ദല്‍ഹിയിലെ അതീവ സുരക്ഷാമേഖലയില്‍ പൊലീസിന്റെ മൂക്കിന് താഴെ നടന്ന വെടിവെയ്പില്‍ നിന്നും തലനാരിഴയ്ക്കാണ് ഇന്ന് ഉമര്‍ഖാലിദ് രക്ഷപ്പെട്ടത്. ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ രാജ്യത്ത് നടക്കുന്ന വിദ്വേഷ കൊലപാതകങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമെതിരെ ഖൗഫ് സേ ആസാദി (ഭയത്തില്‍ നിന്നും സ്വാതന്ത്ര്യം) എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയപ്പോഴായിരുന്നു ഉമറിനെതിരായ ആക്രമണം.
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പ് ഉമര്‍ ഖാലിദും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിനി ബനോജ്യോത്സന ലാഹിരിയുമടക്കമുള്ള സുഹൃത്തുക്കള്‍ പുറത്ത് ചായ കുടിച്ചിരിക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. സുഹൃത്തുക്കള്‍ ഇയാളുടെ നീക്കം പരാജയപ്പെടുത്തിയപ്പോള്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന്റെ എതിര്‍വശം ഐ.എന്‍.എന്‍.എസ് ബില്‍ഡിങ്ങിനടുത്തേക്ക് തോക്കേറിഞ്ഞ് അക്രമി രക്ഷപ്പെടുകയാണുണ്ടായത്.
സ്വാതന്ത്ര്യ ദിനത്തിന് രണ്ടു ദിവസം മുമ്പ് നടന്ന വധശ്രമം ഉമര്‍ഖാലിദടക്കം ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷപ്രചരണത്തിന്റെ തുടര്‍ച്ചായി വേണം കരുതാന്‍. 2016ലെ ജെ.എന്‍.യു സംഭവത്തിന് ശേഷം ഉമര്‍ഖാലിദിനും ഷെഹ്‌ല റാഷിദിനും കനയ്യകുമാറിനുമെതിരെ തീവ്രഹിന്ദുത്വ സംഘടനകളില്‍ നിന്നും തവണ വധഭീഷണികളും കയ്യേറ്റ ശ്രമങ്ങളുമുണ്ടായിരുന്നു.
രവി പൂജാരിയെന്ന ആളില്‍ നിന്നും തനിക്ക് വധഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂണില്‍ ഉമര്‍ഖാലിദ് ദല്‍ഹി പൊലീസിന് പരാതി നല്‍കിയിരുന്നു. 2016 ഫെബ്രുവരിയില്‍ ജെ.എന്‍.യുവില്‍ വിവാദമുണ്ടായിരുന്നപ്പോഴും ഇയാള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും ഉമര്‍ഖാലിദ് തന്റെ പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസ് നടപടിയെടുത്തില്ലെന്ന് മാത്രമല്ല ഭീഷണിപ്പെടുത്തിയത് പോലെ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ വധശ്രമവും ഉണ്ടായിരിക്കുകയാണ്.
തന്റെ പി.എച്ച്.ഡി വിഷയത്തില്‍ സംസാരിക്കാന്‍ ഉമര്‍ഖാലിദിനെ ക്ഷണിച്ചതിനെ തുടര്‍ന്നായിരുന്നു ദല്‍ഹി രാംജാസ് കോളേജില്‍ കഴിഞ്ഞ വര്‍ഷം എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നത്. എ.ബി.വി.പി ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമടക്കം പരിക്കേറ്റിരുന്നു.
ദല്‍ഹിയിലെ ബസന്ത് ലോകിലുള്ള പ്രിയ സിനിമാ തിയേറ്ററിന് സമീപത്ത് വെച്ചും ഉമര്‍ഖാലിദിനെതിരെ ആക്രമണശ്രമമുണ്ടായിരുന്നു.
സംഘപരിവാര്‍ മാത്രമല്ല ജെ.എന്‍.യു അധികൃതരും ഉമര്‍ഖാലിദിനെ വേട്ടയാടുന്ന നിലപാടാണ് സ്വീകരിച്ചത്. 2016ലെ സംഭവങ്ങളുടെ പേരില്‍ കോടതി ഉത്തരവുണ്ടായിട്ടും ഉമര്‍ ഖാലിദിന്റെ പി.എച്ച്.ഡി തിസീസ് സ്വീകരിക്കുവാന്‍ ജെ.എന്‍.യു തയ്യാറായിരുന്നില്ല.
അക്രമി തോക്കുചൂണ്ടിയപ്പോള്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് സംഭവിച്ചതാണ് ഓര്‍മ്മ വന്നതെന്നായിരുന്നു ഉമര്‍ ഖാലിദിന്റെ പ്രതികരണം. രാജ്യത്തെ പുരോഗമനവാദികളായ എഴുത്തുകാരെ മുതല്‍ സംഘപരിവാറിന്റെ ഹിന്ദുത്വയെ എതിര്‍ക്കുന്ന എല്ലാവരെയും നിഷ്‌കാസനം ചെയ്യുന്ന ഭീകരതയുടെ ഇരയാകുകയാണ് താനെന്നായിരുന്നു ഉമര്‍ ഖാലിദിന് തോന്നിയത്.
എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, പന്‍സാരെ, ഗൗരി ലങ്കേഷ് തുടങ്ങിയവരൊക്കെ സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ ഇരകളാണ്. സമാനമായ ആക്രമണമാണ് ഇന്ന് ഉമര്‍ ഖാലിദിനെതിരെയും ഉണ്ടായത്.
https://www.doolnews.com/photos-of-rss-workers-helping-kerala-flood-victims-are-from-gujarat-last-year258.html