തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് കേരളത്തിലെ ചില മാധ്യമങ്ങള്‍ വികലമായാണ് ചിത്രീകരിക്കുന്നതെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ കേരള ഘടകം ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍. പണിമുടക്കുന്നത് രാജ്യദ്രോഹമായാണ് മാധ്യമങ്ങള്‍ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അവതാരകന്‍ വിനു വി. ജോണ്‍ എളമരം കരീമിനെതിരെ നടത്തിയ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേദമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,’ എന്ന വിനു വി. ജോണിന്റെ ചര്‍ച്ചക്കിടെയുള്ള പരാമര്‍ശത്തെയാണ് അദ്ദേഹം വിമര്‍ശിച്ചത്.
‘ഏഷ്യാനെറ്റ് ന്യൂസില്‍ കഴിഞ്ഞ ദിവസം ഞാനും കെ.പി. രാജേന്ദ്രനും പങ്കെടുത്ത ഒരു ചര്‍ച്ചയില്‍ ഒരു മുതലാളി(സാബു എം. ജേക്കബ്)യെ അവിടെക്കൊണ്ടിരുത്തി നടത്തിയ ചര്‍ച്ച കൊണ്ടുപോയത് തെറ്റായ രീതിയിലായിരുന്നു.
എളമരം കരീമിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ഒരു ദൗര്‍ഭാഗ്യകരമായ സംഭവം ചൂണ്ടിക്കാട്ടി ആക്രമിക്കണം എന്നാണ് വിനു വി. ജോണ്‍ പറഞ്ഞത്. എളമരം കരീമിന്റെ മുഖം അടിച്ച് പരത്തണം എന്നും വിനു വി. ജോണ്‍ പറഞ്ഞു. ആയിരം വിനു വി. ജോണുമാര്‍ വിചാരിച്ചാല്‍ എളമരം കരീമിന്റെ രോമത്തില്‍ തൊടാന്‍ കഴിയില്ല,’ ചന്ദ്രശേഖരന്‍ പറഞ്ഞു.