സ്ത്രീകള്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത വിധമുള്ളതാണ് മലയാള സിനിമ എന്നതാണ് പൊതുധാരണ. തൊഴില്‍ ഓപ്ഷന്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന വികാസം ഈ മേഖലയ്ക്ക് ഉണ്ടാകുന്നുമില്ല. നടി ആക്രമിക്കപ്പെട്ടതും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളും ആ ആശങ്കകളെ സാധൂകരിക്കുകയാണ്. തൊഴില്‍ മേഖല എന്ന നിലയില്‍ ഉണ്ടാവേണ്ട വളര്‍ച്ച സിനിമ ഇന്‍ഡസ്ട്രിക്ക് ഇല്ല. തിരക്കഥാകൃത്തും വുമണ്‍ ഇന്‍ സിനിമ കലക്ടീവിലെ അംഗവും സാമൂഹ്യ പ്രവര്‍ത്തകയുമായ ദീദി ദാമോദരനുമായി ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റെ് എ.പി ഭവിത സംസാരിക്കുന്നു.
വുമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ രൂപീകരണത്തോടെ സിനിമയിലെ സ്ത്രീ പ്രാതിനിധ്യം, പ്രതിനിധാനം എന്നിവ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നു. അത് നടിമാര്‍ക്ക് റോളില്‍ വലിയ മാറ്റം ഉണ്ടാക്കിയോ?
അഭിനേതാക്കളുടെ ജീവിതം സ്‌ക്രീനിലും പുറത്തും രണ്ടാണ്. നായകന്‍മാര്‍ക്ക് ജീവിതത്തിലുള്ളതിനേക്കാള്‍ വലിയ ജീവിതമാണ് സ്‌ക്രീനില്‍ ഉണ്ടാവുക. എന്നാല്‍ സ്ത്രീകളുടേത് തിരിച്ചാണ്. സ്‌ക്രീനില്‍ ഒതുങ്ങിക്കൂടി ജീവിക്കുന്ന സ്ത്രീകള്‍ ജീവിതത്തില്‍ വലിയ ത്യാഗങ്ങളും പോരാട്ടങ്ങളും ഒക്കെ നടത്തിയ യഥാര്‍ത്ഥ ഹീറോകളാണ്.
ഒന്നിന്റെ കൗണ്ടറാണ് മറ്റേത്. നായകന്‍മാര്‍ ജീവിതത്തിലേക്കാള്‍ നാലിരട്ടി ഹീറോകളായി സ്‌ക്രീനില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ സ്‌ക്രീനിലേതിനേക്കാള്‍ എട്ടിരട്ടി ഹീറോകളാണ് ജീവിതത്തില്‍. സ്വന്തം ജീവിതവും സ്‌ക്രീനിലെ ജീവിതവും തമ്മില്‍ ഏതാണ്ട് ഒരു ബാലന്‍സ് നമ്മുടെ നടികള്‍ സിനിമയില്‍ ആര്‍ജ്ജിച്ച് വരുന്നുണ്ട്. അതാണ് ഒരു കൊല്ലമായി സ്‌ക്രീനില്‍ കാണുന്നത്.
അതിന് മുമ്പ് ത്യാഗങ്ങളൊക്കെ മഹത്വവത്കരിച്ച് സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. അധ്യാപക, ഉദ്യോഗസ്ഥ എന്ന നിലയിലൊക്കെ ടൈറ്റില്‍ റോളില്‍ ഉണ്ടായിരുന്നെങ്കിലും ഏതെങ്കിലും തരത്തില്‍ ത്യാഗം ചെയ്യുന്നവരാണെന്ന് അരക്കിട്ട് ഉറപ്പിക്കാനാണ് ഇതിലൊക്കെ ശ്രമിച്ചത്.
ഇപ്പോള്‍ മഞ്ജുവാര്യര്‍ ജീവിതത്തിലും സിനിമയിലും ഒറ്റയ്ക്ക് പോരാടുന്ന കഥാപാത്രമാകുന്നു. പാര്‍വ്വതിയുടെ വേറിട്ട ശബ്ദവും തന്റേടവും അവള്‍ക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ക്കും ഉണ്ട്. എന്നാല്‍ അത് വലിയ മാറ്റമാണ് എന്ന് പറയാനാകില്ല.
വലിയൊരു സ്റ്റാറിന്റെ കൂടെ അഭിനയിക്കാന്‍ ഈ മുന്‍നിര സ്ത്രീ താരങ്ങളും തയ്യാറാവും. എത്ര പ്രാധാന്യം കുറഞ്ഞ റോളാണെങ്കിലും. ഇപ്പോള്‍ അടുത്തും അതുണ്ടായി. പക്ഷേ അത് തിരിച്ച് ഉണ്ടാകുന്നില്ല. നായകന്‍മാര്‍ അതിന് തയ്യാറാവുന്നില്ല. സ്ത്രീ ടൈറ്റില്‍ റോളില്‍ വരുന്ന സിനിമകളില്‍ നായകന്‍മാര്‍ ആരാണെന്ന് നോക്കിയാല്‍ നമുക്കത് കാണാം.
എത്ര പ്രധാനപ്പെട്ട നടന്മാര്‍ സ്ത്രീ കേന്ദ്രീകൃതമായ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാവും എന്നത് അന്വേഷിച്ചാല്‍ മനസിലാകും എവിടെയൊക്കെയാണ് മാറ്റം വരേണ്ടതെന്ന്.
അങ്ങനെ തയ്യാറാവുന്ന നടന്‍മാര്‍ പോലും വളരെ കൃത്യമായി അറിയിക്കും , ഇത് സ്ത്രീ കേന്ദ്രീകൃത സിനിമയാണ് അധികം പരസ്യം നല്‍കരുതെന്ന്. അത് അവരുടെ മാര്‍ക്കറ്റിനെ ബാധിക്കും എന്ന്. പുരുഷന്റെ ചരിത്രത്തിന് വളമാകാന്‍ തയ്യാറാവുന്ന എത്ര സ്ത്രീകളെ വേണമെങ്കിലും കാണാം. എന്നാല്‍ പുരുഷനെ അധികം കാണാനാകില്ല.
ആമീര്‍ ഖാന്‍ സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയില്‍ ഒരു സൈഡ് റോള്‍ ചെയ്ത് കൊണ്ട് അത് പ്രൊഡ്യൂസ് ചെയ്യാന്‍ തയ്യാറാവുമ്പോള്‍ മലയാളത്തില്‍ അത് സംഭവിക്കുന്നില്ല. നമുക്കും അത് സ്വപ്നം കാണാം. അത് നടക്കുമ്പോഴാണ് എല്ലാ അര്‍ത്ഥത്തിലും തുല്യനീതി എന്നതിലേക്ക് എത്തുന്നത്.
വുമണ്‍ ഇന്‍ സിനിമ കലക്ടീവിന് എതിരായ പ്രധാന വിമര്‍ശനം, ഇതിലുള്ളത് സിനിമയിലെ എലീറ്റ് ക്ലാസ്സാണ് എന്നതാണ്. ബുദ്ധിജീവികളുടെ സംഘടന. സിനിമയിലെ മുഴുവന്‍ സ്ത്രീകളേയും അഡ്രസ് ചെയ്യുന്നില്ല എന്നതാണ്?
വിമര്‍ശനം പലതും ഉണ്ട്. ഏത് സ്ത്രീ സംഘടനയും അതാത് കാലത്ത് ഇത്തരം അറ്റാക്ക് നേരിട്ടിട്ടുണ്ട്. കൂട്ടത്തിലുള്ള ഒരാള്‍ ആക്രമിക്കപ്പെട്ടപ്പോഴാണ് എല്ലാവരും കൂടിയിരുന്നത്. അതിനോട് ഇന്‍ഡ്രസ്ട്രി കാണിക്കുന്ന താല്‍പര്യക്കുറവാണ് ഇത്തരം ഒരു കൂട്ടായ്മയിലേക്ക് നയിച്ചത്.
കൂട്ടായ്മ ഒരു സംഘടനയാവണം എന്നും അതിലേക്ക് എല്ലാവരേയും ഉള്‍പ്പെടുത്തണമെന്നും തന്നെയാണ് ഇതിന്റെ ലക്ഷ്യം. എന്നാല്‍ തുടക്കത്തില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നൊന്നും ആലോചിച്ചിരുന്നില്ല. ഒരു സംഘടന എന്ന നിലയിലേക്ക് പോലും ഡബ്ല്യു.സി.സി ഇന്ന് എത്തിയിട്ടില്ല. ഇതൊരു തുടക്കമാണ്. പലതിന്റേയും തുടക്കം.
സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു സ്ത്രീകളുടെ കൂട്ടായ്മയില്‍ കാഴ്ച എന്ന ഗ്രൂപ്പ് സിനിമ ചെയ്യുന്നു എന്ന്. പൃഥ്വിരാജ് പറയുന്നു സ്ത്രീവിരുദ്ധ ഡയലോഗുകളുള്ള സിനിമയില്‍ അഭിനയിക്കില്ലെന്ന്. ഇത്തരം കാര്യങ്ങള്‍ക്കൊക്കെ ഈ കൂട്ടായ്മ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് വിചാരിക്കുന്നത്. തുടക്കത്തിലുള്ള ദൗത്യം നിറവേറ്റപ്പെട്ടു.
സംഘടനയെന്ന നിലയില്‍ ആലോചിക്കുമ്പോള്‍ കുറച്ച് പേര്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുക്കുകയും കുറച്ച് പേര്‍ക്ക് കൊടുക്കാതിരിക്കുകയും ചെയ്യില്ല. ചിലരെ ഉള്‍പ്പെടുത്താന്‍ ആവില്ലെന്ന് നമ്മള്‍ പറയുന്നില്ല. ഞങ്ങളുടെ ഗ്രൂപ്പ് ആലോചിക്കുന്നത് എല്ലാവരേയും കൂട്ടിച്ചേര്‍ത്ത് ഒരു സംഘടനയുടെ ഫോര്‍മാറ്റിലേക്ക് മാറ്റുന്നതിനെക്കുറിച്ചാണ്.
അല്ലാതെ ഓരോരുത്തരും ബുദ്ധിജീവികളാണോ അവര്‍ക്ക് എലീറ്റിസം ഉണ്ടോ എന്നല്ല. ആര് കൂടിയാലും ഇല്ലെങ്കിലും സിനിമയിലെ സ്ത്രീകളുടെ പ്രശ്നം അഡ്രസ് ചെയ്യപ്പെടണം എന്നാണ് ആലോചിക്കുന്നത്. ഈ കൂട്ടായ്മയുടെ തുടക്കം തന്നെ ഒരു പെണ്‍കുട്ടി തനിക്ക് നേരെ അതിക്രമം നടന്നു എന്ന് പറയുന്നിടത്ത് ആണ്. ഏതെങ്കിലും വര്‍ഗ്ഗത്തിലോ വിഭാഗത്തിലോപ്പെട്ടവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കാതിരിക്കുമ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയുണ്ട്. അല്ലാത്ത സമയത്ത് ആ വിമര്‍ശനം തെറ്റാണ്.
സിനിമയിലെ സ്ത്രീകൂട്ടായ്മയെ യുവനിര പിന്തുണയ്ക്കുകയും സൂപ്പര്‍താരങ്ങളുടേയും മുതിര്‍ന്ന സംവിധായകരുടേയും പിന്തുണ ഇല്ലാതിരിക്കുകയും ചെയ്യുന്നതായി തോന്നുന്നു. അത് എന്തുകൊണ്ടാണ്?
കീഴ്‌വഴക്കങ്ങളുണ്ടല്ലോ. ഈ സൂപ്പര്‍താരങ്ങളെയൊക്കെ വളരെ ചെറുപ്പ കാലം മുതല്‍ അറിയാവുന്ന ഒരാളാണ് ഞാന്‍. ഇവരാരും ഏതെങ്കിലും ഒരാള്‍ക്ക് വ്യക്തിപരമായി ദോഷം ചെയ്യണമെന്ന് കരുതുന്നവരായി ഫീല്‍ ചെയ്തിട്ടില്ല. വലിയ കോക്കസുകളെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. അതും എനിക്ക് അനുഭവപ്പെട്ടിട്ടില്ല.
സ്‌ക്രീനിലേതിനേക്കാള്‍ വലിയ ഹീറോയിസം ജീവിതത്തില്‍ കാണിച്ചിട്ടുമുണ്ട്. പുറമേക്ക് പലരും അറിയാത്ത നല്ല പ്രവര്‍ത്തനങ്ങളൊക്കെ ഇവരില്‍ പലരും ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇതില്‍ ഉണ്ടാകുന്ന പ്രശ്നം പലതരം പ്രിവിലേജുകളുണ്ടല്ലോ. ആ പ്രിവിലേജുകള്‍ ഒരുദിവസം ചോദ്യം ചെയ്യപ്പെടുക, ഇവര്‍ അനാവശ്യമായി പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്നതായി തോന്നുക, അപ്പോഴൊക്കെ ഉണ്ടാവുന്ന സ്വാഭാവികമായ പ്രതികരണങ്ങളാണിത്. പിണക്കം ഭാവിച്ച് നില്‍ക്കുക, അല്ലെങ്കില്‍ കമന്റ് ചെയ്യാതിരിക്കുക, അല്ലെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുക, അതിനെ അവലോകനം ചെയ്യുക എന്നൊക്കെ വേണമെങ്കില്‍ കരുതാം. എന്നാല്‍ നാട്ടുനടപ്പ് അനുസരിച്ചോ, കീഴ്‌വഴക്കങ്ങളോ അല്ലാത്തവയോട് സാധാരണയുണ്ടാകുന്ന അസഹിഷ്ണുത സിനിമ മേഖലയില്‍ ഇപ്പോള്‍ ഉണ്ട്. അതാണ് ചാലഞ്ച് ചെയ്യപ്പെടേണ്ടത്.
കാരണവന്മാരെ പിണക്കണമെന്നാണ് ഫെമിനിസ്റ്റ് മൂവ്മെന്റുകള്‍ പറയുന്നത്. കാരണവരെ പിണക്കിയാണ് പുറത്തേക്ക് പോകേണ്ടത്. പാട്രിയാര്‍ക്കിക്ക് എതിരായാണ് യുദ്ധം ചെയ്യുന്നത്. കാരണവര്‍ എന്നത് കാരണവരെ പോലെ പെരുമാറുന്ന സമൂഹമാണ്. ഇപ്പോള്‍ അലോസരം തോന്നുന്നവര്‍ സ്വയം ഇതിന്റെ പിതാക്കന്മാരായി ഇരിക്കുന്നവരാണ്. അവര്‍ക്ക് അസ്വസ്ഥത ഉണ്ടായിട്ടുണ്ടാകും.
സിനിമയിലെ ന്യൂജനറേഷന്‍ പിന്തുണ നല്‍കാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കാം? അതിനെ എങ്ങനെ വിലയിരുത്തുന്നു?
യുവനിര സ്വയം കാരണവന്മാരായി പ്രതിഷ്ഠിക്കുന്നുണ്ടാവില്ല, അതായിരിക്കാം അവര്‍ക്ക് അസഹിഷ്ണുത തോന്നാത്തതിന് കാരണം. എന്നാല്‍ വളരെ ചെറുപ്പക്കാരായവര്‍ മോശമായി പ്രതികരിക്കുന്നുണ്ട്. ഇതിനെ ഇപ്പോള്‍ തന്നെ അടയ്ക്കണമെന്ന് പറയുന്നവര്‍. ഇരുപതുകളില്‍ ഉള്ളവര്‍. സിനിമാമേഖലയില്‍ ഉള്ളവരും ഫാന്‍സ് എന്ന് വിളിക്കുന്നവരും പൊട്ടന്‍ഷ്യല്‍ ഫാദേഴ്സാണ്. ഉടന്‍ തന്നെ ആ കാരണവര്‍ ആകാനുള്ള തയ്യാറെടുപ്പിലുള്ളവര്‍.
യൂത്ത് എന്ന് ജനറലൈസ് ചെയ്ത് ഇവരെല്ലാം ഈ കൂട്ടായ്മക്ക് ഒപ്പമാണ് എന്ന് പറയാന്‍ ആവില്ല. ഒരു വിഭാഗം ന്യൂജനറേഷന്‍ കൂടെയുണ്ട്. കൂടെയുണ്ട് എന്ന് പറഞ്ഞാല്‍ അവര്‍ക്ക് അസ്വാസ്ഥ്യം ഇല്ല. അവര്‍ ഇന്‍സെക്യൂര്‍ അല്ല. സ്വയമേവ വലിയ ആള്‍ക്കാരായോ കാരണവന്മാരായോ പ്രതിഷ്ഠിക്കാത്തവര്‍.
അങ്ങനെ അല്ലാത്ത ഒരുപാട് യുവാക്കള്‍ സിനിമയ്ക്ക് അകത്തുണ്ട്. അവര്‍ക്ക് അസഹിഷ്ണുതയും ഉണ്ട്. പാട്രിയാര്‍ക്കിയാണ് ശരിയെന്ന് കരുതുന്ന ഒരുവിഭാഗവും, അതല്ല സ്ത്രീകളും വ്യക്തികളാണെന്ന് കരുതുന്ന ജനാധിപത്യവാദികളായ വിഭാഗവുമുണ്ട്. അധികാരം പതിച്ചു കിട്ടിയെന്ന് സ്വയം തെറ്റിദ്ധരിക്കുന്നവരുണ്ട്. വളരെ സൗകര്യമുള്ള സംഗതിയാണ് സ്വയം പ്രിവിലേജഡ് ആയിരിക്കുക എന്നത്. അതിന് പ്രായവ്യത്യാസമില്ല എന്നാണ് തോന്നല്‍.
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നായികാ പ്രാധാന്യമുള്ള സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. അവര്‍ എന്തുകൊണ്ടാണ് ആ സാഹസത്തിന് മുതിരുന്നത്?
കുഞ്ചാക്കോ ബോബന്‍ മസില്‍ കാണിച്ചല്ല സിനിമയില്‍ നിലനില്‍ക്കുന്നത്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും രൂപം കൊണ്ടും ബോഡി ലാംഗേജ് കൊണ്ടും മാച്ചോ എന്നതിന് മാച്ചാവുന്നവരല്ല. അവര്‍ തോല്‍ക്കുന്ന ആണുങ്ങളാവാന്‍ ബുദ്ധിമുട്ട് ഇല്ലാത്തവരാണ്. സിനിമ ഉണ്ടാക്കിയെടുക്കുന്നത് പൗരുഷമുള്ള ആണിനെ ആണ്. മീശ പിരിക്കുന്നതും മസില്‍ കാണിക്കുന്നതുമാണ് പൗരുഷം. അയാളുടെ വരുതിയില്‍ സ്ത്രീയെ നിര്‍ത്തുമ്പോഴാണ് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നായകനാകുന്നത്.
സിനിമയുടെ പേര് പോലും കൊടുക്കുന്നതില്‍ ഫ്യൂഡലിസ്റ്റിക് ബിംബങ്ങളെ കൂടുതല്‍ കടുപ്പിച്ച് എഴുതുകയാണ്. കാലഹരണപ്പെട്ടതും മനുഷത്വ വിരുദ്ധവുമായ ബിംബങ്ങളും പദങ്ങളും പുനരുത്പാദിപ്പിക്കുകയും അതിനെ ഊട്ടി ഉറപ്പിക്കാനുള്ള ഹീറോകളെ ഉണ്ടാക്കുകയുമാണ് ചെയ്തത്. സമ്മതിയെ നിര്‍മ്മിക്കുകയായിരുന്നു.
അതൊക്കെ ചിന്തയെ സ്വാധീനിച്ചത് കൊണ്ടാണ് ഇപ്പോഴത്തെ ചെറുപ്പക്കാരായ ഫാന്‍സുകളും സിനിമക്കാരും ആ കഥാപത്രങ്ങളോട് താദാത്മ്യം പ്രാപിക്കുകയും അതുപോലെ പ്രതികരിക്കുകയും ചെയ്തത്. അത് മോശമാണ്. സ്ത്രീവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ്.
നടിമാര്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന പ്രശ്നങ്ങള്‍ അവരോടുള്ള പൊതു സമൂഹത്തിന്റെ സമീപത്തെ സ്വാധീനിച്ചിട്ടുണ്ടോ?
സിനിമയില്‍ സംസാരിക്കുകയും ഉച്ചത്തില്‍ ചിരിക്കുകയും ഇരുട്ടില്‍ നടക്കുകയും ചെയ്യുന്നതും അഭിപ്രായം പറയുന്നതും ചീത്ത സ്ത്രീയാണ്. തിരക്കഥയിലെ കാര്യമാണ് പറയുന്നത്. അത്തരം സ്ത്രീ വേശ്യയോ പ്രേതമോ ആയിരിക്കും. നല്ല സ്ത്രി മോഡസ്റ്റിയുടെ ഭാഗമായി ,ആണിന്റെ അധികാര പ്രയോഗത്തോട് നിശബ്ദമായിരിക്കുന്ന സ്ത്രീയാണ്.
സിനിമയിലും പാട്ടിലും കാണാം. നോ എന്നത് വളരെ മധുരമായാണ് അവര്‍ പറയുക. അത്തരം സ്ത്രീയേയാണ് സിനിമയും പൊതുസമൂഹവും പ്രതീക്ഷിക്കുന്നത്. അങ്ങനെ അല്ലാത്ത സ്ത്രീ പ്രേതത്തിന് തുല്യമോ തെറി വിളിക്കാവുന്ന വേശ്യയോ ആണെന്നാണ് കരുതുന്നത്.
അതു കൊണ്ടാണ് പാര്‍വ്വതിയെ പോലെ ഒരു നടി അഭിപ്രായം പറയുമ്പോള്‍ തെറി വിളിക്കാമെന്ന് ഇവര്‍ കരുതുന്നത്. ബഹുമാനം നല്‍കേണ്ട സ്ത്രീയാണെന്നല്ല മറിച്ച് ചീത്ത വിളിക്കേണ്ടവളാണെന്ന് കരുതുന്നത്. അവള്‍ ചീത്ത സ്ത്രീയുടെ കാറ്റഗറിയിലാണ്. കാരണം അവള്‍ സംസാരിച്ചിട്ടുണ്ട്. സിമ്പിള്‍ ലോജിക്കാണിത്.
അത് അപ്പോള്‍ തന്നെ നിര്‍ത്തണമെന്ന് അവിടെയിരിക്കുന്ന ആര്‍ക്കും തോന്നിയിട്ടില്ല. അവരും അത് തന്നെയാണ് വിചാരിക്കുന്നത്. ചീത്ത സ്ത്രീ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്തത് കൊണ്ടല്ലേ തെറി കേള്‍ക്കേണ്ടി വരുന്നത്. അവള്‍ക്ക് മിണ്ടാതിരിക്കാമല്ലോ. മിണ്ടാതിരുന്നാല്‍ തെറി കേള്‍ക്കേണ്ടി വരില്ലല്ലോ എന്നാണ് അവരുടെ ലോജിക്ക്. അതിന് തീര്‍ച്ചയായും വില കൊടുക്കേണ്ടി വരും. വില കൊടുക്കുന്നുമുണ്ട്. അവര്‍ അറിയാത്ത കാര്യമുണ്ട്. ഇവരാരും മാപ്പ് പറയാന്‍ തയ്യാറാവാത്തപ്പോഴും ഈ കൂട്ടായ്മ ഇങ്ങനെ നില്‍ക്കുന്നു എന്നത് ഗുണം ചെയ്യും.
വിധേയപ്പെട്ടു നിന്നു കൊണ്ട് ഒരു സ്ത്രീക്കും ഒരു പ്രിവിലേജും ആരും വച്ചുനീട്ടുകയില്ല. അവള്‍ ഉപയോഗിക്കപ്പെടുകയും ആ കാര്യം കഴിയുമ്പോള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ടും പേടിച്ച് ശബ്ദിക്കാതിരിക്കുകയും ചെയ്യുന്നു. എത്ര കാലം ചവച്ചരയ്ക്കപ്പെട്ട് നിന്നാലും ഭാവിയില്‍ കിട്ടാവുന്ന എന്തോ ഒരു അംഗീകാരത്തിനായി മിണ്ടാതെ സഹിച്ചിരിക്കുകയാണ് ചെയ്തത്.
പാര്‍വ്വതി മാപ്പ് പറയാതിരിക്കുന്നത് വലിയൊരു സ്റ്റെപ്പാണ്. ഇങ്ങനെ ശബ്ദിച്ചാലും ഇവിടെ തന്നെ നില്‍ക്കാമെന്ന് അവള്‍ ബാക്കിയുള്ളവരെ ബോധ്യപ്പെടുത്തുന്നു. അവള്‍ മാത്രമല്ല ഈ കൂട്ടായ്മ ചെയ്യുന്നതും അതാണ്. അത് വലിയൊരു നേട്ടമാണ്. മിണ്ടാതിരുന്നാല്‍ കിട്ടുന്നത് തന്നെയാണ് മിണ്ടിയാലും കിട്ടുമെന്നാണ് തിരിച്ചറിയേണ്ടത്. ആ സന്ദേശമാണ് ഇപ്പോള്‍ നല്‍കുന്നത്.
മിണ്ടാതിരിക്കാന്‍ പറഞ്ഞു പേടിപ്പിക്കും. നിങ്ങള്‍ക്ക് എന്തൊക്കെയോ നഷ്ടപ്പെടാനുണ്ടെന്ന്. മിണ്ടാതിരുന്നവര്‍ക്ക് പ്രത്യേകിച്ച് ഒന്നും കിട്ടിയിട്ടില്ല. മിണ്ടുന്നതിലൂടെ നഷ്ടപ്പെടുന്നത് നമുക്ക് വേണ്ടാത്ത എന്തോ ഒന്നായിരുന്നു. കിട്ടുന്നത് നമ്മള്‍ ഏറ്റവും ആഗ്രഹിച്ച ഒന്നായിരിക്കും.
നടി പാര്‍വ്വതിക്കെതിരായ ആക്രമണം സൂപ്പര്‍താരങ്ങളായ ബിംബങ്ങള്‍ക്കെതിരെ ശബ്ദിക്കരുതെന്ന സന്ദേശമാണോ പൊതുസമൂഹത്തിന് നല്‍കുന്നത്?
വിഗ്രഹങ്ങള്‍ ഉടയ്ക്കുക എന്നത് വലിയ കുറ്റമാണ്. ദൈവകോപം ഉണ്ടാകുന്നതാണ്. ബിംബാരാധന ഭയങ്കര ഇഷ്ടമുള്ള കൂട്ടമാണ് നമ്മള്‍. ഗാന്ധിജി എന്ന വിഗ്രഹം. ഇന്ത്യയില്‍ ജീവിച്ച ഒരു സാധാരണ മനുഷ്യനാണ് ഗാന്ധി എന്ന് വിചാരിക്കുകയല്ല. പേരിന് മുന്നില്‍ മഹാത്മാ എന്ന് ചേര്‍ത്ത് കൊടുത്ത് ആ ട്രിബ്യൂട്ട് കൊടുക്കുന്നു. ഹീറോ പദവി നല്‍കുന്നതിലും ഇല്ലാത്ത മഹത്വമാക്കിവെക്കുകയാണ്. അതിന് കോട്ടം തട്ടുമ്പോഴാണ് ആളുകള്‍ അപ്സെറ്റാവുന്നത്. സാധാരണ മനുഷ്യരായി ട്രീറ്റ് ചെയ്താല്‍ ഈ പ്രശ്നമില്ല. അവര്‍ക്കും തെറ്റുപറ്റും എന്ന് അംഗീകരിക്കാനാവും.
ഒരു ഹീറോയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഇവിടെയുള്ള മുഴുവന്‍ ആളുകളും അസ്വസ്ഥരായത് അതുകൊണ്ടാണ്. നിയമത്തിന് വിധേയനായ സാധാരണക്കാരന്‍ ആണെന്നും അയാള്‍ കുറ്റം ചെയ്താല്‍ പിടിച്ചു കൊണ്ടു പോകാമെന്നും യഥാര്‍ത്ഥത്തിലുള്ള മനുഷ്യനാണെന്നും മനസിലാക്കിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ.
എം.ടി വാസുദേവന്‍ നായരുടെ മേലുള്ളതും ഇതേ ബിംബാരാധനയാണ്. അദ്ദേഹം നന്നായി എഴുതുമെന്ന് നമുക്ക് അറിയാം. എം.ടി ഇപ്പോഴും നേരത്തേയും വിവാദത്തില്‍ പെട്ടിട്ടുണ്ട്. ആദ്യ ഭാര്യ പ്രമീളാ നായര്‍ ആത്മകഥ എഴുതിയപ്പോള്‍ “മലയാളനാടി”ന്റെ പത്രാധിപര്‍ക്ക് കത്തെഴുതി അത് നിര്‍ത്തിവയ്ക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് പത്രാധിപര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എം.ടി എന്ന ആള്‍ ഇങ്ങനെയൊന്നും ചെയ്യില്ലെന്നും അങ്ങനെ ചെയ്താല്‍ തന്നെ പുറത്ത് പറയാന്‍ പാടില്ലെന്നുമാണ് നമ്മുടെ ധാരണ.
“കസബ”യില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രത്തിന് ചില പ്രശ്നങ്ങളുണ്ടല്ലോ എന്ന് ചോദിക്കുന്നതാണ് പ്രശ്നം. റിയാലിറ്റിയില്‍ പ്രശനമില്ല. പതിനേഴ് വയസ്സ് മുതല്‍ ഗാന്ധിജിയുടെ കൂടെ നഗ്നയായി കിടന്ന പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍ ഔട്ട്ലുക്ക് പ്രസിദ്ധീകരിച്ചു. മുമ്പ് ഒഴിവാക്കിയിരുന്ന അത്തരം കാര്യങ്ങള്‍ പുറത്തേക്ക് വരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.
മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് പറഞ്ഞ് മാറ്റി എഴുതപ്പെടുന്നു. ഇത്തരമൊരു കാലത്ത് ചാര്‍ത്തിക്കൊടുക്കപ്പെട്ട ഹീറോയിസം മാറ്റി എഴുതപ്പെടുന്നു. അതിന്റെ സമയം കഴിഞ്ഞു. സൂപ്പര്‍താരങ്ങളും വിമര്‍ശനത്തിന് വിധേയരാകുന്നു.
നിലപാടുള്ളവരെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. നിത്യാമേനോന്‍, ഭാവന ഇവരൊക്കെ ഇത്തരം ആരോപണം ഉന്നയിച്ചവരാണ്. ഇപ്പോള്‍ അഭിപ്രായ പ്രകടനം നടത്തുന്ന താരങ്ങള്‍ ഇനി നായികാ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുമോ?
തീര്‍ച്ചയായും ഉണ്ടാവും. താല്‍പര്യത്തിന് വിരുദ്ധമായ അഭിപ്രായം ആര് പറഞ്ഞാലും അവരെ കൂട്ടില്ല. ഇപ്പോഴുള്ള ഏതെങ്കിലും നിര്‍മ്മാതാക്കള്‍, സ്ത്രീകളുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യണം എന്നൊന്നും കരുതുന്നില്ല. മലയാള സിനിമയിലെ സംവിധായകര്‍ക്കോ എഴുത്തുകാര്‍ക്കോ നായകന്‍മാരാകുന്നവര്‍ക്കോ അങ്ങനെയൊരു നിലപാടില്ല.
അവരുടെ താല്പര്യത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ഡബ്ല്യു.സി.സി യിലെ സ്ത്രീകള്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ മാറ്റി നിര്‍ത്തലുണ്ടാവും. അതിന്റെ അര്‍ത്ഥം ഇവരെ ഉള്‍ക്കൊള്ളാവുന്ന സംവിധായകരും പ്രൊഡ്യുസര്‍മാരും ഇല്ലെന്നല്ല. ഇരുളടഞ്ഞ് പോയിട്ടില്ല. ഇവര് പറഞ്ഞത് ശരിയാണ് എന്ന് കരുതുന്ന എഴുത്തുകാരും സംവിധായകരും ഉണ്ടെങ്കില്‍ അത്തരം സിനിമകളുടെ ഭാഗമായി ഇവരും ഉണ്ടാകും.
പാര്‍വ്വതിയും പൃഥ്വിരാജും അഭിനയിച്ച “മൈ സ്റ്റോറി” എന്ന സിനിമ സൈബര്‍ ആക്രമണം നേരിടുന്നു. സംവിധായക റോഷ്നി ദിനകര്‍ അവരുടെ സിനിമയെ തകര്‍ക്കാനായി പേയ്ഡ് ആക്രമണം നടക്കുന്നതായി പറയുന്നു. പാര്‍വ്വതിയെ ലക്ഷ്യമിട്ടാണ് ആക്രമണമെങ്കിലും പുതുതായി എത്തുന്ന സംവിധായികയെ ബാധിക്കില്ലേ?
സിമ്പിളാണ് കാര്യങ്ങള്‍. അതില്‍ സങ്കീര്‍ണ്ണതകളില്ല. രണ്ട് തരം താല്‍പര്യങ്ങള്‍ ഉണ്ടാവുന്നു. ഇപ്പോഴുള്ള കീഴ്‌വഴക്കങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പാര്‍വ്വതി ചെയ്യുന്ന കാര്യങ്ങളെ കാണേണ്ടത്. അപ്പോള്‍ തീര്‍ച്ചയായും അറ്റാക്ക് ഉണ്ടാകും. അത് പെയ്ഡാണോ അല്ലയോ എന്നത് പ്രധാനമല്ല. ഊട്ടിയുറപ്പിച്ചു എന്ന് കരുതുന്നിടത്തേക്ക് അതിന് ചലനം ഉണ്ടാക്കുന്ന രീതിയില്‍ നിലപാടുകള്‍ എടുത്തവരുണ്ട്. അവര്‍ സ്ട്രോങ്ങായി നില്‍ക്കുന്നുമുണ്ട്. നിലപാട് ഉള്ളവരെ ശത്രുപക്ഷത്ത് നിര്‍ത്തിക്കളയും. ഒറ്റയ്ക്ക് നിലപാട് സ്വീകരിക്കുന്ന സ്ത്രീകള്‍ക്ക് ഒക്കെ അത് അറിയാം.
സിനിമയിലെ കഥാപത്രങ്ങളെ നോക്കിയാലും അറിയാം. സിനിമ തീരുന്നതിന് ഇടയ്ക്ക് ആ സ്ത്രീക്ക് മുഖത്ത് അടി കിട്ടും. മുഴുവന്‍ ആളുകളും കൈയ്യടിക്കും. ഗൗരിയമ്മയെ പോലൊരാളെക്കുറിച്ച് നോക്കുമ്പോള്‍ അവര് മുഖ്യമന്ത്രി ആയില്ല.
അവരെ കുറിച്ച് സിനിമ വന്നു. കുട്ടിക്കാലത്ത് വളരെ ആവേശത്തോടെയാണ് “ലാല്‍സലാ”മിലെ ഗീതയുടെ കഥാപാത്രത്തെ കണ്ടത്. മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തിന്റെ ഭാര്യയായി വളരെ വിധേയപ്പെട്ട് ജീവിക്കുന്ന കഥാപാത്രമാണ് ഉര്‍വ്വശിയുടേത്.
ഉര്‍വ്വശി ഗീതയോട് പറയുന്നു എന്റെ കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങി കൊടുക്കാനുള്ള പണം ഭര്‍ത്താവിന്റെ കൈയ്യിലുണ്ടെന്ന്. കുട്ടിയുടെ അച്ഛന്‍ തരുമെന്ന്. ഇത്രമാത്രം പാട്രിയാര്‍ക്കിയെ സന്തോഷിപ്പിക്കുന്ന ഡയലോഗ് ഇല്ല. ഗീതയുടെ കഥാപാത്രം നാണംകെട്ട് നില്‍ക്കുന്നു. കാരണം അവര്‍ നല്ല ഭാര്യയല്ല എന്നാണ് സിനിമ പറയുന്നത്. അവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ത്രീയാണ്. മന്ത്രിയായ സ്ത്രീയോടാണ് ഭര്‍ത്താവിന്റെ കാശ് കൊണ്ട് ചോക്ലേറ്റ് വാങ്ങിക്കൊടുക്കാന്‍ കഴിയാതിരിക്കലാണ് അവരുടെ പരാജയമെന്ന് പറയുന്നത്. അപ്പോള്‍ തിയ്യേറ്ററില്‍ വലിയ കൈയ്യടി ആയിരുന്നു.
അതിന്റെ തുടര്‍ച്ചയായുള്ള സമൂഹത്തോട് ഇപ്പോഴത്തെ കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കല്‍ പ്രയാസമാണ്. നൂറ്റാണ്ടുകളായി ഉറപ്പിച്ചുവെച്ച ധാരണകള്‍ ഒരു രാത്രി കൊണ്ട് മാറില്ല. അത്രത്തന്നെ ഗൗരവമായി ചര്‍ച്ച നടക്കേണ്ടിയിരിക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസ് നടക്കുകയാണല്ലോ. അവര്‍ക്ക് നീതി കിട്ടുമോ?
ആക്രമണം തെറ്റാണ് എന്ന് പറയുമ്പോള്‍ തന്നെ അവര്‍ പകുതി വിജയിച്ചു. ഇനി ഏതെങ്കിലും ഒരാളെ ജയിലിടണം നീതി കിട്ടാന്‍ എന്നല്ല. അയാള്‍ ജയിലില്‍ കിടക്കുമോയെന്ന് ഉറപ്പിച്ച് പറയാനും കഴിയില്ല.
കേരളത്തില്‍ മുമ്പ് നടന്ന സമാനമായ അതിക്രമങ്ങളില്‍ എഴുതിത്തന്ന പേരുകളുണ്ട്. ഇരകളെന്ന് സ്വയം വിചാരിക്കുന്നവര്‍ എഴുതിക്കൊടുത്ത ഉന്നതര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍. സംഭവിച്ച കാര്യങ്ങള്‍ വിശദമായി തന്നെ അവര്‍ പറഞ്ഞിട്ടുണ്ട്. രേഖകളില്‍ കുറ്റം നടന്നു എന്ന് വ്യക്തമാക്കിയിട്ടും അവരൊന്നും പ്രതിയായിട്ടില്ല. പ്രമുഖര്‍ അല്ലാത്തവര്‍ ശിക്ഷിക്കപ്പെടുന്നു. എന്നാല്‍ പ്രമുഖര്‍ക്ക് എതിരെ ഒരു വിരല്‍ പോലും ചൂണ്ടപ്പെട്ടിട്ടില്ല.
വലിയ സ്ഥാനത്ത് ഇരിക്കുന്ന ഒരാളെ പിടിച്ച് എണ്‍പത്തിയഞ്ച് ദിവസം ജയിലില്‍ ഇടുകയെന്ന് പറയുന്നത് തന്നെ നീതി നടക്കുന്നു എന്ന് തോന്നിപ്പിക്കുന്നുണ്ട്. നിയമവും സര്‍ക്കാറും കൈവിട്ടിട്ടില്ല എന്ന് ഒരു പെണ്‍കുട്ടിക്ക് തോന്നാവുന്നതല്ലേ. പ്രതീക്ഷ കൊടുക്കുന്ന കാര്യമാണ് അത്. കുറ്റം കോടതിയിലാണ് തെളിയേണ്ടത്. പക്ഷേ പൗരന് കിട്ടുന്ന പരിഗണന തന്നെയാണ് പ്രമുഖനും നിയമത്തിന് മുന്നില്‍ കിട്ടുകയെന്നും, കുറ്റം തെളിഞ്ഞാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും മെസേജ് കൊടുക്കാന്‍ ഒരു പെണ്‍കുട്ടി കാരണമായില്ലേ.
അവളുടെ ധൈര്യം അതിന് കാരണമായത് വളരെ പ്രധാന്യം ഉള്ളതാണ്. ഇര എന്നതില്‍ നിന്ന് അതിജീവിച്ചവള്‍ എന്നതിലേക്ക് ഒരു പുതിയ സ്റ്റാറ്റസാണ്. ചരിത്രം കുറിക്കുന്ന സ്റ്റാറ്റസ്.
സിനിമ മേഖലയില്‍ മുമ്പും ഇത്തരം അനുഭവം ഉണ്ടായതായി തുറന്നു പറച്ചിലുണ്ടായി. അതൊക്കെ ഈ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ ചൂഷണം ഇല്ലാതാക്കുമോ?
ഒരുപരിധി വരെ കഴിയും. നിരീക്ഷണത്തിലാണ് എന്ന് മനസിലാകും. ഇപ്പോള്‍ അങ്ങനെ കേള്‍ക്കുന്നുണ്ട്. നേരത്തെ രഹസ്യമായി നടക്കുന്ന ചൂഷണമായതിനാല്‍ ആര്‍ക്കും പുറത്തേക്ക് അറിയാനാകില്ല. അത്തരം ആളുകള്‍ തന്നെ പറയുന്നു ഇപ്പോള്‍ എന്തോ ഒരു നിരീക്ഷണത്തിലാണെന്നും ഉത്തരം പറയേണ്ടി വരുമെന്നും തോന്നല്‍ ഉണ്ടെന്ന്. അത് ഈ കൂട്ടായ്മയുടെ വിജയമാണ്.
ടേക്കണ്‍ ഫോര്‍ ഗ്രാന്‍ഡഡ് എന്ന പോലെ ഇതൊന്നും ചോദ്യം ചെയ്യപ്പെടാത്ത അവസ്ഥയാണെന്ന തോന്നല്‍ ഇപ്പോള്‍ ഉണ്ട്. എത്ര ചെറിയ വ്യക്തിയും പോയി പരാതി പറഞ്ഞാല്‍ ചിലപ്പോള്‍ പ്രശ്നമാകും എന്ന മെസേജ് സിനിമയുടെ അന്തരീക്ഷത്തില്‍ ഉണ്ട്. അത് ഒരുപരിധി വരെ ഗുണം ചെയ്യും.
തൊഴിലിടം എന്ന നിലയില്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ വനിതാ സംഘടനയ്ക്ക് എന്താണ് പ്രസക്തി?
സിനിമ, രാഷ്ട്രീയം, സാഹിത്യം എന്നതൊക്കെ ജെന്‍ഡര്‍ പറയേണ്ടതല്ലാത്ത ഇടമായിട്ടാണ് നമ്മള്‍ കരുതുന്നത്. അവിടെ സ്ത്രീയും പുരുഷനും ട്രാന്‍സ്ജെന്‍ഡറും എല്ലാം ഉള്‍പ്പെടുന്നുവെന്ന പൊതു ഇടമാണ് ഇതൊക്കെ എന്നത് തെറ്റിദ്ധാരണയാണ്. യഥാര്‍ത്ഥത്തില്‍ അത് തെറ്റാണ്. ഇവയൊക്കെ ഏകപക്ഷീയമാണ്. ആണിന്റേത് മാത്രമാണ്. ഗതികേടാണിത്.
അതുകൊണ്ടാണ് അവിടെയുള്ള സ്ത്രീ എന്ന് നമുക്ക് പറയേണ്ടി വരുന്നത്. സിനിമ തീരുമാനിക്കുന്ന ഇടത്തില്‍ സ്ത്രീക്ക് റോളില്ല. അവിടെയൊക്കെ ശൂന്യമാണ്. അത് തീരുമാനിക്കുന്നത് പുരുഷന്റെ താല്‍പര്യത്തിലാണ്. മുടക്കുന്ന പണവും തിരക്കഥയും ക്യാമറയും സംവിധാനവും പാട്ട് എഴുതുന്നതും സംഗീതം കൊടുക്കുന്നതും ആണായത് കൊണ്ടാണ്. സിനിമയുടെ വിതരണവും പോസ്റ്ററിലെ തലയും നിശ്ചയിക്കുന്നത് ആണാണ്. ഇതൊക്കെ കൂടിയാണ് മാര്‍ക്കറ്റ് നിശ്ചയിക്കുന്നത്. ഇതെല്ലാം പുരുഷന്‍മാരാകുമ്പോള്‍ ഒറ്റപക്ഷത്ത് നിന്നുള്ള കാഴ്ചകളല്ലേ ഉണ്ടാവുക. അതാണ് ഇപ്പോള്‍ നമ്മള്‍ അകപ്പെട്ടിരിക്കുന്ന അവസ്ഥ.
ചെറിയൊരു സ്പേസ് സ്ത്രീകള്‍ക്ക് വേണമെന്നും അവള്‍ക്കും ശബ്ദമുണ്ടെന്നും അവളെ കാണണമെന്നും കഥ പറയണമെന്നും ഇഷ്ടമുള്ള കാഴ്ചകള്‍ വേണമെന്നും പറയുകയാണ് ഇപ്പോള്‍. അക്കാദമിക് രംഗത്ത് ഇത് നേരത്തെ ഉണ്ട്. സിനിമയ്ക്കകത്ത് അത് പറയുന്നത് കുറവാണ്. സിനിമയെ കുറിച്ചുള്ള പഠനങ്ങളിലൊക്കെ അത് വന്ന് കഴിഞ്ഞു. ഇപ്പോള്‍ നമ്മള്‍ കാണുന്നത് സിനിമയ്ക്ക് അകത്തു നിന്നും അത് പറഞ്ഞു വരുന്നു എന്നതാണ്. അക്കാദമിക് രംഗത്തെ പ്രതിധ്വനികളാവാം. എങ്കിലും സിനിമയ്ക്ക് അകത്തും മാറ്റം സംഭവിക്കുന്നു. വലിയ മാറ്റമാണിത്.
വനിതാ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബി ഗ്രൂപ്പാണ്. ആ പ്രശ്നം ഡബ്ല്യു.സി.സിക്കും ഉണ്ടാവുമോ ?
പ്രീഡിഗ്രി കാലം മുതല്‍ ചോദിക്കുന്ന കാര്യമാണിത്. എല്ലാ പാര്‍ട്ടികള്‍ക്കും വനിതാ സംഘടനയുണ്ട്. എന്നാല്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. എന്താണ് പോഷക സംഘടനയായി മാത്രം ഒതുങ്ങുന്നത്. ചരിത്രത്തിന് വളമാകുന്ന ഒന്നും ഇവരില്‍ നിന്ന് ഉണ്ടാകാത്തത്. വീട്ടിലെ സ്ത്രീയുടെ ജോലി തന്നെ സംഘടനയിലും ചെയ്യേണ്ടി വരുന്നത് അലട്ടുന്ന ഘടകമാണ്. ഫെമിനിസത്തിന് കേരളത്തില്‍ ഒരു പരിധിക്ക് അപ്പുറം വളരാന്‍ കഴിയാതിരുന്നത് ഫെമിനിസം എന്ന വാക്ക് നിരാകരിച്ചാല്‍ മാത്രമാണ് പിടിച്ചു നില്‍ക്കാന്‍ കഴിയുക എന്ന അവസ്ഥ ഉണ്ടാക്കി. പരാതിയുമായി യൂണിയനെ സമീപിച്ച സ്ത്രീയോട് ആദ്യം ഫെമിനിസ്റ്റ് ഗ്രൂപ്പിനെ സമീപിച്ചതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് പറഞ്ഞത് അറിയാം. തൊഴിലിടത്തില്‍ നേരിടുന്ന പ്രശ്നം ആദ്യം യൂണിയനില്‍ പറയണം. അല്ലാതെ ഫെമിനിസ്റ്റ് സംഘടനയില്‍ പറയരുത്. അനുസരണയാണ് ആവശ്യപ്പെടുന്നത്.
അങ്ങനെ അല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവര്‍ ഒറ്റപ്പെട്ട് പോകും. ഇത്തരം എല്ലാ തിരിച്ചറിവോടെയും ആണ് ഡബ്ല്യു.സി.സി പോലൊരു സംഘടന ഉണ്ടായത്. ഇതിലെ അംഗങ്ങള്‍ എല്ലാവരും പൊതുവായ സംഘടനകളിലെ അംഗങ്ങള്‍ തന്നെയാണ്. പൊതുവായ ഡയലോഗുകള്‍ ഉണ്ടാകുന്നുണ്ട്. അമ്മയും മാക്ടയും സഹകരിക്കാം എന്ന് പറയുന്നു. അത് തയ്യാറാണെങ്കില്‍ എളുപ്പമാണ്. തൊഴിലാളികളുടെ പ്രശ്നമാണ് ചര്‍ച്ചയാവുന്നത്. ഇതില്‍ ഉള്ളവര്‍ എല്ലാം തൊഴിലാളികളാണ്. എന്നാല്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് അവന്റെതായ പ്രശ്നങ്ങള്‍ പറയാനുണ്ടാകും. മത്സ്യത്തൊഴിലാളിക്ക് അവരുടെതായ പ്രശ്നവുമുണ്ട്. സിനിമയിലെ സ്ത്രീകളെ സംബന്ധിച്ചും ഇത്ര മാത്രമാണ് ഉള്ളത്. ഈ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ ഒരു സംഘടന ഉണ്ടാക്കുന്നു. തൊഴിലാളി സംഘടനകള്‍ എന്ന് പറയുന്ന മറ്റ് സംഘടനയുടെ കീഴില്‍ അല്ലാതെ സ്ത്രീകളുടെ വിഷയങ്ങള്‍ സ്പെസിഫിക്കായി പറയേണ്ടി വരും. ഇത് മറ്റൊന്നില്‍ നിന്നും വേറിട്ട് നിന്നല്ല. എന്നാല്‍ ഇപ്പോള്‍ ഉള്ള സംഘടനയുടെ വനിതാ വിഭാഗവുമല്ല.
സാഹിത്യം, പെണ്ണെഴുത്ത് എന്ന് പറയുന്നത് പോലുള്ള ഒരു വേര്‍തിരിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ സംഘടനകള്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമായിരുന്നു എങ്കില്‍ നമുക്ക് ഒരു സംഘടന പോലും ആവശ്യമുണ്ടായിരുന്നില്ല. അങ്ങനെ അല്ലാത്തത് ആരുടേയും കുറ്റമല്ല. എന്നാല്‍ അത് അവരെ ബോധ്യപ്പെടുത്തേണ്ടത് ഉണ്ട്. അതുകൊണ്ടാണ് സമാന്തരമായി ഇത്തരം ഒരു സംഘടന രൂപീകരിച്ചത്.
സിനിമ മേഖലയില്‍ നേരത്തെ തന്നെ സംഘടനകള്‍ ഉണ്ട്. ഓരോ വിഭാഗത്തിനും പ്രത്യേകം സംഘടനകളുണ്ട്. ഇതിലെല്ലാം സ്ത്രീ പ്രതിനിധ്യം വളരെ കുറവാണ്. ആ സംഘടനയില്‍ സ്ത്രീകളുടെ വിഷയങ്ങള്‍ എത്രത്തോളം അഡ്രസ് ചെയ്യപ്പെട്ടിട്ടുണ്ട്?
ടെക്നിഷ്യന്‍മാരുടെ സംഘടനയാണ് മാക്ട. അതില്‍ സ്ത്രീകളുണ്ടായിരുന്നില്ല. കാരണം സ്ത്രീകളായ ടെക്നീഷ്യന്‍സ് കുറവായിരുന്നു. മാക്ടയില്‍ മെമ്പര്‍ഷിപ്പിന് ഞാന്‍ അപേക്ഷിക്കുമ്പോള്‍ ആ അപേക്ഷാ ഫോറത്തില്‍ ഭാര്യയുടെ പേര് ചേര്‍ക്കാനുള്ള കോളമാണ് ഉണ്ടായിരുന്നത്. ആണിന് പൂരിപ്പിക്കേണ്ട ഫോം ആയിരുന്നു അത്. ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുകളുടെ സംഘടനയെ ഈ അടുത്ത കാലത്താണ് ഉള്‍പ്പെടുത്തിയത്. ഇപ്പോള്‍ ഗായകരുടെതും ഉണ്ട്. സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ എന്തുകൊണ്ട് വന്നില്ല എന്നതിന് കാരണം സ്ത്രീകള്‍ ഉണ്ടായിരുന്നില്ല എന്നതാണ്.
പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ആളില്ല എന്നത് ഈ മേഖലയില്‍ ഒന്നും സ്ത്രീകള്‍ ഇല്ലാത്തത് കൊണ്ടാണ്. തിരക്കഥ, ഗാനരചന എന്നിങ്ങനെ ഒന്നിലും സ്ത്രീകളുണ്ടായിരുന്നില്ല. അതുകൊണ്ട് അവിടെ സ്ത്രീകള്‍ നേതൃത്വത്തില്‍ വരണമെന്ന് പറയുന്നതില്‍ കാര്യമില്ല. എല്ലാവര്‍ക്കും വേണ്ടിയാണ് ഡബ്ല്യു.സി.സി. സിനിമയിലെ എല്ലാവരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. അതുകൊണ്ട് സിനിമയിലെ സ്ത്രീ എന്നാണ് ഇതിനെ പറയാനാവുക. ഏതെങ്കിലും ഒരു വിഭാഗത്തിലെ സ്തീകളുടേതല്ല ഇത്.
ഈ കൂട്ടായമയുടെ ഭാവി എന്താണ്?
നേരത്തെ പരിചയമില്ലാതെ കൂട്ടായ്മയുടെ ഭാഗമായ ശേഷം പരിചയപ്പെട്ടവര്‍ ഉള്‍പ്പെടെ ഇതിലുണ്ട്. ആരോഗ്യകരമായ ചര്‍ച്ച നടക്കുന്നു. വിവിധ ഐഡിയോളജി ഉള്ളവര്‍ ഒരു കാര്യത്തില്‍ യോജിക്കുകയാണ്. ഒരുപാട് സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനയില്‍ ഉള്ളവരെല്ലാം ഒരുപോലെ ചിന്തിക്കണം എന്ന പ്രിമെച്ച്വറായ ചിന്ത ഇപ്പോള്‍ ഇല്ല. സംഘടനയില്‍ പലതരം ആളുകള്‍ ഉണ്ടാവുമെന്നും ഒരു ലക്ഷ്യത്തിന് വേണ്ടി ഒന്നിച്ച് നിന്നാല്‍ ആ ലക്ഷ്യത്തില്‍ എത്തുന്നതിന് മുമ്പ് പിന്‍വാങ്ങില്ല എന്നതാണ് ഡബ്ല്യു.സി.സിയില്‍ നില്‍ക്കുമ്പോള്‍ അനുഭവിക്കുന്നത്.
തര്‍ക്കങ്ങള്‍ നടന്ന് പരസ്പരം മനസിലാക്കി കൊടുത്താണ് മുന്നോട്ടു പോകുന്നത്. ആ കൂട്ടായ്മക്ക് ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. അത് ചെയ്തിട്ട് മാത്രമേ പിന്‍വാങ്ങാന്‍ കഴിയൂ എന്ന് സ്വന്തം ഉത്തരവാദിത്വം പോലെ എല്ലാവരും ഏറ്റെടുത്തിട്ടുണ്ട്. അതിന് സമയം കണ്ടെത്തുന്നുണ്ട്. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന തരം ഡെവലപ്മെന്റാണ്. പുറമേ നിന്നുള്ള വിമര്‍ശനങ്ങളെ ഞങ്ങള്‍ കാര്യമാക്കുന്നില്ല. ഇതിനകത്ത് നിന്ന് കുറെയേറെ ചെയ്യാനുണ്ട്. വലിയ സംഘടനയായി അത് മാറണം. അതിന്റെ ഭാവി ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍ നല്ല ദിശാബോധം ഉണ്ട്. ലക്ഷ്യത്തില്‍ എത്തിയിട്ടെ പിന്‍വാങ്ങാവൂ എന്ന് കൂട്ടത്തിലുള്ള എല്ലാവരും വിചാരിക്കുന്നു.
വിവാദം പിന്നോട്ടടിപ്പിക്കുമോ?
ശക്തി കൂട്ടുകയേയുള്ളു. പ്രതിരോധം നമ്മളെ ശക്തരാക്കും. അതാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. തുടക്കത്തില്‍ സജീവമാകുകയും പിന്നീട് മാറിപ്പോയവരുമുണ്ട്. നഷ്ടപ്പെടാന്‍ ഭയമുള്ളവര്‍. എന്നാല്‍ നഷ്ടപ്പെടാന്‍ തയ്യാറായിട്ടുള്ളവരാണ് ഇപ്പോള്‍ ഇതിലുള്ളത്. നഷ്ടപ്പെട്ടാലും നില്‍ക്കാന്‍ ഉള്ളത്.
ആഷിക് അബു, പൃഥ്വിരാജ് എന്നിവരൊക്കെ തുറന്ന പിന്തുണ നല്‍കുന്നു. അവരുടെ ഭാവിയെ ബാധിക്കുമോ?
എല്ലാവരും പ്രായപൂര്‍ത്തിയായവരാണ്. മുതിര്‍ന്ന വ്യക്തികളാണ്. ആരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ചെയ്യിക്കുന്നതല്ല. വരും വരായ്കകള്‍ മുന്‍കൂട്ടി കണ്ട് തന്നെയാണ് അവരും പിന്തുണച്ചിട്ടുണ്ടാവുക. അവര്‍ അതിന് വില കൊടുക്കാന്‍ തയ്യാറായിട്ട് തന്നെയാണ് കൂടെ നില്‍ക്കുന്നത്. ഞാനുള്‍പ്പെടെ എല്ലാവരും വലിയ വില കൊടുക്കുന്നുണ്ട്. അത് ഞങ്ങള്‍ക്ക് അറിയാം.