കോഴിക്കോട്: ഐ.എന്‍.ടി.യു.സി നിലപാടുകളെയും തൊഴിലാളി സമരത്തെയും തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി ഐ.എന്‍.ടി.യു.സി നേതാവ് വി.ആര്‍. പ്രതാപന്‍. കോണ്‍ഗ്രസ് എന്ത് അഭിപ്രായ പറയുന്നു എന്ന് നോക്കിയല്ല ഐ.എന്‍.ടിയു.സി ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്ന് വി.ആര്‍. പ്രതാപന്‍ പറഞ്ഞു. മീഡിയാ വണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയിരലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ടി.വി ചാനലുകള്‍ ഉണ്ടാക്കുന്ന അന്തരീക്ഷത്തിന് ഒപ്പിച്ച് കാര്യങ്ങളെ കാണരുതെന്നും വി.ആര്‍. പ്രതാപന്‍ വ്യക്തമാക്കി. കേരളത്തിലെ ചില മാധ്യമങ്ങള്‍, പ്രത്യേകിച്ച് വിഷ്വല്‍ മീഡിയകളൊക്കെ പണിമുടക്കിന് എതിരായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ടെലിവിഷന്‍ ചാനല്‍ പറയുന്നതിനനുസരിച്ച് പ്രതികരിക്കണോ, അതോ
യാഥാര്‍ത്ഥത്തില്‍ കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കോനും എല്ലാവരും തയ്യാറാകണം.
ഐ.എന്‍.ടി.യു.സിക്ക് ഈ സമരത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഐ.എന്‍.ടി.യു.സിയുടെ പ്രവര്‍ത്തക സമിതി നിരന്തരമായി ചര്‍ച്ച ചെയ്തതിന് ശേഷം ഡോ. സഞ്‌ജേവ റെഡ്ഡിയാണ് ദേശീയ തലത്തില്‍ ഈ സമരത്തിന് നേതൃത്വം കൊടുക്കുന്നത്.
ഐ.എന്‍.ടി.യു.സി- എ.ഐ.ടി.യു.സി- സി.ഐ.ടി.യു എന്നീ വിവിധ ട്രേഡ് യൂണിയനുകള്‍ എത്രയോ നാളുകളായി ആലോചിച്ച് വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് പണിമുടക്ക് തീരുമാനിക്കുന്നതെന്നും വി.ആര്‍. പ്രതാപന്‍ പറഞ്ഞു.
മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമ്പോഴും ഞങ്ങള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് തൊഴിലാളികളുടേതായ ആവശ്യങ്ങളുണ്ട്. കോണ്‍ഗ്രസ് എന്ത് അഭിപ്രായ പറയുന്നു എന്ന് നോക്കിയല്ല ഐ.എന്‍.ടിയു.സി ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുത്തുന്നത്.
കേരളത്തില്‍ പോലും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ നയങ്ങള്‍ക്കെതിതിരെ ഞങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായ സംഖ്യമുണ്ടാക്കാനല്ല ഐ.എന്‍.ടി.യു.സി സംയുക്ത ട്രേഡ് യൂണിയനൊപ്പം ചേര്‍ന്നതെന്നും രാജ്യത്തെ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.
‘ഞങ്ങള്‍ സാധാരണ ബന്ദിനെയും ഹര്‍ത്താലിനെയും എതിര്‍ക്കുന്നവരാണ്. ഈ പണിമുടക്കിന് മുമ്പ് അങ്ങനെ ഒരു നിലപാട് സ്വീകരിക്കാതിരുന്നതിന്റെ കാരണം, പണിമുടക്കുകള്‍ക്കെതിരായ നടപടി ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല എന്നതാണ്.
ദൗര്‍ഭാഗ്യവശാല്‍ ഈ പണിമുടക്ക് ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറിയിരിക്കുകയാണ്. എവിടെയാണ് മനുഷ്യന്റെ മൗലീകാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്, എവിടെയാണ് വ്യക്തിക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്, അത്തരം സമരങ്ങള്‍ക്ക് പൂര്‍ണമായി എതിരായ നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരം വേണ്ട.
പണിമുടക്ക് സമരം എന്നാല്‍ ഇഷ്ടമുള്ളവര്‍ പണി മുടക്കുക. ഇഷ്ടമില്ലാത്തവര്‍ പണി മുടക്കണ്ട. ആരെയും നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ പണി മുടക്കിക്കുന്ന ഏത് നിലപാടിനോടും എനിക്ക് യോജിപ്പില്ല.
ബന്ധപ്പെട്ടവര്‍ക്ക് അത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കും,” എന്നായിരുന്നു സമരത്തെ തള്ളിക്കൊണ്ടുള്ള വി.ഡി. സതീശന്റെ പ്രതികരണം.