'മരിക്കുന്നതുവരെ സത്യേട്ടനെ എനിക്ക് അറിയില്ലായിരുന്നു'; വി.പി സത്യന്റെ ഭാര്യ അനിത മനസു തുറക്കുന്നു
Interview
'മരിക്കുന്നതുവരെ സത്യേട്ടനെ എനിക്ക് അറിയില്ലായിരുന്നു'; വി.പി സത്യന്റെ ഭാര്യ അനിത മനസു തുറക്കുന്നു
അബിന്‍ പൊന്നപ്പന്‍
Friday, 16th February 2018, 12:27 pm

മുന്‍ ഇന്ത്യന്‍ നായകന്‍ വി.പി സത്യന്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു വാര്‍ത്ത. പിന്നീട് വാര്‍ത്തകളിലൂടേയും കായിക മാഗസിനുകളിലൂടേയും സത്യനെന്ന ഫുടബോളറെ കൂടുതല്‍ അറിഞ്ഞ് തുടങ്ങിയതോടെ ഒപ്പം കളിച്ചിരുന്നവരേയും പരിചയക്കാരേയും പോലെ വി.പി സത്യന്‍ സത്യേട്ടനായി മാറി. ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു അണ്‍സങ് ഹീറോയുണ്ടെങ്കില്‍ അത് സത്യനായിരിക്കും.

ഇന്ത്യന്‍ ടീം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് ആയ 99 ല്‍ എത്തിയത് സത്യന്റെ നായകത്വത്തിലായിരുന്നു. നെഹ്‌റു കപ്പിലും സത്യന്‍ ഇന്ത്യയ്ക്കായി വിജയ ചരിതം രചിച്ചു. കേരളാ ഫുട്ബോളിന്റെ സുവര്‍ണകാലമായിരുന്നു സത്യന്‍ നയിച്ച പോലീസ് ടീമിന്റെ കാലം. 90, 91 വര്‍ഷങ്ങളില്‍ ഈ ടീം ഫെഡറേഷന്‍ കപ്പു നേടി. സത്യന്‍ നയിച്ച കേരളാ ടീം 92 ല്‍ സന്തോഷ് ട്രോഫിയും നേടി. 93 ല്‍ സന്തോഷ് ട്രോഫി നേടിയ ടീമിലും സത്യനായിരുന്നു നെടുന്തൂണ്‍.

കണ്ണൂര്‍ ലക്കി സ്റ്റാര്‍ മുതല്‍ ഇന്ത്യന്‍ ദേശീയ ടീം സെല്കടര്‍ വരെ എത്തിയ ആ ജീവിതത്തില്‍ അദ്ദേഹം മുഹമ്മദന്‍സിലും മോഹന്‍ ബഗാനിലുമൊക്കെ ബൂട്ടുകെട്ടി. 1993 ല്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായി. ആ ജീവിതം സിനിമയാവുകയാണ്. മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബയോ പികാണ് ക്യാപ്റ്റന്‍. സത്യനെന്ന സത്യേട്ടന്റെ ജീവിതം സിനിമയാകുമ്പോള്‍ ഭാര്യ അനിതയെ കൂടി അറിയേണ്ടതുണ്ട്. സത്യനെന്ന താരത്തേയും മനുഷ്യനേയും അനിതയോളം അറിഞ്ഞിരുന്ന മറ്റൊരാള്‍ ചിലപ്പോള്‍ ഫുട്ബോള്‍ മാത്രമായിരിക്കും. അനിത മനസു തുറക്കുകയാണ്.

 

വി.പി സത്യന്റെ ജീവിതം സിനിമയാവുകയാണ്. ഫുട്‌ബോളിന് പുറത്തുള്ള അദ്ദേഹത്തിന്റെ ജീവിതം സിനിമയാവുകയാണ്. എന്ത് തോന്നുന്നു?

വളരെ സന്തോഷം തോന്നുന്ന നിമിഷമാണ്. ഒന്നാമത് എനിക്ക് സിനിമ ഒരുപാട് ഇഷ്ടമാണ്. സത്യേട്ടന്‍ അങ്ങനെയായിരുന്നില്ല. പിന്നെ സത്യേട്ടനെ കുറിച്ചാണെന്നതും. അദ്ദേഹത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാന്‍ സാധിക്കും. സിനിമ പോലൊരു ജനകീയ മാധ്യമമാകുമ്പോള്‍ കൂടുതല്‍ ആളുകളിലേക്ക് അതെത്തും.

ചിത്രത്തിന്റെ സംവിധായകന്‍ പ്രജേഷ് സെന്‍ ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു. നിങ്ങളുടെ അഭിമുഖത്തിനായിരുന്നു ആദ്യം കാണുന്നതെന്നും പിന്നീട് അത് സിനിമയിലേക്ക് എത്തുകയുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

അതെ. ഞാന്‍ കേരളത്തില്‍ വന്ന സമയത്തായിരുന്നു അത്. 2007 ലോ 2008 ലോ ആയിരുന്നു പ്രജേഷ് അഭിമുഖത്തിനായി വരുന്നത്. അന്ന് കുറേ സംസാരിച്ചതിന് ശേഷം പ്രജേഷ് പറയുകയുണ്ടായി ഇത് നമുക്കൊരു സിനിമയാക്കണമെന്ന്. പിന്നെ ഈ കഥയിലെ പ്രണയം വലിയൊരു വിഷയമായിരുന്നു. അതും പ്രജേഷിനെ ആകര്‍ഷിച്ചിരുന്നു. എനിക്ക് ആദ്യം വിശ്വാസം തോന്നിയിരുന്നില്ല. പക്ഷെ പ്രജേഷിന്റെ എഴുത്തുകള്‍ വായിച്ചപ്പോള്‍ ഇയാളെ കൊണ്ട് സാധിക്കും എന്നൊരു വിശ്വാസം തോന്നി. സിനിമയോട് താല്‍പര്യമുള്ളയാളായിരുന്നു പ്രജേഷ്. കുറച്ച് ചര്‍ച്ചകളൊക്കെ നടന്നതിന് ശേഷം പിന്നെ പ്രജേഷിനെ പറ്റി ഒരു വിവരവുമില്ലാതായി. ജോലി രാജിവെച്ചതൊക്കെ പിന്നീടാണ് ഞാന്‍ അറിയുന്നത്.

വി.പി സത്യന്‍, (ചിത്രം: മാതൃഭൂമി)

 

പിന്നെ കാണുന്നത് ക്യാപ്റ്റന്റെ തിരക്കഥയൊക്കെ തയ്യാറായതിന് ശേഷമാണ്. അതിനിടെ സിനിമയ്ക്കായി ഒരുപാട് പേരെ കാണുകയും സിദ്ധീഖിനെ പോലെ പലരുടേയും അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുകയും ചെയ്തിരുന്നു.

ജയസൂര്യയാണ് സത്യനാകുന്നത് എന്നറിഞ്ഞപ്പോള്‍ എന്തു തോന്നി?

പലരേയും പോലെ സത്യേട്ടനാകാന്‍ ജയസൂര്യയ്ക്ക് പറ്റുമോ എന്നു തോന്നിയിരുന്നു. കാരണം രണ്ടു പേരും വളരെ വ്യത്യസ്തരായിരുന്നു. പക്ഷെ അത് പിന്നീട് മാറി. ജയസൂര്യയുമായി സംസാരിക്കുകയും സിനിമയുമായി മുന്നോട്ട് പോവുകയും ചെയ്തതോടെ ജയസൂര്യയെ പോലെ കഥാപാത്രത്തെ ഇത്ര ഡെഡിക്കേഷനോടെ അവതരിപ്പിക്കുന്ന അഭിനേതാവിന് മാത്രമേ സത്യേട്ടനാകാന്‍ സാധിക്കൂ. കഥാപാത്രമായി മാറാന്‍ എന്തും ചെയ്യുന്നയാളാണ് ജയസൂര്യ.

ചിത്രത്തില്‍ അനിതയാകുന്നത് അനു സിത്താരയാണ്. അനുവിലേക്ക് എത്തുന്നത് എങ്ങനെയായിരുന്നു?

ഒരിക്കല്‍ ഫുക്രിയുടെ ലൊക്കേഷനില്‍ ജയസൂര്യയും അനുവും ഒരുമിച്ചുള്ള ഒരു ചിത്രം കാണുകയുണ്ടായി. അപ്പോള്‍ തന്നെ എന്റെ മനസില്‍ ആ ചിത്രം കടന്നു കൂടിയിരുന്നു. പിന്നെ ഓരോ നടിമാരുടേയും ചിത്രം പ്രജേഷ് അയച്ചു തരുമ്പോഴും ഞാന്‍ ചെന്നെത്തുക അനുവിലായിരുന്നു. അനുവിന് എന്റെ മുഖച്ഛായ തോന്നിയിരുന്നു. അങ്ങനെ അനുവിനെ ഫിക്‌സ് ചെയ്യുകയായിരുന്നു. അതിന് ശേഷം അനു എന്നെ കാണാന്‍ വന്നിരുന്നു. അന്ന് ഞാന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളെ കുറിച്ചും മറ്റും പറഞ്ഞു കൊടുത്തു. ഭാഷയിലൊന്നും വലിയ മാറ്റം വരുത്തേണ്ടതില്ലെന്നും പറഞ്ഞു. പഴയ കുറച്ച് ഫോട്ടോസും കാണിച്ചു കൊടുത്തു. അനു നല്ല നടിയും ആത്മാര്‍ത്ഥയുള്ളയാളുമാണ്.

 

ഒരു ഫുട്‌ബോള്‍ താരത്തെ വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും വിവാഹത്തിന് ആദ്യം എതിര്‍പ്പായിരുന്നുവെന്നും കേട്ടിട്ടുണ്ട്. ശരിയായിരുന്നുവോ?

ആയിരുന്നു. ഒരു കളിക്കാരനെ വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു. പോരാത്തതിന് പൊലീസുകാരനും. രണ്ടും എനിക്ക് താല്‍പര്യമില്ലാത്തതായിരുന്നു. വീട്ടുകാര്‍ ആലോചനയെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ എതിര്‍ത്തു. ജാതകം ശരിയായില്ലെങ്കില്‍ കല്യാണം നടത്താന്‍ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞ് നോക്കിയിരുന്നു. ഒരു ദിവസം പെട്ടെന്ന് സത്യേട്ടന്‍ പെണ്ണുകാണാന്‍ വരികയായിരുന്നു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സത്യേട്ടന്‍. അതിനിടെ വന്നതായിരുന്നു. പ്രതീക്ഷിക്കാതെയുള്ള വരവായിരുന്നതിനാല്‍ ഞാനും റെഡിയായിരുന്നില്ല. ഒരുങ്ങാനൊക്കെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. പക്ഷെ ഞാന്‍ കൂട്ടാക്കിയില്ല.

പക്ഷെ സത്യേട്ടനെ കാണുകയും സംസാരിക്കുകയും ചെയ്തതോടെ കഥ മാറി. സത്യേട്ടന്‍ അധികമൊന്നും സംസാരിച്ചിരുന്നില്ല. പക്ഷെ എന്തോ ഒരു പ്രത്യേകതയോ ആകര്‍ഷണീതയോ ഉണ്ടായിരുന്നു. അതോടെ സത്യേട്ടന്‍ പോകുമ്പോള്‍ കൂടെ അങ്ങ് എറങ്ങിപ്പോകണം എന്നു തോന്നിപ്പോയി. നേരത്തെ ഉണ്ടായിരുന്ന എതിര്‍പ്പൊക്കെ ഇല്ലാതായി. പിന്നെ ടെന്‍ഷന്‍ ജാതകം ശരിയായില്ലെങ്കില്‍ കല്യാണം മുടങ്ങുമോ എന്നായിരുന്നു.

സത്യേട്ടനും വിവാഹത്തിന്റെ കാര്യത്തില്‍ വല്യ താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. അമ്മയോടൊക്കെ പറഞ്ഞത് എനിക്ക് ഒരു പെണ്‍കുട്ടിയെ കണ്ടതിന് ശേഷം അവളോട് ഇഷ്ടമായില്ല വിവാഹം നടക്കില്ലെന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് അങ്ങനൊരു പെണ്ണിനെ ആയിരിക്കണം എന്നായിരുന്നു.

 

വിവാഹത്തിന് മുമ്പായിരുന്നല്ലോ കോയമ്പത്തൂരില്‍ സന്തോഷ് ട്രോഫി ഫൈനല്‍ അരങ്ങേറുന്നത്. അന്ന് കളിയ്ക്കു ശേഷം സത്യന് മൊമന്റോ നല്‍കുന്ന അനിതയുടെ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നുവല്ലോ?

അന്ന് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ കാണാന്‍ ഞങ്ങളും പോയിരുന്നു. കേരളം ജയിച്ചാല്‍ സത്യേട്ടന് നല്‍കാനായി കയ്യില്‍ തുണിയില്‍ തീര്‍ത്ത ഒരു മൊമന്റോയും കയ്യില്‍ കരുതിയിരുന്നു. ആവേശം നിറഞ്ഞ കളിയ്‌ക്കൊടുവില്‍ കേരളം ജയിച്ചു. ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നെ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ഗ്രൗണ്ടിലേക്ക് ചെന്ന് മൊമന്റോ കൈമാറുകയായിരുന്നു. എന്റെ റൂം മേറ്റായിരുന്നു അതെനിക്ക് ഉണ്ടാക്കി തന്നത്. അന്നു തന്നെ ഞങ്ങളവിടുന്ന് മടങ്ങുകയും ചെയ്തു. പക്ഷെ പിറ്റേ ദിവസം തമിഴ് പത്രങ്ങളിലൊക്കെ ഓരോ കഥകള്‍ വന്നു. ഞങ്ങള്‍ പ്രണയത്തിലാണെന്നൊക്കെ. അതിനെ കുറിച്ച് ഞങ്ങളോട് ആരും ഒന്നും ചോദിച്ചിരുന്നില്ല.

വിവാഹത്തിന് പിന്നാലെ അദ്ദേഹത്തോട് ഫുട്ബോള്‍ കളിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നല്ലോ?

അതെ. അന്നത്തെ ആളുകളല്ലേ. അന്നൊക്കെ എല്ലാവരുടേയും ചിന്ത സന്തോഷ് ട്രോഫിയൊക്കെ ജയിച്ചു, ഇനിയിപ്പോ ജോലിയൊക്കെയായി സെറ്റില്‍ഡ് ജീവിതം നയിക്കാം എന്നാണ്. അതുകൊണ്ട് കളി മതിയാക്കണമെന്ന് സത്യേട്ടനോട് പറയാന്‍ എന്നോട് പറഞ്ഞു. കളി നിര്‍ത്തുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ വേറെന്തു വേണമെങ്കിലും ചെയ്യാം പക്ഷെ ഫുട്ബോള്‍ കളിക്കുന്നത് നിര്‍ത്താന്‍ പറ്റില്ലെന്നായിരുന്നു പ്രതികരണം. ഫുട്ബോളാണ് എന്റെ ആദ്യത്തെ ഭാര്യയെന്നും നീ രണ്ടാമത്തേതാണെന്നുമായിരുന്നു മറുപടി. ഫുട്ബോളില്ലാത്ത ജീവിതത്തെ കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു.

അതുപോലെ തന്നെ ഞാന്‍ ആവശ്യപ്പെട്ട രണ്ടാമത്തെ കാര്യമായിരുന്നു ബൈക്ക് ഓടിക്കുമ്പോള്‍ വേഗത കുറയ്ക്കണമെന്ന്. അത് ഏതാണ്ടൊക്കെ കേട്ടു. ഞാനുള്ളപ്പോള്‍ പതിയെ മാത്രമായിരുന്നു വണ്ടി ഓടിച്ചിരുന്നത്.

ഷറഫലി

 

ഫുട്‌ബോളര്‍ എന്ന നിലയില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും വ്യക്തി ജീവിതത്തില്‍ അദ്ദേഹം വളരെ അന്തര്‍മുഖനായിരുന്നുവോ?

ഏറെക്കുറെ. ഒരുപാട് സൗഹൃദങ്ങളൊന്നുമില്ലായിരുന്നു. കുടുംബമായിരുന്നു പ്രധാനം. കൂടെ കളിച്ചിരുന്നവരില്‍ ഷറഫലിയോടായിരുന്നു ഏറ്റവും അടുത്ത ബന്ധം. അവര്‍ തമ്മില്‍ വളരെ വലിയ ആത്മബന്ധമുണ്ടായിരുന്നു. സത്യേട്ടന്‍ ഒരു നല്ല ഭര്‍ത്താവും അച്ഛനുമായിരുന്നു. മകള്‍ക്ക് പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹം മരിക്കുന്നത്. മകളോട് അങ്ങേയറ്റം വാല്‍സല്യമുള്ള പിതാവായിരുന്നു.

ആ കാലത്ത് ഐ.എം വിജയനൊക്കെ ഒപ്പമുണ്ടായിരുന്നില്ലേ?

ഉണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ ഒരുമിച്ച് താമസിച്ചിട്ടൊക്കെയുണ്ട്. പക്ഷെ സത്യേട്ടന് അവരൊക്കെ അനിയന്മാരെ പോലെയായിരുന്നു. എല്ലാവരേയും സംരക്ഷിച്ച് കൊണ്ടു നടക്കുന്ന, മുതിര്‍ന്ന ജേഷ്ഠനായിരുന്നു സത്യേട്ടന്‍ അവര്‍ക്ക്.

സത്യനെ കായിക ലോകവും മാധ്യമങ്ങളും വേണ്ട രീതിയില്‍ അംഗീകരിച്ചിരുന്നില്ല എന്നു തോന്നിയിരുന്നുവോ?

സത്യത്തില്‍ ആദ്യമൊന്നും എനിക്ക് അതിനെ കുറിച്ച് ചിന്തയില്ലായിരുന്നു. സത്യട്ടേന്‍ കളിക്കാന്‍ പോകുന്നു. ജയിക്കുന്നു, കപ്പ് നേടുന്നു, ചിലത് തോല്‍ക്കുന്നു. അത്രയേ ഉണ്ടായിരുന്നില്ല. സത്യത്തില്‍ സത്യേട്ടനെ എനിക്ക് അറിയില്ലായിരുന്നു. മരണത്തിന് ശേഷം പലരുടേയും എഴുത്തുകളിലൂടേയും പിന്നെ നെറ്റില്‍ സെര്‍ച്ച് ചെയ്തും ഞാന്‍ സത്യേട്ടന്റെ നേട്ടങ്ങളെ കുറിച്ച് കൂടുതല്‍ അറിഞ്ഞു. അപ്പോഴാണ് അദ്ദേഹത്തിന് സര്‍ക്കാരിന്റെ അംഗീകാരം വേണ്ട രീതിയില്‍ കിട്ടിയിട്ടില്ലെന്ന് തോന്നിയത്. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പുരസ്‌കാരങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അര്‍ജ്ജുനയ്ക്കായി ഞാന്‍ കുറേ ശ്രമിച്ചിരുന്നു. പക്ഷെ ഒന്നും നടന്നില്ല. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും മറ്റും ഓഫീസുകളില്‍ പോലും അദ്ദേഹത്തിന്റെ ചിത്രം പോലും കാണില്ല. അതൊക്കെ എനിക്ക് നല്ല വിഷമമായിരുന്നു. ഇവിടെ ഓഫീസിലുള്ളവരുമായി ഞാനതിനെ കുറിച്ച് ഡിസ്‌കസ് ചെയ്തിരുന്നു. അങ്ങനെയാണ് അര്‍ജ്ജുനയ്ക്കായും മറ്റും കത്തയക്കുന്നത്. അതിന് മാധ്യമങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു. മാധ്യമങ്ങള്‍ ഒരിക്കലും അംഗീകരിക്കാതിരുന്നിട്ടില്ല.

 

എപ്പോഴായിരുന്നു അദ്ദേഹം വിഷാദ രോഗത്തിന് അടിമയാകുന്നത്?

എപ്പോഴാണെന്ന് കൃത്യമായി അറിയില്ല. 2002 ന് ശേഷമാണ് ഞങ്ങളിത് തിരിച്ചറിയുന്നത്. കളിക്കുന്നതിടെ കഴിച്ചിരുന്ന മരുന്നകളുടേയും കളിയില്‍ നിന്നുള്ള അനുഭവങ്ങളുമായിരിക്കാം ഡിപ്രഷന് കാരണമായത്. പൊതുവേ ശാന്തനായിരുന്ന ആള്‍ പിന്നെ കുറേക്കൂടെ ഉള്‍വലിയുകയും ചെറിയ കാര്യങ്ങള്‍ക്ക് പോലും പൊട്ടിത്തെറിക്കാനും തുടങ്ങി. ഫുട്‌ബോളില്‍ നിന്നു പോലും അകന്നു തുടങ്ങിയതോടെയാണ് ഞങ്ങളത് തിരിച്ചറിയുന്നത്. വിഷാദത്തിന്റെ അവസ്ഥയില്‍ മരിക്കുന്നതിനെ കുറിച്ചും എല്ലാം അവസാനിപ്പിക്കുന്നതിനെ കുറിച്ചും സംസാരിക്കുമായിരുന്നു.

ഒരുപാട് നേരം കളിക്കുന്നതായിരുന്നു സത്യേട്ടന്റെ രീതി. 90 മിനുറ്റും കളിക്കളത്തിലുണ്ടാകും. അതുകൊണ്ടു തന്നെ പരിക്കുണ്ടാകാനുള്ള സാധ്യതയും കൂടുതലായിരുന്നു. അന്നൊക്കെ കഴിച്ച മരുന്നുകളും രോഗത്തിന് കാരണമായെന്നാണ് കരുതുന്നത്. നമ്മുടെ സ്‌പോര്‍ട്‌സ് മാനേജുമെന്റിന്റെ പ്രശ്‌നമാണ് അത്. കളിക്കാര്‍ക്ക് നല്‍കുന്ന മെഡിസിനുകളെ കുറിച്ചൊക്കെ നല്ല ശ്രദ്ധ വേണം. പ്രത്യേകിച്ച് ഫുട്‌ബോളില്‍. അവര്‍ കളിയെ കുറിച്ച് മാത്രം ചിന്തിച്ച് മുന്നോട്ട് പോകുന്നവരാണ്. അതുകൊണ്ടു തന്നെ ഡിപ്രഷന് അടിമപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഒരുപാട് കേസുകള്‍ ഉണ്ട് അത്തരത്തില്‍. അതിനെ തിരിച്ചറിഞ്ഞ് വേണ്ടത് ചെയ്യാന്‍ നമ്മുടെ കായിക മാനേജുമെന്റിന സാധിക്കണം.

ശാരീരിക ഫിറ്റ്നസിനോളം തന്നെ കളിക്കാരുടെ മെന്റല്‍ ഫിറ്റ്നസിനും പ്രാധാന്യം നല്‍കണം. അവര്‍ മാനസിക പിരി മുറുക്കത്തിന് അടിമപ്പെടാതെ നോക്കണം. അത്തരം സാഹചര്യങ്ങളില്‍ നിന്നും അവരെ പുറത്ത് കൊണ്ടു വരാന്‍ സാധിക്കണം.

പക്ഷെ സത്യേട്ടന്‍ ആത്മഹത്യ ചെയ്യില്ലെന്ന് നിങ്ങള്‍ പറഞ്ഞിരുന്നല്ലോ?

അതെ. വിഷാദരോഗമുണ്ടായിരുന്നുവെങ്കിലും സത്യേട്ടന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പായിരുന്നു. പലപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ട് നിങ്ങളെന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നില്ലെന്ന്. അന്ന് സത്യേട്ടന്‍ പറഞ്ഞത് നിന്നേയും മകളേയും ഓര്‍ക്കുമ്പോള്‍ എനിക്കതിന് തോന്നുന്നില്ലെന്നായിരുന്നു.

മരണത്തിന് ശേഷം അതിനുത്തരവാദി അനിതയാണെന്ന തരത്തില്‍ ചില പ്രചരണങ്ങളുണ്ടായിരുന്നല്ലോ?

ഉണ്ടായിരുന്നു. പക്ഷെ സത്യേട്ടന്റെ അമ്മയുടെ പ്രതികരണമാണ് സത്യത്തില്‍ അതിനൊക്കെ അവസാനമിട്ടത്. എന്റെ മോളേ നിനക്കീ ഗതി വന്നല്ലോ എന്നായിരുന്നു അമ്മയുടെ പ്രതികരണം. അമ്മയ്ക്കറിയായിരുന്നു സത്യേട്ടനോടുള്ള എന്റേ സ്‌നേഹവും അദ്ദേഹത്തെ ഹാന്‍ഡില്‍ ചെയ്യാന്‍ ഞാന്‍ അനുഭവിച്ച കഷ്ടപ്പാടും. എല്ലാവരും ഡിപ്പെന്‍ഡ് ചെയ്യുന്നയാള്‍ക്ക് ഇങ്ങനൊരു അവസ്ഥ വരുമ്പോള്‍ അവര്‍ക്കത് ആരോടും പറയാന്‍ പോലും കഴിയില്ല. അപ്പോള്‍ അത് തിരിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ട പിന്തുണ നല്‍കാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.

പ്രജേഷ് സെന്‍

 

ഒരിക്കല്‍ പറയുകയുണ്ടായി 2006 ലോകകപ്പാണ് സത്യേട്ടനെ ഞങ്ങള്‍ക്ക് നഷ്ടമാക്കിയതെന്ന്. അതിനെ കുറിച്ച്.

രോഗത്തില്‍ നിന്നെല്ലാം മുക്തമായി വരുന്നതിനിടെയായിരുന്നു ലോകകപ്പ് വരുന്നത്. അതോടെ ഉറക്കമൊന്നുമില്ലാതായി. രാത്രിയൊക്കെയിരുന്ന് കളി കാണും. പതിയെ രോഗം തിരിച്ചു വരാന്‍ തുടങ്ങി. ലോകകപ്പ് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സത്യേട്ടന്‍ മരിക്കുന്നതും.

ഇന്നിപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവാര്‍ഡുകള്‍ ലഭിക്കാതിരുന്നതിനേക്കാള്‍ വലുതല്ലേ ആ ജീവിതം സിനിമയാകുന്നത്

അതെ. ഒരുപക്ഷെ അവാര്‍ഡ് ലഭിച്ചിരുന്നുവെങ്കില്‍ അതില്‍ ഒതുങ്ങിപ്പോയെനേ സത്യേട്ടന്റെ ജീവിതം. സിനിമയാകുന്നതോടെ ജനമനസില്‍ എന്നന്നേക്കുമായി സാന്നിധ്യവുമായി മാറുകയാണ്. സിനിമയാകുന്നതോടെ ടെലിവിഷനിലൂടേയും മറ്റും വീണ്ടും വീണ്ടും സത്യേട്ടനെ ജനങ്ങള്‍ കാണുകയും അറിയുകയും ചെയ്യും. അതാണ് യഥാര്‍ത്ഥ അംഗീകാരം.

സത്യന്‍ സോക്കര്‍ സ്‌കൂളിന്റെ ആരംഭവും പ്രവര്‍ത്തനവും

സത്യേട്ടന്റെ ഓര്‍മ്മ എന്നെന്നും നിലനിര്‍ത്തുകയായിരുന്നു ലക്ഷ്യം. ആ സമയത്ത് ഞാന്‍ സെപ്റ്റില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. അവരുമായി ചര്‍ച്ച ചെയ്തതിന് ശേഷം അവരുടെ സഹകരണത്തോടെയാണ് സ്‌കൂള്‍ ആരംഭിക്കുന്നത്. അതിപ്പോഴും നന്നായി തന്നെ പോവുന്നുണ്ട്. അതില്‍ വലിയ സന്തോഷമുണ്ട്. ഓര്‍മ്മകള്‍ നില നിര്‍ത്താന്‍ സോക്കര്‍ സ്‌കൂളിലൂടെ സാധിക്കുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ട്.

 

സത്യനായുള്ള ജയസൂര്യയുടേയും അനിതയായുള്ള അനു സിത്താരയുടേയും ട്രാന്‍സ്ഫര്‍മേഷന്‍ എങ്ങനെയുണ്ട്?

നേരത്തെ പറഞ്ഞിരുന്നല്ലോ ജയസൂര്യയ്ക്ക് സാധിക്കുമോ എന്ന് തോന്നിയിരുന്നു. പക്ഷെ സിനിമ ഷൂട്ടിംഗ് ആരംഭിച്ചതോടെ അത് മാറി. സത്യേട്ടനായി അദ്ദേഹം മാറുകയായിരുന്നു. ഇതിലും മികച്ച രീതിയില്‍ സത്യേട്ടനെ അവതരിപ്പിക്കാന്‍ മറ്റൊരാള്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. രൂപത്തില്‍ പോലും സത്യേട്ടനുമായി ജയസൂര്യയ്ക്ക് സാദൃശ്യമുള്ളതു പോലെ തോന്നിപ്പോയി. 24 മണിക്കൂറും അദ്ദേഹം കഥാപാത്രത്തെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്.

അതുപോലെ തന്നെയാണ് അനുവും. സ്വന്തം ജീവിതം മറ്റൊരാള്‍ കണ്‍മുന്നില്‍ അവതരിപ്പിക്കുന്നത് കാണുന്നത് കൗതുകവും അത്ഭുതവും തന്നെയാണ്. ഞാനായി മാറാന്‍ അനുവിന് സാധിച്ചിട്ടുണ്ടെന്ന് പറയാം. പിന്നെ പറയാനുള്ളത് പ്രജേഷിനെ കുറിച്ചാണ്. മികച്ച തിരക്കഥാകൃത്തും സംവിധായകനുമായി പ്രജേഷ് മാറി. എല്ലാം കൃത്യമായി പ്രജേഷ് പ്ലാന്‍ ചെയ്താണ് ചെയ്യുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് അയാള്‍ക്ക് കൃത്യമായി തന്നെ അറിയാം.