ബീഫ് വിരുദ്ധ കാമ്പയില്‍ എന്ന് പറയുന്നത് തന്നെ പൂര്‍ണമായും ആദിവാസി വിരുദ്ധമാണ്. ആദിവാസികള്‍ അവരുടെ പ്രൊട്ടീന്‍ ഭക്ഷണമായി കരുതുന്നത് ബീഫ് ആണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരും പട്ടികവര്‍ഗ മേഖലകളിലുള്ളവരും ബീഫ് ഭക്ഷിക്കുന്നവരാണ്. മോദി സര്‍ക്കാര്‍ ആദിവാസി വിരുദ്ധര്‍മാത്രമല്ല. ആദിവാസികളെ ശത്രുപക്ഷത്ത് കാണുന്നവര്‍ കൂടിയാണ്.
ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്നതിലുപരി പിന്നാക്കക്കാരുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പോരാടുന്ന വ്യക്തിത്വം എന്ന നിലയ്ക്ക് പ്രശസ്തനാണ് മുന്‍കേന്ദ്രമന്ത്രി വി. കിഷോര്‍ചന്ദ്ര ഡിയോ. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആദിവാസിക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെ പിന്നാക്കക്കാര്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനായിരുന്നു.
പാര്‍ലമെന്റേറിയന്‍ എന്ന നിലയ്ക്ക് പതിനാലാം ലോക്‌സഭയിലെ വനാവകാശ ബില്ല് അവതരിപ്പിച്ചതുള്‍പ്പെടെ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയടക്കം നിരവധി കമ്മിറ്റികളില്‍ അദ്ദേഹം സ്ഥാനം വഹിച്ചിരുന്നു.
കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയായ ഇദ്ദേഹം പുതുതായി രൂപീകരിച്ച ആദിവാസി ഡിപാര്‍ട്‌മെന്റ് ഓഫ് ദ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തലവന്‍ കൂടിയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ആദിവാസി വിഭാഗങ്ങളെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഇദ്ദേഹം നടത്തുന്നത്. ഭരണഘടനാപരമായുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുന്നില്ലെന്ന് മാത്രമല്ല. ആദിവാസികള്‍ക്ക് നിലവിലുണ്ടായിരുന്ന അവകാശങ്ങള്‍ പോലും ഇടിച്ചുനിരത്തി മുന്നോട്ട് പോകുകയാണ് മോദി ഭരണകൂടമെന്നും ഇദ്ദേഹം പറയുന്നു.
• മുന്‍ ആദിവാസി ക്ഷേമവകുപ്പ് മന്ത്രിയെന്ന നിലയില്‍ പിന്നാക്ക വിഭാഗക്കാരുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള മോദി സര്‍ക്കാരിന്റെ ഇടപെടലുകളെ എങ്ങനെ കാണുന്നു?
ഭരണഘടനാ വ്യവസ്ഥിതികള്‍ തന്നെ അട്ടിമറിച്ച് ആദിവാസി മേഖലകളില്‍ ഖനന പദ്ധതികള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ഒരു ദുരന്തമാണ്. ആദിവാസി വിഭാഗങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെ അവര്‍ക്കായുള്ള കുഴിവെട്ടുന്നു. പ്രത്യേക മേഖലകള്‍ക്ക് അനുവദിച്ച 7500 കോടിയുടെ പ്രത്യേക ഗ്രാന്‍ഡാണ് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. അത് പോലെ മാവോയിസ്റ്റ് മേഖലകള്‍ക്ക് അനുവദിച്ച 30 കോടിയും.
കാംപ ( Compensatory Afforestation Fund Management and Planning Authortiy) ബില്ലിലൂടെ സര്‍ക്കാര്‍ ആദിവാസികള്‍ക്ക് കനത്ത പ്രഹരമാണ് നല്‍കിയത്. വനാവകാശ നിയമം തന്നെ ഇല്ലാതാക്കുന്നതാണ് അത്. CAMPA എന്നത് ഭരണഘടനയുടെ പൂര്‍ണ്ണമായും ലംഘനമാണ്.
ബീഫ് വിരുദ്ധ കാമ്പയില്‍ എന്ന് പറയുന്നത് തന്നെ പൂര്‍ണമായും ആദിവാസി വിരുദ്ധമാണ്. ആദിവാസികള്‍ അവരുടെ പ്രൊട്ടീന്‍ ഭക്ഷണമായി കരുതുന്നത് ബീഫ് ആണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരും പട്ടികവര്‍ഗ മേഖലകളിലുള്ളവരും ബീഫ് ഭക്ഷിക്കുന്നവരാണ്. മോദി സര്‍ക്കാര്‍ ആദിവാസി വിരുദ്ധര്‍മാത്രമല്ല. ആദിവാസികളെ ശത്രുപക്ഷത്ത് കാണുന്നവര്‍ കൂടിയാണ്.
• 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്തെല്ലാം കളികള്‍ നടക്കുമെന്നാണ് താങ്കള്‍ കരുതുന്നത്? ബി.ജെ.പിക്ക് പകരമായി മറ്റൊരു പാര്‍ട്ടിയും വരില്ലെന്നാണ് അവര്‍ പറയുന്നത്. അലങ്കോലമായി കിടക്കുന്ന പ്രതിപക്ഷം, രാഹുല്‍ഗാന്ധിക്ക് പ്രധാനമന്ത്രി പദത്തിലെത്താനുള്ള യോഗ്യതയില്ലെന്ന ചിലരുടെ വിമര്‍ശനം, ഇവയെല്ലാം വെച്ച് നോക്കുമ്പോള്‍ മോദി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് കരുതാമോ?
1977 ല്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നാല് പതിറ്റാണ്ടായി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സജീവമായി ഞാനുണ്ട്. ഏത് സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും-കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും-തെരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തില്‍ ആളുകള്‍ ചിന്തിക്കും ഇവരെ തുടരാന്‍ അനുവദിക്കണോ അതോ പുറത്താക്കണോ എന്ന്.
നിങ്ങള്‍ പുറത്താണെന്ന് ഒരിക്കല്‍ ജനം ചിന്തിച്ചാല്‍ പുറത്ത് തന്നെയാണ്. സിറ്റിയിലെ ചില പണ്ഡിതന്‍മാര്‍ ബി.ജെ.പിക്ക് പകരക്കാരില്ലെന്നൊക്കെ പറയും. എന്നാല്‍ ദല്‍ഹിയുടെ കാര്യം തന്നെ എടുക്കൂ. അരവിന്ദ് കെജ്‌രിവാള്‍ എന്നൊരു ആള്‍ എത്തുന്നു. അദ്ദേഹം ഭരിക്കുന്നു.
ആന്ധ്രാപ്രദേശിലെ എന്റെ മണ്ഡലത്തില്‍ തന്നെ 1983 മുതല്‍ കോണ്‍ഗ്രസ് ഭരണമാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ടി.എന്‍ രാമറാവു എന്നയാള്‍ ഒരു സ്റ്റുഡിയോയുടെ ഗ്രീന്‍ റൂമില്‍ നിന്നും കാബിനറ്റില്‍ എത്തി. ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്നു.
ബംഗാളില്‍ നിന്നും ഇടതുസഖ്യത്തെ പുറത്താക്കാന്‍ അത്രപെട്ടൊന്നും കഴിയില്ലെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ മമത പൊരുതി നേടി. എന്നാല്‍ കോണ്‍ഗ്രസിന് അവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ആ സംസ്ഥാനത്ത് നിന്ന് തന്നെ ഇടതുപക്ഷം പുറത്തായി. ഒരുപാര്‍ട്ടിക്ക് പകരമായി മറ്റൊരു പാര്‍ട്ടി വരില്ലെന്ന വാദത്തോട് എനിക്ക് അഭിപ്രായമില്ല.
ദേശവ്യാപകമായി നോക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് തന്നെയാണ് വലിയ അടിത്തറയുള്ള പാര്‍ട്ടി. ഒരുപക്ഷേ 44 എം.പിമാരേ ഉണ്ടാവുള്ളു. പല സംസ്ഥാനങ്ങളിലും എം.എല്‍.എമാര്‍ പോലുമുണ്ടാവില്ല. എന്നാല്‍ എല്ലായിടത്തും കോണ്‍ഗ്രസുണ്ട്. ബി.ജെ.പിക്ക് ആകെ രണ്ട് എം.പിമാരുണ്ടായിരുന്ന എട്ടാം ലോക്‌സഭ ആരും മറക്കാനിടയില്ല. ആന്ധ്രയില്‍ നിന്നും സി. ജന്‍ഗ റെഡ്ഡിയും എന്‍.ഡി രാമറാവും ഗുജറാത്തില്‍ നിന്നും എ.കെ പട്ടേലും.
ബി.ജെ.പിയെപോലൊരു വര്‍ഗീയ പാര്‍ട്ടി ഇത്തരമൊരു നമ്പറില്‍ എത്തി. എന്നാല്‍ കോണ്‍ഗ്രസ് അതില്‍ നേരത്തെയെത്തിയതാണ്. 1977 ല്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്നും കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു. നാല് എം.പിമാര്‍ മാത്രമായിരുന്നു ആ മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 1980 ല്‍ അതായത് രണ്ടര വര്‍ഷത്തിന് ശേഷം രണ്ടിലൊന്ന് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് തിരിച്ചെത്തി.
അടിയന്തരാവസ്ഥ തെറ്റായിരുന്നു, അതിനാല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പോലും അത് അംഗീകരിച്ചതാണ്. അടിയന്തരാവസ്ഥയെ കുറിച്ച് പറയുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ 1980, 1984, 1991, 2004, 2009 തെരഞ്ഞെടുപ്പുകളിലെ ജനവിധിയെ അപമാനിക്കുകയാണ്.
• മോദി ശക്തനായ നേതാവാണെന്നും രാഹുല്‍ഗാന്ധിയെ പോലൊരാളെ ഒരിക്കലും അദ്ദേഹവുമായി താരതമ്യപ്പെടുത്താനാവില്ലെന്നുമാണ് ഭരണപക്ഷം പറയുന്നത് ?
നമ്മുടേത് ഒരു പാര്‍ലമെന്ററി സംവിധാനമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ മോദിയെ ഏക നേതാവായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ജനാധിപത്യ ഫെഡറലിസത്തിന്റെ ആത്മാവിന് തന്നെ എതിരാണെന്നാണ് എന്റെ അഭിപ്രായം. ഇതൊരു പ്രസിഡന്‍ഷ്യല്‍ സംവിധാനമല്ല.
ഒരുവ്യക്തിയെ മാത്രം ഉയര്‍ത്തിക്കാട്ടുന്നതിനെ ഞാന്‍ പൂര്‍ണമായും എതിര്‍ക്കുന്നു. കാരണം ഒരാളെ അത്തരത്തില്‍ പ്രതിഷ്ഠിച്ച് ജനാധിപത്യരീതിയെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്.
മോദി കോര്‍പ്പറേറ്റീവ് ഫെഡറലിസത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേറ്റീവ് ഫെഡറലിസത്തെ തടഞ്ഞുനിര്‍ത്തുന്നതാണ്. പത്രസ്വാതന്ത്ര്യത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. എന്നാല്‍ അതേ സമയം തന്നെ പ്രസ് സെന്‍സര്‍ഷിപ്പ് നടത്തുന്നു.
സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയത് അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ സെന്‍സര്‍ഷിപ്പിന് വിധേയമാക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണായിരുന്നു ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം വിലക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി. കനത്ത തിരിച്ചടിയായിരുന്നു ഇതിലൂടെ സര്‍ക്കാര്‍ ഏറ്റുവാങ്ങിയത്.
കേന്ദ്രത്തിലെ ആയാലും സംസ്ഥാനത്തിലെ ആയാലും ഏത് നേതാവും മാധ്യമങ്ങളുടെ ഉത്പന്നങ്ങളായിരിക്കും. ദൃശ്യമാധ്യമമോ അച്ചടിമാധ്യമമോ, എന്നാല്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ പാറക്കെട്ടില്‍ നിന്നും സമുദ്രത്തില്‍പതിക്കുന്ന കല്ലുപോലെ ആയിത്തീരും അവരുടെ ഭാവി.
ഒരു പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കാട്ടുന്നതല്ല പാര്‍ലമെന്ററി ജനാധിപത്യം. തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളില്‍ നിന്നും ഒരാളെ നേതാവായി തിരഞ്ഞെടുക്കും. 1991 ല്‍ നരസിംഹറാവുവിനെ നേതാവായി നേരത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നോ? 2004 ല്‍ മന്‍മോഹന്‍ സിങ്ങിനെ അത്തരത്തില്‍ പ്രൊജക്ട് ചെയ്തിരുന്നോ? എന്നാലും അവരെല്ലാം പ്രധാനമന്ത്രിപദത്തിലെത്തുകയും മറ്റാരേക്കാളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
• എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലോ?
അദ്ദേഹത്തിന് പ്രധാനമന്ത്രിയാകണമെന്നുണ്ടെങ്കില്‍ അദ്ദേഹം ആവുക തന്നെ ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ഒരു നേതാവിനെ തിരഞ്ഞെടുക്കും. ജനങ്ങളുടെ യുക്തിബോധം ഉപയോഗപ്പെടുത്തുന്നതിന് പകരം അവരുടെ വികാരങ്ങളേയും മുന്‍വിധികളേയും ഇളക്കിമറിച്ചുകൊണ്ടായിക്കരുത് ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കേണ്ടത്. രാഹുല്‍ഗാന്ധി ഒരിക്കലും അത്തരത്തിലുള്ള ഒരു നേതാവല്ല. തെറ്റായ വാഗ്ദാനങ്ങളും വാക്ചാതുര്യവുമല്ല ഒരു നല്ല പ്രധാനമന്ത്രിയുടെ ഗുണം.
രാഹുല്‍ ഇന്ന് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് മാത്രമാണ്. എന്നിട്ട് പോലും അദ്ദേഹത്തിന്റെ അവധിക്കാല യാത്രകള്‍ക്കെതിരെ എന്തിനാണ് എന്‍.ഡി.എ നേതാക്കളും കാബിനറ്റ് മന്ത്രിമാരും രംഗത്തെത്തുന്നത്. അദ്ദേഹം പ്രധാനമന്ത്രിയെക്കാള്‍ കൂടുതല്‍ യാത്ര നടത്തുന്നുണ്ടോ? ഈ രാജ്യത്തെ നയിക്കാനാണോ അതോ രാഹുല്‍ ഗാന്ധിയുടെ നിഴലിനെ പിന്തുടരാനാണോ ജനങ്ങള്‍ വോട്ട് ചെയ്ത് ബി.ജെ.പിയെ വിജയിപ്പിക്കുന്നത്. അവര്‍ തന്നെ പറയുന്നു രാഹുല്‍ മോദിക്ക് സമമാവില്ലെന്ന്. പിന്നെ എന്തിനാണ് അവര്‍ അസ്വസ്ഥരാവുന്നത്?
• ബി.ജെ.പിയെ പരാജയപ്പെടുത്താനായി ഉണ്ടാക്കുന്ന പ്രതിപക്ഷ ഐക്യത്തില്‍ അടുത്ത സര്‍ക്കാരിനെ നയിക്കാന്‍ പോകുന്നത് തങ്ങളാണെന്ന അവകാശവാദമില്ലാതെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനാവുമോ?
ജനാധിപത്യ സംവിധാനത്തില്‍ എണ്ണത്തിന് പ്രാധാന്യമുണ്ട്. ആര് പ്രധാനമന്ത്രിയാകണമെന്നത് ജനവിധിയെ അടിസ്ഥാനപ്പെടുത്തിയിരിക്കും. അതേസമയം ഈ രാജ്യത്തെ പ്രാദേശിക പാര്‍ട്ടികള്‍ ഏതൊക്കെയാണെന്ന് കൂടി അറിയേണ്ടിവരും. ആകെയുള്ള 29 സംസ്ഥാനങ്ങളില്‍ 10 ല്‍ താഴെ സംസ്ഥാനങ്ങളില്‍ മാത്രമേ റീജിയണല്‍ പാര്‍ട്ടികള്‍ അധികാരത്തിലുള്ളൂ. ബാക്കിയുള്ള 20 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസോ ബി.ജെ.പിയോ ആണ് അധികാരത്തിലുള്ളത്.
• നിതീഷ് കുമാറിന്റെ മലക്കം മറിച്ചത് പ്രതിപക്ഷത്തിന്റെ ആത്മവീര്യം കെടുത്തിയിട്ടുണ്ടോ?
ഇല്ല. ഏതൊരു രാഷ്ട്രീയക്കാരനും അവരുടെ തെറ്റായ തീരുമാനങ്ങളുടെ ഫലം അനുഭവിക്കേണ്ടിവരും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കൊണ്ട് ഇന്ദിരാഗാന്ധി പോലും അനുഭവിച്ചിരുന്നു.
കടപ്പാട്: ദ വയര്‍
മൊഴിമാറ്റം: ആര്യ. പി