| Friday, 6th December 2019, 5:57 pm

' ഗുളികന്റെ രണ്ടു കാലുകള്‍ക്കിടയിലുള്ള വേഗതയാണ് ഉടലാഴം; മംഗലശ്ശേരി നീലകണ്ഠന് കയ്യടിച്ച നമ്മള്‍ ഉടലാഴത്തിലെ വെറ്റിലക്കൊല്ലി മാതിക്ക് നാളെമുതല്‍ കയ്യടിക്കും' -ഉണ്ണികൃഷ്ണന്‍ ആവള സംസാരിക്കുന്നു

കവിത രേണുക

ഉണ്ണികൃഷ്ണന്‍ ആവളയുടെ ആദ്യ സിനിമയാണ് ഉടലാഴം. മുംബൈ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പ്രതികരണം ലഭിച്ച ഉടലാഴം ട്രാന്‍സ് ജെന്‍ഡറായ ഗുളികനെന്ന ആദിവാസി യുവാവിന്റെ ജീവിച്ചിരിക്കാനുള്ള കാടു മുതല്‍ കടലുവരെയുള്ള നെട്ടോട്ടവും ജീവിത സംഘര്‍ഷങ്ങളുമാണ് പറയുന്നത്.

12 വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്ന മണി സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഉടലാഴം ഇന്ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.  കാടുവിട്ട് നാട്ടിലേത്തിയ ഗുളികന്റെ വിശേഷങ്ങള്‍ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവള ഡൂള്‍ന്യൂസുമായി പങ്കുവെക്കുന്നു.

ഉടലാഴത്തിലെ ‘ഉടലി’നെക്കുറിച്ച് വിശദീകരിക്കാമോ ?

ഗുളികന്റെയും അയാളുടെ ഭാര്യയുടെയും കഥയാണ് ഉടലാഴം. ജനിച്ച് വളര്‍ന്ന കാട്ടില്‍ നിന്ന് ജീവിക്കാനായി നാട്ടിലിറങ്ങേണ്ടി വന്ന മനുഷ്യനാണ് ഗുളികന്‍. സ്വന്തം ശരീരം ആണിന്റെയാണോ അതോ പെണ്ണിന്റെയാണോ എന്നറിയാത്ത, അല്ലെങ്കില്‍ ആണിന്റെ ശരീരവും പെണ്ണിന്റെ മനസുമുള്ള നിരക്ഷരനായ ഗുളികന്റെ ജീവിച്ചിരിക്കാനുള്ള കാടുമുതല്‍ കടലുവരെയുള്ള നെട്ടോട്ടമാണ് ഉടലാഴം. വളരെ ലളിതമായി എല്ലാ ആളുകള്‍ക്കും വന്നിരുന്ന് കാണാവുന്ന ഒരു സിനിമയാണ് ഉടലാഴം.

ട്രാന്‍സ്‌ജെന്‍ഡര്‍ ആയ ഗുളികന്റെ കഥയെ ഇന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ പൂര്‍ണമായി അംഗീകരിക്കാത്ത ഒരു സമൂഹത്തില്‍ പൊളിച്ചെഴുതുന്നതെങ്ങനെയാണ്?

എന്നെ ഏതെങ്കിലും ഒരു രീതിയില്‍ എക്‌സൈറ്റ് ചെയ്യിക്കുന്ന ഒരു വിഷയം എന്റെ കയ്യില്‍ ഉണ്ടാവുമ്പോഴാണ് അത് ഡോക്യുമെന്റായോ സിനിമയായോ ഒക്കെ വര്‍ക്ക് ഔട്ട് ചെയ്യുന്നത്. പത്തുവര്‍ഷങ്ങള്‍ക്ക് മുന്നെ, കൃത്യമായി പറഞ്ഞാല്‍ ഇന്ത്യാവിഷന്‍ ടീമിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഒരു ഷൂട്ടിനിടയില്‍ ഞാന്‍ രാജു എന്ന് പറയുന്ന ഒരു മനുഷ്യനെ പരിചയപ്പെടുന്നത്. അദ്ദേഹം ഒരു ട്രൈബല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജുവിന്റെ ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടറിഞ്ഞ, ഞാന്‍ കേട്ടറിഞ്ഞ ഒരു പരിസരമുണ്ട് ഉടലാഴത്തില്‍. രാജുവിനെപ്പറ്റി ഞാന്‍ എഴുതിയ പുസ്തകമാണ് ‘വിപരീതം- ഗര്‍ഭപാത്രമുള്ള ഒരു പുരുഷന്റെ സാഹസിക ജീവിതം’. ഡിസിബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. അതിലെ പരിസരമാണ് ഈ സിനിമയിലുമുള്ളത്. എന്നാല്‍ ആ കഥയല്ല. രാജുവിന്റെ ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെടുത്ത പരിസരവും ചേര്‍ത്ത് മുഴുവനായും ഫിക്ഷനാണ് ഉടലാഴം.

മനുഷ്യന്റെ ശാരീരിക വൈജാത്യങ്ങളോട് വിമുഖത പുലര്‍ത്തുന്ന ഒരു സമൂഹമാണല്ലോ നമ്മുടേത്. അപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറായ ട്രൈബലായ ഗുളികന്റെ കഥയുടെ രാഷ്ട്രീയം ഒട്ടും ചോരാതെ വേണമല്ലോ അവതരിപ്പിക്കാന്‍. അതിനായി ഉണ്ണികൃഷ്ണന്‍ എടുത്ത പ്രയത്‌നം എന്താണ്?

രാഷ്ട്രീയം എന്ന വാക്കിന് പകരം വീക്ഷണം എന്നാണ് ഞാന്‍ പറയാന്‍ ഇഷ്ടപ്പെടുന്നത്. ഞാന്‍ എന്റെ ചുറ്റുപാടുകളെയും മനുഷ്യരെയും എല്ലാ ജീവജാലങ്ങളെയും സ്‌നേഹിക്കുന്ന ഒരു മനുഷ്യനാണ്. അതുകൊണ്ടു തന്നെ എന്റെ ജീവിതത്തിലെ എന്റെ വീക്ഷണങ്ങളായിരിക്കും എന്റെ സൃഷ്ടിയിലുമുണ്ടാവുക.

ചിലരൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട്. നിങ്ങള്‍ അങ്ങനെയൊരു മനുഷ്യനെ കണ്ടിട്ടുണ്ടോ? ഇപ്പോഴും ബിരിയാണി കഴിക്കാത്ത ആദിവാസികളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നൊക്കെ. ബിരിയാണി പോയിട്ട് ഭക്ഷണം പോലും കഴിക്കാത്ത ആളുകളെ നമുക്കറിയാം.

വര്‍ഷങ്ങളായിട്ട് എനിക്ക് അത്തരം മനുഷ്യരെ പരിചയമുണ്ട്. അപ്പോള്‍ എന്റെ പരിചയങ്ങളെയാണ് , എന്റെ വീക്ഷണങ്ങളെയാണ് ഞാന്‍ എന്റെ സിനിമകളിലൂടെ മുന്നോട്ടു വെയ്ക്കുന്നത്. അപ്പോള്‍ അവരോട് എത്ര നീതി പുലര്‍ത്തും എന്നതിലാണ് ഞാന്‍ ഊന്നല്‍ കൊടുക്കുന്നത്.

നമ്മള്‍ മംഗലശ്ശേരി നീലകണ്ഠന് കയ്യടിച്ച മനുഷ്യരാണ്. ഉടലാഴത്തില്‍ വെറ്റിലക്കൊല്ലി മാതി രണ്ട് ഡയലോഗ് പറയുമ്പോള്‍ നമ്മള്‍ നാളെ മുതല്‍ കയ്യടിക്കാന്‍ തുടങ്ങുകയാണ്.

മംഗലശ്ശേരി നീലകണ്ഠന്‍മാര്‍ മാത്രമല്ല, വെറ്റിലക്കൊല്ലി മാതിയുമുണ്ട്. സാധാരക്കാരായ ഭൂരിഭാഗം ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ജനതയും ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ സാധാരണക്കാരന്റെ ഇടയില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ സിനിമയുടെ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോള്‍ അത് തടയാറാണ് പതിവ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അടയാളപ്പെടുത്തുന്ന ഒരു സാധാരണ സിനിമയാണിത്. അതാണ് ഉടലാഴത്തിന്റെ പ്രത്യേകത. അപ്പോഴാണവര്‍ക്ക് അവരുടെ ജീവിതമായോ അവര്‍ നേരിട്ട അവസ്ഥകളുമായോ ഇതിനെ ബന്ധപ്പെടുത്താന്‍ പറ്റുന്നത്.

ഈയടുത്തായി എനിക്ക് വരുന്ന കുറിപ്പുകളെല്ലാം വളരെ സന്തോഷം തരുന്നവയാണ്. ആസ്വാദകര്‍ എങ്ങനെയാണ് സിനിമയെ കാണുന്നത് എന്നതിന്റെ പ്രതികരണങ്ങള്‍ കൂടിയാണവ.

കഴിഞ്ഞ പത്തുവര്‍ഷമായി നടത്തിയ അന്വേഷണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടേയും ഡോക്യുമെന്റ്‌റികളുടെയും ഭാഗമായി ഞങ്ങള്‍ക്ക് കിട്ടിയ, കണ്ടെത്തിയ കുറെ വിവരങ്ങളാണ് ഈ സ്‌ക്രിപ്റ്റിന്റെ ആധാരം. ഒന്നും വെറുതെയല്ല, ഞങ്ങളാല്‍ കഴിയുന്ന അധ്വാനത്തോടെ പൂര്‍ത്തിയാക്കിയ ഒരു സിനിമയാണിത്. അപ്പോള്‍ അതിന്റെ ആത്മാര്‍ത്ഥത അതിന്റെ ഫ്രേയ്മുകളിലൂടെ, അതിന്റെ കാഴ്ചകളിലൂടെ നിങ്ങള്‍ക്ക് കാണാം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

കുറെ കാലം സിനിമയില്‍ നിന്നും അപ്രത്യക്ഷനായിരുന്ന മണിയിലേക്ക് ഗുളികന്‍ എന്ന കഥാപാത്രം എത്തിയതെങ്ങനെയാണ്?

ഈ ചോദ്യം നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടത് മണിയോടാണ്. കാരണം മണി എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിപ്പെടുന്നത് എന്നത് എന്നെക്കാള്‍ നന്നായി പറയാന്‍ സാധിക്കുക മണിയ്ക്കാണ്.

ഇനി ഞാന്‍ ഉത്തരത്തിലേക്ക് കടക്കാം. ഗുളികന്‍ എന്ന കഥാപാത്രം ആരു ചെയ്യും എന്നതിനെ സംബന്ധിച്ച് എന്റെയുള്ളില്‍ വലിയ ആശങ്കകളുണ്ടായിരുന്നു. പല ആളുകളെയും ചിന്തിച്ചെങ്കിലും അനുയോജ്യമായി തോന്നിയില്ല. ഇതേ ഗുളികനെ വേണമെങ്കില്‍ നമുക്ക് മറ്റൊരു രീതിയിലും അവതരിപ്പിക്കാമായിരുന്നു. ഒരു നായകനെയൊക്കെ വെച്ച്, പക്ഷെ അങ്ങനെയൊന്നായിരുന്നില്ല എനിക്ക് വേണ്ടിയിരുന്നത്.

ഗുളികന്റെതായ ഒരുപാട് പ്രത്യേകതകള്‍ ഗുളികനുണ്ട്. കാരണം ഗുളികന്‍ വളരെ ഊര്‍ജസ്വലനായ വ്യക്തിയാണ്. അതേ സമയം വല്ലാതെ നിഷ്‌കളങ്കതയുള്ള, വല്ലാത്ത സങ്കടമുള്ള എന്നാല്‍ എപ്പോഴും ആളുകളോട് ചിരിച്ചുകൊണ്ട് പെരുമാറുന്ന മനുഷ്യനാണ്. അപ്പോഴിത് ചെയ്യാന്‍ ആര് എന്ന ചോദ്യത്തിനവസാനമാണ് റോഡുപണിക്ക് പോകുന്ന മണിയെക്കുറിച്ചുള്ള ഒരു പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെടുന്നത്. അങ്ങനെ ഒരു അന്വേഷണത്തിനൊടുവിലാണ് മണിയെ കണ്ടെത്തുന്നത്.

മണി അതുവരെ അനുഭവിച്ച യാതനകളൊക്കെ അതിലും വലുതാണ്. ഫോട്ടോഗ്രാഫറില്‍ മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിയതിനു ശേഷം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മണി പൊതു സമൂഹത്തില്‍ നിന്നും അപ്രത്യക്ഷനായിരുന്നു. സനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടോ അവസരമില്ലാത്തതുകൊണ്ടോ ആയിരുന്നില്ല. ഫോട്ടോഗ്രാഫര്‍ക്കു ശേഷം മണിക്ക് മമ്മൂട്ടിയുടെകൂടെയും രജനീകാന്തിന്റെ കൂടെയും അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടും അഭിനയിക്കാന്‍ പറ്റാതിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.

എന്തു തന്നെയായാലും കഥാപാത്രം അവസാനം എത്തിപ്പെട്ടത് മണിയിലേക്കായിരുന്നു. ഈ സിനിമയുടെ പൂര്‍ണത എന്നുപറയുന്നത് മണിയാണ്. ഒപ്പം തന്നെ രമ്യ വത്സല എന്നു പറയുന്ന മണിയുടെ ഭാര്യയായി അഭിനയിച്ച അഭിനേതാവും എടുത്തു പറയേണ്ടുന്ന കഥാപാത്രമാണ്.

മണിയും മണിയുടെ ഉടലും സിനിമയിലേക്ക് ഇഴുകിച്ചേരാന്‍ സമയമെടുത്തോ?

12 വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്ന വ്യക്തി അതിലേക്ക് തിരിച്ചു വരുന്ന സമയത്ത് എടുക്കുന്ന അധ്വാനം എന്നു പറയുന്നത് അത്രയേറെ വലുതാണ്. ട്രാന്‌സ്‌ജെന്‍ഡര്‍ കഥാപാത്രമെന്നു പറയുമ്പോള്‍ മണിയില്‍ നിന്നും അത് ഏറെ വ്യത്യാസപ്പെട്ട് കിടക്കുന്ന ഒന്നാണ്. മണിക്ക് അങ്ങനൊരാളെക്കുറിച്ച് അറിയില്ല.

അപ്പോള്‍ അതുപോലെ ഒരാളെ കഥയിലേക്ക് എത്തിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. മണി കഥാപാത്രത്തിന് അനുയോജ്യനാണ്. ഗോത്രവിഭാഗങ്ങളില്‍ നിന്ന് പുറത്തേക്ക് വരുന്ന എല്ലാ മനുഷ്യര്‍ക്കുമുണ്ടാവുന്ന പ്രശ്‌നം എന്നു പറയുന്നത്, ഈ സമൂഹവും ആളുകളും അവര്‍ക്ക് പെട്ടെന്ന് പാകമാകണമെന്നില്ല എന്നതാണ്. അവരുടെ ഇടങ്ങളും രീതികളുമൊക്കെ വ്യത്യസ്തമാണ്. അപ്പോള്‍ ഇത്തിരികൂടി സമയം അവര്‍ക്ക് കിട്ടിയാല്‍ അത് മാറും. മാസങ്ങളായിട്ട് മണി ഞങ്ങള്‍ക്കൊപ്പമുണ്ട്. മണിക്ക് ഞങ്ങളോടൊക്കെ വലിയ സ്‌നേഹമാണ്. മണിക്ക് ഞങ്ങളോടൊക്കെ സ്‌നേഹവും വിശ്വാസവുമുണ്ടാവുന്ന കാലം വരെ ഞങ്ങള്‍ മണിക്കൊപ്പം തന്നെയുണ്ടായിരുന്നു.

മണി കഥാപാത്രത്തിലേക്കെത്തിയ ശേഷം മാത്രമാണ് ഞങ്ങള്‍ സിനിമ തുടങ്ങിയത്. കഥാപാത്രമാവാന്‍ മണിയെ മാനസികമായി തയ്യാറാക്കിയെടുക്കുക എന്നതായിരുന്നു ആദ്യഘട്ടം. അതിന് ശേഷം ഒരു ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയായിരുന്നു. ഗുളികന്‍ എങ്ങനെയാവണമെന്നാണോ മണി ആഗ്രഹിക്കുന്നത്, അതുപോലെ ചെയ്യാനനുവദിക്കുകയായിരുന്നു.

എന്നാല്‍ ഷൂട്ട് ആരംഭിച്ച് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതുവരെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്താണെന്ന് അറിയാത്ത ട്രാന്‍സ്‌ജെന്‍ഡറിനെ കാണാത്ത, അറിയാത്ത മണി എങ്ങനെയാണ് ആ കഥാപാത്രം അവതരിപ്പിക്കുക എന്ന് മണിക്ക് തന്നെ സംശയമുണ്ടെന്ന് എനിക്ക് മനസിലായി.

ട്രാന്‍സ്‌ജെന്‍ഡര്‍ എങ്ങനെയാണ് നടക്കുകയെന്നും പെരുമാറുകയെന്നും മണിയുടെ അഭിനയത്തിലുണ്ടെങ്കിലും കുറച്ചൊരു ആത്മാവിന്റെ കുറവുണ്ടായിരുന്നു.

അങ്ങനെ ഞങ്ങള്‍ ഷൂട്ട് കുറച്ചു ദിവസത്തേക്ക് മാറ്റിവെക്കുകയും ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റിവലിന് മണിയേയും കൊണ്ട് പോവുകയും ചെയ്തു. അവിടെ വെച്ച് മണി ആദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കാണുകയും അവരോടിടപഴകുകയും അവരെ മനസിലാക്കുകയും ഒക്കെ ചെയ്യുകയായിരുന്നു. ഷൂട്ട് തുടങ്ങിയപ്പോഴേക്കും മണി പൂര്‍ണമായും ഗുളികനായി മാറുകയുമായിരുന്നു.

ഷൂട്ട് കഴിഞ്ഞിട്ടും മണി ഗുളികനില്‍ നിന്നും മാറിയിട്ടുണ്ടായിരുന്നില്ല. മണിയുടെ ഭാര്യ പവിഴം വിളിച്ചിട്ട് പറയുകയുണ്ടായി മണി നടക്കുന്നതും പെരുമാറുന്നതുമൊക്കെ ഗുളികനെ പോലെയാണെന്ന്. അപ്പോള്‍ അത്രമാത്രം ആഴത്തിലാണ് ഗുളികന്‍ മണിയില്‍ ചേര്‍ന്നിരിക്കുന്നത് എന്ന് വ്യക്തമല്ലേ.

സിനിമയ്ക്ക് വേണ്ടി സംവിധായകന്‍ എന്ന നിലയില്‍ എടുത്ത പരിശ്രമങ്ങള്‍ എന്തൊക്കെയായിരുന്നു?

ഇത് എന്റെ ആദ്യത്തെ സിനിമയാണ്. ഒരു വലിയ പ്ലാറ്റ്‌ഫോമില്‍ ഈ കഥ അവതരിപ്പിക്കുക എന്നതായിരുന്നു എന്റെ മുന്നിലുണ്ടായിരുന്ന വലിയൊരു വെല്ലുവിളി.

ഒരു കഷണം വിറക് കാണുമ്പോഴൊക്കെ കാടിനെക്കുറിച്ചോര്‍ക്കുന്ന, എന്റെ കാടിന്റെ മണമാണിതിന് എന്നു പറയുന്ന ഒരു വ്യക്തിയാണ് ഗുളികന്‍. ഈ ഗുളികന്റെ കാട്, നാട്, അവിടെ നിന്ന് കടലുവരെയുള്ള യാത്രയെയാണ് എനിക്ക് അവതരിപ്പിക്കേണ്ടിയിരുന്നത്. അത്രയും വലിയ ഒരു കോളനിയെ മുഴുവന്‍ സെറ്റിടുകയായിരുന്നു.

ഗുളികന്റെ രണ്ടു കാലുകള്‍ക്കിടയിലുള്ള വേഗതയാണ് ഈ സിനിമ. ഈ വേഗതയെ പിന്തുടരുക എന്നുപറയുന്നത് എനിക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു. പിന്നെ അഭിനേതാക്കളെല്ലാം യഥാര്‍ത്ഥ ആദിവാസി മനുഷ്യര്‍ തന്നെയാണ്. അവരാരും ഇതുവരെ ക്യാമറയെ ഫേസ് ചെയ്യുകയോ കാണുകയോ പോലും ചെയ്തിട്ടില്ല. അപ്പോള്‍ അവരുടെ മുന്നില്‍ ആക്ഷന്‍ കട്ട് പറഞ്ഞു കഴിഞ്ഞാല്‍ അവര്‍ അവിടെനിന്ന് പോയിക്കളയും. അവരെ സ്വതന്ത്രരാക്കി അഭിനയിക്കാന്‍ വിട്ട് അവരില്‍ നിന്നും നമുക്കാവശ്യമുള്ളത് എടുക്കുകയായിരുന്നു ചെയ്തിരുന്നത്.

രാത്രിയിലൊക്കെ സിങ്ക് സൗണ്ട് ആണ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ പല ശബ്ദങ്ങളും തേടി ദിവസങ്ങളോളം യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്.

ടീം വര്‍ക്ക് എങ്ങനെയായിരുന്നു?

ഇതിലെ ഓരോരുത്തരെക്കുറിച്ചും എടുത്ത് പറയേണ്ടതാണ്. ക്യാമറാമാനായാലും ആര്‍ട്ട്ഡയറക്ടറായാലും, അഭിനേതാക്കളായാലും.

സജിതാ മഠത്തില്‍, ജോയ്മാത്യു, അനു മോള്‍, രമ്യാ വത്സല, ഇന്ദ്രന്‍സ് തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു.

അതുപോലെ ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തില്‍ അഭിനയിച്ച രണ്ടു കഥാപാത്രങ്ങള്‍- നൈസാമലിയായി വേഷമിട്ട രാജീവന്‍ വെള്ളൂര്‍, കുപ്പുവച്ചനായി വേഷമിട്ട രാഗേഷ് എന്നിവര്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണിത്.

സാദിഖ് റഹ്മാന്‍, മീന്‍കാരേട്ടനായി വേഷമിട്ട അബു വെള്ളയന്‍കുളം തുടങ്ങി നാടകത്തില്‍ നിന്ന് പ്രഗത്ഭരായ ഒരു നിരതന്നെ സിനിമയില്‍ ഉണ്ട്.

സിനിമയില്‍ നാലു പാട്ടുകളാണുള്ളത്. സിത്താരയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബിജിബാല്‍ ആണ് പശ്ചാത്തല സംഗീതം. ശബ്ദസംവിധാനം രംഗനാഥ് രവിയാണ്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരിയാണ്. അതു പോലെ തന്നെ ഇതിലെ നടിയായ രമ്യ വത്സലയെപ്പറ്റി പറായതിരിക്കാന്‍ കഴിയില്ല. രമ്യ വളരെ പ്രഗത്ഭയായ നടിയാണ്. എന്നാല്‍ എല്ലാക്കാലത്തും മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട നടികൂടിയാണ്.

വളരെയധികം കൂടെ നിന്ന ഒരു ടീം ആയിരുന്നു ഉടലാഴത്തിന്റെത്. സെറ്റിടാനായാലും വിറക് കൊണ്ടു വരാനായാലും ഡയറക്ടറെന്നോ മറ്റു പ്രവര്‍ത്തകരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എല്ലാ അര്‍ത്ഥത്തിലും വലിയൊരു ടീം വര്‍ക്ക് തന്നെയാണ് ഉടലാഴം.

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more