ഏറ്റവുമങ്ങേത്തലക്കലുള്ള മരണത്തിലേക്ക് തന്നെയാണ് ചുവട് വെയ്ക്കുന്നതെന്ന് അവര്‍ക്കെല്ലാം അറിയാമായിരുന്നു. അതും സംഭവിക്കാം എന്ന ധാരണയില്‍. പക്ഷേ, ഇത്തിരി വട്ടമുള്ള സ്വന്തം ബോധത്തില്‍ നിന്നു കൊണ്ട് നിങ്ങള്‍ക്കവരെ മനസ്സിലാക്കാനാവില്ല.

എന്നെ ആശ്ചര്യപ്പെടുത്തിയ മറ്റൊരു കാര്യം കൂടിയുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി സംരക്ഷിക്കുന്ന ഒരു സ്മാരകത്തില്‍ കയറി ഈ വിധം തെമ്മാടിത്തം കാണിക്കാന്‍ സന്ദീപ് വാചസ്പതിക്ക് ധൈര്യം നല്‍കിയ സാമൂഹ്യ സാഹചര്യമാണത്. തിരിച്ചൊന്ന് ആലോചിച്ചു നോക്കൂ – സവര്‍ക്കറുടേയോ, അഥവാ സംഘ പരിവാര്‍ ഇപ്പോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നാഥുറാം ഗോഡ്‌സെയുടെ തന്നെയോ സ്മാരകത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കയറി ഈ വിധം പെരുമാറിയാലോ? അവരത് ചെയ്യില്ല എന്നത് വേറെ കാര്യം. ഭീരുത്വത്തിന്റേയോ, ചങ്കൂറ്റത്തിന്റേയോ കാര്യമല്ല അത്. സാമാന്യ മര്യാദയുടേയും, ജനാധിപത്യ ബോധത്തിന്റേയും കാര്യമാണ്. നിങ്ങളെ നയിക്കുന്ന പ്രത്യയശാസ്ത്രം ഇപ്പറഞ്ഞ രണ്ടിന്റേയും അഗാധമായൊരു ശൂന്യതയാണ്. നിങ്ങള്‍ക്കാകട്ടെ അതൊരലങ്കാരവും.

നാഥുറാം ഗോഡ്‌സെ

സന്ദീപിന്റെ പ്രവൃത്തിയില്‍ ഏതെങ്കിലും തരത്തിലുള്ള അനൗചിത്യം ഇപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ക്കും തോന്നുന്നില്ല എന്നതാണ് ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം. മന്നം സമാധിയിലോ, കമ്യൂണിസ്റ്റുകാരുടേതല്ലാത്ത മറ്റേതെങ്കിലും സ്മാരകത്തിലോ അതിക്രമിച്ചു കയറി, ഒരാള്‍ (രാത്രിയുടെ മറവില്‍ അജ്ഞാതനായ ഒരാള്‍) ഈ വിധം പെരുമാറിയാല്‍ എന്തായിരിക്കും പ്രതികരണം? ദിവസങ്ങള്‍ നീണ്ടു നില്‍ക്കാനിടയുള്ള അന്തിച്ചര്‍ച്ചയും, അതിന്റെ ടോണും, മുഖപ്രസംഗവും, പ്രമുഖരുടെ അഭിപ്രായപ്രകടനങ്ങളും മറ്റുമായി അരങ്ങ് കൊഴുത്തേനെ.

ലോക പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പി.സായ്‌നാഥ് ചൂണ്ടിക്കാണിച്ച പോലെ, നിയമസഭയില്‍ സീറ്റ് ഒന്നേയുള്ളൂവെങ്കിലും, മലയാള മാധ്യമ ലോകത്ത് സംഘപരിവാര്‍ ബോധത്തിന് 80 ശതമാനത്തിനും മുകളിലാണ് പങ്കാളിത്തം!

പി. സായ്‌നാഥ്

ഒരു നാടും, ചരിത്രത്തിലൊന്നും സ്വയമുണ്ടാവുകയില്ല സന്ദീപ്. ചിലര്‍ ബോധപൂര്‍വ്വം അത് ഉണ്ടാക്കിയെടുക്കുകയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ കാഴ്ച്ചക്കാരില്ലെന്നും, നാമെല്ലാം അതിലെ പങ്കാളികളാണെന്നും കരുതുന്ന ചിലര്‍. അതെ.. ചിലര്‍ മാത്രം. ഭാഗ്യത്തിന്, അത്തരക്കാര്‍ ഇപ്പോഴും നമുക്കിടയില്‍ ധാരാളമുണ്ട്. സ്വന്തം ജീവിതം ഒരു ‘പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ്’ ആക്കുന്ന അവരെ നിങ്ങളുടെ ഇത്തിരി ബുദ്ധിക്ക് പിടി കിട്ടില്ല.

വലിയ ജീവിതാവസ്ഥയില്‍ നിന്ന് തലകുത്തി താഴെ വീണിട്ടും, അതിലൊരു പരാതിയുമില്ലാതെ, സ്വയം ഒരു മെഴുകുതിരി പോലെ കത്തി ഇല്ലാതായ ഒരു പഴയ കമ്യൂണിസ്റ്റിന്റെ മകനായ എനിക്ക്, അതുകൊണ്ടായിരിക്കാം ഇപ്പോഴും നിങ്ങളോടൊട്ടും വിരോധം തോന്നാത്തത്. എന്നാല്‍, സഹതാപം ധാരാളം തോന്നുന്നുണ്ട് താനും. അതിന്റെ കാരണമിതാണ് സന്ദീപ് – നാം ജീവിക്കാത്ത ജീവിതങ്ങളത്രയും നമുക്ക് വെറും കെട്ടുകഥകളായേ തോന്നൂ.

പുന്നപ്ര- വയലാറിലേയും, മുനയന്‍കുന്നിലേയും, കയ്യൂരിലേയും, പാടിക്കുന്നിലേയും, ചമ്പാരനിലേയും അതുപോലുള്ള അക്കാലത്തെ നൂറ് കണക്കിന് ഗ്രാമങ്ങളിലേയും സാധാരണക്കാരായ കര്‍ഷകരേയും തൊഴിലാളികളേയും നിങ്ങള്‍ക്ക് മനസ്സിലാകില്ല. എന്നാല്‍, തനിക്ക് മനസ്സിലാകുന്നില്ല എന്ന ഒരൊറ്റ കാരണം കൊണ്ട്, ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യ ബോധത്തിന് താഴെ, മരണം കൊണ്ട് കൈയ്യൊപ്പ് ചാര്‍ത്തിയ അവരെ അപമാനിക്കാന്‍ നിങ്ങള്‍ക്ക് അധികാരമേതുമില്ല. അത്രയെങ്കിലുമോര്‍ത്താല്‍ നന്ന്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Invasion of the Sangh Parivar to Punnapra Vayalar- K Jayadevan Writes

കെ. ജയദേവന്‍

We use cookies to give you the best possible experience. Learn more