| Friday, 19th January 2018, 10:46 pm

Interview ദളിതരെ ഹിന്ദുത്വത്തിന്റെ മടയില്‍ കൊണ്ടെത്തിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ദളിത് പൂജാരി നിയമനത്തിലൂടെ നടപ്പിലാക്കിയത്; സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

ജിന്‍സി ടി എം

ഇന്ത്യന്‍ സമൂഹത്തില്‍ ദളിതര്‍ നേരിടുന്ന പ്രശ്നങ്ങളിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ. ഈ സംഭവത്തിനുശേഷം ഇന്ത്യയിലെമ്പാടുമായി വലിയ തോതിലുള്ള ദളിത് മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരികയും അത് രാഷ്ട്രീയരംഗത്തടക്കം മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ മുന്നേറ്റങ്ങള്‍ കേരളീയ സമൂഹത്തിലും പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. രോഹിത് വെമുല സംഭവവും തുടര്‍ന്നുള്ള ദളിത് മുന്നേറ്റങ്ങളും കേരളീയ സമൂഹത്തെ ഏതുതരത്തിലാണ് സ്വാധീനിച്ചതെന്നതിനെക്കുറിച്ച് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ കേരളീയ സമൂഹത്തില്‍ ഏതുരീതിയിലാണ് പ്രതിഫലിച്ചത്?

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു ടേണിങ് പോയിന്റാണ് രോഹിത് വെമുലയുടെ ആത്മഹത്യയിലൂടെ സംഭവിക്കുന്നത്. അന്നുവരെ നിലനിന്നിരുന്ന ദളിത് മുവ്‌മെന്റുകളെ മാത്രമല്ല മുഖ്യാധാരാ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും വ്യവഹാരങ്ങളേയും മാറ്റിയെടുത്ത ബൃഹത്തായൊരു രാഷ്ട്രീയ സംഭവമായിരുന്നു രോഹിത് വെമുലയുടെ ആത്മഹത്യ. അതിന്റെ ഭാഗമായി കേരളത്തിലും പുതിയ ചില മുന്നേറ്റങ്ങള്‍ക്കായുള്ള സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്.

നിലവിലിരുന്ന രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളെ അടിസ്ഥാനപരമായി മാറ്റിമറിച്ച, അതിന്റെ വീക്ഷണങ്ങളില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവന്ന രാഷ്ട്രീയ സംഭവമായിരുന്നു രോഹിത് വെമുലയുടെ ആത്മഹത്യ എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.

ദളിതരോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ അത് ഏതെങ്കിലും തരത്തിലുള്ള മാറ്റമുണ്ടാക്കിയിട്ടുണ്ടോ?

ഏതാണ്ട് പത്തുനാല്‍പ്പതു വര്‍ഷമായി ദളിത് പ്രസ്ഥാനങ്ങള്‍ ഇടപെടുന്ന ഒരു സ്ഥലമാണ് കേരളം. കേരളത്തിലെ പൊതുമണ്ഡലം എപ്പോഴും ഈ ദളിത് ഇടപെടലുകളെ വളരെ ജാതീയമായ വിഷയങ്ങളാണെന്നും അത് ജാതിയെ തിരിച്ചുകൊണ്ടുവരുന്ന കാര്യങ്ങളാണെന്നാണ് വിചാരിച്ചിരുന്നതെങ്കില്‍ രോഹിത് വെമുലയ്ക്കുശേഷം രൂപംകൊണ്ട പുതിയ അന്തരീക്ഷത്തില്‍ ദളിത് മൂവ്‌മെന്റുകളുടെ വാക്കുകള്‍ക്ക് ഒരു പൊതുശ്രദ്ധ കേരളത്തിലുണ്ടായിട്ടുണ്ട്.

രോഹിത് വെമുലയ്ക്കുശേഷമുണ്ടായ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ദളിത് പക്ഷത്തില്‍ നിന്നുവരുന്ന വാക്കുകള്‍ പൊതുസമൂഹം ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് നമുക്ക് ബോധ്യപ്പെടുന്ന കാര്യമാണ്. അതോടൊപ്പം തന്നെ ദളിത് പ്രസ്ഥാനങ്ങളുടെ പഴയ വീക്ഷണങ്ങള്‍ ഏകപക്ഷീയമായി കൊണ്ടുവരികയല്ല, അവരുടെ ദളിത് വീക്ഷണങ്ങളില്‍ തന്നെ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ കാണുന്നുണ്ട്.

വിഭവാധികാരമാണ് ദളിതര്‍ക്കുവേണ്ടതെന്നും അതല്ല സാംസ്‌കാരികമായ അഴിച്ചുപണിയാണ് വേണ്ടെതെന്ന തരത്തിലും ദളിത് ആക്ടിവിസ്റ്റുകള്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ദളിത് സമൂഹത്തിന് വിഭവാധികാരവും സാംസ്‌കാരിക ബന്ധങ്ങളിലെ അഴിച്ചുപണിയും ആവശ്യമാണെന്നാണ് എനിക്കു തോന്നുന്നത്. ഇതുരണ്ടും പരസ്പരവിരുദ്ധമല്ലല്ലോ. കേരളത്തിലുള്ള  ഒരു ധാരണ സാംസ്‌കാരികമായ അഴിച്ചുപണി മാത്രം മതി, വിഭവങ്ങളുടെ മേലെ അവകാശവാദം ഉന്നയിച്ചാല്‍ കുഴപ്പമാണെന്നാണ്.

തികച്ചും അപകടകരമായൊരു മനോഭാവമാണത്. അതിന്റെയൊരു പ്രത്യേകത വിഭവാധികാരം നേടാനായ വ്യക്തികളില്‍ നിന്നാണ് ഇത്തരം വാദങ്ങള്‍ വരുന്നത് എന്നതാണ്. അതായത്, വിദ്യാഭ്യാസം, ജോലി തുടങ്ങിയവയിലൂടെ സമ്പത്തും പദവികളും സാമാന്യമായെങ്കിലും നേരിയവരാണ് വിഭവത്തെക്കുറിച്ച് മിണ്ടരുത് എന്നാജ്ഞാപിക്കുന്നത്. ഇത് അപകടകരമാണ്.

ദളിതരുടെ മുന്നേറ്റത്തിന് നിര്‍ണായകമായ ഒരു കാര്യം തന്നെയാണ് സാംസ്‌കാരികമായൊരു അഴിച്ചുപണി. അതായത് പ്രത്യയശാസ്ത്ര മണ്ഡലത്തിലും, സാഹിത്യ ഭാവനകളിലും, കലാമേഖലയിലും ഒക്കെ ഇടപെട്ടുകൊണ്ടു നടത്തേണ്ട തിരുത്തലുകള്‍ വളരെ നിര്‍ണായകമാണ്. അതുപോലെ തന്നെ പ്രധാനമാണ് വിഭവങ്ങള്‍ക്കുവേണ്ടിയുള്ള വാദവും എന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂമിക്കുവേണ്ടിയുള്ള വാദം ഒരുപുതിയ കാര്യമല്ല. ഏറ്റവും കുറഞ്ഞപക്ഷം 2000 മുതലെങ്കിലും ദളിതരും ആദിവാസികളും സജീവമായി ഉന്നയിക്കുന്ന മര്‍മ്മപ്രധാനമായൊരു മുദ്രാവാക്യമാണ് ഭൂമിക്കുവേണ്ടിയുള്ള അവകാശവാദം. അതിന്റെ പ്രത്യക്ഷത്തിലുള്ള അനേകം സമരങ്ങളിലൂടെ കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നു എന്നതാണ് നമ്മള്‍ മനസിലാക്കേണ്ടത്.

എന്നാല്‍ ഇപ്പറഞ്ഞ രോഹിത് വെമുലയ്ക്കുശേഷം രൂപംകൊണ്ട വിശാലമായൊരു മുന്നേറ്റം ജിഗ്നേഷ് മെവാനിയിലേക്ക് എത്തുമ്പോള്‍ അത് ഭൂമിക്കുകൂടി വേണ്ടിയുളള ഒരു അവകാശവാദമായി പരിവര്‍ത്തനപ്പെടുന്നുണ്ട്. രോഹിത് വെമുലയ്ക്കുശേഷം ദേശീയ രാഷ്ട്രീയത്തില്‍ ഒരു പ്രധാന ടേണിങ് പോയിന്റ് സംഭവിപ്പിച്ചത് ജിഗ്നേഷ് മെവാനിയാണ്. രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ഞാന്‍ ജിഗ്‌നേഷിന്റെ പ്രസ്ഥാനത്തെ മനസിലാക്കുന്നത്.

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങള്‍ പ്രായോഗികമായി യൂണിവേഴ്‌സിറ്റികളില്‍, ക്യാമ്പസുകളില്‍ ഒതുങ്ങിനിന്നപ്പോള്‍ ജിഗ്നേഷിന്റെ പ്രസ്ഥാനം വളരെ കുഗ്രാമങ്ങളില്‍ പോലും അലയൊലികളുണ്ടാക്കുന്ന വിധത്തില്‍ ഒരു മാസ് മൂവ്‌മെന്റായി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പ്രധാന ഐക്കണായി ജിഗ്നേഷ് മാറുകയും ചെയ്തു.

രോഹിത് വെമുല സംഭവത്തില്‍ തുടങ്ങുന്ന, ആ രാഷ്ട്രീയസംഭവത്തില്‍ നിന്ന് ആരംഭിക്കുന്ന രാഷ്ട്രീയ സാമൂഹിക ഇടപെടലുകളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഭീമ കൊറേഗാവ് വരെ എത്തിനില്‍ക്കുന്ന പുതിയ സംഭവ വികാസങ്ങള്‍ക്ക് ഊര്‍ജമായിരിക്കുന്നുവെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്.

രോഹിത് വെമുല സംഭവത്തിനുശേഷം ദളിത്- ഇടത് ഐക്യം മുന്നില്‍ കണ്ട് “നീല്‍സലാം -ലാല്‍സലാം” മുദ്രാവാക്യം ഉയര്‍ന്നുവന്നിരുന്നു. ഈ ഐക്യപ്പെടലിനെ എങ്ങനെയാണ് കാണുന്നത്?

ലാല്‍ സലാം -നീല്‍ സലാം എന്നു പറയുന്ന മുദ്രാവാക്യം യഥാര്‍ത്ഥത്തില്‍ പ്രത്യയശാസ്ത്രപരമായ ഒരു അഴിച്ചുപണിയിലൂടെ സംഭവിച്ച കാര്യമല്ല എന്നാണ് മനസിലാക്കുന്നത്. പ്രത്യയശാസ്ത്രപരമായ ജാഗ്രതയോടെ മുന്നോട്ടുവെക്കപ്പെട്ട ഒരു മുദ്രാവാക്യമായി ഞാനതിനെ മനസിലാക്കുന്നില്ല.

ഇടതുപക്ഷം വളരെ കൗശലപൂര്‍വ്വം മുന്നോട്ടുവെക്കുന്ന ഒരു മുദ്രാവാക്യമായാണ് ഞാനിതിനെ കാണുന്നത്. അതായത്, കേരളം പോലെയുള്ള ഒരു സ്ഥലത്ത് ഇടതുപക്ഷം വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. അവിടെ സി.പി.ഐ.എം അല്ലെങ്കില്‍ സി.പി.ഐ ഈ മുദ്രാവാക്യം ഉയര്‍ത്തുന്നില്ല. കേരളം വിട്ടുകഴിഞ്ഞാല്‍ വളരെ നാമമാത്രമായ സ്ഥലങ്ങളില്‍ ഇവര്‍ ലാല്‍ സലാം-നീല്‍ സലാം എന്നൊക്കെ പറയും എന്നതല്ലാതെ, കേരളത്തില്‍ എന്തുകൊണ്ട് ഈ മുദ്രാവാക്യം ഉയര്‍ത്തുന്നില്ല?

ഇതിനു പുറമേ കേരളത്തിനു വെളിയില്‍ രൂപപ്പെട്ടിരിക്കുന്ന ഒരു വിശാലമായ ദളിത് മുന്നേറ്റത്തെ കണ്ടെയ്ന്‍ ചെയ്യാനുള്ള നീക്കമാണ് ഇടതുപക്ഷം ഈ മുദ്രാവാക്യത്തിലൂടെ നടത്തിയത്. യഥാര്‍ത്ഥത്തില്‍ അങ്ങനെ കണ്ടെയ്ന്‍ ചെയ്യാന്‍ പറ്റാത്തവിധം വിശാലമായൊരു രാഷ്ട്രീയ മുന്നേറ്റമായിട്ടാണ് ഈ ദളിത് മുന്നേറ്റം ഇപ്പോള്‍ പരിണമിച്ചുകൊണ്ടിരിക്കുന്നത്.

ദളിതരുടെ മാത്രം ഒരു കാര്യമായിട്ട് ചുരുങ്ങാതെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍, ആദിവാസികള്‍ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് വിശാലമായ ജനകീയ ഐക്യത്തിലൂടെ മുന്നോട്ടുപോകാന്‍ കഴിയുന്ന പുതിയൊരു പ്രത്യയശാസ്ത്ര ധാരയായിട്ടത് പരിണമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെയൊരു വക്താവായാണ് ജിഗ്നേഷ് മെവാനിയെ നമ്മള്‍ കാണുന്നത്.

ലാല്‍സലാം -നീല്‍ സലാം മുദ്രാവാക്യം ആ ഘട്ടത്തില്‍ അവര്‍ ഉയര്‍ത്തിയെങ്കിലും അവരോടൊരു പ്രത്യയശാസ്ത്രപരമായിട്ട് പ്രതിബദ്ധത ഇടതുപക്ഷം കാണിച്ചിട്ടുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നില്ല. അങ്ങനെയൊരു പ്രത്യയശാസ്ത്രപരമായ ജാഗ്രതയോടെ പറയപ്പെട്ടപ്പെട്ട ഒരു മുദ്രാവാക്യമായിരുന്നില്ല അത് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.

മുഖ്യധാര ഇടതുപാര്‍ട്ടികളല്ലാത്ത ചെറുകക്ഷികള്‍ ദളിത് മുന്നേറ്റത്തിനൊപ്പം നില്‍ക്കുന്നുണ്ട്. ഇത് ഗുണകരമാണോ?

അവര്‍ക്ക് അതിനെ പിന്തുണയ്ക്കേണ്ടിവരും. അതൊരു കുഴപ്പം പിടിച്ച കാര്യമായി ഞാന്‍ കാണുന്നില്ല. പ്രായോഗികമായി അത്തരം ചില മുന്നണികളൊക്കെ രൂപംകൊള്ളേണ്ടിവരും.

ജിഗ്നേഷ് ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്, “ഞാന്‍ ഗുജറാത്തില്‍ ഭൂമിക്കുവേണ്ടി സമരം ചെയ്യുമ്പോള്‍ എന്നെ പിന്തുണയ്ക്കുന്ന സി.പി.ഐ.എം എന്തുകൊണ്ടാണ് കേരളത്തില്‍ ദളിതര്‍ക്ക് ഭൂമികൊടുക്കാത്തത്” . വളരെ പൊളിറ്റിക്കല്‍ ആയ ക്വസ്റ്റ്യന്‍ ആണത്. ആ ചോദ്യം അഡ്രസ് ചെയ്യാതെ സി.പി.ഐ.എം ഗുജറാത്തില്‍ പിന്തുണ കൊടുക്കുന്നതില്‍ കഥയില്ലയെന്നാണ് ഞാന്‍ പറഞ്ഞത്. അവിടെ അവര്‍ക്കു പിന്തുണ കൊടുക്കേണ്ടിവരും. അവര്‍ക്കുവേറെ വഴിയൊന്നുമില്ല.

രാഷ്ട്രീയബദല്‍ രൂപം കൊള്ളുമ്പോള്‍ അവരെപ്പോലുള്ള ചെറിയ ഗ്രൂപ്പുകള്‍ അവരെ പിന്തുണയ്ക്കും. ട്രേഡ് യൂണിയനുകള്‍ അവിടെ പിന്തുണച്ചിട്ടുണ്ട്. ഇടതുപക്ഷപാര്‍ട്ടികള്‍ പിന്തുണച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി പിന്തുണച്ചിട്ടുണ്ട്. ചെറിയ ഗ്രൂപ്പുകള്‍ പുതിയ മുന്നേറ്റത്തെ പിന്തുണയ്ക്കും. തീര്‍ച്ചയായും ഇത്തരം മുന്നണികളൊക്കെ ഉണ്ടാവേണ്ടി വരും. എന്നാല്‍ രാഷ്ട്രീയ ജാഗ്രതയോടെ, നാളത്തെ ഇന്ത്യയുടെ രാഷ്ട്രീയമാണ് ഇപ്പോള്‍ രൂപംകൊണ്ടുവരുന്നത് എന്ന ബോധ്യത്തോടെ തങ്ങളുടെ പഴയകാല പ്രത്യയശാസ്ത്ര ധാരണകളെ തിരുത്തിക്കൊണ്ട് അവര്‍ ചെയ്യുന്ന ഒരു പണിയല്ല ഇത് എന്നാണ് ഞാന്‍ പറയുന്നത്.

രോഹിത് വെമുല സംഭവത്തിനുശേഷം നടന്ന മറ്റൊരു മാറ്റം ദളിതരോട് ഐക്യപ്പെട്ടുകൊണ്ട് മുസ്ലിം സംഘടനകള്‍ കൂടി രംഗത്തുവന്നു എന്നുള്ളതായിരുന്നു. ഈ ഐക്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ ദളിതരെപ്പോലെ തന്നെ ഹിന്ദുത്വത്താല്‍ അപരവത്കരിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമാണ്. അതുകൊണ്ടുതന്നെ പുതിയ മുന്നേറ്റങ്ങളോട് കൂറ് പുലര്‍ത്താന്‍ സ്വാഭാവികമായിട്ടും അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തമാണ് അവര്‍ നിറവേറ്റുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ഇന്ത്യയിലെമ്പാടും വളരെ വ്യാപകമായി ആക്രമിക്കപ്പെടുകയും അപരവത്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമെന്ന നിലയ്ക്ക് ഈ ദളിത് മുന്നേറ്റങ്ങളോട് ആഭിമുഖ്യം പുലര്‍ത്താനും അതിന്റെ കൂടെ നില്‍ക്കാനും അവര്‍ക്കു കഴിയുന്നു എന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പോസിറ്റീവായ ഒരു കാര്യമായാണ് നമ്മള്‍ കാണേണ്ടത്. മുസ്ലിം സംഘടനകള്‍ പിന്തുണയ്ക്കുന്നു എന്നു പറയുമ്പോള്‍ അവരെല്ലാം ഭീകരസംഘടനകളാണ് എന്നൊരു പൊതുബോധം അതിനകത്ത് നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട്. ഞാനങ്ങനെ കാണുന്നില്ല.

ഒരു പൗരസമൂഹമെന്ന നിലയ്ക്ക് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ ഉറപ്പിക്കാന്‍ കഴിയണമെങ്കില്‍ ദളിതരടക്കമുള്ള വിഭാഗങ്ങളോട് അവര്‍ രാഷ്ട്രീയമായി സഖ്യം ചെയ്തേ പറ്റൂ. അവര്‍ക്കതല്ലാതെ വഴിയില്ല. അത് വളരെ രാഷ്ട്രീയമായൊരു തിരിച്ചറിവോടെ രൂപംകൊള്ളേണ്ടതാണ്. ഈ ദളിതരും മുസ്ലീങ്ങളും മാത്രമല്ല പിന്നോക്കവിഭാഗങ്ങളും അതി പിന്നോക്കമായ വിഭാഗങ്ങളും ആദിവാസികളും തമ്മില്‍ രൂപംകൊള്ളേണ്ട ഒരു രാഷ്ട്രീയ സഖ്യത്തിന്റെ ഒരു മുഖമായിട്ടാണ് ദളിത് മുന്നേറ്റത്തെ ഇസ്ലാമിക സംഘടനകള്‍ പിന്തുണയ്ക്കുന്നതിനെ നമ്മള്‍ കാണാവൂ.

കേരളത്തില്‍ തന്നെ മുസ്ലിം ലീഗ് മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടിവരെയുള്ള സംഘടനകള്‍ അവരുടെ പുതിയ മുന്നേറ്റങ്ങളില്‍ ദളിതരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട്. മുസ്ലിം ലീഗിന്റെയും എസ്.ഡി.പി.ഐയുടെയും വെല്‍ഫെയര്‍പാര്‍ട്ടികളുടെയുമൊക്കെ വേദികളിലൊക്കെ പോകുന്നൊരാളാണ് ഞാന്‍. ഞാന്‍ പറയുന്നത് ഇത് ആരോഗ്യകരമായ രാഷ്ട്രീയ ബന്ധമായി വികസിക്കേണ്ടതുണ്ട്. അതിനെയൊരു കുഴപ്പമായി കാണേണ്ടതില്ല.

മാത്രവുമല്ല ഈ പറഞ്ഞ മുസ്ലിം വിഭാഗങ്ങള്‍ക്ക് ഇതല്ലാതെ വേറൊരു വഴിയുമില്ല. ദളിതരുടെയും അംബേദ്കറൈറ്റുകളുടെയുമൊക്കെ നേതൃത്വത്തില്‍ വരുന്ന പുതിയ മുന്നേറ്റങ്ങളുടെയൊക്കെ കൂടെ നില്‍ക്കാനും ഐക്യപ്പെടാനും അവര്‍ക്ക് കഴിയണം. അവര്‍ അത് ചെയ്യുന്നുണ്ട്. അതൊരു രാഷ്ട്രീയ സഖ്യമായി ഭാവിയില്‍ വികസിക്കുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ദളിതര്‍ക്ക് എത്രത്തോളം പ്രാതിനിധ്യവും പിന്തുണയും നല്‍കുന്നുണ്ട്?

മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളടക്കം അവരുടെ പുതിയ സാഹചര്യങ്ങളില്‍ അവരുടെ ധാരണകളെ അവര്‍ തിരുത്തേണ്ടിവരും. അതിപ്പോ ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെ ഒരു പുതിയ രാഷ്ട്രീയ സമ്മര്‍ദ്ദമായാണ് നമ്മള്‍ മനസിലാക്കുന്നത്. കോണ്‍ഗ്രസിന് ഉറപ്പുണ്ടായിരുന്ന മണ്ഡലമാണ് ജിഗ്നേഷ് മെവാനിയ്ക്കായി കോണ്‍ഗ്രസ് വിട്ടുകൊടുക്കുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം വലിയ എതിര്‍പ്പു പ്രകടിപ്പിക്കുകയും കേന്ദ്രനേതൃത്വം ഉറപ്പായും ആ സീറ്റ് കൊടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. അത് രാഷ്ട്രീയമായൊരു തിരിച്ചറിവായിട്ടാണ് ഞാന്‍ മനസിലാക്കുന്നത്.

ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിക്കുന്നു. ദളിത് സമുദായത്തില്‍ നിന്നുയര്‍ന്നുവന്ന ഒരു പുതിയ രാഷ്ട്രീയ ധാരണയുടെ വക്താവാണ് ജിഗ്‌നേഷ് മെവാനി. കേവലം ദളിത് മൂവ്‌മെന്റിന്റെ ആളല്ല. ആ ഫാക്ടര്‍ വളരെ നന്നായി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ജിഗ്‌നേഷും അല്‍പ്പേഷ് താക്കൂറും ഇപ്പറയുന്ന ഹാര്‍ദിക് പട്ടേലും ഇല്ലായിരുന്നുവെങ്കില്‍ അമിത് ഷാ പറഞ്ഞതുപോലെ 150 സീറ്റും അവര്‍ പിടിക്കുമായിരുന്നു. ഇവരാണതിനെ ടേണ്‍ ചെയ്തെടുത്തത്. ഇത്തരം ഘടകങ്ങളെ ഉള്‍ക്കൊള്ളുകയെന്നത് ഇനി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ കോണ്‍ഗ്രസ് വേറൊരു ഘടനയില്‍ വര്‍ക്കു ചെയ്യുന്നതാണ്. കേരളത്തിലെ രാഷ്ട്രീയം പൊതുവില്‍ പ്രബല സമുദായങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ചില നീക്കുപോക്കുകളായിട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചോ കോണ്‍ഗ്രസിനെ സംബന്ധിച്ചോ ദളിത് പ്രാതിനിധ്യം അവര്‍ക്കൊരു പ്രശ്‌നമല്ല.

കാരണം കേരളത്തിന്റെ രാഷ്ട്രീയം വട്ടംചുറ്റി നില്‍ക്കുന്ന സംഘടിതരും സവര്‍ണവുമായ ചില സമുദായങ്ങളെ ചുറ്റിപ്പറ്റിയാണ്. അതിനപ്പുറത്തേക്ക് ഒരു സംഗതി അവരെ സംബന്ധിച്ച് അവരുടെ അജണ്ടയില്‍ ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അത്തരം ഒരു പരിഗണന കേരളത്തിലെ പാര്‍ട്ടികള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല.

പക്ഷേ കേരളത്തില്‍ പുതിയ ചില പ്രവണതകള്‍ കാണുന്നുണ്ട്. മുസ്ലീം ലീഗ് പോലുള്ള സംഘടനകള്‍ ദളിതരുടെ ഇഷ്യൂസ് കൂടി ഉള്‍പ്പെടുത്തുന്ന തരത്തിലുള്ള പുതിയ ചില ചിന്തകളും ചില പ്രവര്‍ത്തനങ്ങളും അവര്‍ നടത്തുന്നുണ്ട്. അവരുടെ വേദികളിലേക്ക് ദളിത് ആക്ടിവിസ്റ്റുകളെ ക്ഷണിക്കുക, ദളിതരും മുസ്ലീങ്ങളും തമ്മിലുള്ള ഐക്യത്തെക്കുറിച്ച് സംസാരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. ഇത് പ്രധാനപ്പെട്ട ഒരു കാര്യമായിട്ടാണ് ഞാന്‍ മനസിലാക്കുന്നത്.

എന്നാല്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ദളിത് പ്രാതിനിധ്യം പ്രധാനമായൊരു കാര്യമായി എടുക്കുകയില്ല. അതിനുകാരണം കേരളത്തിലെ രാഷ്ട്രീയം തന്നെ പൊതുവില്‍ സവര്‍ണ സംഘടിത സമുദായങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്നു എന്നതുകൊണ്ടാണ്. എന്നാല്‍ അവര്‍ക്ക് ഇനിയത് എടുക്കേണ്ടിവരും എന്നതിന്റെ സൂചനയാണ് മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ ദളിത് ആദിവാസി നേതൃത്വങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും ദളിത് ഇഷ്യൂസ് കൂടി അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ഉന്നയിക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നത്.

രോഹിത് വെമുല സംഭവത്തിനുശേഷം ദേശീയതലത്തില്‍ സംഘപരിവാറിനെതിരെ പലയിടങ്ങളില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ അത് വലിയ തോതില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ?

കേരളത്തില്‍ ഉണ്ടായിട്ടുണ്ട് എന്നുതന്നെയാണ് വിശ്വസിക്കുന്നത്. കേരളത്തിലെ ദളിത് പ്രശ്‌നം 70 കളിലൊക്കെ ആരംഭിക്കുകയും 80 കളിലൊക്കെ ശക്തിപ്പെടുകയും ചെയ്ത കേരളത്തിലെ ദളിത് മുന്നേറ്റത്തിനെ, ദളിതര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ആശയങ്ങളെ, സാമൂഹികമായ അവരുടെ ആവശ്യങ്ങളെ ഒരിക്കല്‍ പോലും കേരളത്തിലെ പൊതുസമൂഹം ചെവികൊടുത്തിരുന്നില്ല. 90 കളോടെയാണ് പൊതുവിലൊരു ചെറിയ ശ്രദ്ധയെങ്കിലും ഉണ്ടായിവന്നത്. അതുതന്നെ കുറച്ചൊരു വായനക്കാര്‍ക്കിടയില്‍ മാത്രം ഉണ്ടായൊരു കാര്യമായിരുന്നു.

എന്നാല്‍ പൊതുസമൂഹമെന്ന് നമ്മള്‍ വിളിക്കുന്ന കേരളീയ സമൂഹം എല്ലാ കാലത്തും ദളിത് പ്രശ്നത്തെ ഒരു ജാതി പ്രശ്‌നം മാത്രമായി ചുരുക്കിക്കാണുകയും അതെന്തോ വര്‍ഗീയമായൊരു കാര്യമാണെന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷത്തില്‍ നിന്ന് പുറത്തുകടന്നിട്ടുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അല്ലെങ്കില്‍ പുറത്തുകടക്കാന്‍ ശ്രമിക്കുന്നുണ്ട്. രോഹിത് വെമുലയ്ക്കുശേഷം ദേശീയ രാഷ്ട്രീയത്തില്‍ ഈ അംബേദ്കറൈറ്റ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ ഉയര്‍ന്നുവന്നതോടെ കേരളത്തിലും ഈ അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ കേള്‍ക്കാന്‍ പുതിയൊരു പൗരസമൂഹം രൂപംകൊണ്ടുവരുന്നുണ്ട്.

അതുകൊണ്ട് കേരളത്തിലതു സംഭവിച്ചില്ല എന്നു നമുക്ക് പറയാന്‍ കഴിയില്ല. കേരളത്തില്‍ ഞാന്‍ പറയുന്നൊരു കാര്യം, വര്‍ഷങ്ങളായി ഈ മേഖലയില്‍ നിലനില്‍ക്കുന്ന ഒരാളെന്ന നിലയില്‍ എനിക്കു ബോധ്യപ്പെടുന്ന ഒരു കാര്യമാണ് നേരത്തെ എന്നെപ്പോലുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ദളിതര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത്. അതില്‍ നിന്നും മാറി പൊതുസമൂഹം ഞങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്ന തരത്തിലേക്ക് കേരളം അടിസ്ഥാനപരമായി മാറിയിട്ടുണ്ട്.

ഒരു ഉദാഹരണം പറയാം, കേരളത്തിലിപ്പോള്‍ സാമ്പത്തിക സംവരണത്തിനുവേണ്ടി കേരളത്തിലെ സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തപ്പോള്‍ അതിനെതിരെ രംഗത്തുവന്നത് ദളിതര്‍ മാത്രമല്ല, ആദിവാസികള്‍ മാത്രമല്ല, പിന്നോക്കക്കാര്‍ മാത്രമല്ല, പൗരസമൂഹത്തിലെ പ്രമുഖരായ ഒട്ടനവധി മനുഷ്യര്‍ ആ തീരുമാനം തെറ്റാണ്, ഭരണഘടനാ വിരുദ്ധമാണെന്നുള്ള ഞങ്ങളുടെ വാദത്തെ പിന്തുണച്ച് രംഗത്തുവരികയുണ്ടായി. അത് നല്‍കുന്നൊരു സൂചന, ഞങ്ങളൊക്കെ പറയുന്ന, ദളിത് പക്ഷത്തുനിന്നുയരുന്ന ഇത്തരം വാദമുഖങ്ങളുടെ രാഷ്ട്രീയമായ പ്രാധാന്യം കേരളം മനസിലാക്കി തുടങ്ങിയിരിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞൊരു കാര്യം. കാരണം അങ്ങനെയൊരു മാറ്റം കേരളത്തിലുണ്ട് എന്നുളളത് സംശയമില്ലാത്ത കാര്യമാണ്.

ജിഗ്നേഷ് മെവാനി ഉന്നയിക്കുന്ന ഭൂമിയുടെ പ്രശ്‌നം കേരളത്തെ സംബന്ധിച്ച് അപരിചിതമായ കാര്യമല്ല. രണ്ടുപതിറ്റാണ്ടായിട്ട് കേരളത്തില്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. സമരം നടത്തിയ കാര്യമാണ്. രക്തസാക്ഷികളടക്കമുണ്ടായ ഒരു കാര്യമാണ്. അതുകൊണ്ട് ഭൂമിയെന്നു പറയുന്ന ആവശ്യം കേരളത്തെ സംബന്ധിച്ച് പുതിയൊരു ആവശ്യമായിരുന്നില്ല.

പക്ഷേ ദേശീയമായി ഉയര്‍ന്നുവന്ന പുതിയൊരു സെന്‍സിബിലിറ്റിയിലേക്ക് കേരളത്തിലെ ഭൂമിക്കുവേണ്ടിയുള്ള പ്രസ്ഥാനങ്ങളും മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. നേരത്തെ ഭൂമിക്കുവേണ്ടി വാദിച്ചിരുന്നവര്‍ ഈ അംബേദ്കറൈറ്റ് രാഷ്ട്രീയ മണ്ഡലത്തിലേക്ക് പൂര്‍ണമായി എത്തിയിരുന്നില്ല. അതിലേക്ക് അവരും എത്തുന്ന സ്ഥിതിവിശേഷം പുതിയ ദേശീയസാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്.

ഇത്തരം മുന്നേറ്റങ്ങള്‍ കേരളത്തിലെ യുവാക്കളെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?

പുതിയ തലമുറകളിലാണ് ഈ ദളിത് മുന്നേറ്റം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിരിക്കുന്നത്. പരമ്പരാഗതമായി നില്‍ക്കുന്ന രാഷ്ട്രീയ സമൂഹത്തിലൊന്നുമല്ല. അവരിപ്പോഴും ജാതിവാദമാണെന്ന് മാത്രം വിചാരിക്കുന്നവരാണ്.

യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ പുതിയ ചില പിറവികള്‍ ഉണ്ടായിട്ടുണ്ട്. അവഗണനിക്കാനാവാത്ത ശബ്ദമായി ഒരു അംബേദ്കറൈറ്റ് രാഷ്ട്രീയം കേരളത്തില്‍ മാറിക്കഴിഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ നേരത്തെ പറഞ്ഞ സംഭവം സൂചിപ്പിക്കുന്നത്. ഞാന്‍ പറയുന്നത് ഒരു പത്തുവര്‍ഷം മുമ്പായിരുന്നെങ്കില്‍ ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുക്കുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ ഒരുപക്ഷേ ദളിതര്‍ മാത്രമേ കാണുമായിരുന്നുള്ളൂ. ഇപ്പോ അതല്ല സ്ഥിതി, കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ആ മാറ്റത്തിന് കാരണം ഇതൊരു പൊതുപ്രശ്‌നമാണ്, ജനാധിപത്യത്തിന്റെ പ്രശ്‌നമാണ് സംവരണം എന്നുപറയുന്ന കാര്യം, സാമുദായിക സംവരണം നിലനില്‍ക്കേണ്ടതുണ്ട് എന്ന ഒരു ബോധ്യത്തിലേക്ക് കേരളത്തിലെ പൊതുസമൂഹത്തിന്റെ മാറ്റത്തിന്റെ സൂചനയാണ് ഈ പിന്തുണ.

കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിപ്രായ മാറ്റമായിട്ടുവേണം നമ്മള്‍ അതിനെ എടുക്കാന്‍. വെറുതെ ഉദാരതയില്‍ നിന്നുണ്ടാവുന്ന കാര്യമല്ല. രാഷ്ട്രീയമായ പുതിയ തിരിച്ചറിവായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്.

സംവരണം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സംഘപരിവാര്‍ നിലപാട് അജണ്ട നടപ്പിലാക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നത് എന്ന വിമര്‍ശനം അടുത്തിടെയായി വലിയ തോതില്‍ ഉയര്‍ന്നുവന്നിരുന്നു. അത്തരമൊരു വിമര്‍ശനത്തില്‍ കാര്യമുണ്ടെന്ന് തോന്നിയിട്ടുണ്ടോ?

സംവരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുവായൊരു നയം സാമുദായിക സംവരണം അവസാനിപ്പിക്കുകയെന്നതാണ്. അത് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ക്കുമുണ്ട്. സംഘപരിവാര്‍ നേതാക്കള്‍ക്കുമുണ്ട്. ഇതാണ് അതിന്റെ ഞെട്ടിക്കുന്നൊരു യാഥാര്‍ത്ഥ്യം.

1957ലെ ആദ്യത്തെ സര്‍ക്കാര്‍ ഇ.എം.എസ് ചെയര്‍മാനായിട്ടുള്ള ഭരണപരിഷ്‌കാര കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പടിപടിയായി സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാക്കി മാറ്റണമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമാത്രമായിരുന്നില്ല അന്നദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയായിരുന്നു. സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് 1958ല്‍ പുറത്തുവന്ന ഭരണപരിഷ്‌കാര കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്.

1961 ല്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കേ മുഖ്യമന്ത്രിമാര്‍ക്ക് അയച്ചൊരു കത്തുണ്ട്. ആ കത്തില്‍ ഈ സാമുദായിക സംവരണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. പറയുന്നൊരു കാര്യം നമ്മുടെ സമൂഹത്തിന്റെ “എഫിഷ്യന്‍സി നഷ്ടമാകു”മെന്ന വാക്കാണ് നെഹ്റു ആ കത്തില്‍ ഉപയോഗിക്കുന്നത്. ഇതേ വാക്കുതന്നെയാണ് മോഹന്‍ ഭാഗവതും പറയുന്നത്. ഇവര്‍ക്ക് നയപരമായി സംവരണം എന്നുപറയുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യമെന്ത് എന്നത് ഇപ്പോഴും മനസിലാകാത്ത നേതൃത്വങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കും ഉള്ളത്.

ഇന്ത്യയിലെ സാമൂഹിക വിവേചനങ്ങളുടെ, ഒരു മനുഷ്യനെ മറ്റൊരു മനുഷ്യന്‍ മാറ്റിമറിക്കുന്നതിന്റെ സ്രോതസ്സ് ജാതിയാണ് എന്ന യാഥാര്‍ത്ഥ്യമാണ് അവര്‍ അംഗീകരിക്കാത്തത്. അതാണ് ഭരണഘടന അംഗീകരിച്ചതും. അതുകൊണ്ട് സാമ്പത്തികമായ പിന്നോക്കാവസ്ഥ സംവരണത്തിന്റെ യോഗ്യതയായിട്ട് ഭരണഘടന കാണുന്നില്ല. അതുകൊണ്ട് ഇത്ര ഭീമ അബദ്ധങ്ങള്‍ പിണറായി ഗവണ്‍മെന്റ് ചെയ്യുന്നത്.

അവര് ആരോടും ചോദിക്കാതെ കേരളത്തിലെ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്തുശതമാനം സംവരണം കൊടുക്കണമെന്ന് തീരുമാനിക്കുമ്പോള്‍ പിണറായി വിജയന്‍ ഭരണഘടനയൊന്നും വായിച്ചിട്ടില്ല, പോട്ടെയെന്നു കരുതാം, എന്നാല്‍ കേരളത്തിലെ ചീഫ് സെക്രട്ടറി അയാള്‍ ഭരണഘടന വായിക്കണ്ടേ, കോടതി വിധി മനസിലാക്കണ്ടേ. ഏറ്റവും അവസാനം നിയമവകുപ്പില്‍ പോയിട്ട് നിയമസെക്രട്ടറിയാണ് പറഞ്ഞത് പറ്റത്തില്ല എന്ന്. ഇത് അറിയാത്തയാളാണോ ചീഫ് സെക്രട്ടറി? ശുദ്ധജാതിവാദമാണ് നടക്കുന്നത്. നടക്കുകയാണെങ്കില്‍ നടന്നോട്ടെ എന്നു വിചാരിച്ചിട്ട് അതിന് പച്ചക്കൊടി കാണിക്കുകയാണ് ചീഫ് സെക്രട്ടറി ചെയ്യുന്നത്. അയാളെ യഥാര്‍ത്ഥത്തില്‍ പുറത്താക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം ഭരണഘടനാ വിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ പക്ഷം ചീഫ് സെക്രട്ടറിയെങ്കിലും അത് തിരിച്ചറിഞ്ഞ് അന്നേ അതിനെ വിലക്കണമായിരുന്നു. ഈ തീരുമാനം നടക്കില്ല എന്നകാര്യം പറയണ്ടേ?

ദളിത് സംഘടനകള്‍ക്കിടയില്‍ പല അഭിപ്രായ ഭിന്നതകളും ഉയര്‍ന്നുവന്നിരുന്നു. അത്തരം വിഷയങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ടോ?

ദളിത് സംഘടനകളില്‍ മുമ്പെങ്ങുമില്ലാത്തവിധമുള്ള വളരെ ഉന്നതമായ ഐക്യത്തിന്റെ ഒരു ലക്ഷണങ്ങള്‍ ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന ധാരണ ഏറ്റവും കുറഞ്ഞ പക്ഷം പ്രബലമായ ചില സംഘടനകള്‍ക്കെങ്കിലും ശക്തിപ്പെട്ടിട്ടുണ്ട്. അതിന്റെ ലക്ഷണങ്ങള്‍ നമുക്കിപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്.

വ്യത്യസ്തമായ പിന്നോക്ക സംഘടനകള്‍ക്കിടയില്‍ യോജിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റം കണ്ടുവരുന്നുണ്ട്. ഉദാഹരണത്തിന്, പിണറായി വിജയന്റെ ഉത്തരവിനെതിരെ സെക്രട്ടറിയേറ്റില്‍ നടന്ന ഒരു പരിപാടിയില്‍ ദളിത് സംഘടനകള്‍, പിന്നോക്ക സംഘടനകള്‍, മുസ്ലീം സംഘടനകള്‍ ഇവരെല്ലാം പങ്കെടുത്തിരുന്നു. സാമുദായിക സംഘടനകള്‍ക്ക് വെളിയില്‍ നില്‍ക്കുന്ന ദളിത് പ്രവര്‍ത്തകരുമൊക്കെ പങ്കെടുത്തിരുന്നു. അപ്പോ അത് സൂചിപ്പിക്കുന്നത് വിശാലമായൊരു ഐക്യത്തിന്റെ ഒരു ബോധ്യം ഈ സംഘടനകള്‍ക്ക് ഉണ്ട് എന്നതാണ്. നേരത്തെ ഇല്ലാതിരുന്ന പ്രവണതയായിരുന്നു അത്. അതുകൊണ്ട് ഞാന്‍ കരുതുന്നത് ഈ ദളിത് സംഘടനകള്‍ക്കിടയില്‍ ദളിത് സമുദായത്തിനകത്ത് കൂടുതല്‍ വിശാലമായ ഐക്യത്തോടെ പോകണമെന്ന ഒരാശയം മുമ്പത്തെക്കാളും വളരെ ശക്തമായിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

ദളിത് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളിലെ പൂജാരിയായി നിയമിക്കാനുളള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. അതിനെ പോസിറ്റീവായ ഒരു മാറ്റമായാണോ കാണുന്നത്?

ഇതെല്ലാം സംഘപരിവാര്‍ അജണ്ടയാണെന്നാണ് ഞാന്‍ പറയുന്നത്. ഇപ്പറയുന്ന ദളിതര്‍ക്കിടയില്‍ നിന്നും പൂജാരിമാര്‍ ഉണ്ടാവണമെന്ന് പറയുകയും പൂജാരിമാരെ നിയമനം നടത്തി ഞങ്ങളിതാ വിപ്ലവം നടത്തിയിരിക്കുന്നു എന്ന് അവകാശവാദമുന്നയിക്കുകയും തൊട്ടടുത്ത ദിവസം തന്നെ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്ന തീരുമാനമെടുത്ത് ഞങ്ങള്‍ പുതിയ വിപ്ലവം നടത്തിയിരിക്കുന്നു എന്നവകാശപ്പെടുകയും ചെയ്യുന്നതെല്ലാം സൂക്ഷ്മായി പരിശോധിക്കുമ്പോള്‍ അടിസ്ഥാനപരമായി സംഘപരിവാറിന്റെ അജണ്ടയാണ്.

ദളിത് സമുദായത്തില്‍ നിന്നും പിന്നോക്ക സമുദായത്തില്‍ നിന്നും പൂജാരിമാരെ എടുക്കുവാന്‍ കേരളം നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമെന്താണ്, അങ്ങനെയൊരു സാഹചര്യമുണ്ടോ എന്നു നമ്മള്‍ പരിശോധിക്കണം. പലപ്പോഴും ഇതെന്തോ വിപ്ലവമാണ്, നേരത്തെ സംഭവിക്കാതിരുന്ന എന്തോ ഒരു കാര്യം സംഭവിച്ചുവെന്ന മട്ടിലാണ് ആള്‍ക്കാര്‍ എടുക്കുന്നത്. അങ്ങനെയല്ല അതിന്റെ കാര്യം.

ബേസിക്കായിട്ടുള്ള കാര്യമെന്താണെന്നുവെച്ചാല്‍ കേരളത്തിലെ പൂജാരി സമൂഹമെന്ന് വിളിക്കപ്പെടുന്ന നമ്പൂതിരിമാര്‍ എണ്ണത്തില്‍ വളരെ കുറവാണ്. അതിന്റെയൊരു കാരണം ഇവര്‍ക്ക് നേരത്തെ വീട്ടില്‍ ഒരാള്‍ക്കുമാത്രമേ കല്ല്യാണം കഴിക്കാന്‍ പറ്റുമായിരുന്നുള്ളൂ. ബാക്കിയെല്ലാവരും സംബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ അപ്പന്‍ നമ്പൂതിരിമാര്‍ക്ക് ഉണ്ടാവുന്ന മക്കളെ ഒരിക്കലും ആ കമ്മ്യൂണിറ്റി ഏറ്റെടുത്തിട്ടില്ല. അതുമുഴുവന്‍ നായന്മാര്‍ ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. അങ്ങനെയുള്ള ഒരു ആചാരം ഏതാണ്ട് 50 ഓടുകൂടിയാണ് ഇല്ലാതാവുന്നത്. അതുവരെ ഇത് വളരെ ശക്തമായി കേരളത്തില്‍ നിലനിന്നിരുന്നു.

അതുകൊണ്ടുതന്നെ സ്വാഭാവികമായി ഇവര്‍ക്കിടയില്‍ എണ്ണം വളരെ കുറവാണ്. പിന്നീട് ന്യൂക്ലിയര്‍ കുടുംബത്തിലേക്കു വന്നപ്പോള്‍ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞു. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും അവര്‍ മറ്റുജോലികളില്‍ ഏര്‍പ്പെടാനും തുടങ്ങി. പിന്നേയും എണ്ണം കുറയുകയാണ്.

ഒരു പണിയും, ഗതിയുമില്ലാതെ, മറ്റു ജോലികളൊന്നും ചെയ്യാന്‍ ശേഷിയുമില്ലാത്തവരാണ് ഈ സമുദായത്തില്‍ പൂജാരിമാരായിട്ട് ഉള്ളൂ. പരമ്പരാഗത പൂജാരി സമൂഹത്തിലെ എണ്ണത്തിലുളള കുറവാണ് യഥാര്‍ത്ഥത്തില്‍ ഈ പിന്നോക്കക്കാരില്‍ നിന്നും പൂജാരിമാരെയെടുക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കിയത്. ഇക്കാര്യം ആരും ചര്‍ച്ച ചെയ്യാറില്ല. കേരളത്തിലെ വിദ്യാസമ്പന്നരായിട്ടുള്ള നമ്പൂതിരി യുവാക്കള്‍ ഉപേക്ഷിച്ചുപോയ സ്ഥലത്തേക്കാണ് പട്ടികജാതിക്കാരായ പൂജാരിമാരെ നിയമിക്കുന്നത്. ഇത് ഭയങ്കരമായൊരു ക്രൈം ആണെന്നാണ് ഞാന്‍ പറയുന്നത്. താല്‍പര്യമുള്ള പൂജയൊക്കെ പഠിച്ചുപോയി പൂജ ചെയ്തോട്ടെ, പക്ഷേ അതൊരു വിപ്ലവമെന്ന് പറയരുതെന്നാണ് ഞാന്‍ പറയുന്നത്.

സര്‍ക്കാറിന്റെ ഈ നീക്കം വളരെ സൂക്ഷ്മമായും സംഘപരിവാറിന്റെ അജണ്ട തന്നെയാണ്. ആ മടയില്‍ കൊണ്ടെത്തിക്കുകയാണ് ഇവര് ചെയ്യുന്നത്. ഇടതുപക്ഷം ദളിതരെ പൂജാരിമാരാക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഹിന്ദുത്വമെന്നു പറയുന്ന വലിയൊരു മടയില്‍ ഈ ജനത്തെ കൊണ്ട് എത്തിക്കുകയാണ്. ഇതിനകത്ത് എന്ത് വിപ്ലവമാണുള്ളത്? ഡോ. ബി.ആര്‍ അംബേദ്കര്‍ പറയുന്ന ഒരു കാര്യം “എവേ ഫ്രം ഹിന്ദുയിസം” എന്നാണ്. ഹിന്ദുയിസത്തില്‍ നിന്നും നമ്മള്‍ മാറിനില്‍ക്കണമെന്നാണ്. എന്നാല്‍ സര്‍ക്കാര്‍ നമ്മളെ ഹിന്ദുമതത്തില്‍ കൊണ്ടാക്കുകയാണ് ചെയ്യുന്നത്. നമ്പൂതിരിമാര്‍ ഉപേക്ഷിച്ചുപോയ സ്ഥലത്തേക്ക് പട്ടികജാതിക്കാരെ റിക്രൂട്ട് ചെയ്യുന്നു എന്നു മാത്രമേയുള്ളൂവെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more