| Monday, 22nd January 2018, 10:35 pm

Interview കേസിനുപിന്നില്‍ ഗൂഢാലോചന. ഫ്രീ തിങ്കേഴ്സ് വ്യക്തിവൈരാഗ്യം തീര്‍ത്തു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തുകൊണ്ട്.? അഭിമുഖം: രശ്മി ആര്‍. നായര്‍

എ പി ഭവിത

മലയാളിയുടെ കപട സദാചാരത്തിനേറ്റ അടിയായിരുന്നു കിസ് ഓഫ് ലവ് മൂവ്മെന്റ്. ഇതിന്റെ മുന്നണിയിലുണ്ടായിരുന്ന രശ്മി.ആര്‍.നായരും രാഹുല്‍ പശുപാലനും പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായി. ഇത് കിസ് ഓഫ് ലവ് മൂവ്മെന്റിനെത്തന്നെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യവുമുണ്ടായി. വിമര്‍ശനമുന്നയിച്ച സദാചാരവാദികള്‍ക്ക് പുതിയ ആയുധവുമായി. എന്നാല്‍ അറസ്റ്റിലായി രണ്ട് വര്‍ഷത്തിനിപ്പുറവും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടില്ല. കേസിലേക്ക് നയിച്ച കാര്യങ്ങള്‍ രശ്മി നായര്‍ തുറന്നു പറയുന്നു. ജാമ്യം ലഭിച്ച് പുറത്തെത്തിയ ശേഷമുള്ള ആദ്യ അഭിമുഖം.

ജാമ്യം കിട്ടി പുറത്തിറങ്ങിയ രശ്മി വലിയ സങ്കോചമൊന്നുമില്ലാതെ പുറംലോകത്തെ അഭിമുഖീകരിക്കുന്നു. സോഷ്യല്‍മീഡിയയില്‍ ശക്തമായി ഇടപെടുന്നു. പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായവര്‍ക്ക് പൊതുവെ സാധ്യമാകാത്ത കാര്യം ?

കേസുകളില്‍ അകപ്പെട്ട മനുഷ്യര്‍ക്ക് തിരിച്ചു വരവ് അസാധ്യമാണ്. കൂടുതലും അത്തരക്കാരാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് എന്റേത് പോലുള്ള നാണക്കേടുണ്ടാക്കുന്ന, സമൂഹത്തില്‍ പിന്നീട് ജീവിക്കാന്‍ കഴിയാത്ത തരത്തിലുള്ള കേസുകള്‍. ആ സംഭവം ജയിലിലെത്തിച്ചു. ജയിലിലെ അനുഭവം വളരെ വ്യത്യസ്തമാണ്. ഒരു സര്‍വ്വകലാശാലയാണ്. പുറംലോകത്ത് പതിനഞ്ച് വര്‍ഷം ജീവിക്കുന്ന അനുഭവങ്ങളാണ് ഒരു വര്‍ഷം കൊണ്ട് അവിടെ നിന്ന് കിട്ടുന്നത്.

പുറത്ത് ഒരിക്കലും കണ്ടുമുട്ടാനോ സംസാരിക്കാനോ സാധ്യതയില്ലാത്തതരം മനുഷ്യരാണ് അവിടെയുള്ളത്. അതുപോലെ വായനയും. നല്ല ഏകാന്തത. തിരക്കഥയൊക്കെ എഴുതുന്നവര്‍ ഏകാന്തതയ്ക്ക് വേണ്ടി മാറി നില്‍ക്കാറില്ലേ. അതുപോലെ ഒരു സാഹചര്യം ഇവിടെ കിട്ടും. അത്തരം ഒരു ജീവിതവും അനുഭവങ്ങളും നമ്മുടെ നിലപാടുകള്‍ക്ക് മൂര്‍ച്ച കൂട്ടും. എനിക്ക് അങ്ങനെയാണ് അനുഭവപ്പെട്ടത്. ആ അനുഭവങ്ങളെ പോസിറ്റീവായി കണ്ട് ഇനി മുന്നോട്ട് മുന്നോട്ട് എന്ന കാര്യമാണ് എനിക്ക് തോന്നിയത്.

ജയിലില്‍ നിന്ന് പുറത്ത് വരുമ്പോള്‍ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും ജീവിതാനുഭവങ്ങളില്‍ നിന്നുള്ള മൂര്‍ച്ചയോടെ സംസാരിക്കുക, എന്റെ സ്പേസില്‍ നിന്നു കൊണ്ടുതന്നെ സംസാരിക്കുക, അങ്ങനെ അടയാളപ്പെടുത്തുക എന്നൊക്കെ തീരുമാനിച്ചിട്ടാണ് ജയിലില്‍ നിന്ന് പുറത്തേക്ക് വന്നത്. ജീവിതാനുഭവങ്ങളെ അതിജീവിച്ചവളായി അടയപ്പെടുത്തണം. ഇനിയും അങ്ങനെത്തന്നെ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നതും. ഇപ്പോള്‍ ചെയ്യുന്നതുപോലെ മുന്നോട്ട് പോകും.

കിസ് ഓഫ് ലവ് മൂവ്മെന്റിന്റെ ഭാഗമായപ്പോള്‍ രശ്മിക്ക് പിന്തുണ നല്‍കിയ വലിയൊരു വിഭാഗമുണ്ട്. എന്നാല്‍ കേസില്‍ അകപ്പെട്ടപ്പോള്‍ അവരെല്ലാം തള്ളിപ്പറഞ്ഞില്ലേ ?

സമൂഹത്തില്‍ രാഷ്ട്രീയ നിലപാടോടെ ജീവിക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് ഇത്തരം ഒരു അനുഭവം ഉണ്ടാകുമ്പോള്‍ മുമ്പ് കൂടെ നിന്നവര്‍ തള്ളിപ്പറയുന്നത് സ്വാഭാവികമാണ്. അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. തെറ്റു ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. അവര്‍ക്ക് അത്തരം നിലപാടെ സ്വീകരിക്കാനാവൂ. ഒരു സംഘടനയുടെയോ ആശയത്തിന്റെയോ ഭാഗമായി നില്‍ക്കുമ്പോള്‍ അങ്ങനെയൊരു നിലപാടെ അവര്‍ക്ക് സ്വീകരിക്കാനാവൂ. കുടുംബം അന്നും ഇന്നും കൂടെ നിന്നു. ഒരു ദുരന്തം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടും അതിജീവിച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ അത് എന്റെ പ്രിയപ്പെട്ടവരും, എന്റെ കുടുംബവും രാഹുലിന്റെ കുടുംബവും രാഹുലും പിന്തുണച്ചത് കൊണ്ട് മാത്രമാണ്. ഇപ്പോള്‍ പുറത്തേക്ക് ഉച്ചത്തില്‍ ശബ്ദിക്കാനാവകുന്നതും അതുകൊണ്ടാണ്. മറ്റുള്ളവര്‍ക്ക് അവരെടുത്ത നിലപാട് തന്നെയാണ് സ്വീകരിക്കാനാവൂക.

കിസ് ഓഫ് ലവ് മൂവ്മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ച പെണ്‍കുട്ടികള്‍ രാഹുലും രശ്മിയും തങ്ങളെ പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു ?

ട്രാപ്പിലാക്കാന്‍ ശ്രമിച്ചു എന്നത് ഞങ്ങള്‍ ഇപ്പോഴും കേള്‍ക്കുന്ന ആരോപണമാണ്. ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പില്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഞങ്ങളോട് ഉണ്ടായിരുന്ന വിരോധമാണ് ഒരു കാരണം. കിസ് ഓഫ് ലൗ മൂവ്മെന്റ്ിന് കാരണമായ ആശയം അവരുടേതാണ,് അത് ഞങ്ങള്‍ തട്ടിയെടുത്തു എന്നൊക്കെ പറഞ്ഞ് ഇപ്പോഴും തര്‍ക്കം നടക്കുന്നുണ്ട്. തന്തചമയലുണ്ടല്ലോ അതാണ് നടക്കുന്നത്. ഫര്‍നിസ് ഹാഷിം എന്ന ആളാണ് കിസ് ഓഫ് ലൗവിന്റെ ആശയം ഇട്ടതെന്ന് പറഞ്ഞു നടക്കുന്നവര്‍ എറണാകുളത്ത് സമരം നടന്നപ്പോള്‍ റെയില്‍വേ സ്റ്റേഷനിലും കോഴിക്കോട് സമരം നടന്നപ്പോള്‍ ഹോട്ടലിലും ഒളിച്ചിരുന്നവരാണ്. ഇവരാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍. ഇവര്‍ തന്നെയാണ് ഞങ്ങള്‍ കിസ് ഓഫ് ലവിനെ ട്രാഫിക്കിംഗിനായി ഉപയോഗിച്ചതായി മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതും.

അന്ന് നിങ്ങള്‍ക്ക് എതിരെ രംഗത്തെത്തിയവരില്‍ രാഹുലിന്റെ അച്ഛനുമുണ്ടായിരുന്നല്ലോ ?

രാഹുലിന്റെ കുടുംബം അച്ഛനുമായി വളരെ നാളായി അകന്നു കഴിയുന്നവരാണ്. ഞങ്ങളോട് എതിര്‍പ്പുള്ളവര്‍ അച്ഛനെക്കൊണ്ട് ചെയ്യിപ്പിച്ചതാണ്. അദ്ദേഹം ജോലി ചെയ്യുന്ന സ്ഥലത്ത് പോയാണ് പറയിപ്പിച്ചത്. അദ്ദേഹത്തിന് അപ്പോള്‍ കാര്യങ്ങള്‍ എന്താണെന്ന് പോലും അറിയില്ലായിരുന്നു. അച്ഛനോട് രാഹുല്‍ സംസാരിച്ചിട്ട് തന്നെ പത്ത് പതിനെട്ട് വര്‍ഷമായി. കല്യാണം കഴിച്ച് ചെന്നതിന് ശേഷം ഞാന്‍ സംസാരിച്ചിട്ട് പോലുമില്ല. അദ്ദേഹം വേറെ വീട്ടിലാണ് താമസം.

കിസ് ഓഫ് ലവിന് മുമ്പും ശേഷവുമുള്ള കേരളം എന്ന് രണ്ടായി വിഭജിക്കാം. ആ മൂവ്മെന്റിനെ രശ്മി എങ്ങനെ നോക്കിക്കാണുന്നു ?

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാന സംഭവം തന്നെയാണ് കിസ് ഓഫ് ലവ് സമരം. ലിംഗവിവേചനം, സമൂഹം, ഫാസിസം ഇതിനെയെല്ലാം ഉയര്‍ത്തിക്കാണിച്ച് നടന്ന സമരമായിരുന്നു കിസ് ഓഫ് ലവ്. ആ കൊടുങ്കാറ്റിന്റെ അലയൊലി ഇപ്പോഴും സമൂഹത്തിലുണ്ട്. അത് ഇപ്പോള്‍ നടക്കുന്ന പല സമരങ്ങള്‍ക്കും ഊര്‍ജ്ജമായി. കേരളം കിസ് ഓഫ് ലവിന് മുമ്പും ശേഷവും എന്ന നിലയില്‍ അടയാളപ്പെടുത്തിയിട്ടുള്ള സമരമാണിത്.

സദാചാരം, പ്രണയം, മോറല്‍ പൊലീസിംഗ് ഇത്തരം കാര്യങ്ങളില്‍ മലയാളിക്ക് എന്ത് മാറ്റമാണ് കിസ് ഓഫ് ലവ് ഉണ്ടാക്കിയത് ?

കിസ് ഓഫ് ലവ് ഉണ്ടാകുന്നത് തന്നെ ഒരു മോറല്‍ പൊലീസിംഗിനോടുള്ള പ്രതികരണം എന്ന നിലയിലാണല്ലോ. അതോടെ മോറല്‍ പൊലിസിംഗ് കുറഞ്ഞു. പക്ഷേ തീര്‍ത്തും ഇല്ലാതായിട്ടില്ല. പ്രതീഷിനും ബര്‍സക്കും എതിരെ കൊച്ചിയില്‍ നടന്ന സംഭവം, കാമുകിയുടെ കൂടെ പോയതിന്റെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്തതുമെല്ലാം ഇതിന്റെ ഭാഗമായാണല്ലോ. ജയിലിലായിരുന്ന ഒരു വര്‍ഷത്തെ കാര്യം അറിയില്ല. അതിന് മുമ്പ് വളരെ കുറഞ്ഞിരുന്നു. മോറല്‍ പോലീസിംഗ് ശരിയല്ലെന്ന പൊതുബോധം ഉണ്ടാക്കുന്നതില്‍ കിസ് ഓഫ് ലവ് വിജയിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.

Image result for kiss of love kochi

രശ്മിക്കും രാഹുലിനും എതിരായ കേസിലേക്ക് വന്നാല്‍ എന്താണ് അതില്‍ സംഭവിച്ചത് ?

ഭരണകൂട ഭീകരതയായിരുന്നു ഇത്. ഒരു ആശയത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലെ ആളുകള്‍ ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമാവുക, പുറത്തേക്ക്് ഇറങ്ങുക, ഇവര്‍ ഒരു സംഘടിത കൂട്ടമല്ല. സമരത്തിന്റെ ഭാഗമായി എല്ലാവരും ഒന്നിച്ചു നിന്നു. പിന്നീട് വികേന്ദ്രീകരിക്കപ്പെട്ടു. ഇത്തരത്തിലുള്ള സമരങ്ങളെല്ലാം ഇങ്ങനെയാണ്. അതിനെ ഭയക്കുന്നവരുണ്ട്. സംഘടനയുടെ ഭാഗമായല്ലാതെ ഇവര്‍ ഒന്നിച്ചു നിന്നു എന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭയമുണ്ടാക്കി. ആള്‍ക്കൂട്ട പൊതുബോധം, രാഷ്ട്രീയം എന്നതൊക്കെ ഇതിന്റെ ഭാഗമായി ഉണ്ടായപ്പോള്‍ ഭയം ഉണ്ടായി. അതിനെ സമരത്തിന്റെ തുടക്കം മുതല്‍ അടിച്ചമര്‍ത്താന്‍ ശ്രമമുണ്ടായി.

വിദേശ ഫണ്ട്, മാവോയിസ്റ്റ് എന്നൊക്കെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് തകര്‍ക്കാന്‍ നോക്കിയിട്ടുണ്ട്. അതിന്റെ അവസാനത്തെ ഇരകള്‍ ഞങ്ങളായിരുന്നു. ഞാനും രാഹുലും. ഒരു ്രൈകം നടക്കുന്നു. അതിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു. ഇതാണ് സംഭവിച്ചത്. അക്ബര്‍ എന്ന ആളുമായി പരിചയമുണ്ടായിരുന്നു. എറണാകുളത്ത് ഒരു മൊബൈല്‍ ഷോപ്പ് നടത്തുകയാണ് അദ്ദേഹം. അയാളുടെ അച്ഛന്‍ എല്‍.സി സെക്രട്ടറിയാണ്. സഹോദരന്‍മാര്‍ പാര്‍ട്ടിക്കാരാണ്. പഞ്ചായത്ത് പ്രസിഡന്റ് ഒക്കെ ആയിട്ടുള്ളവരാണ്. അങ്ങനെയുള്ള ആളായത് കൊണ്ടാണ് അക്ബറിനെ പരിചയം.

അയാളുടെ മൊബൈല്‍ ഫോണില്‍ ഞങ്ങളുടെ ഫോണ്‍ നമ്പര്‍ കണ്ടപ്പോള്‍ അന്നത്തെ ഐ.ജിയും ഡി.ജി.പിയും ഭരണകൂടവും ചര്‍ച്ച ചെയ്ത് ഞങ്ങളെ ഈ കേസിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. സകല തെളിവുകളോടെയും അറസ്റ്റു ചെയ്തു എന്ന് അന്ന് ചാനലുകള്‍തോറും കയറിയിറങ്ങി പറഞ്ഞത് ഐ.ജി ശ്രീജിത്താണ്. അറസ്റ്റ് നടന്നിട്ട് ഈ നവംബറില്‍ രണ്ട് വര്‍ഷം കഴിഞ്ഞു. എന്നിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. എന്തുകൊണ്ടാണ് തെളിവുകളോടെ അറസ്റ്റു ചെയ്തു എന്ന പറഞ്ഞവര്‍ക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തത്.

ഏറ്റവും ഒടുവില്‍ ഐ.ജി ശ്രീജിത്ത് ഈ കേസിനെക്കുറിച്ച് പറഞ്ഞത് ഹിന്ദുസ്ഥാന്‍ ടൈംസിലാണ്. ആ ഇന്റര്‍വ്യൂവില്‍ പറഞ്ഞത് തെളിവ് ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ഇതുവരെയും തെളിവ് ശേഖരിച്ച് കഴിഞ്ഞില്ലേ? ഇത്രയും തെളിവുകളോടെ അറസ്റ്റു ചെയ്ത കേസില്‍ ഇനിയും എന്ത് തെളിവാണ് വേണ്ടത്.

കേസ് കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നതിന്റെ തെളിവുകള്‍ ഇനിയും ഉണ്ട്. കേരളത്തിലെ കേസ് കുട്ടികളെ വില്‍ക്കാന്‍ ശ്രമിച്ചതും ബംഗലൂരുവിലെ കേസ് ബലാത്സംഗവുമാണ്.

ബംഗലൂരുവിലെ പൊലീസ് കുറ്റപത്രം കൊടുത്തതിന് ശേഷമാണ് എനിക്ക് ജാമ്യം കിട്ടിയത്. അവിടേക്ക് പ്രതികളാണെന്ന് പറഞ്ഞ് കേരള പൊലീസ് ആറുപേരുടെ പേര് ചേര്‍ത്ത് അയച്ചിരിക്കുന്ന ലെറ്റര്‍ അല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കെതിരെ തെളിവായി കൊടുക്കാന്‍ സാധിച്ചിട്ടില്ല. അതായത് ഇവിടെ ഏഴ് ദിവസം കസ്റ്റഡിയില്‍ വാങ്ങി. ആറു ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. തെളിവെടുപ്പിന് കൊണ്ടു പോകാനാണെന്ന് പറഞ്ഞാണ് എന്നെ കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ ഒരു റൂമില്‍ തനിച്ച്് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ശ്രീജിത്തിന്റെ മുന്നിലേക്ക് കൊണ്ടു പോകും. അപ്പോള്‍ ഇന്ന ഇന്ന ആളുകള്‍ ഉണ്ടോ എന്ന് ചോദിക്കും. നമ്മുടെ കൂടെയുള്ള ആളുകള്‍ ഹരീഷ് വാസുദേവനും ഷാഹിനയുമൊക്കെ ഓണ്‍ലൈനില്‍ നിങ്ങള്‍ക്കെതിരെ പറഞ്ഞിരിക്കുന്നു എന്നും പറഞ്ഞ് ഓരോന്ന് കാണിക്കും. പുറത്ത് പറയുന്നതിന് നേരെ വിപരീതമായ കാര്യങ്ങളാണ് ശ്രീജിത്ത് എന്നോട് പറയുന്നുണ്ടായിരുന്നത്.

ഇടതുപക്ഷത്തെ സി.പി.ഐ.എമ്മിലെ യുവനേതാക്കളുടെ പേര് ഇതില്‍ പറയണമെന്ന് ആവശ്യപ്പെട്ടു. കോടതിയില്‍ പറയേണ്ടതിനാല്‍ അവരുടെ പേര് ഇപ്പോള്‍ പറയുന്നില്ല. അവരുടെ പേര് പറഞ്ഞാല്‍ കേസില്‍ നിന്നും ഒഴിവാക്കി തരാം, മാപ്പുസാക്ഷിയാക്കാം എന്നൊക്കെ ശ്രീജിത്ത് വാഗ്ദാനം ചെയ്തു. അവരുടെ പേര് പറഞ്ഞാല്‍ പ്രതികളുടെ പേര് ചേര്‍ത്ത് ബംഗലൂരുവിലേക്ക് അയക്കാനുള്ള ലെറ്ററില്‍ എന്റെ പേര് ചേര്‍ക്കില്ലെന്നും പറഞ്ഞു. ഞാന്‍ അതിന് വഴങ്ങിയില്ല. അപ്പോള്‍ ബംഗലൂരുവിലേക്ക് ലെറ്റര്‍ അയച്ചു. അതിന് ശേഷവും ചാര്‍ജ്ജ് ഷീറ്റില്‍ നിന്ന് പേര് മാറ്റിത്തരാം എന്ന് പറഞ്ഞ് ടോര്‍ച്ചര്‍ ചെയ്തു.

അതുമാത്രമല്ല ഈ കേസില്‍ കുറെ പ്രതികളും ഇരകളും ഉണ്ട്. ഇരകള്‍ തങ്ങളെ പീഡിപ്പിച്ചവരുടെ പേരുകള്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ കേസുകളില്‍ മൊഴികളുടെ അടിസ്ഥാനത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. കുട്ടികളെ വിറ്റു എന്ന് തെളിയിക്കണമെങ്കില്‍ വാങ്ങിയ ആളുകള്‍ ഉണ്ടാവണം. ഇന്നുവരെ അങ്ങനെയുള്ള ആരേയും അറസ്റ്റു ചെയ്തിട്ടില്ല. മണിക്കൂറിന് നാലോ അഞ്ചോ ലക്ഷം കൊടുക്കാന്‍ സാമ്പത്തിക ശേഷിയുള്ളവരാണ് ഇതിലുള്ളതെന്ന് ശ്രീജിത്ത് ചാനലുകളില്‍ പറഞ്ഞിരുന്നു. അയാള്‍ പറഞ്ഞത് പ്രകാരമുള്ള സാമ്പത്തികശേഷിയുള്ളവര്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരായിരിക്കില്ലേ. എന്നിട്ടും എന്തുകൊണ്ടാണ് അതില്‍ ഒരാളെ പോലും അറസ്റ്റു ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടു വരാത്തത്.?

എനിക്ക് തോന്നുന്നത് ശ്രീജിത്തിനെ പോലുള്ളവര്‍ക്ക് ഇത്തരം കേസുകള്‍ വരുന്നത് ഗുണമുള്ള കാര്യമാണെന്നാണ്. കേസില്‍ ഉള്‍പ്പെട്ടവര്‍ പേര് പുറത്തറിയിക്കാതിരിക്കാനും കേസില്‍ നിന്ന് രക്ഷപ്പെടാനും പണം കൊടുക്കുന്നുണ്ടാവും. ഇടനിലക്കാരായി നില്‍ക്കുന്നവര്‍ പല പ്രമാദമായ കേസുകളിലും പ്രതികളായവരാണ്. അവര്‍ക്ക് ഇതൊന്നും പുത്തരിയല്ല. പത്തോ നാല്പതോ ദിവസം ജയിലില്‍ കിടക്കുന്നതോ ജാമ്യം എടുത്ത് പുറത്ത് വരുന്നതോ അവര്‍ക്ക് പുതുമയല്ല. അവര്‍ക്കും ഇതുപോലുള്ള ആളുകള്‍ പണം നല്‍കുന്നുണ്ടാവും.

ഐ.ജി ശ്രീജിത്ത്

അഡ്വക്കേറ്റുമാരും പല തെളിവുകളും വെച്ച് ലാഭമുണ്ടാക്കുന്നുണ്ട്. ഇതില്‍ ്രൈകം അതുപോലെ നിലനില്‍ക്കും. ഇന്നൊരു കൂട്ടം വരും നാളെ മറ്റൊരു കൂട്ടം വരും. അവരുടെ കൈകളിലേക്ക് പെണ്‍കുട്ടികള്‍ പോകും. ശ്രീജിത്ത് ചാനലുകളില്‍ പോയിരുന്ന് ശരീരത്തിന് വില പേശുന്നത് പോലുള്ള കാര്യങ്ങള്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിന്റെ അനുവാദമില്ലാതെ അയാള്‍ക്ക് പറയാനാവില്ല. കാരണം അയാള്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഇത് മുഴുവനും കെട്ടിച്ചമച്ചതാണ് എന്ന് വ്യക്തമാണ്.

പേഴ്സണലായി രാഷ്ട്രീയക്കാരേയോ പൊലീസുകരേയോ ഞങ്ങള്‍ക്ക് പരിചയമില്ല. അതുകൊണ്ട് തന്നെ ഉറപ്പിച്ചു പറയാന്‍ കഴിയും ഇത് വ്യക്തിപരമല്ലെന്ന്. കിസ് ഓഫ് ലവ് എന്ന മൂവ്മെന്റിന്റെ ഭാഗമായിരുന്നു ഇവരെന്നും ആ അന്വേഷണത്തിന്റെ ഭാഗമായി കേസിലേക്ക് വലിച്ചിഴക്കപ്പെട്ടതാണെന്നും ജാമ്യം നല്‍കിയ ഉത്തരവിലുണ്ട്.

അന്ന് കേസ് അന്വേഷിച്ച ഐ.ജി ശ്രീജിത്തിനെതിരെ രശ്മി പലപ്പോഴും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നതിനപ്പുറം ശ്രീജിത്തിന് ഇതില്‍ എന്തെങ്കിലും താല്പര്യം ഉണ്ടായിരുന്നോ ?

അന്നത്തെ ഭരണകൂടത്തിന്റെ താല്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതുമാണ് ശ്രീജിത്ത് ചെയ്തത്. ലാഭം ഉണ്ടാകും. അതെന്താണെന്ന് പറയാനാവില്ല.

കിസ് ഓഫ് ലവിന്റെ ഭാഗമായിരുന്നവരില്‍ കുറേപ്പേര്‍ക്കെതിരെ പിന്നീട് പല കേസുകളും ഉണ്ടായി. മാവോയിസ്റ്റ് ബന്ധം ഉള്‍പ്പെടെ ആരോപിക്കപ്പെട്ടു. ഇതിനൊക്കെ പിന്നിലെന്താണ് ?

കേരളത്തിലെ ഭരണകൂടത്തിന്റെ അജണ്ട പ്രകാരം നടപ്പാക്കിയ കേസാണിത്. കിസ് ഓഫ് ലവിന്റെ ഭാഗമായിരുന്നവരൊക്കെ കേസില്‍ അകപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് കേസുകള്‍ ഉള്‍പ്പെടെ. ഞങ്ങള്‍ക്ക് ഇതുപോലെ ഉള്ള അനുഭവം. ഭീതിയുണ്ടാക്കുകയാണ് ലക്ഷ്യം. ആളുകള്‍ സാമ്പത്തികമായും മാനസികമായും ഒക്കെ തകരും. ഒപ്പം വിഗ്രഹങ്ങളെ ഉടച്ചു കളയുന്നതു പോലെ ഒരു പ്രക്രിയ. നമ്മളെ കേസില്‍ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ പേര്‍ ഈ മൂവ്മെന്റിലേക്ക് വരുന്നത് തടയാം. സ്ത്രീകള്‍ പുറത്തേക്കുവരികയും രാഷ്ട്രീയം പറയുകയുമൊക്കെ ചെയ്യുന്ന കാലമാണ്. ഡബ്ല്യു.സി.സി ഉണ്ടായി. സ്ത്രീകള്‍ ആശയങ്ങള്‍ കൊണ്ട് മുന്നിട്ട് നില്‍ക്കുന്നത് അംഗീകരിക്കനാവാത്തവര്‍ ഏതെങ്കിലും സന്നാഹം ഉപയോഗിച്ച് അതിനെ തകര്‍ക്കുവാന്‍ ശ്രമിക്കുകയാണ്.

കിസ് ഓഫ് ലവിനെ പിന്തുണച്ച യുവനേതാക്കള്‍ ഈ കേസ് വന്നതിന് ശേഷം പിന്തുണച്ചിരുന്നോ ?

കേസില്‍ അത്തരത്തില്‍ ഒരു പിന്തുണ ഉണ്ടാകണം എന്ന് എനിക്ക് അഭിപ്രായം ഇല്ല. യുവനേതാക്കള്‍ എന്ന് പറഞ്ഞാല്‍ എടുത്തു പറയേണ്ടത് ഇടതുപക്ഷത്തുനിന്നു എംബി രാജേഷും കോണ്‍ഗ്രസ്സില്‍ നിന്നും ബല്‍റാമും ആണ്. ഇവര്‍ രണ്ടാളും എടുത്ത നിലപാടുകളിലെ വൈരുധ്യം ശ്രദ്ധിക്കണം നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെ കുറ്റക്കാര്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് ആണ് രാജേഷിന്റേത്. എന്നാല്‍ ഞാന്‍ കിസ്സ് ഓഫ് ലവ്നാണ് പിന്തുണ നല്‍കിയത് എനിക്കിതിലൊന്നും പങ്കില്ലേ എന്നൊരു ടിപ്പിക്കല്‍ കോണ്‍ഗ്രസ് പ്രസ്താവന ആയിരുന്നു ബല്‍റാം നല്‍കിയത്. ഇരുവരും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ വത്യാസം ആണത്

പീഡോഫീലിയയെ പിന്തുണയ്ക്കുന്നവരെ രശ്മി അതിരൂക്ഷമായി വിമര്‍ശിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ നിങ്ങള്‍ ഉള്‍പ്പെട്ട കേസ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്നതാണ്. അത്തരമൊരു കേസ് നിലനില്‍ക്കുമ്പോള്‍ പീഡോഫീലിയയെ വിമര്‍ശിക്കാനുള്ള രശ്മിയുടെ ധാര്‍മ്മികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട് ?

മോഷണത്തെ എതിര്‍ക്കുന്ന ഒരാളെ അതേപോലുള്ള ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് സാക്ഷികളോ തെളിവുകളോ ഇല്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ കഴിയുന്നില്ലെന്ന് കരുതുക. മോഷണം ചെയ്യുന്നത് ഞങ്ങളുടെ അവകാശമാണ് എന്ന് കരുതുന്ന ഒരു വിഭാഗവും ഉണ്ടെന്ന് കരുതുക. രണ്ടാമത്തേതിനെ ഞാന്‍ എതിര്‍ക്കുന്നു. കുട്ടികളുമായി സെക്സ് വേണ്ടെന്നും അവരെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കരുതെന്നും പറയുന്ന ഒരാളാണ് ഞാന്‍. അതിനെതിരെ സംസാരിക്കുന്ന ഞാന്‍ അത്തരമൊരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതാണ്.

എഫ്.ഐ.ആര്‍ മാത്രമാണ് ഉള്ളത്. മഞ്ചിസ്റ്റുകളെ ഞാന്‍ എതിര്‍ക്കും. കുട്ടികള്‍ക്ക് മഞ്ച് കൊടുത്ത് അവരെ ലൈംഗിക ബന്ധത്തിലേക്ക് കൊണ്ടു പോകാമെന്നും അവരോട് കാമം തോന്നുമെന്നൊക്കെ പറയുന്നത് എല്‍.ജി.ബി.റ്റി പോലുള്ളതാണ്, അത് അവകാശമാണ് എന്ന് പറയുന്നവര്‍ക്കെതിരെയാണ് ഞാന്‍ സംസാരിക്കുന്നത്. അതില്‍ ധാര്‍മ്മികതയുടെ പ്രശ്നമില്ല. ഞാന്‍ എല്ലാ കാലത്തും ഇതിനെതിരെ സംസാരിക്കുന്ന ആളാണ്.

കുട്ടികളെ ചൂഷണം ചെയ്ത കേസിലെ പ്രതികളില്‍ നിന്ന് മന്ത്രിമാരും ഐ.പി.എസുകാരും പണം കൈപ്പറ്റിയെന്ന രശ്മി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഏത് കേസിലാണ്. ആരൊക്കെയാണ് ?

ഞങ്ങള്‍ ഒഴികെ ഈ കേസില്‍ പ്രതികളായവര്‍ നേരത്തെ തന്നെ ലൈംഗിക പീഡന കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. അച്ചായന്‍ എന്ന ആളൊക്കെ പല പ്രമാദമായ കേസുകളിലും പ്രതിയായതാണ്. ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെടുമ്പോള്‍ പത്ത് നാല്പത്തഞ്ച് ദിവസം ജയില്‍ കിടക്കുന്നു. പിന്നെ ജാമ്യമെടുത്ത് അവര് ഇറങ്ങിപ്പോകുന്നു. അറിപ്പെടാത്തതും അറിപ്പെടുന്നതുമായ കേസുകളുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷം ഈ പണി ചെയ്യുന്നവര്‍ക്ക് ഇത്തരം കേസുകള്‍ വരുന്നത് ഗുണകരമാണ്. പൊലീസുകാര്‍ക്കും പ്രയോജനമുണ്ട്. സെന്‍സേഷണല്‍ കേസായാല്‍ അവര്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയും. ഞങ്ങളുടെ കേസില്‍ ജനപ്രതിനിധിയുടേയോ ഏതെങ്കിലും ഉന്നതന്റെയോ പേര് പറഞ്ഞാല്‍ അവര്‍ക്ക് സമൂഹത്തില്‍ വലിയ നഷ്ടമുണ്ടാകും.

ഇവരൊക്കെ വലിയ സാമ്പത്തിക സ്ഥിതി ഉള്ളവരായിരിക്കും. ഈ കേസില്‍ പെണ്‍കുട്ടികള്‍ രഹസ്യമൊഴി കൊടുത്തതില്‍ ഇത്തരം ആളുകളുടെ പേര് പറഞ്ഞിട്ടുണ്ട്. ആ പേരുകള്‍ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്താണ് ഇടനിലക്കാരായ പ്രതികളും പൊലീസും ലാഭമെടുക്കുന്നത്. രണ്ടു കൂട്ടര്‍ക്കും ബെനിഫിറ്റുള്ള കാര്യമാണ്. കുട്ടികളെ ഉപയോഗിച്ചവരെ അറസ്റ്റ് ചെയ്യുകയുമില്ല, അതിലൂടെ ഇവര്‍ക്ക് ലാഭമുണ്ടാക്കുകയും ചെയ്യുന്നു. ഇന്നുവരെയുള്ള കേസുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്.

മോഡലിംഗ് രംഗത്തെത്തിയത് എങ്ങനെയാണ് ?

മൂത്ത കുഞ്ഞ് ഉണ്ടായതിന് ശേഷം ജോലി ചെയ്യാതെ വീട്ടിലിരിക്കുകയായിരുന്നു. രാഹുലിന്റെ ഒരു സുഹൃത്ത് ചെന്നൈയില്‍ സിനിമാറ്റോഗ്രാഫറാണ്. അയാളുടെ സിനിമയിലേക്ക് ഒരു റോള്‍ ചെയ്യാന്‍ നടിയെ കിട്ടാതെ വന്നപ്പോള്‍ രശ്മിക്ക് ചെയ്യാമോയെന്ന് ചോദിച്ചു. രാഹുലും പിന്തുണച്ചു. ഫോട്ടോഷൂട്ട് ഒക്കെ നടന്നു. പക്ഷേ പടം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഫോട്ടോഷൂട്ടെടുത്ത പടങ്ങള്‍ കൈയ്യിലുണ്ടായിരുന്നു. ആ ഫോട്ടോസ് ഒരു ഇന്റര്‍നാഷണല്‍ മാഗസിനിലേക്ക് അയച്ചു കൊടുത്തു. ബിക്കിനി ചെയ്ത ഫോട്ടോ ആ മാഗസിനില്‍ വന്നു. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ആ ഫോട്ടോ വന്നത്.

അതിന് ശേഷം യു.എസില്‍ നിന്നുള്ള കുറച്ച് മാഗസീനുകള്‍ അപ്രോച്ച് ചെയ്തു. അന്ന് സൗത്ത് ഇന്ത്യയില്‍ നിന്ന് ബിക്കിനി മോഡലുകള്‍ അധികം ഉണ്ടായിരുന്നില്ല. കേരളത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഇത്തരം ഒരു മോഡല്‍ ഉണ്ടാകുന്നതെന്നാണ് തോന്നുന്നത്. ഈ പ്രൊഫഷന്‍ തുടരാമെന്ന് തോന്നി. എനിക്ക് അഞ്ചടി ഉയരമേ ഉള്ളൂ. ഫാഷന്‍ ഷോകളിലായാലും മോഡലുകള്‍ക്കായാലും അഞ്ചടി അഞ്ചിഞ്ചിന് മുകളില്‍ ഉയരം, തുടങ്ങിയ മാനദണ്ഡങ്ങളുണ്ട്. അന്ന് എനിക്ക് ഇത് ചെയ്യാനാവുമെന്ന ആത്മവിശ്വാസത്തോടെ മോഡലിംഗിലേക്ക് വന്നു. 2011 മുതല്‍ കേസുണ്ടാകുന്നത് വരെ മോഡലിംഗ് ചെയ്തു.

മോഡലിംഗ് രംഗത്ത് തുടരുമോ ?

തുടരണമെന്ന് വിചാരിക്കുന്നു. കേസിന്റെ കാര്യത്തില്‍ തീരുമാനമാകണം. ബിക്കിനി മോഡലിംഗില്‍ അതിന്റെ ഏറ്റവും ഉയരത്തില്‍ വരെ ഞാന്‍ എത്തി. പ്ലേബോയില്‍ ഫോട്ടോ വരികയെന്നത് ഏതൊരു മോഡലിന്റെയും സ്വപ്നമാണ്. അതും എനിക്ക് സാധിച്ചു. ഇനി അതിന് മുകളിലേക്ക് ഉയരാന്‍ ഇല്ല. തുടര്‍ന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഞാന്‍ ഈ വഴി കാണിച്ചു കൊടുത്തപ്പോള്‍ കുറെ പേര്‍ വന്നു. അതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളല്ലേ. ഇനി സിനിമയില്‍ അഭിനയിക്കണം. സംവിധാനം ചെയ്യണം. മോഡലിംഗ് വിട്ട് ഇത്തരം പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചും ആലോചിക്കുന്നു.

സിനിമ മേഖലയില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നത് സംബന്ധിച്ച് തുറന്നു പറച്ചിലുകള്‍ ഉണ്ടാവുന്നു. മോഡലിംഗില്‍ ചൂഷണം
നേരിടുന്നുണ്ടോ ?

സിനിമയിലെ ചൂഷണത്തെക്കുറിച്ച് തുറന്നു പറയുന്നവര്‍ തന്നെ കുറവല്ലേ. പാര്‍വ്വതി തുറന്നു പറഞ്ഞപ്പോള്‍ അതൊന്നും പറയേണ്ട ആവശ്യമില്ല അതൊക്കെ സാധാരണ സംഭവമാണെന്ന അഭിപ്രായങ്ങളും ഉയര്‍ന്നു വന്നില്ലേ. മോഡലിംഗ് രംഗത്തും ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ട്. എനിക്ക് തന്നെ അത്തരം അനുഭവം ഉണ്ട്. റിക്വാര്‍മെന്റിന്റെ സമയത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ വിളിക്കുമ്പോള്‍ ആദ്യം തന്നെ ചോദിക്കുന്നത് അഡ്ജസ്റ്റ്മെന്റിന് തയ്യാറാവില്ലേ എന്നാണ്. എത്രയോ വട്ടം എന്നോട് ഇത് ചോദിച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ തന്നെ ഇക്കാര്യം ചോദിക്കുക എന്നത് ഒരു നോര്‍മല്‍ സംഭവമായാണ് അവരൊക്കെ കാണുന്നത്. ബാക്കിയെല്ലാ റിക്വാര്‍മെന്റിനും ഒപ്പം ഇതും കൂടി ചോദിക്കുകയാണ്.

ഏജന്‍സികളില്‍ നിന്നുള്ള ഇമെയിലില്‍ പോലും അഡ്ജസ്റ്റ്മെന്റിന്റെ കാര്യം ഉണ്ടാകും. ഇപ്പോള്‍ സ്ത്രീകള്‍ തുറന്നു പറയാന്‍ തുടങ്ങിയപ്പോള്‍ ഇത് ചോദിക്കാന്‍ പേടിക്കുന്നുണ്ട്. കിസ് ഓഫ് ലവ് മൂവ്മെന്റ്, ഡബ്ല്യു.സി.സി ഇതൊക്കെ വന്ന സ്ഥിതിക്ക് ഇനി ആളുകള്‍ പേടിക്കും. കിസ് ഓഫ് ലവിന്റെ തുടര്‍ച്ചയായാണ് ഇത്തരം നല്ല മാറ്റങ്ങള്‍ ഉണ്ടായതെന്ന് എനിക്ക് തോന്നുന്നത്. മുമ്പ് ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ പരസ്യ ഏജന്‍സികളില്‍ നിന്നൊക്കെ വിളിക്കുമ്പോള്‍ അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ല എന്ന് പറയുമ്പോള്‍ എത്രയോ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മോഡലിംഗ് രംഗത്തെത്തിയ ഒട്ടുമിക്ക സ്ത്രീകള്‍ക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അവസരം നഷ്ടപ്പെടുമോ എന്ന് ഭയന്നാവും തുറന്നു പറയാത്തത്. ഇതിനൊക്കെ മാറ്റം വരും.

കേസ് കുടുംബത്തേയും സാമ്പത്തികാവസ്ഥയേയും എങ്ങനെ ബാധിച്ചു ?

സീറോയില്‍ നിന്ന് തുടങ്ങുകയാണ് ഇപ്പോള്‍. കുടുംബം ഒപ്പം നിന്നത് കൊണ്ട് മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായില്ല. പണം വരും പോകും. മോഡലിംഗ് വരുമാന മാര്‍ഗ്ഗമായിരുന്നു. കേസ് വന്നതോടെ അതില്ലാതായി. ഇനി അത് വീണ്ടും തുടങ്ങണം. പിന്നെ കേസ് വന്നത് കൊണ്ട് സാധാരണക്കാരായ ആളുകള്‍ക്ക് നമ്മളോട് അപ്രോച്ച് ചെയ്യാന്‍ പേടിയായിരിക്കും. ഷൂട്ടിന് എന്നെ വിളിച്ചാലും പണമിടപാട് വന്നാലും അവരേയും കേസിലേക്ക് വലിച്ചിഴക്കുമോയെന്ന ഭയമുണ്ടാകും. കൂടെ നിന്നവര്‍ക്ക് പോലും ആ പേടിയുണ്ട്. കേസിലേക്ക് വലിച്ചിഴക്കപ്പെടുമോയെന്ന് അവരും ഭയന്നിട്ടുണ്ടാകും. ആ പ്രശ്നം ജോലിയിലും ഉണ്ടാകും.

കേസുണ്ടായപ്പോള്‍ ആരെങ്കിലും സഹായിച്ചിരുന്നോ ?

കുടുംബത്തിന് പുറത്തുള്ള പലരും അന്ന് സഹായിക്കാനായി വന്നിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കളെയായിരുന്നു അവരൊക്കെ സമീപിച്ചത്. സുഹൃത്തുക്കളാണെന്ന് പുറത്ത് നിന്ന് തോന്നുന്നവരാണെങ്കിലും മനസില്‍ ഞങ്ങളോട് വൈരാഗ്യം സൂക്ഷിച്ചവരായിരുന്നു. ഞങ്ങളെ സഹായിക്കാന്‍ വേണ്ടതെല്ലാം വീട്ടുകാര്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് സഹായിക്കാന്‍ വന്നവരെ തിരിച്ചയച്ചു.

ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലെ അംഗങ്ങളാണ് ഇങ്ങനെ നിരുത്സാഹപ്പെടുത്തിയത്. ജയിലില്‍ കിടക്കുമ്പോള്‍ ഞങ്ങളെ ബന്ധപ്പെടാനും കുടുംബത്തിനോട് സംസാരിക്കാനും ഈ സുഹൃത്തുക്കളുടെ സഹായം തേടുക മാത്രമായിരുന്നു അവരുടെ മുന്നിലുള്ള വഴി. ഇവര്‍ ഇടനിലക്കാരായി ചമഞ്ഞ് പറ്റിച്ചു. ജയിലില്‍ നിന്നും ഇറങ്ങിയാല്‍ എനിക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കാമെന്ന് ജെ.ദേവിക മാഡത്തെ പോലെ സന്നദ്ധത അറിയിച്ചെത്തിയവരെ എന്റെ വീട്ടുകാരുമായി പോലും ബന്ധപ്പെടാന്‍ ഇവര്‍ അനുവദിച്ചില്ല. വീട്ടുകാരോട് പോലും ഞങ്ങള്‍ ഇത്തരക്കാരാണെന്ന് നേരത്തെ തന്നെ ഇവര്‍ക്ക് അറിയാമെന്ന് പറഞ്ഞു.

വ്യക്തമായ നിലപാട് എടുത്തവരും ഉണ്ട്. പൊലീസ് പറയുന്നത് പൂര്‍ണ്ണമായും വിശ്വസിക്കില്ലെന്നാണ് കെ.കെ ഷാഹിന പറഞ്ഞത്. ഐ.ജി ശ്രീജിത്തിന്റെ ക്രെഡിബിലിറ്റിയില്‍ വിശ്വാസമില്ലെന്നാണ് ഹരീഷ് വാസുദേവന്‍ പറഞ്ഞത്. കേസില്‍ ഞങ്ങളെ സഹായിക്കാമായിരുന്ന വക്കീലന്‍മാരായ അടുത്ത സുഹൃത്തുക്കളും ആ സമയത്ത് ഭീകരമായി ഇരട്ടത്താപ്പ് കാണിച്ചു. അവരുടെ പേരൊന്നും പറയുന്നില്ല. അത് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് മനസിലാകും.

കിസ് ഓഫ് ലവ് മൂവ്മെന്റിന്റെ സമയത്ത് സദാചാരത്തെക്കുറിച്ചായിരുന്നു രശ്മി പറഞ്ഞിരുന്നത്. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് ശേഷം രാഷ്ട്രീയ നിലപാടുകളും ശക്തമായി പറയുന്നു ?

ജീവിതാനുഭവങ്ങളാണ് നമ്മളെ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. റിമ കല്ലിങ്കല്‍ പൊരിച്ച മീനിന്റെ കാര്യം പറയുമ്പോള്‍ തീന്‍ മേശയിലെ വിവേചനത്തെക്കുറിച്ച് അറിയുന്ന സ്ത്രീകള്‍ക്ക് നിലപാട് എടുക്കാന്‍ പ്രയാസമുണ്ടാകില്ല. നിലപാടുകള്‍ സ്വയം രൂപപ്പെടുന്ന ഒന്നാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു യാദാസ്ഥിതിക കുടുംബത്തില്‍ നാട്ടുമ്പുറത്തുള്ള ഞാന്‍ ഇടതുപക്ഷ അനുഭാവം ഉണ്ടെങ്കിലും പൂര്‍ണ്ണമായും സിസ്റ്റത്തിനുള്ളില്‍ നില്‍ക്കുന്ന ആളായിരുന്നു പിന്നീട് ഇടപെട്ട മനുഷ്യര്‍ ഇടപെടുന്ന പരിസരങ്ങള്‍ ഇവയൊക്കെ അതിനെ റീസ്ട്രക്ച്ചര്‍ ചെയ്യുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ടാകും. നമ്മുടെ വായന ഒക്കെ സ്വാധീനിക്കും സഹവസിക്കുന്ന മനുഷ്യര്‍ സ്വാധീനിക്കും പിന്നേ ജീവിതാനുഭവങ്ങള്‍ ഒക്കെ മാറ്റങ്ങള്‍ വരുത്തി. രണ്ടു വര്‍ഷം മുന്‍പുള്ള എന്റെ പല നിലപാടുകളും അപക്വമായി ഇപ്പോള്‍ തോന്നാറുണ്ട്. കാലം മുന്‍പോട്ടു പോകുമ്പോള്‍ വീണ്ടും കൂടുതല്‍ സ്വയം നവീകരിക്കപ്പെടും മൂര്‍ച്ചയുണ്ടാകും എന്ന് വിശ്വസിക്കുന്നു.

സോഷ്യല്‍മീഡിയയില്‍ അഭിപ്രായം പറയുന്ന സ്ത്രീ കൂട്ടമായ ആക്രമണത്തിന് വിധേയമാകുന്നു. രശ്മിയും അത് നേരിടുന്നുണ്ടല്ലോ. മലയാളി എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ ?

കേസുകളില്‍ ഉള്‍പ്പെട്ടവര്‍, ദുര്‍ബല വിഭാഗങ്ങള്‍ ഇവരെയൊക്കെ പരിഹസിക്കുന്ന രീതി സോഷ്യല്‍ മീഡിയയ്ക്ക് ഉണ്ട്. നിലപാട് പറയുന്ന സ്ത്രീയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പോയി ചീത്ത വിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുണ്ട്. എന്റെ സുഹൃദ് വലയത്തില്‍ അത്തരം മനുഷ്യരില്ല. ഞാന്‍ അങ്ങനെയുള്ള വ്യക്തികളുമായി ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ ആഘോഷത്തിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് കമ്യുണിക്കേറ്റ് ചെയ്യാന്‍ കഴിയുന്നവരോട് മാത്രം സംവദിച്ചാല്‍ മതി.

സ്ത്രീ ഉള്‍പ്പെടുന്ന കേസുകളില്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്. മന്ത്രിമാരായിരുന്ന ശശീന്ദ്രന്റെയും തോമസ്ചാണ്ടിയുടേയും കേസുകള്‍ പരിശോധിച്ചാല്‍ മലയാളിയുടെ പാപ്പരാസി സ്വഭാവം വ്യക്തമാകും. ശശീന്ദ്രന്റെ കേസ് പോലെ തോമസ്ചാണ്ടിയുടെ കേസ് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. കാരണം ശശീന്ദ്രന്റെ കേസില്‍ ഒരു പെണ്ണ് ഉള്‍പ്പെട്ടിട്ടുണ്ട്. സ്ത്രീയുടെ അരക്കെട്ടിലാണ് എല്ലാം എന്നതാണ് മലയാളിയുടെ വിശ്വാസം. എന്റെ കേസിലും ഇതൊക്കെയാണ് സംഭവിക്കുന്നത്. ഞാന്‍ അതിജീവിച്ചവളാണ്. ഇത്രയൊക്കെ ദുരന്തമുണ്ടായിട്ടും തിരിച്ചുവന്ന് പൊതുഇടത്തില്‍ സംസാരിക്കുമ്പോള്‍ അത് അവര്‍ക്ക് ഇഷ്ടപ്പെടില്ല. രാഷ്ട്രീയം, പുരുഷാധിപത്വം, ഫെമിനിസം എന്നിങ്ങനെ ഞാന്‍ പറയുന്നതൊന്നും അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല.

കേസിന്റെ ഭാവിയെന്തായിരിക്കും ?

ബാഹ്യമായ ഇടപെടലില്ലാതെ നിഷ്പക്ഷമായി കേസ് അന്വേഷണം ഇനി നടക്കുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഇടതു സര്‍ക്കാറിലെ എന്റെ പ്രതീക്ഷയാണിത്. ഈ കേസിലെ അന്വേഷണ ഉദ്യാഗസ്ഥനായ സി.ഐ ചാര്‍ജ്ജ് ഷീറ്റ് തയ്യാറാക്കി ഒരു വര്‍ഷം മുമ്പ് തന്നെ ഐ.ജി ശ്രീജിത്തിന്റെ കൈവശം കൊടുത്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ശ്രീജിത്ത് അത് എന്തുകൊണ്ട് കൊടുക്കുന്നില്ലെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കൃത്യമായ തെളിവുകളില്ലാത്തത് കൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത്. തെളിവുകളില്ലെങ്കില്‍ ഞങ്ങളെ പ്രതികളാക്കിയതിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടു വരാന്‍ നിയമനടപടി സ്വീകരിക്കും. മാനനഷ്ടക്കേസ് കൊടുക്കും. ഇതൊക്കെ ഭയന്നാവും ചാര്‍ജ്ജ് ഷീറ്റ് കൊടുക്കാത്തത്.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

We use cookies to give you the best possible experience. Learn more