| Thursday, 30th November 2017, 1:50 pm

അഭിമുഖം: വി.പി സുഹ്‌റ- മുസ്ലീങ്ങള്‍ക്കിടയിലെ ജാതി, ലിംഗവിവേചനം; ഒരു മുസ്ലിം ഫെമിനിസ്റ്റ് സംസാരിക്കുന്നു

ആര്യ. പി

കേരളത്തിലെ മുസ്‌ലീം സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് അധികം ശബ്ദങ്ങള്‍ ഉയരാത്ത കാലത്താണ് വി.പി സുഹ്‌റ നിലപാടുകള്‍ എടുത്തുകൊണ്ട് സമൂഹത്തിലേക്ക് ഇറങ്ങിവന്നത്. സ്വന്തം ജീവിത അനുഭവങ്ങള്‍ തന്നെയായിരുന്നു അവര്‍ക്കതിന് ഊര്‍ജ്ജമായത്.

കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിം സമുദായത്തിലെ സ്ത്രീകള്‍ക്കിടയില്‍ വി.പി സുഹ്‌റ നടത്തി വരുന്ന ഇടപെടലുകള്‍ ചെറുതല്ല. സ്ത്രീകളുടെ മെച്ചപ്പെട്ട ജീവിതത്തിനും ആത്മാഭിമാന സംരക്ഷണത്തിനും വേണ്ടിയുള്ള സുഹ്‌റയുടെ പോരാട്ടം നിരവധി പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടായിരുന്നു. മതത്തിന്റെ പേരില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ മതത്തിനുള്ളില്‍ നിന്നുതന്നെ ശബ്ദമുയര്‍ത്താന്‍ അവര്‍ ധൈര്യംകാണിച്ചു.

ഇന്ന് കേരളത്തിലെ വനിതാ സാമൂഹ്യപ്രവര്‍ത്തകരുടെ നിരയില്‍ വി.പി സുഹ്റയ്ക്ക് തുല്യയായി മറ്റൊരാളില്ല. കണ്ണൂര്‍ വളപട്ടണത്തെ വേളാപുരം തറവാട്ടില്‍ ആറ്റബീയുടേയും അഹമ്മദ് തങ്ങളുടേയും ഒമ്പത് മക്കളില്‍ മൂന്നാമത്തവളായാണ് സുഹ്റയുടെ ജനനം. തീക്ഷണമായ ജീവിതസാഹചര്യവും അനുഭവവുമാണ് അവരെ ഒരു പോരാളിയാക്കിയത്.

മുത്തലാഖിനെതിരായ സുപ്രീം കോടതിയിലെ ഹരജിക്കാരില്‍ ഒരാളും മുസ്ലീം സ്ത്രീകളുടെ അവകാശപോരാട്ടത്തിന് നേതൃത്വം നല്‍കുന്ന നിസയുടെ സ്ഥാപകാംഗവുമായ വി.പി സുഹ്റ സംസാരിക്കുന്നു.

മുത്തലാഖ് നിയമവിരുദ്ധമാക്കിയുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം നിര്‍മിക്കാനൊരുങ്ങുന്നുവെന്ന് വാര്‍ത്തയുണ്ടല്ലോ? എന്താണ് അഭിപ്രായം?

ഒരേസമയം മൂന്ന് ത്വലാഖ് ചൊല്ലി പിരിക്കുന്നത് കുറ്റകരമാകാന്‍ ഐ.പി.സി 497 ഉപവകുപ്പ് പ്രകാരം നിയമമുണ്ടാക്കുന്നു എന്നാണ് വാര്‍ത്ത. മൂന്ന് ത്വലാഖിനിടയില്‍ മൂന്ന് മാസത്തെ സമയം വ്യവസ്ഥ ചെയ്യുന്നതാണെന്നും വാര്‍ത്തയില്‍ കാണുന്നു. ഇവിടേയും സ്ത്രിയുടെ സമ്മതമുണ്ടാകുന്നില്ല. മൂന്ന് മാസംകൊണ്ട് മൂന്ന് കടലാസ് കൊണ്ടുകൊടുത്താല്‍ കഥ തീര്‍ന്നില്ലേ. സ്ത്രീക്ക് യാതൊരു അധികാരവുമില്ല. വിവാഹത്തിലും അതെ.

ഇതേ രീതിയിലാണ് അവര്‍ ബില്‍ കൊണ്ടുവരുന്നതെങ്കില്‍ അത് എതിര്‍ക്കുക തന്നെ വേണം. അല്ലെങ്കില്‍ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം നിര്‍ബന്ധമാക്കട്ടെ. മുത്തലാഖ് ചൊല്ലുന്ന ഒരാളെ എന്തിനാണ് ശിക്ഷിക്കുന്നത്. ഏകപക്ഷീയമായ വിവാഹമോചനത്തിനെതിരെയല്ലേ നമ്മള്‍ അന്നും ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്ത്രീയുടെ സമ്മതത്തില്‍, ഒരാള്‍ക്ക് കൂടെ ജീവിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അവര്‍ രണ്ട് പേരും കൂടി വിവാഹമോചനം നടത്തട്ടെ. അതാണ് വിഷയം.

അല്ലാതെ പേഴ്സണല്‍ ലോ ബോര്‍ഡിനെയൊക്കെ ബോധ്യപ്പെടുത്താന്‍ വേണ്ടിയിട്ട് ഇങ്ങനെ നിയമം കൊണ്ടുവരുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. മതമൗലികവാദികളേയും മറ്റും ബോധ്യപ്പെടുത്താനായി ഈ രീതിയിലാണ് നിയമം വരുന്നതെങ്കില്‍ അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല.

മുത്തലാഖ് മാത്രമല്ല, ഇസ്ലാമിലെ വിവാഹമോചനം, ബഹുഭാര്യാത്വം എല്ലാം ഇങ്ങനെ തന്നെ. ഇസ്ലാമിലെ പല നിയമങ്ങളും മാറ്റുന്നുണ്ട്. ശിക്ഷാ നിയമം, ഇന്‍ഷുറന്‍സ് പോലുള്ള കാര്യങ്ങള്‍. ആ രീതിയിലുള്ള പലതും കുറേ മാറ്റങ്ങള്‍ വരുത്തി. അതിലൊന്നും ഈ പുരുഷന്‍മാര്‍ക്ക് ഒരു പ്രശ്നവും ഇല്ല. അതൊക്കെ അവര്‍ക്ക് അനുകൂലമാണ്. എന്നാല്‍ സ്ത്രീപക്ഷത്ത് വരേണ്ട വിഷയം വരുമ്പോഴാണ് ഇവര്‍ ഇസ്ലാമിക നിയമം തന്നെ വേണമെന്ന് പറഞ്ഞ് ഇസ്ലാമിന് ഭയങ്കര പ്രാധാന്യം നല്‍കുന്നത്.

ഇസ്ലാമിലെ ഫെമിനിസ്റ്റ് ആശയമാണ് നമ്മള്‍ പറയുന്നത്. അല്ലാതെ വേറെ എന്തെങ്കിലും മതമൗലികവാദത്തിന് എതിരായിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും ആളുകള്‍ക്ക് എതിരായിട്ടോ അല്ല. സ്ത്രീപക്ഷത്ത് നിന്ന് കാണുമ്പോള്‍ മതം തരുന്ന അവകാശങ്ങളുണ്ട്.

സ്ത്രീയുടെ സാമൂഹ്യപദവിയെ കുറിച്ച് ഇസ്ലാമിന്റെ പേരില്‍ തെറ്റായപ്രചരണം നടത്തുകയാണ് ചിലര്‍. അന്നത്തെ അറേബ്യന്‍ സാഹചര്യത്തില്‍ പറഞ്ഞതെല്ലാം ഇന്നും അതേവിധം നടപ്പാക്കണമെന്ന വാശി. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ കാണാതെ പോകുമ്പോഴാണ് സാമൂഹിക നീതി നിഷേധിക്കപ്പെടുന്നത്.

സ്വത്ത് അവകാശത്തിന്റെ കാര്യത്തിലും അതുപോലെ തന്നെ. എത്ര സ്നേഹമുള്ള ആണുങ്ങളായാലും തുല്യ സ്വത്ത് വിട്ടുകൊടുക്കാന്‍ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്. കഴിഞ്ഞ ദിവസം കേരളവര്‍മ കോളേജില്‍ പോയപ്പോള്‍ കുട്ടികളുമായി സംവദിച്ചു. അവിടെ സ്വത്തവകാശത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഒരു കുട്ടി പറഞ്ഞു, അത് തന്നെ ദൈവം തരുന്ന ഗിഫ്റ്റാണെന്ന്. ബാക്കി ഞാന്‍ പറഞ്ഞതിനോടെല്ലാം യോജിച്ചു.

ഇതാണ് അവരെ പഠിപ്പിച്ച് വെച്ചിരിക്കുന്നത്. ദൈവം എന്ത് ഗിഫ്റ്റ് കൊടുക്കാനാണ്. അത്രയെങ്കിലും കിട്ടുന്നത് അന്നത്തെ കാലത്ത് നബി അങ്ങനെ പറഞ്ഞതുകൊണ്ടാണ്. അന്നത്തെ ഇരുണ്ട കാലത്ത്. ഇന്നത്തെ കാലത്താണെങ്കില്‍ നബി പറയും ആണുങ്ങള്‍ക്ക് തീരെ കൊടുക്കണ്ട, സ്ത്രീകള്‍ക്ക് കൊടുത്താല്‍ മതിയെന്ന്. ആ രീതിയിലാണ് ഇന്നത്തെ കാലഘട്ടം.

ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് രൂപപ്പെടുത്തിയ വ്യക്തിനിയമം ഇസ്ലാമിക ശരിഅത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. പുരുഷകേന്ദ്രീകൃതമാണ് മുസ്ലീം വ്യക്തിനിയമത്തിന്റെ സ്വഭാവം. അതിന്റെ ഏറ്റവും വലിയ ഉദാഹരണം വിവാഹമാണ്. വിവാഹത്തില്‍ സ്ത്രീയുടെ സമ്മതം നിര്‍ണായകമാണ്. ഇസ്ലാമും പറയുന്നത് അത് തന്നെയാണ്. എന്നാല്‍ നമ്മുടെ ഇടയില്‍ നടക്കുന്ന വിവാഹങ്ങള്‍ക്കൊന്നും സ്ത്രീയുടെ സമ്മതം വാങ്ങുന്നില്ല. വധുവിന്റെ ഒരു ഒപ്പുപോലും വേണ്ട. വധുവിന്റെ പിതാവും വരനും സാക്ഷികളുമാണ് ഒപ്പിടുന്നത്.

സ്ത്രീകളുടെ കാര്യത്തില്‍ ലിംഗ സമത്വത്തിന് വേണ്ടിയാണ് പോരാടേണ്ടത്. വിവേചനങ്ങളില്ലാത്ത അവകാശങ്ങളും അവസരങ്ങളും വേണം. ഇതൊക്കെ പറയുമ്പോള്‍ മതത്തിനെതിരാണെന്നും മതത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും പറഞ്ഞ് രംഗത്തെത്തുകയാണ് ഒരു കൂട്ടര്‍. ഇസ്ലാമിന് അകത്ത് നിന്ന് പറയേണ്ടകാര്യങ്ങള്‍ തന്നെയാണ് ഇവയെല്ലാം. അല്ലാതെ പുറത്ത് നിന്നല്ല. എങ്കില്‍ മാത്രമേ അതുകൊണ്ടു ഫലമുണ്ടാവുകയുള്ളൂ.
കുട്ടിക്കാലം കണ്ണൂരിലായിരുന്നല്ലോ? കുടുംബവും, ചെറുപ്പകാലത്തെ അനുഭവങ്ങളും എങ്ങനെയാണ് വി.പി സുഹ്റയെ സാമൂഹിക പ്രവര്‍ത്തകയാക്കി മാറ്റിത്തീര്‍ത്തത്?

കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തെ വേളാപുരമായിരുന്നു വീട്. ഒമ്പതുമക്കളില്‍ മൂന്നാമത്തവളായിരുന്നു ഞാന്‍. ഉമ്മ ആറ്റബീവി.

മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവായിരുന്നു ബാപ്പ അഹ്ദല്‍ തങ്ങള്‍. ഉമര്‍ ബാഫഖി തങ്ങളുടെ ശിഷ്യനായിരുന്നു. ഇ. അഹമ്മദിനെയൊക്കെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത് ബാപ്പയായിരുന്നു. പട്ടാളത്തില്‍ നിന്ന് തിരിച്ചെത്തിയാണ് ബാപ്പ രാഷ്ട്രീയത്തില്‍ സജീവമായത്.

മുസ്ലീം ലീഗിന്റെ കൗണ്‍സിലറൊക്കെയായിരുന്നു അദ്ദേഹം. വീട്ടില്‍ എല്ലായ്പ്പോഴും ആളുകളെത്തും. പിന്നെ അവര്‍ക്കൊപ്പമിരുന്ന് രാഷ്ട്രീയ ചര്‍ച്ചകളൊക്കെയാണ്. പിന്നീട് എന്തോ പ്രശ്നമുണ്ടായി, ബാപ്പ രാജിവെച്ചു. പാര്‍ട്ടി പുറത്താക്കി എന്നൊക്കെ പിന്നെ കേട്ടു. അതൊക്കെ ഉമ്മ പറഞ്ഞറിവാണ്.

അന്നൊന്നും അതിന്റെ ഗൗരവം അറിയില്ല. എന്നാല്‍ ഉമ്മയ്ക്ക് രാഷ്ട്രീയപരമായി എല്ലാം അറിയാം. കുടുംബജീവിതത്തില്‍ ബാപ്പ “പരാജയ”മായിരുന്നു. മക്കളേയും ഭാര്യയേയും വേണ്ടവിധം ശ്രദ്ധിക്കാനായിരുന്നില്ല. രാഷ്ട്രീയത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ. അതിന്റെയൊരു പരാജയം ഞങ്ങളും ഉമ്മയും എല്ലാം അനുഭവിച്ചിട്ടുണ്ട്.

എന്നാല്‍ ഉമ്മയാണ് എന്റെ മതത്തിന്റെ മാതൃക. ഉമ്മ എല്ലാവരേയും സ്നേഹിച്ചിരുന്നു. എല്ലാ സമുദായക്കാരേയും. എല്ലാവര്‍ക്കും കഴിയുന്ന സഹായം ചെയ്തിരുന്നു. അന്ന് സാമ്പത്തികമായി ഞങ്ങള്‍ വലിയ നിലയിലൊന്നുമായിരുന്നില്ല. അന്നത്തെ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും പോലും ഉമ്മ ആളുകള്‍ക്കൊക്കെ വീടുവെക്കാനും മറ്റുമായി ചെറിയ സഹായങ്ങള്‍ ചെയ്തിരുന്നു.

ഉമ്മയുടെ ആ നന്മയാണ് ഞാന്‍ പിന്തുടര്‍ന്നത്. അത് നല്ലതായി എനിക്ക് തോന്നി. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരേയും സ്നേഹിക്കുക, സഹായിക്കുക. അതായിരുന്നു ഉമ്മയില്‍ നിന്നുള്ള പാഠം. അതിരുകടന്ന മതവിശ്വാസത്തെ ഉമ്മ അംഗീകരിച്ചിരുന്നില്ല. വിശ്വാസത്തിന്റെ പേരില്‍ സ്ത്രീ മൂടുപടത്തിനുള്ളില്‍ ഒളിക്കുന്നതും.

അന്നത്തെ കാലത്ത് പലര്‍ക്കും നമ്മുടെ അവകാശത്തെപ്പറ്റിയും മറ്റും അറിയില്ല. ഒന്നാമത്തേത് വിദ്യാഭ്യാസത്തിന്റെ കുറവാണ്. സ്ത്രീകളൊന്നും അധികം പുറത്തുപോകില്ല. അഥവാ പോകുകയാണെങ്കില്‍ കുട പിടിച്ചാണ് പോകുക. ആ ഒരു കാലഘട്ടം അങ്ങനെയാണ്.

വാക്സിനേഷനൊക്കെ വരുമ്പോള്‍ പേടിച്ച് അട്ടത്ത് വരെ കയറിയിരിക്കും. എന്തോ ഭീകരസംഭവമാണെന്ന് വിചാരിച്ച്. അതൊരു കാലഘട്ടമാണ്. എന്റെ പത്ത് വയസിലൊക്കെയുള്ള കാര്യമാണ് ഇത്. നിസ്‌കരിക്കുക, നോമ്പ് പിടിക്കുക എന്നല്ലാതെ ഇന്നത്തെ കാലത്തുള്ളത്ര അടിച്ചമര്‍ത്തലുകളൊന്നും അന്ന് ഉണ്ടായിരുന്നില്ലെന്നാണ് തോന്നുന്നത്. പഴയകാലത്തെ സുന്നികളായിരുന്നു നല്ലതെന്ന് പലപ്പോഴും തോന്നാറുണ്ട്. എന്റെ ഉമ്മയ്ക്ക് ഇപ്പോള്‍ 90 വയസായി. ഇപ്പോഴും ഒരു നോമ്പുപോലും വിടാതെ പിടിക്കും.
ബാപ്പ രാഷ്ട്രീയപ്രവര്‍ത്തകനായതുകൊണ്ട് അന്നൊക്കെ ദിവസവും പത്രം വായിക്കും. ഞാനാണ് വീട്ടിലുള്ള മറ്റുള്ളവര്‍ക്കും വായിച്ചുകൊടുക്കുക. പിന്നെ ചില നോവലുകളൊക്കെ വായിക്കും.

അക്കാലത്ത് ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ എന്നെ കുറിച്ച് ഒരു അധ്യാപകന്‍ മോശമായി സംസാരിച്ചു. ആ അധ്യാപകനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. അന്നത് നാട്ടില്‍ വലിയ വിവാദമായി. അക്കാലത്ത് അതൊക്കെ വലിയ സംഭവമാണ്. ഇന്നാണെങ്കില്‍ മാഷുമാരെ കയറി തല്ലുക വരെ ചെയ്യും. അന്ന് അധ്യാപകര്‍ ദൈവം പോലെയാണ്. അപ്പോള്‍ അവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുക എന്നൊക്കെ പറയുന്നത് ഭയങ്കര വിഷയമാണ്. ഇത് വലിയ ഒച്ചപ്പാടുണ്ടാക്കി. അതോടെ പഠനം നിലച്ചു. നിങ്ങളുടെ ആദ്യവിവാഹം വളരെ ചെറിയ പ്രായത്തിലാണ് നടന്നതെന്ന് കേട്ടിട്ടുണ്ട്. വിവാഹമോചനവും.

ഏഴാം തരത്തില്‍ പഠനം നിലച്ച് വീട്ടിലിരിക്കുമ്പോള്‍, പതിമൂന്നാമത്തെ വയസിലാണ് ആദ്യവിവാഹം. 23 വയസുള്ള ആളെയായിരുന്നു വിവാഹം കഴിച്ചത്. വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അവരുടെ ജീവിതരീതിയും എന്റെ ചിന്താഗതിയും തമ്മില്‍ യോജിച്ചുപോകുന്നില്ലായിരുന്നു. നാല് വര്‍ഷത്തെ ദാമ്പത്യത്തിനിടെ രണ്ടുകുട്ടികളുണ്ടായി.

മാനസികമായും ശാരീരികമായും പൊരുത്തക്കേടുകള്‍ ഏറെയായപ്പോള്‍ പിരിയാന്‍ തീരുമാനിച്ചു. ബന്ധം അവസാനിപ്പിക്കണമെന്ന് അറിയിച്ച് കത്തയച്ചപ്പോഴാണ് രണ്ട് മാസം മുന്‍പേ അയാള്‍ എന്നെ ഒഴിവാക്കിയെന്ന് അറിയുന്നത്, പള്ളിയിലേക്കോ മറ്റോ കത്തയച്ചിട്ട്. ആ സമയത്ത് മകള്‍ക്ക് രണ്ട് മാസമാണ് പ്രായം. ശൈശവ വിവാഹവും വിവാഹനമോചനവും എല്ലാം 18 വയസാകുമ്പോഴേക്ക് നടന്നു.

കുട്ടികളുടെ കാര്യവും പിന്നീടത്തെ ജീവിതാനുഭവങ്ങളും വെച്ചുനോക്കുമ്പോള്‍ വിവാഹമോചനം വേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. അന്ന് കുട്ടികള്‍ അനുഭവിച്ച കുറേ പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടായിരുന്നു. വല്ലാത്തൊരു ജീവിതാന്തരീക്ഷമായിരുന്നു.

ഇപ്പോള്‍ ഓരോ കുട്ടികളുടേയും അനുഭവം കേള്‍ക്കുമ്പോള്‍ ഞാന്‍ ആലോചിക്കും, ഞാന്‍ അനുഭവിച്ചത് തന്നെയല്ലേ ഇവരും അനുഭവിക്കുന്നത് എന്ന്. അതിന്റെ ഒരു തീവ്രത നമുക്ക് മനസിലാക്കാന്‍ പറ്റും. സ്വന്തം ജീവിത അനുഭവങ്ങളിലൂടെ മാത്രമേ ആര്‍ക്കും എന്തും മനസിലാക്കാന്‍ പറ്റുകയുള്ളൂ.

ആദ്യ വിവാഹമോചനത്തിന് ശേഷം പ്രൈവറ്റായി പഠിച്ച് പത്താംതരം പൂര്‍ത്തിയാക്കി. പിന്നീട് പ്രീഡിഗ്രിയും. അതിന് ശേഷം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് നഴ്സിങും പഠിച്ചു. അന്ന് നഴ്സിങ് പഠിക്കാന്‍ പോകുന്നതിനെയൊക്കെ ബന്ധുക്കള്‍ വല്ലാതെ എതിര്‍ത്തു. എന്നാല്‍ അവളെങ്കിലും രക്ഷപ്പെടട്ടെയെന്ന് പറഞ്ഞ് ഉമ്മ പിന്തുണക്കുകയായിരുന്നു.

കോഴിക്കോട്ട് എത്തിയതിന് ശേഷമാണല്ലോ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര?

വലിയ കഥയാണത്. അന്നൊക്കെ വലിയദാരിദ്ര്യമായിരുന്നു. ജീവിക്കാനായി ഭയങ്കരമായി ബുദ്ധിമുട്ടിയ സമയം. സ്വത്ത് ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ? സ്വത്ത് നമുക്ക് കഴിക്കാന്‍ പറ്റില്ലല്ലോ. കുറേ പേര്‍ക്ക് അവകാശമുള്ളതുകൊണ്ട് വില്‍ക്കാനും കഴിയില്ല. അങ്ങനെ അമ്മാവനാണ് കോഴിക്കോടേക്ക് കൊണ്ടുവരുന്നത്. അമ്മാവന് കോഴിക്കോട് ബിസിനസാണ്. അവരാണ് ഞങ്ങള്‍ക്ക് തണലായത്. ഇവിടെ എത്തിയതിന് ശേഷമാണ് ബാപ്പ മരിക്കുന്നത്.

കെ. അജിത

പിന്നീടാണ് രണ്ടാം വിവാഹം. ഇരുപത്തിരണ്ടാമത്തെ വയസില്‍. 65 വയസായിരുന്നു അദ്ദേഹത്തിന്. വിവാഹം വേണ്ട എന്ന് ഒരുപാട് പറഞ്ഞുനോക്കി. പക്ഷേ എല്ലാവരുടേയും നിര്‍ബന്ധത്തെ എതിര്‍ക്കാന്‍ ഉമ്മയ്ക്കായില്ല. അങ്ങനെയാണ് എല്ലാവര്‍ക്കും വേണ്ടി ഒരു ത്യാഗം പോലെ ആ വിവാഹത്തിന് സമ്മതിക്കുന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മകന്‍ ജനിച്ചു. അത് കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം കിടപ്പിലായി. 11 വര്‍ഷം അദ്ദേഹം രോഗശയ്യയിലായി.

മുസ്ലീങ്ങള്‍ക്കിടയിലും ജാതീയത ഉണ്ട്. പ്രത്യേകിച്ച് തങ്ങള്‍മാരുടെ ഇടയില്‍. തങ്ങള്‍മാരുടെ ഇടയിലുള്ള അയിത്തം ഭയങ്കരമാണ്. തങ്ങള്‍മാര്‍ നമ്പൂതിരിമാരെപ്പോലെയാണ്. തങ്ങള്‍മാരല്ലാത്തവരെ ചെരുപ്പിട്ട് അകത്ത് കയറാന്‍ സമ്മതിക്കില്ല.

തങ്ങള്‍മാരല്ലാത്തവരെ പൊതുവെ അവര്‍ മലബാറികള്‍ എന്നാണ് വിളിക്കുക. തങ്ങള്‍മാരായായ ആണുങ്ങള്‍ക്ക് മലബാറി സ്ത്രീകളെ വിവാഹം കഴിക്കാം. അതില്‍ ആണ്‍കുട്ടി ഉണ്ടാവുകയാണെങ്കില്‍ ആ കുട്ടി തങ്ങളാവുമല്ലോ. തങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മലബാറികളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. അതില്‍ വ്യത്യസ്തമായി നടന്ന ഒരുപക്ഷേ ആദ്യ വിവാഹങ്ങളില്‍ ഒന്നാണ് എന്റെ മകളുടേത്.

പുയിസ്ലാമാര്‍ എന്ന പുതുതായി ഇസ്ലാമിലേക്ക് വന്നവരോട് വിവേചനമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെയൊക്കെ വളരെ പുച്ഛത്തോടെയാണ് കാണുന്നത്. അവരെ മറ്റുള്ളവര്‍ വിവാഹം കഴിക്കില്ല. ഒസ്സാന്‍മാരോടും(ബാര്‍ബര്‍മാര്‍) ഭയങ്കര അയിത്തമാണ്. അവരെ മറ്റുള്ളവര്‍ അടുപ്പിക്കില്ല. ഇവരെയൊക്കെ സാധാരണ മുസ്‌ലീങ്ങള്‍ താഴ്ന്ന ജാതിക്കാരായിട്ടായിരുന്നു കണ്ടിരുന്നത്.

പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്?

പൊതുപ്രവര്‍ത്തനത്തിന്റെ ആരംഭം 1975 ലാണ്. അതിന് മുന്‍പേ ടെയ്ലറിങ് ഒക്കെ തുടങ്ങിയിരുന്നു. ആ വര്‍ഷം തന്നെയാണ് കോഴിക്കോട് വലിയങ്ങാടിയില്‍ തയ്യല്‍പരിശീലന കേന്ദ്രവും വനിതാ സഹകരണസംഘവും ആരംഭിക്കുന്നത്.

വനിതകള്‍ കാര്യമായി പൊതുരംഗത്ത് വരാത്ത കാലമായിരുന്നു അത്. അന്നൊന്നും സ്ത്രീകള്‍ വ്യവസായത്തിനൊന്നും ഇറങ്ങില്ല. അതുകൊണ്ടു തന്നെ വനിതകളുടെ സമാജത്തിനൊപ്പം സ്ത്രീകളുടെ സംരംഭവും വിമണ്‍സ് ഇന്‍ഡസ്ട്രീസും തുടങ്ങി. തയ്യല്‍പരിശീലന കേന്ദ്രവും പിന്നീട് റെഡിമെയ്ഡ് വസ്ത്രനിര്‍മാണവും ആരംഭിച്ചു. തയ്യല്‍പരിശീലന കേന്ദ്രം കുറേ വര്‍ഷം മുന്നോട്ട് പോയി. പക്ഷേ നഷ്ടമല്ലാതെ ലാഭമൊന്നും ഉണ്ടായിരുന്നില്ല.

ആ സമയത്താണ്, 1975 ല്‍ വിമണ്‍സ് ഇന്‍ഡസ്ട്രീസ് കോപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചത്. ഭര്‍ത്താവിന്റെ അസുഖവും കുടുംബത്തിലെ ചില പ്രശ്നങ്ങളും കാരണം അതുമായി സഹകരിച്ചുപോകാന്‍ പിന്നീട് കഴിഞ്ഞില്ല. സൊസൈറ്റി മുന്നോട്ടുപോയി. ഇപ്പോഴും അത് പ്രവര്‍ത്തിക്കുന്നുണ്ട്. സി.പി.ഐ.എം നിയന്ത്രണത്തിലാണ് സൊസൈറ്റി ഇപ്പോള്‍.

സ്ത്രീവിമോചനസംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമാകുന്നത് എങ്ങനെയാണ്?
ബോധനയിലൂടെയായിരുന്നു പ്രവര്‍ത്തന രംഗത്ത് സജീവമാകുന്നത്. 1986 നവംബറിലാണ് ഭര്‍ത്താവിന്റെ മരണം. അതിന് ശേഷമായിരുന്നു അത്. വിപ്ലവപ്രവര്‍ത്തനത്തിന്റെ നാളുകള്‍ പിന്നിട്ട് അജിത വന്ന സമയമായിരുന്നു. അങ്ങനെ ഒരു ദിവസം അജിതയെ പോയി കണ്ടു. ഞാനും അജിതയും ഗംഗയുമായിരുന്നു ബോധനയുടെ തുടക്കക്കാര്‍.

പിന്നീട് ആളുകളൊക്കെ കൂടി. ആ സമയത്താണ് വലിയങ്ങാടിയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുടെ പ്രശ്നം വരുന്നത്. ആ സ്ത്രീയെ രാവും പകലും ജോലി ചെയ്യിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും പിന്നീട് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആ വിഷയത്തില്‍ ഞങ്ങള്‍ ഇടപെട്ടു.

ആ സമയത്ത് അജിതയ്ക്കുള്ള ഇമേജുണ്ടല്ലോ. അതുംകൂടിയായപ്പോഴേക്കും അവര്‍ പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കാന്‍ തയ്യാറായി. സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയ ആ സ്ത്രീയ്ക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പാക്കാനും അര്‍ഹമായ കൂലി വാങ്ങിച്ചുകൊടുക്കാനും കഴിഞ്ഞു. അങ്ങനെ രാവും പകലും ബോധനയില്‍ സജീവമായി.

അതുകഴിഞ്ഞാണ് കുഞ്ഞിബീ പ്രശ്നം ഉണ്ടാകുന്നത്. ലൈംഗിക തൊഴിലാളിയായ അവര്‍ പൊലീസ് സ്റ്റേഷനില്‍വെച്ചാണ് മരണപ്പെട്ടത്. അവരുടെ മൃതദേഹം കബറടക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. പ്രശ്നത്തില്‍ ബോധന ഇടപെട്ടു.

കുഞ്ഞിബീയുടെ സുഹൃത്തുക്കളായ സ്ത്രീകളേയും സംഘടിപ്പിച്ച് കോഴിക്കോട്ടെ മിഠായിതെരുവ് വഴി പ്രകടനം നടത്തി. 87-88 സമയത്തായിരുന്നു. എന്നെ സംബന്ധിച്ച് അത് ചെറിയ ഇടപെടലായിരുന്നില്ല. കുടുംബത്തിലെ പലര്‍ക്കും എസ്.എം സ്ട്രീറ്റില്‍ കച്ചവടസ്ഥാപനങ്ങളുണ്ടായിരുന്നു. അമ്മാവനുള്‍പ്പെടെ. കുടുംബത്തില്‍ വലിയ എതിര്‍പ്പുകളും പൊട്ടിത്തെറിയും ഉണ്ടായി.

പിന്നീടാണ് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സമരം വരുന്നത്. ആദ്യത്തേത് തുറപ്പിക്കാന്‍ വേണ്ടിയുള്ള സമരം, തൊഴിലാളികള്‍ക്ക് ജോലി കൊടുക്കാന്‍ വേണ്ടിയായിരുന്നു സമരം നടത്തിയത്. 48 മണിക്കൂര്‍ നിരാഹാരമൊക്കെ കിടന്നിരുന്നു. അന്ന് മകളുടെ വിവാഹമൊന്നും കഴിഞ്ഞിട്ടില്ല. ഞാന്‍ നിരാഹാരം കിടന്ന് അവശയായി വരുമ്പോഴാണ് മകളുടെ വിവാഹനിശ്ചയം തീരുമാനിക്കുന്നത്.

മനുഷ്യാവകാശ പ്രശ്നങ്ങളിലും തൊഴിലാളി പ്രശ്നങ്ങളിലും ഇടപെടാതിരിക്കാന്‍ നമുക്കാവില്ല. സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ പ്രചാരണത്തിന് കേരളം മുഴുവനും വാഹന ജാഥ നടത്തിയപ്പോഴാണ് ഞാന്‍ അനുഭവിച്ചതുപോലുള്ള വിഷമങ്ങള്‍ അതിനേക്കാളെറെ ഇരട്ടിയായി അനുഭവിക്കുന്ന നിരവധി സ്ത്രീകളെ കണ്ടത്.

പല മുസ്ലീം സ്ത്രീകളേയും നിസ്സഹായരാക്കിയത് ബഹുഭാര്യാത്വവും മതത്തിന്റെ പേരില്‍ നടക്കുന്ന നീതിനിഷേധവും തന്നെയാണ്. അത്തരം പല സംഭവങ്ങളിലും നേരിട്ട് ഇടപെട്ട് നിയമസഹായം ഉറപ്പാക്കി. ഇറങ്ങിപ്പോവണമെന്ന് ഭര്‍ത്താവ് പറഞ്ഞാല്‍ പറ്റില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സ്ത്രീകള്‍ക്ക് ധൈര്യംകൊടുത്തു.

നിസയുടെ പിറവി?

1990 കളിലാണ് കേരള സ്ത്രീ വിമോചന പ്രസ്ഥാനം കോഴിക്കോട് ദേവഗിരി കോളേജില്‍ വെച്ച് സ്ത്രീവിമോചന സംഘടനകളുടെ ഒരു ദേശീയ തല കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സമ്മേളനം അവസാനിച്ചതോടെ വലിയ ആരോപണങ്ങളും അപവാദങ്ങളുമുണ്ടായി.

സാമ്പത്തിക പ്രതിസന്ധി വല്ലാതെ അലട്ടി. തിരുവനന്തപുരത്തും കൊച്ചിയിലുമായി വിവിധ ജോലികള്‍ ചെയ്തു. എങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനായില്ല. നഴ്സിങ് പഠിച്ചതുകൊണ്ട് ഗള്‍ഫില്‍പോയി കുറച്ചുകാലം ജോലിചെയ്യാന്‍ തീരുമാനിച്ചു. രണ്ട് വര്‍ഷം അവിടെ ജോലി ചെയ്തു. അപ്പോഴേക്കും ഏതാണ്ട് സാമ്പത്തികപ്രശ്നങ്ങളൊക്കെ പരിഹരിച്ചു.

പക്ഷേ ഗള്‍ഫില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ട് കാണുകയും മനസിലാക്കുകയും ചെയ്തിരുന്നു. സ്ത്രീ സംഘടനാ പ്രവര്‍ത്തനം ശക്തമായി തുടരണമെന്ന തീരുമാനത്തോടെയായിരുന്നു അവിടെ നിന്നും തിരിച്ചത്.

1996-97 കാലത്ത് കേരള വനിതാ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടു. കോഴിക്കോട് നടന്ന പ്രഥമ സിറ്റിങ്ങില്‍ മുസ് ലീം സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടു. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സുഗതകുമാരി അനുഭാവപൂര്‍വം കേള്‍ക്കാന്‍ തയ്യാറായി. കേരളത്തിലെ മിക്ക വനിതാ സംഘടനകളേയും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും അന്ന് ഉണ്ടായിരുന്നു.

എന്നാല്‍ വനിതാ കമ്മീഷന്റെ സിറ്റിങ്ങില്‍ മുസ്ലീം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്കെടുത്തത് ഇവരെ പ്രകോപിപ്പിച്ചു. വനിതാ കമ്മീഷന്റെ ചെയര്‍പേഴ്‌സണ്‍ എന്നതിലുപരിയായി ഒരു ഹിന്ദുസ്ത്രീയായി മാത്രമാണ് അവര്‍ സുഗതകുമാരിയെ കണ്ടത്.

വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ അവര്‍ക്ക് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവകാശമുണ്ട്. അവരുമായുള്ള മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ അവിടെ നില്‍ക്കട്ടെ. നായര്‍ സ്ത്രീയായ നിങ്ങള്‍ എന്തിനാണ് മുസ്ലീങ്ങളുടെ വിഷയം ചര്‍ച്ച ചെയ്യുന്നത് എന്ന് ചോദിച്ചായിരുന്നു പ്രശ്‌നം. അതിന് ശേഷമാണ് നമ്മുടെ കാര്യങ്ങള്‍ നമ്മള്‍ തന്നെ പറയണമെന്ന് തോന്നിയത്. അങ്ങനെയാണ് നിസയുടെ പിറവി.

1997 ജൂണ്‍ 16 ന് മലപ്പുറം മഞ്ചേരിയിലാണ് നിസയുടെ തുടക്കം. സ്ത്രീയുടെ അറബി വാക്കാണ് നിസാഅ്. നിസാഅ് എന്നായിരുന്നു തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഞങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചറിഞ്ഞ് ഉത്തരേന്ത്യയില്‍ നിന്നുള്ള പ്രമുഖ നേതാവും എം.പിയുമായ സയ്യിദ് ശിഹാബുദ്ദീന്‍ ഞങ്ങള്‍ക്കൊരു കത്തെഴുതി. അദ്ദേഹമാണ് നിസാഅ് എന്നുള്ളത് മാറ്റി നിസ എന്ന് മതിയെന്ന് നിര്‍ദേശിക്കുന്നത്. ഖുര്‍ ആനില്‍ നിസ എന്ന പേരില്‍ ഒരു അധ്യായം തന്നെയുണ്ട്.

വ്യക്തിനിയമങ്ങളില്‍ ജനാധിപത്യപരമായ മാറ്റം അതായിരുന്നു നിസയുടെ രൂപീകരണയോഗം മുന്നോട്ടുവെച്ച ആദ്യ ആവശ്യം. പുരോഗമനപരമായി ചിന്തിക്കുന്ന നിസ തുടക്കത്തില്‍ തന്നെ പലരുടേയും കണ്ണിലെകരടായി. ഖുര്‍ ആനിലും ഇസ്ലാമിക ശരിഅത്തിലും പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായാണ് രാജ്യത്തെ മുസ്ലീം വ്യക്തിനിയമമെന്ന് നിസ ചൂണ്ടിക്കാണിച്ചതായിരുന്നു അതിന്റെ പ്രധാനകാരണം.

വ്യക്തിനിയമങ്ങളില്‍ ജനാധിപത്യപരമായ മാറ്റം ആവശ്യപ്പെട്ട് വനിതാ കമ്മീഷന് നിവേദനവും നല്‍കിയിരുന്നു. അവരുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമായിരുന്നെങ്കിലും നിസയുടെ നയ പ്രഖ്യാപനമായിരുന്നു ആ നിവേദനം. ഇസ്ലാം മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്യാതെ തന്നെ നടപ്പാക്കാവുന്ന നിര്‍ദേശങ്ങളായിരുന്നു അവയില്‍ പലതും.


എന്തൊക്കെയായിരുന്നു അന്ന് നിസ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍?

ബാലവിവാഹം തടയുന്നതിന് മുഴുവന്‍ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യുക, ബഹുഭാര്യാത്വത്തിനുള്ള അനുമതി നിബന്ധനകള്‍ക്ക് വിധേയമാക്കുക, വിവാഹമോചനം കുടുംബകോടതി മുഖേനയാക്കുക, വധുവിന്റെ പിതാവും വരനും മാത്രം ഇടപെടുന്ന ഇന്നത്തെ വിവാഹരീതി മാറ്റി വധുവിന് കൂടി പങ്കാളിത്തമുള്ള വിവാഹരീതി അംഗീകരിക്കുക, സ്ത്രീകള്‍ക്ക് വിവാഹ മോചനം നടത്താനുള്ള അനുമതി ക്രമങ്ങള്‍ ലഘൂകരിക്കുക, സ്വത്തവകാശത്തില്‍ സ്ത്രീ പുരുഷ സമത്വം അനുവദിക്കുക, പെണ്‍മക്കള്‍ മാത്രമുള്ളവരുടെ കുടുംബസ്വത്ത് സ്വന്തം മക്കള്‍ക്ക് മാത്രം ലഭ്യമാക്കുക, മുത്തച്ഛന്‍ ജീവിച്ചിരിക്കെ മകന്‍ മരിച്ചാല്‍ പേരക്കുട്ടിക്ക് കുടുംബസ്വത്തില്‍ അവകാശം നിഷേധിക്കുന്ന നിയമം ഭേദഗതി ചെയ്യുക, ചടങ്ങ് വിവാഹം നിരോധിക്കുക, ഇപ്പറഞ്ഞ കാര്യങ്ങളനുസരിച്ചുള്ള കുടുംബനിയമങ്ങള്‍ വ്യക്തിനിയമത്തില്‍ ഭേദഗതി ചെയ്യുക തുടങ്ങിയവയായിരുന്നു അത്.

മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ച് മലബാറില്‍ ചെറുതല്ലാത്ത ചലനമുണ്ടാക്കിയിരുന്നു. അവരില്‍ പലരും മനസില്‍ കൊണ്ടുനടന്ന ആവശ്യങ്ങളായിരുന്നു നിസയിലൂടെ ഉന്നയിക്കപ്പെട്ടത്. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ തന്നെ സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങല്‍ും ഇടപെട്ടാണ് നിസ മുന്നോട്ടുപോയത്. എവിടെ നിന്നെങ്കിലും ഫണ്ട് ശേഖരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടയുമല്ല നിസ. ഓരോ ഘട്ടത്തിലും ആവശ്യം വരുന്ന പണം സ്വന്തംനിലയ്ക്ക് ശേഖരിക്കുകയാണ് പ്രവര്‍ത്തകര്‍.

നിസയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായിരുന്നല്ലോ അറബികല്യാണത്തിനെതിരെയുള്ള പോരാട്ടം, അത്തരം അറബികല്യാണങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടോ?

അറബികല്യാണങ്ങള്‍ ഇപ്പോള്‍ അത്ര വ്യാപകമായിട്ട് നടക്കുന്നില്ല. ഒരു സമയത്ത് കോഴിക്കോടൊക്കെ നിരവധി അറബികല്യാണങ്ങള്‍ നടന്നിരുന്നു. ഞാനൊരു പുസ്തകത്തില്‍ അതിനെ കുറിച്ച് എഴുതിയിട്ടുണ്ട്. അറബികല്യാണം അനുഭവം എന്ന പേരില്‍.

സന്ദര്‍ശക വിസയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് കേരളത്തിലെത്തുന്ന അറബികള്‍ ദരിദ്രവീട്ടിലെ പെണ്‍കുട്ടികളെയായിരുന്നു വിവാഹം ചെയ്തിരുന്നത്. രണ്ടോ മൂന്നോ മാസമായിരിക്കും അവര്‍ ഇവിടെ തങ്ങുക. ചില കുടുംബങ്ങളുടെ ബുദ്ധിമുട്ട് മുതലെടുത്ത് ഇതിനായി ചില ഏജന്റുമാരും പ്രവര്‍ത്തിച്ചിരുന്നു.

പിന്നീട് ചെറിയ കുട്ടികളെ വരെ വിവാഹം കഴിക്കാന്‍ തുടങ്ങി. അറബികള്‍ വന്ന് വിവാഹം കഴിക്കുന്നത് ഇവര്‍ക്ക് ആഘോഷമായിരുന്നു. ഇവര്‍ കരുതിയിരിക്കുന്നത് അറബി വിവാഹം കഴിക്കുന്നത് എന്തോ പുണ്യമാണെന്നാണ്. വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാകില്ല. 1974-79 കാലഘട്ടത്തിലാണ് അത് കൂടുതല്‍.

വിവാഹത്തിനായി പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത് തന്നെ പ്രത്യേക രീതിയിലാണ്. പെണ്‍കുട്ടികളെ നിരത്തി നിര്‍ത്തും. എന്നിട്ട് അവരുടെ തലമുടി മുതല്‍ കാല് വരെ നോക്കും അതിന് ശേഷമാണ് വിവാഹം. വീടുവെച്ചുകൊടുക്കും, കൂടെ കൊണ്ടുപോകുമെന്നൊക്കെ പറഞ്ഞാണ് വിവാഹം ചെയ്യുന്നത്. എന്നാല്‍ ഇതൊന്നും സംഭവിക്കില്ല. ഇങ്ങനെ വിവാഹം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും വേറെ ഭാര്യയും മക്കളും ഉള്ളവരായിരിക്കും.

ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന പെണ്‍കുട്ടിക്ക് പിന്നെ ജീവിതമില്ല. അവള്‍ പെരുവഴിയിലാണ്. മൈസൂരില്‍ നിന്നും കേരളത്തിലെത്തി പെണ്‍കുട്ടികളെ വിവാഹം ചെയ്ത് കൊണ്ടുപോയി പിന്നെ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന സംഭവങ്ങളുമുണ്ടായിരുന്നു. അത്തരം കേസുകളില്‍ ഇടപെടാനും നീതി ലഭ്യമാക്കാനും സാധിച്ചിരുന്നു.

പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിനെ ആളുകള്‍ എങ്ങനെയാണ് കണ്ടിരുന്നത്. പ്രത്യേകിച്ചും ഈ ഫെമിനിസ്റ്റ് മൂവ്മെന്റ്?

എന്റെ മക്കളുടെ വിവാഹത്തിനൊക്കെ ഞാന്‍ നക്സലെറ്റ് ആണ് എന്നൊക്കെയുള്ള പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ദൈവവും മതവും ഇല്ലാത്ത പാര്‍ട്ടികളാണെന്ന് പറഞ്ഞായിരുന്നു ചിലരുടെ പ്രസംഗങ്ങളൊക്കെ. അജിതയെപ്പോലെയുള്ള ഒരാള്‍ക്കൊപ്പം ഒരു മുസ്ലീം സ്ത്രീ ആയതുകൊണ്ടാണ് അവര്‍ പ്രകോപിതരായത്.

കുട്ടികളൊക്കെ ചെറുപ്പം മുതലേ എന്നെ കുറ്റം പറഞ്ഞാണ് കേള്‍ക്കുന്നത്. അവരുടെയൊക്കെ മനസില്‍ അതാണ് ഉണ്ടാവുക. ഉമ്മയെ അടക്കിനിര്‍ത്തണമെന്നാണ് കുട്ടികളോട് പറഞ്ഞുകൊടുത്തിരുന്നത്. ബോധനയുടെ സമയത്തുള്ള കുറേ അനുഭവങ്ങളുണ്ട്. ഒരുപാട് സ്ത്രീകള്‍ ആത്മഹത്യ ചെയ്യുക, കൊലപാതകത്തിന് ഇരയാകുക ഇതൊന്നും ആരും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. നമ്മുടെ അടുത്ത് കേസ് വരും. അത് അന്വേഷിക്കും. പിന്നീട് അങ്ങോട്ട് പോകുകയും ഇടപെടുകയും ചെയ്യും.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിപ്പുറം മുസ്ലീം പെണ്‍കുട്ടികള്‍ പഠനത്തിന് മുന്നോട്ടുവരുന്നുണ്ട്. നിങ്ങളുടെ കാലത്തൊക്കെ എങ്ങനെയായിരുന്നു?

അന്നൊക്കെ ഏഴോ എട്ടോ വരെയാണ് പഠിക്കുക, അത് തന്നെ രക്ഷിതാക്കളുടെ പിന്തുണയുള്ളതുകൊണ്ട്. അപൂര്‍വം ചിലര്‍ ഡോക്ടര്‍മാരാകും. അക്കാലത്ത് നല്ല സൗഹൃദബന്ധമുണ്ടായിരുന്നു. അടുത്ത വീടുകളുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. ഇപ്പോള്‍ തൊട്ടടുത്ത വീട്ടില്‍ ഒരാള്‍ മരിച്ചാല്‍ പോലും അറിയില്ല

ഇന്ന് വിദ്യാഭ്യാസപരമായി പെണ്‍കുട്ടികള്‍ മുന്നോട്ടുവരുന്നുണ്ടെങ്കില്‍ പോലും ഭൂരിഭാഗം പെണ്‍കുട്ടികളും പര്‍ദ്ദയുടേയും മതസംഘടനകളുടെ നിയന്ത്രണത്തിലുമാണ്.

പഠിച്ചുമുന്നോട്ടുവരുന്നുണ്ടെങ്കിലും ജോലി വേണം എന്ന നിലയിലേക്ക് പലരും പോകുന്നില്ല. പഠിക്കുക അത് കഴിഞ്ഞാല്‍ അത് വിടുക. ജോലി കിട്ടുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസത്തെ കാണുന്ന വളരെ ചുരുക്കം ചിലയാളുകള്‍ മാത്രമാണ് ഉള്ളത്. ജോലിയെടുക്കാനും സ്വന്തം കാലില്‍ നിന്ന് എന്തെങ്കിലും ചെയ്യണമെന്ന് ചിന്തിക്കുന്നവരും വളരെ കുറവാണ്.

അത് കൂടാതെ വിദ്യാഭ്യാസമുള്ള കുറേ കുട്ടികളെ കാണുമ്പോഴും അതില്‍ വളരെ ചുരുങ്ങിയ ആളുകള്‍ മാത്രമാണ് അല്പമെങ്കിലും പുരോഗമനപരമായി ചിന്തിക്കുന്നുള്ളൂ. പകുതി സ്വത്ത് എന്നതുപോലും ദൈവത്തിന്റെ ഗിഫ്റ്റാണെന്ന് പറയുന്ന രീതിയിലേക്ക് പെണ്‍കുട്ടികള്‍ മതത്തിന് അധിഷ്ഠിതമായി പോകുന്നു എന്നാണ് തോന്നുന്നത്.

ഇന്ന് സമുദായത്തില്‍ വിദ്യാഭ്യാസമുള്ള കുട്ടികള്‍ വരുന്നുണ്ട്. പക്ഷേ അവരൊക്കെ പറയുന്ന ചില കാര്യങ്ങള്‍ കേട്ടാല്‍ ഞെട്ടിപ്പോകും. ഈ രീതിയിലുള്ള വിദ്യാഭ്യാസം കിട്ടിയിട്ടെന്താ കാര്യം? കുറേ ഇംഗ്ലീഷ് പറഞ്ഞതുകൊണ്ടൊക്കെ കാര്യമുണ്ടോ? ബുദ്ധിവികസിക്കണം. അതെങ്ങനെയാ ചെറുപ്പം മുതല്‍ അടിച്ചമര്‍ത്തുകയല്ലേ..നമ്മുടെ ലോകം എങ്ങോട്ടാണ് പോകുന്നത്? കുറച്ചൊക്കെ പുരോഗമനം വേണ്ടേ? മതത്തിന്റെ പേരില്‍ എന്തുമാകാമെന്നാണോ?

മുജാഹിദും ജമാഅത്തെ ഇസ്ലാമിയുമൊക്കെ പുരോഗമനം പറയുക മാത്രമാണ്. മനുഷ്യാവകാശ സംഘടനയിലൊക്കെ കാണും ഇവരുടെ ഇടപെടലുകള്‍. ഈ ഇടപെടലുകള്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ്.

ടിവി കാണാന്‍ പാടില്ല പത്രംവായിക്കാന്‍ പാടില്ല. പാട്ടുപാടാന്‍ പാടില്ല അങ്ങനെ ഒരു വിഭാഗം. ഇരട്ട പ്രസവിച്ചതില്‍ ഒരു കുഞ്ഞിന് ബുദ്ധിമാന്ദ്യമുണ്ട്. അതുകൊണ്ട് അതിന്റെ പിതാവ് സ്വര്‍ഗത്തില്‍ പോവും. എനിക്കും അങ്ങനെയൊരു കുഞ്ഞ് ഉണ്ടായില്ലല്ലോയെന്ന് സങ്കടപ്പെടുന്ന സഹോദരന്‍. വിശ്വാസം നല്ലതാണ്. എന്നാല്‍ അതിരുകടക്കുമ്പോള്‍ പ്രശ്നം തന്നെയാണ്.

ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത് സ്ത്രീകളാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും വിവാഹത്തിന്റെ കാര്യത്തിലായാലും വിവാഹമോചനത്തിന്റെ കാര്യത്തിലായാലും സ്വത്ത് അവകാശത്തിന്റെ കാര്യത്തിലായാലും സ്ത്രീയ്ക്ക് ഒരു അധികാരവുമില്ല.

കോഴിക്കോട് നിന്നാണല്ലോ പെണ്‍കുട്ടികളുടെ ചേലാകര്‍മത്തെ കുറിച്ചുള്ള വാര്‍ത്തയും വന്നത്. അത് വാര്‍ത്തയില്‍ പറയുന്ന വിധത്തില്‍ വ്യാപകമാണോ?

സമ്പൂര്‍ണ സാക്ഷരകേരളത്തില്‍, പ്രത്യേകിച്ച് കോഴിക്കോട് ചേലാകര്‍മ്മമെന്ന അതി പ്രാകൃത ആചാരം നടക്കുന്നുണ്ട് എന്നത് ഞെട്ടിക്കുന്നതായിരുന്നു. മതവിശ്വാസത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കുനേരെ എന്ത് അതിക്രമവും നടത്താമെന്നതിന്റെ തെളിവാണിത്. ഇത് മനുഷ്യാവകാശ ലംഘനവും ബാലാവകാശങ്ങളുടെ ലംഘനവുമാണിത്. ഈ പ്രാകൃതാചാരം നിയമനിര്‍മ്മാണം വഴി നിര്‍ത്തലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം തന്നെ ഇസ്ലാമില്‍ കര്‍ശനമല്ല. ഇത് യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്ക് നേരയുള്ള അതിക്രമമാണ്. കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം സംസാരിക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം ആചാരങ്ങള്‍ നിര്‍ത്തലാക്കേണ്ട കാലം കഴിഞ്ഞു.

സ്വന്തം അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു പെണ്‍കുട്ടി മുന്നോട്ട് വന്നു എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. നേരത്തെ ഇത്തരം വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും കൃത്യമായ തെളിവുകളുണ്ടാകാത്തതിനാല്‍ നടപടിയെടുക്കാനായിരുന്നില്ല.

ഖുര്‍ആനിലോ മറ്റ് മതഗ്രന്ഥങ്ങളിലോ ചേലാകര്‍മ്മത്തെക്കുറിച്ചോ അതിന്റെ ആവശ്യകതയെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല എന്നതാണ് ഇതിന്റെ വൈരുദ്ധ്യം. നരഹത്യയുടെ പേരിലും, പ്രാചീന ശിക്ഷാവിധിയുടെ ഭാഗമാണെന്നുമൊക്കെ പറയപ്പെടുന്ന ഈ ദുരാചാരങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ അടിച്ചേല്‍പിക്കുന്നത് നീതീകരിക്കാനാവില്ല.

കുട്ടികളുടെ ശരീരത്തിന്റെ ഭാഗങ്ങള്‍ മുതിര്‍ന്നവരുടെ വിശ്വാസപൂര്‍ണതയ്ക്ക് വേണ്ടി അറുത്തുമാറ്റുകയാണ് ചെയ്യുന്നത്. അതിന്റെ ഭീകരത എത്രത്തോളം വലുതാണ് എന്നതില്‍ ഇവര്‍ അജ്ഞരുമാണ്.

പര്‍ദ്ദ ഖാദിയില്‍ പുറത്തിറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിക്കുകയുമുണ്ടായല്ലോ? എന്താണ് കാരണം?

പര്‍ദ്ദ ഇപ്പോള്‍ ഖാദിയില്‍ വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപാര പുരോഗതിയ്ക്കുവേണ്ടി ഗാന്ധിജിയുടെ സ്മരണക്കായി നിലകൊളളുന്ന സ്ഥാപനത്തില്‍ ഗാന്ധിയന്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി പര്‍ദ്ദ പോലുളള വസ്ത്രം നിര്‍മ്മിക്കുമ്പോള്‍ അത് ഗാന്ധിജിയെ മറന്നുകൊണ്ടാവരുത്. ഖാദി ഇപ്പോള്‍ കച്ചവടവത്ക്കരിക്കപ്പെടുന്ന സ്ഥിതിയുണ്ട്. അത് അംഗീകരിച്ചുകൊടുക്കാന്‍ പറ്റില്ല.

പര്‍ദ്ദ എന്ന വസ്ത്രം സ്ത്രീകളെ അടിച്ചമര്‍ത്താനുളള ഒരു ഉപകരണമാണെന്ന് പുരോഗമനപരമായി ചിന്തിക്കുന്നവര്‍ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉന്നയിക്കുന്നുണ്ട്. മത യാഥാസ്ഥിതികര്‍ സ്ത്രീകള്‍ക്കും ചെറുപ്രായത്തിലുളള കുഞ്ഞുങ്ങള്‍ക്കുമിടയില്‍ മൂടുപട മണിയിച്ച് ഒതുക്കി നിര്‍ത്താന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്കാണ് നാം തിരിച്ചുപോകുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. നമ്മളൊക്കെ ഒളിഞ്ഞിരിക്കേണ്ട ആളുകളാണെന്ന ചിന്ത കൊച്ചുകുഞ്ഞുങ്ങളുടെ മനസില്‍ വരെ വളര്‍ത്തിയെടുക്കുകയാണ്. പര്‍ദ്ദയെ ഒരു വസ്ത്രമായി അംഗീകരിക്കാന്‍ പറ്റുമോ? ഇല്ലല്ലോ. അങ്ങനെ വസ്ത്രമായി അംഗീകരിപ്പിക്കാന്‍ വേണ്ടിയാണ് അതിനെ ഖാദിയിലേക്ക് കൊണ്ടുവരുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പുളള പല വസ്ത്രധാരണരീതികളും സമരങ്ങളില്‍ കൂടി നാം മാറ്റി എടുക്കുകയായിരുന്നു. പിന്നോക്ക വിഭാഗങ്ങളിലുളള സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടാകുന്നത് മാറുമറയ്ക്കല്‍ സമരത്തിലൂടെയാണ്. എന്നാല്‍ പഴയ കാലത്തെ വസത്രമെന്ന് പറഞ്ഞ് അവയൊക്കെ തിരിച്ചു കൊണ്ടു വരുവാന്‍ നാം തയ്യാറാകുമോ?

“സതി പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് പര്‍ദ്ദ എന്നും, ഹിന്ദു പര്‍ദ്ദയായാലും ഇസ്ലാം പര്‍ദ്ദയായാലും ചാരിത്ര്യം സംരക്ഷിക്കാനാവില്ലെന്നും ഗാന്ധിജി തന്നെ പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ചാരിത്ര്യത്തെകുറിച്ചുളള രോഗാതുരമായ ആകാംക്ഷയാണ് വസ്ത്രം കൊണ്ട് സ്ത്രീക്ക് ചുറ്റും ഒരു ഭിത്തിയുണ്ടാക്കുന്നത്. എന്ത് കൊണ്ടാണ് സ്ത്രീയുടെ പരിശുദ്ധിയെക്കുറിച്ച് മാത്രം അതിരു കവിഞ്ഞ ആശങ്ക?”

പര്‍ദ്ദയെ സംബന്ധിച്ചുളള ഗാന്ധിജിയുടെ ഇത്തരം വാദങ്ങള്‍ നില നില്‍ക്കെ ഖാദിപോലുളള സ്ഥാപനത്തില്‍ പര്‍ദ്ദ പ്രചരിപ്പിക്കുന്നത് വഴി സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ക്ക് സര്‍ക്കാര്‍ തന്നെ പ്രോത്സാഹനം നല്‍കുകയാണ്. പുരോഗമനപരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ഇടതുപക്ഷ ഗവര്‍മെന്റ് തന്നെ അതിനെ പിന്തുണയ്ക്കുന്നു. വനിതാ കമ്മീഷനൊക്കെ എന്താണ് നോക്കിയിരിക്കുന്നത്? ഇത് തടയാന്‍ സര്‍ക്കാരും ഖാദിവ്യസായത്തിന്റെ മേല്‍നോട്ടം വഹിക്കുന്നവരും തയ്യാറാവണം.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more