കസ്റ്റഡിയില്‍ നടക്കുന്ന ബലാത്സംഗങ്ങളെ കുറിച്ചും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെ കുറിച്ചും ഇരയെ മാനസികമായി തകര്‍ക്കുന്ന തരത്തില്‍ പൊതുസമക്ഷം അവരെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ ആരോപിക്കുകയും ചെയ്യുന്നതിനെതിരെ കുറിച്ചും നാം ധാരാളം റിപ്പോര്‍ട്ടുകള്‍ കൊടുത്തിയിരുന്നു. എന്നാല്‍ ഇന്ന് “ഇര” എന്ന അവസ്ഥയില്‍ ഞാന്‍ എത്തിനില്‍ക്കുമ്പോള്‍ തെഹല്‍ക്കയുടെ ചീഫ് എഡിറ്ററും മാനേജിങ് എഡിറ്ററായ താങ്കളും എടുത്ത നിലപാട് എന്നെ തകര്‍ത്തുകളഞ്ഞു.
[]തരുണ്‍ തേജ്പാലിനെതിരെ ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക തെഹല്‍ക്കയ്ക്ക് അയച്ച രാജിക്കത്തിന്റെ പൂര്‍ണ്ണമൊഴിമാറ്റം. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ചും ബദല്‍ മാധ്യമങ്ങളെ കുറിച്ചും പുതിയ ചിന്തകള്‍ക്ക് ഈ കത്ത് പ്രേരണയാകുന്നു.
മിസ്. ഷോമ ചൗധരി
തെഹല്‍ക്കയിലെ എന്റെ ജോലി അടിയന്തരമായി ഞാന്‍ രാജിവെക്കുകയാണ്. തെഹല്‍ക്കയുടെ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ഈ നവംബറില്‍ രണ്ട് തവണ എന്നെ ലൈംഗികമായി പീഡിപ്പിച്ച സാഹചര്യത്തിലാണ് രാജി.
വിഷയത്തില്‍ തെഹല്‍ക്ക സ്വീകരിച്ച സമീപനവും എന്നെ വളരെയേറെ വിഷമിപ്പിച്ചു. ഈ സാഹചര്യത്തില്‍ സ്ഥാപനത്തില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ എനിക്ക് സാധിക്കില്ല.
ഈ അവസരത്തില്‍ എന്റെ ഭാഗത്തിന് ശക്തിപകരുന്ന ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ ചൂണ്ടിക്കാട്ടുകയാണ്:
1. ഈ വര്‍ഷം നവംബര്‍ 7,8 തീയ്യതികളിലായി ഗോവയില്‍ നടന്ന തിങ്ക് ഫെസ്റ്റിവലില്‍ വെച്ചാണ് തരുണ്‍ തേജ്പാല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിനെ കുറിച്ച് ഞാന്‍ താങ്കള്‍ക്ക് (ഷോമ ചൗധരി) പരാതി നല്‍കിയതിന് പിന്നാലെ തരുണ്‍ തേജ്പാല്‍ തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.
2. തെഹല്‍ക്കയിലെ ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഞാന്‍ തരുണ്‍ തേജ്പാലിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എല്ലാം വിവരിച്ചുകൊണ്ടുള്ള ഒരു ക്ഷമാപണമായിരുന്നില്ല ഞാന്‍ ആവശ്യപ്പെട്ടത്. ലൈംഗികമായി എന്നോട് അപമര്യാദയായി പെരുമാറി എന്ന് പറയാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
നമ്മള്‍ തമ്മിലുള്ള സംഭാഷണത്തില്‍ തരുണ്‍ തെറ്റ് ഏറ്റുപറഞ്ഞതാണെന്നും സ്ഥാപനത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് താങ്കള്‍ പറയുന്നുണ്ട്. എന്നാല്‍ സംഭാഷണത്തില്‍ ഞാന്‍ പറയുന്നത് “താങ്കള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ്”.
3. പത്രക്കുറിപ്പില്‍ താങ്കളും തേജ്പാലും സംഭവത്തെ കുറിച്ച് പറയുന്നത് അനുയോജ്യമല്ലാത്ത പ്രവര്‍ത്തി എന്നാണ്. എന്നാല്‍ ഈ പരാമര്‍ശം സ്ഥാപനത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് എന്ന് കരുതാനാവില്ല. മറിച്ച് യാഥാര്‍ത്ഥ്യത്തെ മറച്ച് വെക്കുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുക.
ഈ പ്രവര്‍ത്തിയെ ലൈംഗികമായി ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന് പറയാന്‍ സാധിക്കില്ല. ലൈംഗിക അതിക്രമവും ശാരീരികമായ ആക്രമണവുമാണ്. എന്റെ എതിര്‍പ്പ് അവഗണിച്ച് അദ്ദേഹത്തിന്റെ മാത്രം താത്പര്യപ്രകാരമാണ് ഈ പ്രവര്‍ത്തികള്‍ നടന്നത്.
തരുണിന്റെ ഇമെയിലില്‍ പറയുന്നത് പ്രകാരമാണെങ്കില്‍ ഞാനുമായി ലൈംഗികമായി ബന്ധപ്പെട്ടാന്‍ രണ്ട് വട്ടവും ശ്രമിച്ചത് തന്റെ സമ്മതമില്ലാതെയാണ്.
പിന്നീട് നടന്ന ചര്‍ച്ചകളില്‍ വിശാഖ മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള ലൈംഗിക പീഡന വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയില്ലെന്ന് എന്റെ സഹപ്രവര്‍ത്തകയായ നിങ്ങളും പറഞ്ഞു. കാരണം നവംബര്‍ 7,8 ദിവസങ്ങളില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുള്ള എന്റെ ഭാഗം നിങ്ങള്‍ കേട്ടിരുന്നില്ല.
4. ദേശീയ ചാനലുകളിലെ അഭിമുഖങ്ങളില്‍ നിങ്ങള്‍ ആദ്യം പറഞ്ഞത്, തെഹല്‍ക്കയുടെ നടപടിയില്‍ ഞാന്‍ “തൃപ്തയാണ്” എന്നായിരുന്നു. എന്നെ അപമാനിച്ചതില്‍ ക്ഷമാപണം നടത്തിക്കൊണ്ടുള്ള തരുണിന്റെ സ്വകാര്യമെയില്‍ എനിക്കും നിങ്ങള്‍ക്കും കിട്ടിയെന്ന കാരണത്തിന്റെ പേരിലായിരുന്നു അത്.
പരസ്യമായി അദ്ദേഹം ലൈംഗികമായി എന്നോട് അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞ് ക്ഷമ ചോദിച്ചിരുന്നില്ല. വിശാഖ മാര്‍ഗനിര്‍ദേശപ്രകാരം നടപടിയെടുക്കുന്നതില്‍ നിങ്ങള്‍ ഇപ്പോഴും പരാജയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഞാന്‍ എങ്ങനെയാണ് “സംതൃപ്ത”യാകുക. തരുണ്‍ തേജ്പാലിനും സഹപ്രവര്‍ത്തകര്‍ക്കും അയച്ച മറുപടിയില്‍ ഞാന്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
a. ഈ പ്രവര്‍ത്തിയെ ലൈംഗികമായി ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന് പറയാന്‍ സാധിക്കില്ല. ലൈംഗിക അതിക്രമവും ശാരീരികമായ ആക്രമണവുമാണ്. എന്റെ എതിര്‍പ്പ് അവഗണിച്ച്
അദ്ദേഹത്തിന്റെ മാത്രം താത്പര്യപ്രകാരമാണ് ഈ പ്രവര്‍ത്തികള്‍ നടന്നത്.
b. സമ്മതമില്ലാതെ ലൈംഗികമായി മറ്റൊരാളെ സമീപിക്കുന്നത് എന്ത് കാരണത്തിന്റെ പേരിലും ന്യായീകരിക്കാന്‍ സാധിക്കില്ല.
c. ജോലിസ്ഥാപനത്തില്‍ എന്റെ മേല്‍ തരുണിനുള്ള അധികാരത്തെ ഈ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാമെന്ന പരാമര്‍ശം അദ്ദേഹത്തിന്റെ ഇമെയില്‍ സന്ദേശത്തില്‍ തരുണ്‍ പിന്‍വലിക്കുന്നില്ല.
എന്റെ എതിര്‍വാദങ്ങള്‍ അവഗണിച്ച് പരസ്യമായി ഞാന്‍ സംതൃപ്തയാണെന്ന് പറയുകയായിരുന്നു നിങ്ങള്‍.
5. ഇപ്പോള്‍ നിങ്ങള്‍ ശ്രമിക്കുന്നത് തേജ്പാലിന് വിഷയത്തില്‍ മറ്റൊരു വ്യഖ്യാനമുണ്ടെന്ന് വരുത്തനാണ്. ( ഇത്തരം സംഭവങ്ങളില്‍ പ്രതി സ്ഥിരം ചെയ്യുന്ന കാര്യമാണിത്).
ഈ ഇടപെടല്‍ പൊതു സമ്മതത്തോടെയോ അല്ലാതെയോ ആവാം. അതിനിടയിലാണ് കഴിഞ്ഞ നവംബര്‍ 22ന് രാത്രി തേജ്പാലിന്റെ ബന്ധുവെന്ന് പറഞ്ഞ് ഒരാള്‍ എന്റെ അമ്മയെ സമീപിച്ച് നിയമോപദേശകരെ പറ്റി ആരായുകയും തേജ്പാലിനെതിരെ ലൈംഗികാരോപണമുന്നയിച്ചതിലൂടെ എന്താണ് എനിക്ക് വേണ്ടിയിരുന്നത് എന്നും ചോദിച്ചത്.
തനിക്കെതിരെ നടക്കുന്ന ആസൂത്രിതനീക്കമെന്നാണ് ഇപ്പോള്‍ തേജ്പാല്‍ സംഭവത്തെ കുറിച്ച് പറയുന്നത്. താങ്കളുടെ കടുത്ത സ്ത്രീപക്ഷ നിലപാടിന്റെ പേരിലാണ് എന്നോട് ക്ഷമാപണം നടത്തിയതെന്നും അദ്ദേഹം വാദിക്കുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, നമ്മള്‍ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ കൊടുത്തിരുന്നു. കസ്റ്റഡിയില്‍ നടക്കുന്ന ബലാത്സംഗങ്ങളെ കുറിച്ചും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെ കുറിച്ചും ഇരയെ മാനസികമായി തകര്‍ക്കുന്ന തരത്തില്‍ പൊതുസമക്ഷം അവരെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ ആരോപിക്കുകയും ചെയ്യുന്നതിനെതിരെ കുറിച്ചും നാം ധാരാളം റിപ്പോര്‍ട്ടുകള്‍ കൊടുത്തിരുന്നു.
എന്നാല്‍ ഇന്ന് “ഇര” എന്ന അവസ്ഥയില്‍ ഞാന്‍ എത്തിനില്‍ക്കുമ്പോള്‍ തെഹല്‍ക്കയുടെ ചീഫ് എഡിറ്ററും മാനേജിങ് എഡിറ്ററായ താങ്കളും എടുത്ത നിലപാട് എന്നെ തകര്‍ത്തുകളഞ്ഞു.
നവംബര്‍ ഏഴ് മുതലുണ്ടായ സംഭവങ്ങള്‍ ഒരു ജീവനക്കാരി എന്ന നിലയിലാണ് എന്നെ തേജ്പാല്‍ തോല്‍പ്പിച്ചതെങ്കില്‍, തെഹല്‍ക്ക സ്ത്രീ, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, സ്ത്രീപക്ഷവാദികള്‍ എന്ന നിലയിലൊക്കെ പരാജയപ്പെട്ടുപോയി.
എത്രയും പെട്ടന്ന് എന്റെ രാജി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.