ബട്ടര്‍കപ്പ് തുടങ്ങുന്നു (ബാബു ഭരദ്വാജ് എഴുതിയ കുട്ടികള്‍ക്കായുള്ള നോവല്‍)
Discourse
ബട്ടര്‍കപ്പ് തുടങ്ങുന്നു (ബാബു ഭരദ്വാജ് എഴുതിയ കുട്ടികള്‍ക്കായുള്ള നോവല്‍)
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th July 2012, 11:34 pm

നാട്ടില്‍ക്കഴിയുന്ന എന്റെ കുഞ്ഞുങ്ങള്‍ക്ക് ബട്ടര്‍കപ്പിന്റെ കഥ പറഞ്ഞുകൊടുക്കാന്‍ തീരുമാനിച്ചു. എന്റെ കുഞ്ഞുങ്ങള്‍ കഥകള്‍ വായിച്ചും കേട്ടും വളരണമെന്ന് ഞാനാഗ്രഹിച്ചു. അറുപത്തിയൊന്‍പത് ആഴ്ചകള്‍, അറുപത്തിയൊന്‍പത് കത്തുകള്‍. എന്റെ കത്തുകള്‍ക്കായി എന്റെ മക്കള്‍ ആകാംക്ഷയോടെ കാത്തിരുന്നു. എന്റെ മക്കള്‍ വായനക്കാരികളും ഭാവനാശാലികളുമായത് ഈ കഥ കേട്ടതോടെയാണെന്ന് ഞാന്‍ കരുതുന്നു. രേഷ്മയ്ക്കും ഗ്രീഷ്മയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട കഥകളിലൊന്നിതാണ്.ഇപ്പോള്‍ മുതിര്‍ന്ന താഷിക്കും ഇക്കഥ ഇഷ്ടമാണ്. കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷമായി നഷ്ടപ്പെടാതെ അവര്‍ സൂക്ഷിച്ച കത്തുകളില്‍നിന്ന് ഞാനിക്കഥ മലയാളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി പുനരാവിഷ്‌കരിക്കുന്നു



വര/ മജ്‌നി തിരുവങ്ങൂര്‍


ബാലരമയ്ക്കും പൂമ്പാറ്റയ്ക്കും ബാലമംഗളത്തിനും വേണ്ടി ഓടി നടന്ന ഒരു ബാല്യം ഞങ്ങള്‍ക്കൊക്കെ ഉണ്ടായിരുന്നു. അവ വാങ്ങനുള്ള പണം തരാന്‍ നിര്‍വ്വാഹമില്ലാതിരുന്ന അന്നത്തെക്കാലത്ത് പലപ്പോഴും ധനിക കുടംബങ്ങളില്‍ നിന്നും വരുന്ന കൂട്ടുകാരുടെ ദയാവായ്പ്പിനായി ഞങ്ങള്‍ കാത്തു നിന്നിട്ടുണ്ട്. അല്‍ഭുതവും കൗതുകവും വിജ്ഞാനവും നിറച്ചുവെച്ചിട്ടുള്ള വര്‍ണാഭമായ കഥകള്‍.

കിഷ്‌ക്കുവും ഡിങ്കനും കപീഷും നമ്പോലനും കാലിയയുമൊക്കെ അന്നത്തെ ഞങ്ങളുടെ ഹീറോകളായിരുന്നു. കരിങ്കാലിയായ മന്ത്രിയും രാജാവിനെ വകവരുത്താനുള്ള അയാളുടെ തന്ത്രങ്ങളും ഭീരുവായ വേട്ടക്കാരന്‍ ശിക്കാരി ശംഭുവും ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു. ഇവരില്‍ ഇന്നും നിലനില്‍ക്കുന്ന കേമന്‍ മായാവി തന്നെ.

ഞങ്ങളൊക്കെ വളര്‍ന്നു വന്നത് മുത്തശ്ശിമാര്‍ അപ്രത്യക്ഷമായതിനുശേഷവും കമ്പ്യൂട്ടറുകള്‍ കടന്നുവരുന്നതിനും മുമ്പാണെന്നും പറയാം. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് പലപ്പോഴും ഈ ചെറു കഥാപുസ്തകങ്ങളായിരുന്നു മുത്തശ്ശിമാര്‍.  ഇന്നിപ്പോള്‍ കൊച്ചുകൂട്ടുകാര്‍ക്ക് കമ്പ്യൂട്ടറും നെറ്റും സൈറ്റുകളുമുണ്ട്. അപ്പോള്‍ ഇന്നത്തെ മുത്തശ്ശിമാരുടെ റോള്‍ വഹിക്കാനുള്ള ഒരു ചുമതലകൂടി കമ്പ്യൂട്ടറിനും ഇന്റര്‍നെറ്റിനും വന്നു ചേരുന്നു. അത്തരമൊരു ദൗത്യമാണ് ഇപ്പോള്‍ ഡൂള്‍ന്യൂസ് ഏറ്റെടുക്കുന്നത്.

ഈ ഒരു ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള നിരവധി പോസ്റ്റുകള്‍ ഞങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയതുമാണ്, പ്യൂപ്പ എന്നപേരില്‍. ഇപ്പോള്‍ കുട്ടികള്‍ക്കായി ഞങ്ങള്‍ ഒരു നോവല്‍ പ്രസിദ്ധീകരിക്കുന്നു. കൊച്ചുകൂട്ടുകാര്‍ക്കുവേണ്ടിയുള്ള മനോഹരമായൊരു കഥ, “ബട്ടര്‍ കപ്പ്”. മലയാളികളുടെ പ്രിയ ബാബുവേട്ടന്‍ (ബാബു ഭരദ്വജ്) പുനരാഖ്യാനം ചെയ്ത നോവലാണിത്. ഒരുപക്ഷേ മലയാളത്തില്‍ ഇതാദ്യമായായിരിക്കും ഓണ്‍ലൈനില്‍ മാത്രമായി ഒരു നോവല്‍ പ്രസിദ്ധീകരിക്കുന്നത്.

ഈ കഥയ്ക്കുമുണ്ടൊരു പ്രത്യേകത. ഇതിന്റെ ഇതിവൃത്തം “രാജകുമാരിയായ വധു”വെന്ന (the Princess Bride) കഥയാണ്. ഇത് 1973-ല്‍ പ്രത്യക്ഷപ്പെടുന്നത് മോര്‍ഗന്‍സ്റ്റണിന്റെ കഥയുടെ സംക്ഷിപ്തം എന്ന പേരിലും. സംക്ഷിപ്തം നടത്തിയത് വില്യം ഗോള്‍ഡ്മാന്‍ എന്ന വിഖ്യാത അമേരിക്കന്‍ കഥാകാരനും. വാസ്തവത്തില്‍ മോര്‍ഗന്‍സ്റ്റണ്‍ എന്നത് ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ്. സാക്ഷാല്‍ വില്യം ഗോള്‍ഡ്മാനാണ് മോര്‍ഗന്‍സ്റ്റണ്‍ എന്നു കരുതപ്പെടുന്നു. ഇതുകൊണ്ടും തീരുന്നില്ല ബട്ടര്‍കപ്പ് എന്ന പെണ്‍കുട്ടിയുടെ കൗതുകങ്ങള്‍.  ഇനി ബാബുവേട്ടന്‍ നോവലിനെ കുറിച്ച് സംസാരിക്കട്ടെ..


ലിറ്റററി ഡെസ്‌ക്

ഡൂള്‍ ന്യൂസ്.കോം

 

ബാബു ഭരദ്വാജിന്റെ ആമുഖക്കുറിപ്പ്

“ഹാരിപോട്ടര്‍” ജനിക്കുന്നതിനു മുന്‍പ് യൂറോപ്പിലെ കുട്ടികളുടെ മനസ്സിനെ കീഴടക്കിയ കഥയാണ് ബട്ടര്‍കപ്പിന്റേത്. ബട്ടര്‍കപ്പ് ഒരു കാട്ടുപൂവിന്റെ പേരാണ്. തൊടികളിലും കുന്നിന്‍പുറങ്ങളിലും വസന്തകാലത്തില്‍ ആദ്യം വിരിയുന്ന ഒരു പൂവ്. മോര്‍ഗന്‍സ്റ്റണ്‍ തന്റെ കഥാപാത്രത്തിനായി തിരഞ്ഞെടുത്ത പേരും അതുതന്നെ. മോര്‍ഗന്‍സ്റ്റണ്‍ തന്റെ കൃതിയെ വിശേഷിപ്പിക്കുന്നത് “ഒരു ക്ലാസ്സിക്കല്‍ നോവല്‍” എന്നാണ്. കഥയില്‍ മുഴുകിക്കഴിഞ്ഞാല്‍ മോര്‍ഗന്‍സ്റ്റണിന്റെ ആത്മവിശ്വാസം തള്ളിക്കളയാനും നമുക്കാവില്ല.
യൂറോപ്പിലെ കുട്ടികള്‍ക്കെല്ലാം ഈ കഥ അറിയാമെങ്കിലും ഒരു കുട്ടിയും ഈ കൃതി വായിച്ചുകാണില്ല. പറഞ്ഞും കേട്ടും അനുഭവിച്ച കഥയാണിത്. ഈ കൃതിയില്‍ ഇല്ലാത്തതൊന്നുമില്ല. പ്രണയം, രാജാവ്, രാജ്ഞി, രാജകുമാരന്‍, രാജകുമാരി, യുദ്ധം, വാള്‍പ്പയറ്റ്, മല്ലയുദ്ധം, ഒളിച്ചോട്ടം,സാഹസികമായ കൊടുമുടിക്കയറ്റങ്ങള്‍, മന്ത്രവാദം,

കടല്‍ക്കൊള്ളക്കാര്‍, പീഡനം. ശ്വാസം നിലച്ചുപോവുന്ന വിധത്തില്‍ ഉദ്വേഗം നിറഞ്ഞതാണ് കഥാഗതി. ഓരോ നിമിഷവും ഇനി എന്ത് സംഭവിക്കുമെന്ന് ആകാംക്ഷനിറഞ്ഞ കഥ. അനുനിമിഷം ഔത്സുക്യത്തിന്റെ മുള്‍മുനയില്‍ നമ്മള്‍ നില്ക്കും. മാത്രമല്ല കഥ തീര്‍ന്നാലും “പിന്നീടെന്തു സംഭവിച്ചു” എന്ന വേവലാതി ബാക്കിയാവും. വെസ്റ്റ്‌ലിയും ബട്ടര്‍കപ്പും ഒളിച്ചോടുമ്പോഴാണ് മോര്‍ഗന്‍സ്റ്റണ്‍ കഥ നിര്‍ത്തുന്നത്. അവരുടെ പിന്നാലെ ഹംപര്‍ഡിന്‍ക് രാജാവും സൈന്യവുമുണ്ട്. അവര്‍ക്കിടയിലുള്ള ദൂരം കുറഞ്ഞുവരുന്നു. വെസ്റ്റ്‌ലി ബോധം കെടാന്‍ തുടങ്ങുന്നു…

പക്ഷേ, ഒരു കുട്ടിക്കും ഈ കഥ വായിക്കാനാവില്ല. കാരണം ഈ ക്ലാസ്സിക് നോവലിസ്റ്റ് ആളൊരു മുരടനാണ്. ശാസ്ത്രവും ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ ആ വിരല്‍ത്തുമ്പിലുണ്ട്. അതുകൊണ്ടുതന്നെ ഓരോ കാര്യം പറയാന്‍ തുടങ്ങുമ്പോഴും വിജ്ഞാനം മുഴുവനും പകര്‍ന്നുതരല്‍ തന്റെ ധര്‍മമാണെന്ന് അയാള്‍ കരുതുന്നു. ഉദാഹരണത്തിന് “ഡോക്ടര്‍” എന്നു പറഞ്ഞുകഴിയുമ്പോഴേക്കും വൈദ്യശാസ്ത്രത്തിന്റെ ഇതുവരെയുള്ള ചരിത്രം അയാള്‍ക്ക് പറയേണ്ടിവരുന്നു, ഡോക്ടര്‍മാരുടെ ചാപല്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനം നടത്തേണ്ടിവരുന്നു.

വാളിനെക്കുറിച്ച് പറഞ്ഞാല്‍ വാള്‍പ്പയറ്റിന്റെ മുഴുവന്‍ ചരിത്രവും അടവുകളും പറയാതെയെങ്ങനെ മുന്നോട്ടു പോവും. അതുകൊണ്ട് ചരിത്രവും ശാസ്ത്രവും ഭൂമിശാസ്ത്രവും ഉപേക്ഷിച്ചു വായിക്കുന്നവര്‍ക്കേ കഥയുടെ അന്ത്യംവരെ പോവാന്‍ പറ്റൂ. അതുകൊണ്ട് ഒരു കുട്ടിയും ഈ കൃതി വായിച്ചുതീര്‍ത്തുകാണില്ല.

ഇനി, കഥയുടെ പുനരാഖ്യാനത്തില്‍ ഒരു കഥയുണ്ട്! മരുഭൂമിയില്‍ എന്റെ നീണ്ട അലച്ചിലുകളുടെ ഏകാന്ത ദിനരാത്രങ്ങളിലാണ് ഈ കൃതി എന്റെ കയ്യില്‍ വന്നുപെടുന്നത്. ഒട്ടകപ്പാതകള്‍ സന്ധിക്കുന്ന ഒരിടത്താവളത്തില്‍ ആരോ ഉപേക്ഷിച്ചുപോയ ഒരു പുസ്തകം. പല പേജുകളും അതില്‍നിന്ന് കാറ്റ് പറത്തിക്കൊണ്ടുപോയിരുന്നു. കഥ പലയിടത്തും തേഞ്ഞുമാഞ്ഞുപോയിരുന്നു. ഏകാന്തത അസഹ്യമായ ഒരു രാത്രിയില്‍ ഞാന്‍ മോര്‍ഗന്‍സ്റ്റണിന്റെ ക്ലാസ്സിക് നോവല്‍ വായിക്കാന്‍ ആരംഭിച്ചു.

വായനയുടെ പീഡനം തീര്‍ക്കാന്‍ ഞാന്‍ നാട്ടില്‍ക്കഴിയുന്ന എന്റെ കുഞ്ഞുങ്ങള്‍ക്ക് ബട്ടര്‍കപ്പിന്റെ കഥ പറഞ്ഞുകൊടുക്കാന്‍ തീരുമാനിച്ചു. എന്റെ കുഞ്ഞുങ്ങള്‍ കഥകള്‍ വായിച്ചും കേട്ടും വളരണമെന്ന് ഞാനാഗ്രഹിച്ചു. അറുപത്തിയൊന്‍പത് ആഴ്ചകള്‍, അറുപത്തിയൊന്‍പത് കത്തുകള്‍. എന്റെ കത്തുകള്‍ക്കായി എന്റെ മക്കള്‍ ആകാംക്ഷയോടെ കാത്തിരുന്നു.

എന്റെ മക്കള്‍ വായനക്കാരികളും ഭാവനാശാലികളുമായത് ഈ കഥ കേട്ടതോടെയാണെന്ന് ഞാന്‍ കരുതുന്നു. രേഷ്മയ്ക്കും ഗ്രീഷ്മയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട കഥകളിലൊന്നിതാണ്.ഇപ്പോള്‍ മുതിര്‍ന്ന താഷിക്കും ഇക്കഥ ഇഷ്ടമാണ്.  കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷമായി നഷ്ടപ്പെടാതെ അവര്‍ സൂക്ഷിച്ച കത്തുകളില്‍നിന്ന് ഞാനിക്കഥ മലയാളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി പുനരാവിഷ്‌കരിക്കുന്നു.

സ്‌നേഹത്തോടെ,
ബാബു ഭരദ്വാജ്


ബാബു ഭരദ്വാജ്

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍. 1948-ല്‍ തൃശ്ശൂരിലെ മതിലകത്ത് ജനിച്ചു. എസ്.എഫ്.
ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയറായും പ്രവര്‍ത്തിച്ചു. ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന രവീന്ദ്രന്റെ സിനിമയുടെ നിര്‍മാതാവ്. പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.


വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper,  The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.