വയനാട് ജില്ലയിലെ പനമരത്തെ നീര്‍വ്വാരം സ്വദേശിനി വിനീതയെ മറ്റ് പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി വീടുകളിലേക്ക് തിരിച്ചു പോകുന്ന സമുദായത്തിന് അകത്തു നിന്നു കൊണ്ടാണ് വിനീത മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ ഡിഗ്രി പഠനവും, കാസര്‍കോട് പാലയാട് കോളേജിലെ എം.എ പഠനവും പൂര്‍ത്തിയാക്കിയത്.
വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്ന സമുദായങ്ങളില്‍ ഒന്ന് കാട്ടുനായ്ക്ക വിഭാഗമാണ്. വിനീത ആ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുട്ടിയും. സാമുദായികമായും സാമ്പത്തികമായും വയനാടന്‍ ജനത അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളേയും അഭിമുഖീകരിച്ചു കൊണ്ടാണ് വിനീത പഠനത്തില്‍ ഇത്രയും മുന്നോട്ട് കുതിക്കുന്നത്. മാനന്തവാടി തോണിച്ചാല്‍ ബി.എഡ് കോളേജില്‍ അധ്യാപന പഠനം നടത്തുന്ന അവള്‍ കോളേജ് യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയുന്നത് മുതലാണ് വിനീതയെ സമൂഹം തിരിച്ചറിയുന്നത്.
ജീവിതത്തിലും പഠനത്തിലും വിനീത അടക്കമുള്ള വയനാട്ടിലെ വിവിധ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അഭിമുഖീകരിച്ച വിഷയങ്ങളെ കുറിച്ചും വിനീത ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.
പഠനം തുടങ്ങിയ കാലം മുതല്‍ ബി.എഡ് പഠനം വരെയുള്ള കാലഘട്ടത്തില്‍ ജീവിതത്തിലും പഠനത്തിലും അഭിമുഖീകരിച്ച വിഷയങ്ങള്‍ എന്തൊക്കെയാണ്.?
ഞാന്‍ ഒന്നുമുതല്‍ പ്ലസ്ടു വരെ പഠിക്കുന്നത് രാജീവ് ഗാന്ധി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആയിരുന്നു. മറ്റ് സ്‌കൂളില്‍ പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥ്തി വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നത് തന്നെയായിരുന്നു അവിടെ പഠിപ്പിക്കാന്‍ ഉള്ള കാരണം. എന്നാലും ആ കാലഘട്ടില്‍ ഒന്നും എനിക്ക് വലിയ ബുദ്ധിമുട്ടുകള്‍ പഠനത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നതായി ഓര്‍മ്മയില്ല.
മാനന്തവാടിയില്‍ ഡിഗ്രി പഠനത്തിന് പോയി തുടങ്ങിയപ്പോള്‍ മുതല്‍ക്കാണ് ശെരിക്കും പ്രശ്നങ്ങള്‍ അനുഭവിച്ചു തുടങ്ങിയത്. ആ സമയത്തൊന്നും വീട്ടില്‍ വൈദ്യുത കണക്ഷന്‍ ഇല്ല. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലിരുന്നുള്ള പഠിത്തം തന്നെയായിരുന്നു ആ കാലഘട്ടത്തിലേത്.
അവിടെ നിന്നുമാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലേക്ക് എം.എ പഠനത്തിന് പോകുന്നത്. ഉറക്കമില്ലാത്ത രാത്രികള്‍ തന്നെ ആയിരുന്നു ആ ഘട്ടവും. കാരണം സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ പോലും ഇല്ലാത്തത് കൊണ്ട് മിക്കവാറും രാത്രികളില്‍ സുഹൃത്തിന്റെ കംമ്പ്യൂട്ടറിനെ ആശ്രയിക്കേണ്ടി വന്നു. പകല്‍ അവളും രാത്രി അവള്‍ ഉറങ്ങുമ്പോള്‍ ഞാനും പ്രൊജക്റ്റുകളും മറ്റും ചെയ്തിരുന്ന ദിവസങ്ങള്‍.
വയനാട്ടില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റപ്പെട്ടതോടെ എന്നില്‍ പല മാറ്റങ്ങളും ഉണ്ടായി. തെറ്റും ശെരിയും മനസ്സിലാക്കാന്‍ പഠിച്ചു എന്നത് തന്നെയാണ് പ്രധാന മാറ്റം. കാസര്‍കോട് വരെയുള്ള പോക്കു വരവിന്റെ ചിലവും, ഹോസ്റ്റല്‍ റൂമിന്റെ വാടകയൊന്നും എനിക്ക് താങ്ങാന്‍ കഴിയാത്തതായിരുന്നു.
ഗവണ്‍മെന്റ് നിയോഗിക്കുന്ന പ്രൊമോട്ടര്‍മാരുടെ സേവനം പഠനത്തിലും ജീവിതത്തിലും വയനാട്ടിലെ ജനങ്ങള്‍ക്ക് എത്രത്തോളം ലഭ്യമാക്കുന്നുണ്ട്?
പ്രൊമോട്ടര്‍മാറുടെ സേവനം ഒരു തരത്തിലും പൂര്‍ണ്ണമായി ജനങ്ങള്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. എന്റെ കാര്യത്തില്‍ തന്നെ പ്രൊമോട്ടര്‍മാരില്‍ നിന്നും ഞാന്‍ ഒന്നും അറിയാറില്ലായിരുന്നു. മിക്കവാറും എല്ലാ വിവരങ്ങളും ഞാന്‍ അറിയുന്നത് സുഹൃത്തുക്കള്‍ വഴിയാണ്. അറിഞ്ഞ ശേഷം പ്രൊമോട്ടര്‍മാറെ വിളിച്ചു ചോദിക്കേണ്ട അവസ്ഥയാണ് പല കാര്യത്തിലും. ഇതില്‍ തന്നെ പല കാര്യങ്ങളും അവര്‍ അറിഞ്ഞിട്ടു കൂടിയില്ലാത്ത വിഷയങ്ങള്‍ ആയിരിക്കും.
എന്തുകൊണ്ടാവാം ഇത്രയേറെ കൊഴിഞ്ഞു പോക്ക് വയനാട് ജില്ലയിലെ സ്‌കൂളുകളില്‍ ഉണ്ടാവുന്നത്?
സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് വയനാട് പോലൊരു ജില്ലയിലെ ആളുകള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും ഗുരുതരവുമായ ഒരു പ്രശ്നം തന്നെയാണ്. അത് തടയാന്‍ ഗവണ്‍മെന്റ് പല തരത്തിലുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. ഗോത്രസാരധി, ഗോത്രബന്ധു, ഗോത്രമിത്രം എന്നിങ്ങനെ ഒരുപാട് പോളിസീസ് ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. എന്നിട്ടും കൊഴിഞ്ഞു പോക്കിന്റെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കയാണ്.
ഗവണ്‍മെന്റിന് കീഴില്‍ വരുന്ന ഇത്തരം ഓരോ പദ്ധതികളുടെയും നടത്തിപ്പിന്റെ പ്രശ്നമാണ് പ്രധാനമായും കൊഴിഞ്ഞു പോക്കിന്റെ എണ്ണം കൂടാന്‍ കാരണം എന്നാണ് എനിക്ക് അനുഭവപ്പെട്ട കാര്യം. പഞ്ചായത്ത് തലത്തിലേക്കും, വാര്‍ഡ് തലത്തിലേക്കുമെത്തുമ്പോള്‍ പദ്ധതികളെ കൃത്യമായി ആളുകളില്‍ എത്തിക്കുന്നതില്‍ വീഴച്ചകള്‍ ഉണ്ടാകുന്നുണ്ട് എന്ന് വേണം കരുതാന്‍. ആവശ്യക്കാര്‍ക്ക് പദ്ധതികളുടെയൊന്നും ഗുണം ലഭിക്കുന്നില്ല.
കൊഴിഞ്ഞു പോക്കിന്റെ മറ്റൊരു പ്രധാന കാരണമായിട്ട് എനിക്ക് തോന്നിയത് സാമ്പത്തിക ബുദ്ധിമുട്ടുകളാണ്. സാമ്പത്തികമായി എത്രതന്നെ സഹായം കൊടുത്തു തുടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞാലും അത് ആവശ്യക്കാര്‍ക്ക് ആവശ്യമുള്ള സമയത്ത് കിട്ടാതെ പോകുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
എല്ലാ കമ്മ്യൂണിറ്റിയിലും ഇത്രയും കുട്ടികള്‍ പഠിത്തം നിര്‍ത്തുന്ന അവസ്ഥയുണ്ടോ?
വയനാട്ടിലെ മിക്കവാറും എല്ലാ കമ്മ്യൂണിറ്റിയിലും സമാനമായ രീതിയില്‍ കൊഴിഞ്ഞുപോക്ക് നടക്കുന്നുണ്ട് എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതില്‍ പ്രധാനമായും എടുത്തു പറയേണ്ട ഒരു കാര്യം, പ്രിമിറ്റീവ് ട്രൈബ്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ കൊഴിഞ്ഞു പോകുന്നത്. കുറിച്യ, കുറുമ സമുദായത്തില്‍ താരതമ്യേന ഇന്ന് കൊഴിഞ്ഞു പോക്കില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഇവര്‍ക്ക് സാമ്പത്തികമായി കൈവന്ന സുരക്ഷിതത്വമോ, വിദ്യാഭ്യാസത്തെ കുറിച്ചുള്ള ധാരണയോ ആണ് ഇതിന് കാരണം.
പഠനം പൂര്‍ത്തിയാക്കിയ ആളുകള്‍ക്ക് പോലും ജോലി ലഭ്യമാകുന്നില്ല എന്നതിനെ കുറിച്ച്?
പഠനം കഴിഞ്ഞാലും സ്ഥിര ജോലി ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നെ പോലെ തന്നെ ഹയര്‍ സ്റ്റഡീസിന് പോയിട്ടുള്ള ഒരുപാട് കുട്ടികള്‍ ഉണ്ട്. അവരൊക്കെ പഠിത്തം കഴിഞ്ഞ് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ ഇരിക്കുന്നവരാണ്. ജോലിക്ക് ശ്രമിക്കാത്തതല്ല ഇവര്‍ക്കൊന്നും ജോലി കിട്ടാതിരിക്കാന്‍ ഉള്ള കാരണം. മറിച്ച് ഇവര്‍ നേരിടുന്ന അവഗണനയാണ്.
മറ്റൊരു വിഷയം ഏത് ജോലിക്ക് പോയിക്കഴിഞ്ഞാലും എല്ലാവരും നമ്മളോട് ആദ്യം ചോദിക്കുന്നത് പ്രവര്‍ത്തി പരിചയമാണ്. എവിടെയും ജോലി ലഭിക്കാതെ എങ്ങനെയാണ് പരിചയം ഉണ്ടാകുന്നത്.? ആ പേരും പറഞ്ഞ് ഒരുപാട് പേര്‍ വീട്ടില്‍ ഇരിക്കുന്നുണ്ട്. ഈ വിടവ് നിര്‍ത്താന്‍ വേണ്ടി അദ്ധ്യാപന പഠനം കഴിഞ്ഞ ആളുകള്‍ക്ക് വേണ്ടി മെന്റര്‍ ടീച്ചര്‍ എന്ന ഒരു പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അങ്ങനെ നിയമിക്കപ്പെടുന്ന ടീച്ചര്‍മാര്‍ വരെ ജോലി വേണ്ടെന്ന് വയ്ക്കുന്ന അവസ്ഥയാണ്. കാരണം മറ്റൊന്നുമല്ല, ഈ ട്രൈബല്‍ ടീച്ചര്‍മാരോടും സാധാരണ ടീച്ചര്‍മാരോടും കൂടെ ജോലി ചെയ്യുന്ന മറ്റ് ആളുകള്‍ കാണിക്കുന്ന സമീപനം വളരെ വ്യത്യസ്തമാണ്.
ഒന്നുമുതല്‍ മൂന്നാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് മാത്രമേ ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന ടീച്ചര്‍മാര്‍ ക്ളാസ് എടുക്കേണ്ടതുള്ളൂ. ചില ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ഈ ടീച്ചര്‍മാര്‍ ഒരേ കുട്ടികള്‍ക്ക് തുടര്‍ച്ചയായി ക്ളാസ് എടുക്കേണ്ടി വരുന്നു. ഇതെല്ലാം ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന ടീച്ചര്‍മാര്‍ പോലും കൊഴിഞ്ഞു പോകാന്‍ കാരണമാകുന്നു.
ഏത് സാഹചര്യത്തിലാണ് അദ്ധ്യാപനം തന്നെ ജോലിയായി തിരഞ്ഞെടുക്കാം എന്ന് തീരുമാനിക്കുന്നത്?
എം.എ പഠന സമയത്ത് ചെയ്ത പ്രൊജക്റ്റിന് ഞാന്‍ തിരഞ്ഞെടുത്ത വിഷയം വയനാട് ജില്ലയിലെ സ്‌കൂളുകളില്‍ നിന്നുമുള്ള കുട്ടികളുടെ കൊഴിഞ്ഞു പോക്കായിരുന്നു. അന്ന് മനസ്സിലാക്കിയ ചില കാര്യങ്ങളാണ് അദ്ധ്യാപനത്തിലേക്ക് എന്നെ എത്തിക്കുന്നത്. എന്റെ കമ്മ്യൂണിറ്റിക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും ഇവര്‍ക്ക് വേണ്ടിയാണ് ചെയ്യേണ്ടതെന്നും, അതിന് പറ്റിയ ജോലി ടീച്ചിംങ് ആണെന്നും തോന്നി. അങ്ങനെയാണ് ഇതില്‍ എത്തുന്നത്.