| Saturday, 17th September 2022, 4:16 pm

ചീറ്റയും ചിത്രങ്ങളുമൊക്കെ ദേശീയ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള മോദിയുടെ തന്ത്രം: ജയ്‌റാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചീറ്റയെ ഇറക്കുന്നതും ആഘോഷങ്ങളുമൊക്കെ രാജ്യത്തെ മറ്റ് പ്രശനങ്ങളെ മറച്ചുപിടിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണെന്ന് കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരിക്കാനുള്ള മോദിയുടെ തന്ത്രമാണ് കുനോ നാഷണല്‍ പാര്‍ക്കും ചീറ്റപ്പുലിയുമൊക്കെയെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു.

അനാവശ്യമായ നാടകമാണ് ഇന്ന് മോദി നടത്തിയത്. ഇത് ദേശീയ പ്രശനങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

എട്ടോളം ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലെത്തിച്ചിരിക്കുന്നത്. നമീബിയയില്‍ നിന്നുമാണ് ഇവയെ ഇറക്കുമതി ചെയ്യുന്നത്. ചീറ്റപ്പുലികള്‍ക്ക് സഞ്ചരിക്കാന്‍ ബോയിങ് 747-700 വിമാനവും സജ്ജമാക്കിയിരുന്നു. ഇതിനായി കുനോ ദേശീയോദ്യാനത്തിനുള്ളിലും പരിസരത്തുമായി ഏഴ് ഹെലിപ്പാഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്ര മോദിയുടെ പരിപാടികള്‍. മധ്യപ്രദേശില്‍ വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിനമായി ആചരിക്കാനാണ് ബി.ജെ.പി തീരുമാനം.

മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ദല്‍ഹിയിലെ ഹോട്ടല്‍ വ്യാപാരി 56 ഇഞ്ച് വലുപ്പവും 56 കറികളുമുള്ള താലിയാണ് ഉണ്ടാക്കുന്നത്. ഇത് 40 മിനിറ്റിനുള്ളില്‍ കഴിക്കുന്ന ദമ്പതികള്‍ക്ക് 8.5 ലക്ഷം രൂപയും ഹോട്ടലുടമ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിന്റെ പേര് മാറ്റി നരേന്ദ്ര മോദി മെഡിക്കല്‍ കോളേജ് എന്നാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി അഹമ്മാദാബാദിലെ എം.ഇ.ടി മെഡിക്കല്‍ കോളേജ് അധികൃതര്‍ രംഗത്തെത്തിയിരുന്നു.

മോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം നല്‍കി ആഘോഷിക്കാനാണ് ചെന്നൈയിലെ ഒരു ആശുപത്രിയുടെ തീരുമാനം.

അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 45വര്‍ഷത്തിനിടയില്‍ രാജ്യം ഇത്രയും രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നത് ആദ്യമായാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlight: Introducing cheetahs is a drama by prime minister to evade from national issues says congress

We use cookies to give you the best possible experience. Learn more