| Saturday, 5th August 2023, 6:27 pm

INTERVIEW | നിശബ്ദമായി തുടരുന്നുണ്ട് ആ 'ജാസ്മിന്‍' വിപ്ലവം

ആര്യ. പി

ജാസ്മിന്‍ ഷാ

ആര്യ.പി: രണ്ടായിരം രൂപയും മൂവായിരം രൂപയും അടിസ്ഥാന വേതനത്തില്‍ പതിനെട്ടും ഇരുപതും മണിക്കൂര്‍ ജോലി ചെയ്തിരുന്ന നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 30,000 രൂപ വരെ എത്തിക്കാനായി യു.എന്‍.എ നടത്തിയ പോരാട്ടം ചെറുതല്ല. ഒരു ഇടവേളയ്ക്ക് ശേഷം യു.എന്‍.എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ വീണ്ടും സമരരംഗത്തേക്ക് എത്തുകയാണ്. എന്താണ് ഇത്തരമൊരു സമരവുമായി മുന്നോട്ടുവരാന്‍ യു.എന്‍.എയെ പ്രേരിപ്പിച്ചത്?

ജാസ്മിന്‍ ഷാ: 2011 നവംബര്‍ 16നാണ് യു.എന്‍.എ എന്ന സംഘടന ആരംഭിക്കുന്നത്. മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ നഴ്സ് ആയിരുന്ന ബീനാ ബേബിയെന്ന തൊടുപുഴ സ്വദേശിനിയുടെ ആത്മഹത്യയോടെയാണ് രാജ്യത്തെമ്പാടും നഴ്സുമാരുടെ നേതൃത്വത്തില്‍ വലിയ സമരം തുടങ്ങുന്നത്.

ബോണ്ട് സമ്പ്രദായത്തിന്റെ ഭാഗമായി 50,000 രൂപ ബോണ്ടില്‍ ജോലി ചെയ്യുകയായിരുന്നു അവര്‍. ജോലി ഒഴിവാകുമ്പോള്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും തുകയും അവര്‍ക്ക് നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ബീന ബേബിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിലാണ് രാജ്യത്തെമ്പാടും കേരളത്തിലുമായി നഴ്‌സസ് സമരം തുടങ്ങുന്നത്.

അന്ന് 500 രൂപയും 1000 രൂപയുമൊക്കെയായിരുന്നു നഴ്‌സുമാര്‍ക്ക് ശമ്പളമായി ലഭിച്ചിരുന്നത്. പരമാവധി ലഭിച്ചിരുന്ന ശമ്പളം 2,000 രൂപയായിരുന്നു. അവിടെ നിന്നാണ് നഴ്‌സുമാരെ സംഘടിപ്പിക്കുക എന്ന നിലയിലേക്ക് ഞങ്ങളുടെ ഫോക്കസ് മാറുന്നത്. ഇതൊരു അസംഘടിത മേഖലയായിരുന്നു. മാത്രമല്ല 90 ശതമാനം വനിതകള്‍ ജോലി ചെയ്യുന്ന മേഖലയും.

അതുകൊണ്ട് തന്നെ ഈ മേഖലയില്‍ വലിയ ചൂഷണം നടന്നിരുന്നു. മാത്രമല്ല വനിതകള്‍ പ്രതികരിക്കില്ല എന്ന മിഥ്യാ ധാരണ അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഒരു ശക്തമായ സംഘടനാ സംവിധാനത്തിലേക്ക് ഇവരെ കൊണ്ടുവന്നപ്പോള്‍ നഴ്സുമാര്‍ അവകാശങ്ങളെ കുറിച്ച് കൃത്യമായി ബോധവാന്മാരായി.അവര്‍ ഒരു സമൂഹമായി മാറി.

അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ 13 വര്‍ഷം ഒരു വലിയ പോരാട്ടം നടത്താന്‍ യു.എന്‍.എക്കായത്. ഇതിനിടെ 10,000 രൂപ വരെ ഞങ്ങള്‍ ഇടക്കാല ആശ്വാസം നേടിയെടുത്തിരുന്നു അതിന് ശേഷം 30,000 രൂപയും 40,000 രൂപയും ശമ്പളമായി നേടിയെടുക്കാന്‍ ഞങ്ങള്‍ക്കായി. നഴ്‌സുമാര്‍ക്കിടയില്‍ ഒരു സംഘടിത ബോധം ഉണ്ടായി എന്നതാണ് ഇതിന്റെയെല്ലാം കാരണം.

നഴ്‌സിങ് മേഖലയില്‍ വലിയ റെവല്യൂഷന്‍ നടക്കുന്ന സമയമാണിത്. അവകാശത്തെ കുറിച്ച് അവര്‍ കൃത്യമായി ബോധവാന്മാരായി. മാത്രമല്ല. അവര്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞു. അവര്‍ ആരോഗ്യമേഖലയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണെന്നും അവര്‍ ഇല്ലാതെ മുന്നോട്ടു പോകാന്‍ പറ്റില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു.

മിക്ക നഴ്‌സുമാരുടേയും അവസ്ഥ എന്നത് അവരാണ് ഒരു കുടുംബം നയിക്കുന്നത്. കുടുംബത്തിന്റെ നട്ടെല്ലായി നില്‍ക്കുന്നത് അവരാണ്. അവരെ സംബന്ധിടത്തോളം മാന്യമായ തുകയില്ലാതെ മുന്നോട്ടു പോകാന്‍ പറ്റില്ല.

നമുക്കറിയാമല്ലോ പെട്രോളും ഡീസലും ഉള്‍പ്പെടെ എല്ലാത്തിലും വില കൂടി. ശമ്പള വര്‍ധവില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയായി. ശരിക്കും പറഞ്ഞാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം സംഘടനയുമായി ബന്ധപ്പെട്ടുയര്‍ന്ന ചില പ്രശ്നങ്ങള്‍ കാരണം ഞങ്ങള്‍ നിഷ്‌ക്രിയരായിരുന്നു. അത് മറികടക്കുന്നതുവരെ ഞങ്ങള്‍ മിണ്ടാതിരുന്നു. എന്നാല്‍ ഇനിയും മിണ്ടാതിരുന്നത് കൊണ്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഇന്നത്തെ ഈ വലിയ പോരാട്ടം നടക്കുന്നത്.

ആര്യ.പി: ഈ സമരത്തിന്റെ പ്രധാന ആവശ്യം തുല്യജോലിക്ക് തുല്യവേതനമെന്നതാണ്. എന്താണ് ഇതുകൊണ്ട് സംഘടന ഉദ്ദേശിക്കുന്നത്?

ജാസ്മിന്‍ ഷാ: സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ജഗദീഷ് പ്രസാദ് കമ്മിറ്റി. ഈ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നുണ്ട് 200 ബെഡ്ഡിന് മുകളില്‍ ആശുപത്രികളുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് തുല്യ വേതനം കിട്ടണം എന്ന്. അതില്‍ താഴെ ബെഡ്ഡുള്ളവര്‍ക്ക് 10 ശതമാനത്തില്‍ കുറവ് നല്‍കണമെന്നുമായിരുന്നു നിര്‍ദേശം.

2017 ല്‍ ഞങ്ങള്‍ നടത്തിയ സമരത്തിലെ മുദ്രാവാക്യം തുല്യ ജോലിക്ക് തുല്യ വേതനം എന്നതു തന്നെയായിരുന്നു. പക്ഷേ അന്ന് ഞങ്ങളോട് സര്‍ക്കാരടക്കം പറഞ്ഞത് നിങ്ങള്‍ 10,000 രൂപ വാങ്ങുന്നവര്‍ നേരെ ചോദിക്കുന്നത് 40,000 രൂപയാണെന്നും അത് ഒറ്റയടിക്ക് ഒരു മേഖലയില്‍ നടപ്പാക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നുമായിരുന്നു.

അന്ന് ജഗദീഷ് പ്രസാദ് കമ്മിറ്റി പറഞ്ഞ അടിസ്ഥാന വേതനം 20,000 രൂപയാണ്. ഏറ്റവും കുറഞ്ഞത് 20,000 രൂപയെങ്കിലും നടപ്പാക്കണമെന്നായിരുന്നു പറഞ്ഞത്. അന്ന് സര്‍ക്കാര്‍ 20,000 രൂപ നടപ്പിലാക്കി. അന്നും വലിയ സമരത്തിന്റെ ഭാഗായിട്ടാണ് ശമ്പള പരിഷ്‌ക്കരണം വന്നത്. 2018 ഏപ്രില്‍ 23 ന് ചേര്‍ത്തലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഞങ്ങള്‍ ലോങ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച ശേഷമാണ് അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്.

മിനിമം വേജിന് വേണ്ടി നഴ്‌സുമാര്‍ നിരത്തിലിറങ്ങി. അന്ന് ഞങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യമാണ് തുല്യജോലിക്ക് തുല്യവേതനമെന്നത്. 2020 ഒക്ടോബര്‍ ഒന്നിന് വരേണ്ട ശമ്പളമാണ് ഇത്. പക്ഷേ ആരും ചോദിച്ചുമില്ല അവര്‍ തന്നുമില്ല. അതിന്റെ പരാമാവധി കാലാവധി 2023 സെപ്റ്റംബര്‍ ആയിരുന്നു. ഈ സമയത്തും ഇവര്‍ തരാതിരുന്നപ്പോഴാണ് ഇപ്പോള്‍ ഞങ്ങള്‍ വലിയ പ്രക്ഷോഭത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്.

തുല്യ ജോലിക്ക് തുല്യവേതനം എന്നത് സുപ്രീം കോടതി ഉത്തരവാണ്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഒരേ ജോലി ചെയ്യുന്നവര്‍ ഒരേ വേതനത്തിന് അര്‍ഹരാണ്. ശരിക്കും പറഞ്ഞാല്‍ സര്‍ക്കാര്‍ മേഖലയില്‍ സാധാരണക്കാരന്റെ ഫണ്ടാണ് ചിലവാകുന്നത്. സ്വകാര്യ മേഖല എന്നത് വലിയ ഫീസ് വാങ്ങുന്ന, സര്‍ക്കാരിന് യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത മേഖലയാണ്. അവിടെ യഥാര്‍ത്ഥത്തില്‍ ശമ്പളം കൊടുക്കുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല.

ഞങ്ങള്‍ ഇടക്കാലാശ്വാസത്തിനായി സമരം നടത്തിയപ്പോള്‍ 90 ശതമാനം ആളുകളും ഇത് അംഗീകരിച്ചു. 40,000 വും 50,000 വും കൊടുക്കാന്‍ തയ്യാറായി. എന്നിട്ടും സര്‍ക്കാര്‍ ഇതിന്റെ അടിസ്ഥാനപരമായിട്ടുള്ള ഉത്തരവ് ഇറക്കാന്‍ തയ്യാറായിട്ടില്ല. അതുകെണ്ടാണ് ഞങ്ങളുടെ പ്രതിഷേധവും കനക്കുന്നത്.

ആര്യ.പി: കൊവിഡ് കാലത്ത് നഴ്‌സുമാര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള ശമ്പള വര്‍ധനവോ മറ്റ് ആനുകൂല്യങ്ങളോ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയിരുന്നോ? മറ്റു മേഖലകളെ ബാധിച്ച പോലെ നിപ്പ, കൊവിഡ്, പ്രളയവുമൊക്കെ ഏതെങ്കിലും രീതിയില്‍ ആശുപത്രി വ്യവസായത്തെ ബാധിച്ചിരുന്നോ, നഴ്‌സുമാര്‍ക്ക് വേതനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത രീതിയിലുള്ള എന്തെങ്കിലും ക്രൈസിസുകള്‍ സ്വകാര്യ ആശുപത്രികള്‍ അക്കാലത്ത് നേരിട്ടിട്ടുണ്ടോ?

ജാസ്മിന്‍ ഷാ: കൊവിഡ് കാലത്ത് നഴ്‌സുമാരെ ആളുകള്‍ പൂവിട്ട് പൂജിച്ചു. സര്‍ക്കാരുകള്‍ പാത്രം കൊട്ടിയും പൂക്കളെറിഞ്ഞും അഭിനന്ദിച്ചു. പക്ഷേ അന്നും ഇവരുടെ ശമ്പളത്തില്‍ നിന്ന് വലിയൊരു തുക പല ആശുപത്രികളും കട്ട് ചെയ്യുകയായിരുന്നു. കൊവിഡ് കാലത്താണ് ആശുപത്രി മേഖല വലിയ ലാഭം ഉണ്ടാക്കിയത്. ഒരൊറ്റ മേഖലയില്ലാതെ എല്ലാം തകര്‍ന്നടിഞ്ഞപ്പോഴും ആരോഗ്യമേഖലയിലാണ് കുതിപ്പുണ്ടായത്.

അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ആശുപത്രികളെല്ലാം ഇന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളായി മാറി. കൊവിഡ് സമയത്ത് ജനറല്‍ വാര്‍ഡിന് വരെ 2,500 രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഐ.സിയുവിന് വേറെ. പി.പിഇ കിറ്റ് ഇട്ട് പത്ത് മണിക്കുറിലേറെ ജോലി ചെയ്തിട്ടും നഴ്സുമാരുടെ ശമ്പളം പകുതിയായി കുറച്ചു. ഒരു ആനുകൂല്യവും കൊടുത്തില്ല.

നിപ്പ വന്നു. കൊറോണ വന്നു. പക്ഷേ ഇതൊന്നും അവരുടെ ജീവിത ശൈലിയില്‍ മാറ്റം ഉണ്ടാക്കുന്നില്ല. കുറേ പ്രശസ്തിപത്രം കൊടുത്തതുകൊണ്ടോ കുറേ പൂക്കള്‍ കൊടുത്തതുകൊണ്ടോ പാത്രം കൊട്ടിയതുകൊണ്ടോ കാര്യമില്ലല്ലോ. അവര്‍ക്ക് ജീവിക്കാന്‍ പണം തന്നെ വേണം.

മാത്രവുമല്ല കൊവിഡ് കാലത്ത് ഒരുപാട് റിഡക്ഷന്‍സ് ആശുപത്രികള്‍ക്ക് കിട്ടിയിട്ടുമുണ്ട്. ഇലക്ട്രിസിറ്റി തുക വലിയ രീതിയില്‍ കുറച്ചു കൊടുത്തു. എക്യുപ്‌മെന്റ്‌സിന്റെ ജി.എസ്.ടി ഒഴിവാക്കി. ഓക്‌സിജന്‍ പ്ലാന്റുകള്‍ക്ക് റിബേറ്റ് ഉണ്ടായി കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഒരുപാട് ആനുകൂല്യങ്ങള്‍ കൊടുത്തു.

എന്നാല്‍ സ്വകാര്യ ആശുപത്രിയുടെ കാര്യമെടുത്താന്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തെ ഏറ്റവും ഉയര്‍ന്ന ട്രീറ്റ്‌മെന്റ് ചിലവാകും ഇപ്പോള്‍ ഉണ്ടാകുക. അഞ്ച് കൊല്ലത്തിനിടെ ട്രീറ്റ്‌മെന്റ് ചിലവ് കുത്തനെ ഉയര്‍ന്നു. അതിന്റെ ഒരു അനൂകൂല്യവും അവിടുത്തെ ജീവനക്കാര്‍ക്കോ നഴ്‌സുമാര്‍ക്കോ കിട്ടുന്നില്ല. അതുകാണ്ട് കൂടിയാണ് പ്രക്ഷോഭം ഇത്രയും പ്രക്ഷുബ്ധമാകുന്നത്.

ആര്യ.പി: ഇടതുസര്‍ക്കാര്‍ യു.എന്‍.എയോട് സ്വീകരിച്ച സമീപനം എന്താണ്? ശമ്പളം പുനര്‍നിശ്ചയിക്കാനൊരു നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് എന്തുകൊണ്ടായിരിക്കാം?

ജാസ്മിന്‍ ഷാ:  സ്വകാര്യ ആശുപത്രികള്‍ എല്ലാവരും പറയുന്നത് സര്‍ക്കാര്‍ പറഞ്ഞാല്‍ ഞങ്ങള്‍ ശമ്പളം കൊടുക്കാമെന്നാണ്. അവര് പ്രഖ്യാപിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്യുകയാണ് എന്നാണ് പറയുന്നത്. അത് പ്രഖ്യാപിക്കാത്തതുകൊണ്ടാണ് ലേബര്‍ ഡിപാര്‍ട്‌മെന്റിനൊന്നും ഇതില്‍ ഇടപെടാന്‍ പറ്റാത്തത്. മൂന്ന് കൊല്ലം കഴിയുമ്പോള്‍ ഇത് പ്രഖ്യാപിക്കണമെന്നാണ്. തൊഴിലാളി സൗഹൃദം എന്നൊക്കെ പറയുന്നവര്‍ പ്രവൃത്തിയില്‍ അത് കാണിക്കുന്നില്ല. സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്ന് മാത്രമല്ല ചര്‍ച്ചയ്ക്ക് പോലും വിളിക്കുന്നില്ല. അല്ലെങ്കില്‍ ജീവനക്കാരെ കേള്‍ക്കാന്‍ പോലും തയ്യാറാവുന്നില്ല. നമ്മള്‍ കേരളത്തിന്റെ ഭാഗമല്ല എന്ന നിലയ്ക്കാണ് സര്‍ക്കാരിന്റെ നിലപാട്.

ആര്യ.പി: സമരത്തിന്റെ പേരില്‍ നഴ്‌സുമാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ആശുപത്രികള്‍ ഉണ്ടോ, ഇപ്പോഴും അത്തരത്തില്‍ ഏതെങ്കിലും വേട്ടയാടലുകള്‍ നഴ്‌സുമാര്‍ നേരിടുന്നുണ്ടോ?

ജാസ്മിന്‍ ഷാ: തീര്‍ച്ചയായും ഉണ്ട്. അതിനേക്കാല്‍ കൂടുതല്‍ ഹരാസ്‌മെന്റുകള്‍ നടക്കുന്നുണ്ട്. തൃശൂര്‍ നൈല്‍ ആശുപത്രിയിലൊക്കെ നടന്ന സംഭവങ്ങളുണ്ട്. നഴ്സുമാര്‍ക്ക് നേരെ ജാതീയ അധിക്ഷേപങ്ങള്‍ നടക്കുന്നു. അവരെ തല്ലുന്നു. ഇവരുടെ കീഴില്‍ നില്‍ക്കേണ്ട വിഭാഗമാണ് വനിതകള്‍ എന്ന ധാരണ ചിലര്‍ക്കൊക്കെയുണ്ട്. അവര്‍ക്കെതിരെ പ്രതികരിച്ചാല്‍ അവരെ അടിച്ചൊതുക്കുക, തെറി പറയുക അതിന്റെ ഭാഗമായിട്ടാണ് സമരം നടക്കുന്നത്.

വര്‍ക്ക് പ്ലേസില്‍ ഹരാസ്മെന്റ് ഇല്ലാത്ത രീതിയില്‍ മുന്നോട്ടുപോകാന്‍ പറ്റണം. പക്ഷെ നിലവില്‍ അങ്ങനെ ഒരു സാഹചര്യം ഇല്ല. അവരെ പീഡിപ്പിക്കുന്നു, അവരെ ഭയപ്പെടുത്താനും പുറത്താക്കാനും ശ്രമിക്കുന്നു. അത്തരത്തില്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. അതിനെതിരെയാണ് ഞങ്ങള്‍ ഏറ്റവും ശക്തമായ പ്രതിരോധം തീര്‍ക്കുന്നത്.

ആര്യ.പി:  കോണ്‍ട്രാക്ട് ലേബര്‍, ട്രെയിനികള്‍ ഇവരുടെയൊക്കെ ശമ്പളം എങ്ങനെയാണ്. ഇവരെക്കൊണ്ടെക്കെ അമിത ജോലി ചെയ്യിപ്പിക്കുന്ന ആശുപത്രികള്‍ ഉണ്ടോ?

ജാസ്മിന്‍ ഷാ: നമ്മുടെ ഇപ്പോഴത്തെ ഏറ്റവും പ്രധാനമുദ്രാവാക്യം തന്നെ കോണ്‍ട്രാക്ട് ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കുക എന്നതാണ്. നമ്മള്‍ കരാര്‍ ഉണ്ടാക്കിയ കോഴിക്കോട്, തൃശൂര്‍, പത്തനംതിട്ടയിലൊക്കെ കോണ്‍ട്രാക്ട് ട്രെയിനി സമ്പ്രദായം അവസാനിപ്പിച്ചു. ട്രെയിനികള്‍ എന്ന പോസ്റ്റില്‍ ഇവര്‍ ആളുകളെ വെക്കുന്നത് തന്നെ 10,000 രൂപ ശമ്പളം കൊടുക്കാന്‍ വേണ്ടിയിട്ടാണ്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയായ ലേക്‌ഷോറില്‍ ട്രെയിനി നഴ്സുമാര്‍ക്ക് 10,000 രൂപയേ ശമ്പളം ഉള്ളൂ. അതേസമയം ഇഖ്റ പോലുള്ള ആശുപത്രികള്‍ പോലും 25,000 രൂപയായിട്ട് അത് വര്‍ധിപ്പിച്ചിട്ടുണ്ട്. മിംസ് 20,000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. സ്റ്റാര്‍ കെയര്‍ പോലുള്ളവരൊക്കെ ട്രെയിനി സമ്പ്രദായം അവസാനിപ്പിച്ചിട്ടുണ്ട്. പക്ഷേ ലേക്‌ഷോര്‍ പോലുള്ള ആശുപത്രികള്‍ ട്രെയിനികള്‍ക്ക് മിനിമം വേതനം കൊടുക്കുന്നില്ല. കാരണം അവര്‍ക്ക് സര്‍ക്കാരില്‍ വലിയ പിടിപാടാണ്. അധികാരികളില്‍ പിടിപാടുള്ളവര്‍ ഇതൊന്നും മാറ്റാന്‍ തയ്യാറാകുന്നില്ല.

ആര്യ.പി: യു.എന്‍.എ രൂപീകരിക്കപ്പെട്ട ശേഷം നഴ്സിങ് മേഖലയില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പറയാമോ? മറ്റ് ട്രേഡ് യൂണിയനുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടായിരിക്കാം വലിയൊരു നഴ്സിങ് സമൂഹം യു.എന്‍.എയ്ക്ക് പിന്നില്‍ അണിനിരന്നത്?

ജാസ്മിന്‍ ഷാ: ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്ന സംഘടനയായിട്ടാണ് യു.എന്‍.എയെ നമ്മള്‍ കണക്കാക്കുന്നത്. നഴ്സുമാരോട് ചോദിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് അത് മനസിലാകും. അവരുടെ വിഷയങ്ങളില്‍ ഏറ്റവും അതിവൈകാരികമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന സംഘടയാണ് യു.എന്‍.എ.

മാത്രമല്ല ഈ സംഘടനയില്‍ ഉള്ളവരെല്ലാം ആശുപത്രി മേഖലയില്‍ തൊഴിലെടുക്കുന്നവരാണ്. അപ്പോള്‍ അവരുടെ വിഷയങ്ങള്‍ നേരിട്ടറിയാന്‍ പറ്റും. ആശുപത്രിയുടെ ലാഭവിഹിതം, അവര്‍ക്കുണ്ടാകുന്ന നേട്ടങ്ങള്‍ ഇതിനെ കുറിച്ചുമൊക്കെ അറിയുന്ന ഒരു സമൂഹമാണ് യു.എന്‍.എയില്‍ ഉള്ളത്.

പിന്നെ യു.എന്‍.എ സ്വതന്ത്രമായി നില്‍ക്കുന്ന സംഘടനയാണ്. നമുക്ക് ഒരാളോടും ചോദിക്കേണ്ടതില്ല. രാഷ്ട്രീയപരമായുള്ള ഇടപെടലില്ല. അതുകൊണ്ട് തന്നെ ആരേയും സ്വാധീനിച്ച് കാര്യങ്ങള്‍ നേടിയെടുക്കാന്‍ പറ്റില്ല. നമ്മുടെ ഒരു യൂണിറ്റ് കമ്മിറ്റി എന്ത് തീരുമാനിച്ചോ ആ തീരുമാനത്തിലാണ് സംഘടന നിലനില്‍ക്കുന്നത്. അല്ലാതെ മുകളില്‍ നിന്ന് തീരുമാനം എടുത്ത് താഴേക്ക് അടിച്ചേല്‍പ്പിക്കുന്ന രീതിയില്ല. താഴെത്തട്ടില്‍ എന്ത് തീരുമാനമെടുക്കുന്നു അതാണ് നടപ്പിലാക്കുക. താഴെതട്ടിലുള്ള തീരുമാനത്തിനൊപ്പം അഖിലേന്ത്യാ കമ്മിറ്റി വരെ നില്‍ക്കും.

36 രാജ്യങ്ങളിലായി യു.എന്‍.എയ്ക്ക് യൂണിറ്റുണ്ട്. 18 സംസ്ഥാനങ്ങളില്‍ ഉണ്ട്. കേരളത്തില്‍ നിന്ന് തുടങ്ങിയ സംഘടനയാണ്. ദിനംപ്രതി സംഘടനയിലേക്ക് നഴ്സുമാര്‍ കടന്നുവരികയാണ്. ഗവര്‍മെന്റ് മേഖയിലെ കോണ്‍ട്രാക്ട് തൊഴിലാളികള്‍, എന്‍.എച്ച്.എം, എം.എല്‍.എസ്.പി കരാര്‍ തൊഴിലാളികള്‍ എല്ലാവരും നമ്മളിലേക്കാണ് വരുന്നത്. ഇവരൊക്കെ വേറെ ട്രേഡ് യൂണിയനുകളില്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്നു. അവരില്‍ നിന്ന് എന്തുകൊണ്ട് അകലുന്നു എന്ന് അവരാണ് പുനര്‍വിചിന്തനം നടത്തേണ്ടത്.

അവിടെ ഏറ്റവും ശക്തമായ നിയമപോരാട്ടങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും യു.എന്‍.എ നടത്തുന്നു. ഏറ്റവും കടുത്ത ആരോപണങ്ങള്‍ പോലും സംഘടനയ്ക്ക് നേരെ വന്നപ്പോള്‍ ഞങ്ങള്‍ ഭയന്ന് പിന്മാറായിട്ടില്ല. ഇത്രയും വലിയ മീഡിയ അറ്റാക്കുകളും ആക്രമണങ്ങളും വന്നപ്പോള്‍ യു.എന്‍.എ പൊളിഞ്ഞുപോകുമെന്ന് കരുതിയിടത്തും ഞങ്ങള്‍ അതിശക്തമായി പ്രതിരോധിച്ചു.

ഭയപ്പാടില്ലാതെ നേരിടാന്‍ സംഘടനയ്ക്ക് സാധിച്ചു എന്നതും സംഘടന അത്രയും കെട്ടുറപ്പോടെ നിന്നു എന്നതും നഴ്സുമാര്‍ക്കിടയില്‍ വലിയ വിശ്വാസം ഉണ്ടാക്കി. തൃശൂരിലെ നൈല്‍ ആശുപത്രിയിലെ നഴ്സുമാര്‍ സംഘടിച്ചത് അവിടുത്തെ മറ്റ് ജീവനക്കാരെ പുറത്താക്കിയതിനാണ്. അത്തരത്തില്‍ യോജിച്ച പോരാട്ടം ആരോഗ്യമേഖളയില്‍ വളര്‍ന്നു തുടങ്ങി.

ഒരുകാലത്ത് അടിമകളെ പോലെ പണിയെടുത്ത ഒരു സമൂഹം. 500ഉം 1000 വും അങ്ങോട്ട് കൊടുത്ത് ജോലിചെയ്ത ആള്‍ക്കാര്‍. അവരെല്ലാം ഇന്ന് അവകാശബോധമുള്ള ഒരു തലമുറയായി മാറി. ഇന്നവര്‍ ഇ.എസ്.ഐയിലുണ്ട്. പി.എഫിലുണ്ട്. പ്രസവാവധിയും ക്ഷേമനിധി ലഭിക്കുന്നുണ്ട്. മാത്രമല്ല 30,000 വും 40,000 വും രൂപ ശമ്പളം വാങ്ങാന്‍ തുടങ്ങിരിക്കുന്നു.

500 രൂപയും 1000 രൂപയും ശമ്പളം വാങ്ങിയിരുന്നിടത്ത് ഇന്ന് 50,000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന നഴ്സുമാര്‍ യു.എന്‍.എയില് ഉണ്ട്. കഴിഞ്ഞ 13 കൊല്ലം കൊണ്ട് ഉണ്ടായ മാറ്റമാണ് ഇത്. ആ മാറ്റം ചെറുതല്ല. പിന്നെ 3 ഷിഫ്റ്റ് സമ്പ്രദായം കൊണ്ടുവന്നു. ആദ്യം രണ്ട് ഷിഫ്റ്റായിരുന്നു. എല്ലാവര്‍ക്കും കൃത്യമായ ഇടവേളകളും റെസ്റ്റ് ടൈമും നേടിയെടുക്കാനായി.

പണ്ട് പത്തും ഇരുപതും ആളുകളെ നോക്കുന്നിടത്ത് അത് അല്‍പ്പമെങ്കിലും മെച്ചപ്പെടുത്താന്‍ നമുക്ക് സാധിച്ചു. വലിയ മാറ്റങ്ങള്‍ ആളുകളുടെ ജീവിതത്തിലുണ്ടായി. പിന്നെ യു.എന്‍.എയിലെ ആളുകള്‍ക്ക് ഒരുപാട് പരിരക്ഷയുണ്ട്. മരണപ്പെട്ടാല്‍ അവര്‍ക്ക് 5 ലക്ഷം രൂപ വീട്ടില്‍ കിട്ടും. ക്രിട്ടിക്കലായിട്ടുള്ള അസുഖം വന്നാല്‍ അതിന്റെ പരിപൂര്‍ണ ചിലവ് സംഘടന വഹിക്കും. 2 ലക്ഷം രൂപ വരെ പലിശ രഹിത ലോണ്‍ കൊടുക്കും. ഒരുപാട് സ്‌കീം കൊടുക്കുന്നു. 1500 രൂപ കൊടുത്ത് ഒരു മെമ്പര്‍ഷിപ്പ് എടുത്താല്‍ ആ മെമ്പര്‍ഷിപ്പോടെ അവര്‍ സുരക്ഷിതരാകുകയാണെന്ന ധാരണ അവര്‍ക്ക് വന്നു. അതുകൊണ്ടാണ് സംഘടനയിലേക്ക് ആളുകള്‍ വരുന്നത്.

ആര്യ.പി:  2018 ന് ശേഷം യു.എന്‍.എ നേരിട്ട വെല്ലുവിളികള്‍ എന്തെല്ലാമായിരുന്നു? സംഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഐ.എം.എയില്‍ നിന്നോ മാനേജ്മെന്റ് അസോസിയേഷനില്‍ നിന്നും ഉണ്ടായിട്ടുണ്ടോ അതിജീവനത്തെ കുറിച്ച് പറയാമോ?

ജാസ്മിന്‍ ഷാ: ഞങ്ങളെ ആദ്യം ഗുണ്ടകളെ വിട്ടാണ് ഇവര്‍ നേരിട്ടത്. എല്ലായിടത്തും കായികമായി നേരിടാന്‍ നോക്കി. പലപ്പോഴും ആളുകള്‍ക്ക് ക്രൂരമായ മര്‍ദനം ഏറ്റു. കൊലപാതകശ്രമം വരെ ഉണ്ടായി. പക്ഷേ അതിനെയൊക്കെ അതിജീവിച്ചു. പിന്നീട് പൊലീസിനെ ഉപയോഗിച്ചായി. യു.എന്‍.എക്കെതിരെ യു.എന്‍.എയ്ക്കുള്ളില്‍ നിന്ന് ആളുകളെ അടര്‍ത്തിയെടുത്ത് ആരോപണം ഉന്നയിച്ചു. എന്നിട്ട് അതില്‍ ഒരു അന്വേഷണം പ്രഖ്യാപിച്ചു.

അതില്‍ അവര്‍ വലിയ പ്രചരണം നടത്തും. വര്‍ഗീയപരമായി തന്നെ സംഘടനയെ തകര്‍ക്കാനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നും ഉണ്ടായി. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആശുപത്രികളുള്ളത് വിവിധ ജാതിമത വിഭാഗത്തില്‍ നിന്നുള്ളവരുടേതും കോര്‍പ്പറേറ്റുകളുടേതുമാണ്.
എല്ലാ തരത്തിലുള്ള വെല്ലുവിളികളും അവര്‍ ഉയര്‍ത്തി നോക്കി.

യു.എന്‍.എക്കെതിരെ 2019 ല്‍ വലിയ ആരോപണം അവര്‍ ഉന്നയിച്ചു. വലിയ അന്വേഷണം നടത്തി. യു.എന്‍.എയിലെ പ്രധാനപ്പെട്ട എല്ലാ നേതാക്കന്‍മാരേയും കേസില്‍പ്പെടുത്തി. ലുക്ക് ഔട്ട് നോട്ടീസ് ഇറങ്ങി. അങ്ങനെ പ്രചണ്ഡമായ ഒരു പ്രചരണം മാനേജ്മെന്റിന്റെ സഹായത്തോടുകൂടി നടത്തി.

വലിയ വക്കീലന്‍മാര്‍ വരെ യു.എന്‍.എക്കെതിരെ കോടതിയില്‍ ഹാജരായി. എന്നിട്ട് പോലും അതിനെ നമ്മള്‍ പ്രതിരോധിച്ചു. മറികടന്നു. ഇപ്പോഴും അവര്‍ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നിങ്ങളെ പൂട്ടും എന്ന് പറഞ്ഞാണ് ചില ആശുപത്രി മാനേജ്മെന്റുകള്‍ മുന്നോട്ടുപോകുന്നത്.

കഴിഞ്ഞ തവണ പോലും ആശുപത്രി മാനേജ്മെന്റുകളുടെ യോഗത്തില്‍ യു.എന്‍.എയെ എത്രയും പെട്ടെന്ന് തകര്‍ക്കണമെന്നും അതിന് സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നും ചിലര്‍ ഉറപ്പിച്ചുപറയുന്നുണ്ട്. അതിനുള്ള ശ്രമങ്ങളും എല്ലാ തരത്തിലും അവര്‍ നടത്തുന്നുണ്ട്. മാധ്യമങ്ങളെ അതിന് ഉപയോഗപ്പെടുത്തുമെന്ന് അവര്‍ പറയുന്നുണ്ട്.

ചില ഓണ്‍ലൈന്‍ പത്രങ്ങളൊക്കെ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. തൃശൂര്‍ ജില്ലയില്‍ ഒഴികെ വേറെ എവിടേയും ഞങ്ങളുടെ വാര്‍ത്തകള്‍ ആരും കാര്യമായി കൊടുക്കാറില്ല. മറ്റാരും യഥാര്‍ത്ഥത്തില്‍ ഇതൊരു വലിയ പ്രശ്നമായി കാണാറില്ല. അസംഘടിത മേഖലയുടെ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഇത് യഥാര്‍ത്ഥത്തില്‍. എത്രയോ മേഖലയ്ക്ക് ആശ്വാസം പകരുന്ന ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ്. എന്നാല്‍ അത് ഇല്ലാതെ നോക്കാന്‍ ഒരു കോര്‍പ്പറേറ്റ് ഇടപെടല്‍ തന്നെ ഇവര്‍ നടത്തുന്നുണ്ട് എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്.

ആര്യ.പി: നഴ്സിങ് സംഘടനകള്‍ ആശുപത്രികളെ തകര്‍ക്കുകയാണെന്നായിരുന്നു ഒരിക്കല്‍ ഐ.എം.എ നടത്തിയ പരാമര്‍ശം. അന്നത് വലിയ വിവാദമായിരുന്നു. അതിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നു. യു.എന്‍.എയോടുള്ള ഐ.എം.എയുടെ ഇടപെടലുകളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ജാസ്മിന്‍ ഷാ: ഐ.എം.എ ഒരു കോര്‍പ്പറേറ്റ് സംഘടനായി മാറി. കാരണം അതിന്റെ തലപ്പത്തിരിക്കുന്നവരൊക്കെ ഓരോ ആശുപത്രികളുടെ മുതലാളിമാരാണ്. അവരുടെ സാധാരണ അംഗങ്ങളുടെ വികാരമൊന്നുമല്ല അവര്‍ പ്രകടിപ്പിക്കുന്നത്.

തൃശൂരിലെ നൈല്‍ ആശുപത്രി ഉടമയ്ക്കെതിരെ ഒരു പ്രശ്നമുണ്ടായപ്പോള്‍ ഐ.എം.എ വലിയ പ്രസ്താവന ഇറക്കി. അവര്‍ കരിദിനമൊക്കെ ആചരിച്ചു. അവര്‍ ആശുപത്രി ഉടമകള്‍ ആയ സ്ഥാപനങ്ങളില്‍ മാത്രമാണ് ഡോക്ടര്‍മാര്‍ കരിദിനം നടത്തിയത്.

യു.എന്‍.എ രൂപീകരിച്ച സമയത്ത് അവര്‍ പ്രഖ്യാപിച്ചത് ആറ് മാസം കൊണ്ട് സംഘടനയെ അറബിക്കടലില്‍ മുക്കുമെന്നാണ്. പക്ഷേ 13 കൊല്ലമായി 36 രാജ്യത്തേക്ക് ഞങ്ങള്‍ പടര്‍ന്നുകയറുകയാണ് ചെയ്തത്. ഞങ്ങള്‍ ഗുണ്ടാ സംഘടനയാണ് എന്നാണ് ഇപ്പോഴും അവര്‍ പറയുന്നത്.

യു.എന്‍.എയ്ക്ക് രോഗികളോട് കമ്മിറ്റ്മെന്റ് ഉണ്ട്. രോഗികളോട് കമ്മിറ്റ്മെന്റ് ഇല്ലാത്ത സംഘടന ഏതാണെന്ന് ഞങ്ങള്‍ പറയേണ്ട ആവശ്യമില്ല. അത് പൊതുജനങ്ങള്‍ക്ക് അറിയാം.

ഐ.എം.എ എന്ന സംഘടന ഒരു ട്രേഡ് യൂണിയനാണ്. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനയാണ്. അവര്‍ മറ്റൊരു സംഘടനയെ എന്തിനാണ് ഇങ്ങനെ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത് എന്ന് പൊതുജനങ്ങള്‍ക്ക് മനസിലാകും. പക്ഷേ അവരുടെ കല്‍പ്പനകളൊന്നും നമ്മുടെ മൂവ്മെന്റിനെ ബാധിക്കില്ല. അവര്‍ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അവര്‍ അംഗങ്ങളോട് അക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പക്ഷേ അതൊന്നും വിലപ്പോവില്ലെന്ന് മാത്രമാണ് പറയാനുള്ളത്.

ആര്യ.പി: സ്വകാര്യ ആശുപത്രികളില്‍ തന്നെ ഒരേ ട്രീറ്റ്‌മെന്റിന് വിവിധ ചാര്‍ജുകളാണ് ഈടാക്കുന്നതെന്ന് പറഞ്ഞല്ലോ. ഡോക്ടര്‍മാരുടെ ഫീസിലുള്‍പ്പെടെ ഈ വ്യത്യാസം പ്രകടമാണ്. ചികിത്സാ ഫീസ് ഏകീകരണമൊക്കെ സര്‍ക്കാര്‍ വിചാരിച്ചാല്‍ കൊണ്ടുവരാന്‍ സാധിക്കുന്ന കാര്യമാണോ?

ജാസ്മിന്‍ ഷാ: തീര്‍ച്ചയായും. സര്‍ക്കാര്‍ വിചാരിച്ചാല്‍ നിസാരമായി ചെയ്യാന്‍ കഴിയുന്ന കാര്യമല്ലേ. ഇതിന് മുന്‍പ് ഡോ. ഇക്ബാല്‍ അധ്യക്ഷനായ സമിതിയെയൊക്കെ നിയോഗിച്ചതാണ്. അതിനെതിരെയും ഈ മാനേജ്മെന്റുകളാണ് കേസിന് പോയത്. യഥാര്‍ത്ഥത്തില്‍ ഐ.എം.എയുടെ ആളുകള്‍ക്കാണ് ആശുപത്രിയുടെ വലിയൊരു വിഭാഗം ശമ്പളമായി പോകുന്നത്.

ഈ പറയുന്ന ചികിത്സാഫീസ് ഏകീകരണം സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ അത് വലിയൊരു വിഭാഗത്തിന് വലിയൊരു ആശ്വാസം നല്‍കുന്ന കാര്യമാകും. അങ്ങനെ വരുമ്പോള്‍ ഇവരുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പറ്റും. അവിടെത്തെ ചികിത്സാസൗകര്യം പരിശോധിക്കാന്‍ പറ്റും. എന്നാല്‍ സര്‍ക്കാര്‍ അതൊന്നും ചെയ്യുന്നില്ല. ഇതിലൊക്കെ അധികാരികളും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും ഒരു അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നുണ്ട്.

എല്ലായിടത്തും ഒരേ കമ്പനികളുടെ എക്സറേ മെഷീനായിരിക്കും ഉപയോഗിക്കുക. ഒരേപോലത്തെ ക്വാളിഫിക്കേഷന്‍ ഉള്ളവരാണ് ഇതൊക്കെ നോക്കുന്നത്. അവര്‍ക്കൊക്കെ ഒരേ ശമ്പളമാണ് ലഭിക്കുന്നത്. പക്ഷേ അവര്‍ ഈടാക്കുന്നത് വ്യത്യസ്തമായ നിരക്കുകളാണ്. ചികിത്സാഫീസ് ഏകീകരിക്കുകയും അതിന് ഒരു നിയന്ത്രണം കൊണ്ടുവരികയും ചെയ്താല്‍ അത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും.

ആര്യ.പി:  കേരളത്തിലെ ആശുപത്രി മാനേജ്മെന്റിന് യു.എന്‍.എയോടുള്ള സമീപനം എങ്ങനെയാണ്? അവര്‍ നിങ്ങളെ പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ടോ?

ജാസ്മിന്‍ ഷാ: പണ്ടത്തേതില്‍ നിന്നും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. അന്നൊന്നും ആരും യു.എന്‍.എയെ അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. എല്ലാവരും യു.എന്‍.എയെ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് വലിയൊരു വിഭാഗം മാനേജ്മെന്റ് യു.എന്‍.എയെ അംഗീകരിക്കുന്നുണ്ട്. ഇടക്കാല ആശ്വാസം തരാന്‍ തയ്യാറുള്ള മാനേജ്മെന്റുകള്‍ എല്ലാം യു.എന്‍.എയുമായി സൗഹൃദത്തില്‍ പോകണണെന്ന് ആഗ്രഹിക്കുന്നവരാണ്.

മാത്രമല്ല ഇപ്പോള്‍ പല ആശുപത്രികളും അവരുടെ ഹാളുകള്‍ അടക്കം യു.എന്‍.എയുടെ മീറ്റിങ്ങിന് വിട്ടുതന്നു തുടങ്ങി. ഇതൊക്കെ ഒരു മാറ്റമാണ്. പുറത്തുപോയിട്ട് യു.എന്‍.എ അവര്‍ക്കെതിരെ സംസാരിക്കരുത് എന്ന് ആഗ്രഹം ഉള്ളതുകൊണ്ടായിരിക്കാം. എന്തായാലും മാറ്റം നമ്മള്‍ കാണണം.

മാനേജ്‌മെന്റ്‌ നയ രൂപീകരണ ചര്‍ച്ചകളില്‍ ചില മാനേജ്മെന്റുകള്‍ യു.എന്‍.എയെ പങ്കാളികളാക്കുന്നുണ്ട്. പ്രത്യേകിച്ച് ആസ്റ്റര്‍ ഗ്രൂപ്പൊക്കെ എല്ലാ ചര്‍ച്ചകളിലും നഴ്സിങ് കേഡര്‍ പോസ്റ്റുകളിലും അവര്‍ യു.എന്‍.എയുടെ നേതാക്കന്‍മാരേയും ആളുകളേയും പരിഗണിക്കുന്നുണ്ട് കോഴിക്കോട് തൃശൂര്‍ മലപ്പുറം പത്തനംതിട്ട തുടങ്ങി തിരുവനന്തപുരം ഒഴികെ യു.എന്‍.എ റിക്രൂട്ട്മെന്റ് വഴി ആളുകളെ എടുക്കുന്നുണ്ട്.

യു.എന്‍.എ മെമ്പര്‍മാര്‍ ആണോ എന്ന് ചോദിച്ച് അഭിമുഖം നടത്തുന്ന ഒരു കാലമുണ്ടായിരുന്നു. യു.എന്‍.എയില്‍ അംഗത്വം ഉണ്ടെങ്കില്‍ അവര്‍ക്ക് ജോലി കൊടുക്കാത്ത കാലമുണ്ടായിരുന്നു. ഇതില്‍ നിന്നും മാറി യു.എന്‍.എയില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്ന കാലഘട്ടത്തില്‍ എത്തി. അതിന്റെ ഒന്നാമെത്തെ കാരണം ഡിമാന്റ് സപ്ലൈ ആണ്.

ഭയങ്കരമായ ഷോര്‍ട്ടേജ് ഇന്നും ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഉണ്ട്. കുറഞ്ഞ ജോലിക്ക് ശമ്പളത്തില്‍ കയറാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ട് നമ്മള്‍ തന്നെ ഇമെയില്‍ വഴി ഒരു ക്യാമ്പയിന്‍ നടത്തിയിരുന്നു. കഴിഞ്ഞ ഒരൊറ്റ മാസം കൊണ്ട് 1,500 ഓളം പേര്‍ക്ക് യു.എന്‍.എ ജോലി വാങ്ങിക്കൊടുത്തു. അതൊരു ചെറിയ കാര്യമായി തോന്നുന്നില്ല. വലിയ കാര്യമായിട്ട് തന്നെയാണ് വിലയിരുത്തുന്നത്.

ആര്യ.പി: 40,000 രൂപ അടിസ്ഥാന ശമ്പളമെന്ന ആവശ്യമുയര്‍ത്തിയാണ് ഈ സമരമെന്ന് പറഞ്ഞല്ലോ. ഈ തുക ഒരു ആശുപത്രി മാനേജ്‌മെന്റിന് നല്‍കാനാവുന്ന തുകയാണോ, നഴ്സുമാര്‍ക്ക് വേതനം കൂട്ടിനല്‍കാത്തതിന്റെ കാരണമായി ആശുപത്രി മാനേജ്‌മെന്റുകള്‍ പറയുന്ന കാരണമെന്താണ്?

ജാസ്മിന്‍ ഷാ:  മാനേജ്മെന്റുകള്‍ ഈ തുക കൊടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞിട്ടില്ല. കാരണം 1,300 രൂപയുടെ അടുത്ത് മാത്രമേ 40,000 രൂപ ശമ്പളം വന്നാല്‍ പോലും വരുന്നുള്ളൂ. 1500 രൂപ പോലും ഇല്ല. 1,500 രൂപ ദിവസ വേതനം ആണെങ്കില്‍ 45,000 രൂപ വേണം. ഒരു വിദഗ്ധ തൊഴിലാളിക്ക് 1500 രൂപയില്‍ അധികം ശമ്പളം കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു വിദഗ്ധ തൊഴിലാളിയായ നഴ്സിന് 1,500 രൂപ കുറവാണെന്ന അഭിപ്രായം ഈ മാനേജ്മെന്റുകള്‍ക്കുമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

യു.എന്‍.എയുടെ ഒരു 90 ശതമാനം ആശുപത്രികളിലും അതായത് 456 ആശുപത്രികളിലും വലിയൊരു വിഭാഗം ആശുപത്രികളും ഇടക്കാലാശ്വാസമായ 10,000 രൂപ ഒരു പ്രശ്നവുമില്ലാതെ തന്നു. ആകെ പി.ആര്‍.എസ് ആശുപത്രി മാത്രമാണ് അതിന് വിഘാതമായി നിന്നത്. അവരും പറയുന്നത് സര്‍ക്കാര്‍ എന്ന് ഉത്തരവിറക്കുന്നോ അന്ന് തരാമെന്നതാണ്. അവര്‍ക്ക് അതിന് തടസ്സമില്ലെന്നാണ് നമ്മള്‍ മനസിലാക്കുന്നത്.

എന്നാല്‍ അവരുടെ അസോസിയേഷനില്‍ എതിര്‍പ്പുണ്ട്. കാരണം അസോസിയേഷന്‍ തലപ്പത്തിരിക്കുന്നവര്‍ക്ക് ആശുപത്രിയില്ല. വല്ല ക്ലിനിക്കുകള്‍ നടത്തുന്നവരോ അല്ലെങ്കില്‍ ഒരു ശതമാനം ഷെയറോ മറ്റോ ആശുപത്രിയില്‍ ഉള്ളവരുമായിരിക്കും ഇതിനെ എതിര്‍ക്കുന്നത്. ക്ലിനിക്കുകളില്‍ അടക്കം ശമ്പളം വേറെയാണ്. 80 ശതമാനം നഴ്സുമാരും ഇതിനകം 40,000 രൂപ ശമ്പളം വാങ്ങുന്നവരാണ്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്. ആസ്റ്റര്‍ മെഡിസിറ്റി തുടങ്ങിയവരൊക്കെ ഇതിനോടടുത്തെത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ ഉത്തരവിറക്കണം എന്നാണ് ഇവര്‍ പറയുന്നത്. സര്‍ക്കാരില്‍ നിന്നുള്ള അലംഭാവമാണ് നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാര്യം.

ആര്യ.പി: ചാരിറ്റി പ്രവര്‍ത്തനത്തെ കുറിച്ച് എന്താണ് പറയാനുള്ളത്, ആശുപത്രികളില്‍ നിലവില്‍ വലിയ രീതിയിലുള്ള ചാരിറ്റികള്‍ നടക്കുന്നുണ്ടോ? അതിന്റെ രേഖകളൊക്കെ കൃത്യമാണോ?

ജാസ്മിന്‍ ഷാ:  യഥാര്‍ത്ഥത്തില്‍ ചാരിറ്റി എന്ന് പറയുന്നത് തന്നെ ഒരു തട്ടിപ്പാണല്ലോ. യഥാര്‍ത്ഥത്തില്‍ സ്വന്തം ജീവനക്കാര്‍ക്ക് മതിയായ ശമ്പളം കൊടുക്കാതെ, അവര്‍ക്ക് ചികിത്സയ്ക്ക് സഹായം കൊടുക്കാതെ അവിടെ രാപ്പകല്‍ പണിയെടുക്കുന്നവരെ ശ്രദ്ധിക്കാതെ ലോകത്തുള്ളവര്‍ക്ക് മുഴുവന്‍ ചാരിറ്റി ചെയ്യുക എന്ന് പറഞ്ഞാല്‍ തന്നെ തട്ടിപ്പല്ലേ. ഇവര്‍ എന്താണ് ചെയ്യുന്നത് ഒരാള്‍ക്ക് ഒരു ചാരിറ്റി കൊടുത്താല്‍ അത് അവര്‍ വലിയ രീതിയില്‍ പരസ്യം ചെയ്യും. പക്ഷേ അപ്പുറത്ത് ഇവര്‍ 500 ആള്‍ക്കാരുടെ പൈസ കട്ടിട്ടുണ്ടാകും. ചാരിറ്റി എന്ന് പറയുമ്പോള്‍ ജീവനക്കാരുടെ കാര്യം ആരും പറയില്ല. ചാരിറ്റബിള്‍ ആശുപത്രി എന്ന് പറഞ്ഞ് അവിടെ വന്ന് കഴിഞ്ഞാല്‍ അറിയാം. അവിടുത്തെ ഫീസ് എത്രയാണെന്ന്.

ആര്യ.പി: മുന്‍പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് തൊഴില്‍ തേടി കേരളത്തില്‍ നിന്നും നഴ്‌സുമാര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതായുള്ള ഒരു ട്രെന്‍ഡ് യഥാര്‍ത്ഥത്തില്‍ ഉണ്ടോ? അങ്ങനെ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് അത് സംഭവിക്കുന്നതെന്നാണ് നിങ്ങളുടെ അനുമാനം, അവര്‍ക്ക് ലഭിക്കേണ്ട മിനിമം വേതനവും പരിഗണനയും ഇവിടെ ലഭിക്കാത്തതുകൊണ്ടാണോ അതോ ആഗോളസാധ്യത തന്നെ വര്‍ധിച്ചതുകൊണ്ടാണോ?

ജാസ്മിന്‍ ഷാ: വ്യാപകമായി നഴ്‌സുമാര്‍ പുറത്തേക്ക് പോകുന്നുണ്ട്. ഏറ്റവും ചുരുക്കം ഒരു മാസം ആയിരം രണ്ടായിരം നഴ്‌സുമാര്‍ വരെ തൊഴില്‍ തേടി പോകുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തെ കണക്കെടുത്താല്‍ 20,000, 30,000 പേരാണ് പോകുന്നത്. കേരള നഴ്‌സിങ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം തന്നെ കഴിഞ്ഞ ആറ് മാസം കൊണ്ട് 22,000 പേര്‍ പോയി എന്നാണ്.

കേരള നഴ്‌സിങ് കൗണ്‍സിലില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റ് നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരും മലയാളികളാണ്. 22,000 പേര്‍ പോയിട്ടുണ്ടെങ്കില്‍ അവര്‍ എന്തുകൊണ്ട് പോകുന്നു എന്നത് ചിന്തിക്കണം. അവര്‍ക്ക് ഇവിടെ ജീവിക്കാന്‍ സാധിക്കുന്നില്ല. ഒരു കൊല്ലം ആറായിരം പേര്‍ പഠിച്ചിറങ്ങുന്നു, 22,000 പേര്‍ പോകുന്നു എന്നാണെങ്കില്‍ ഈ നാട് ഏറ്റവും ഗുരുതരമായ ആരോഗ്യപ്രവര്‍ത്തകരുടെ ഷോര്‍ട്ടേജിലേക്കാണ് പോകുന്നത്. അത് മുന്‍കൂട്ടി കാണാനുള്ള കഴിവ് മാനേജ്‌മെന്റിനുകള്‍ക്കുമില്ല സര്‍ക്കാരിനുമില്ല. അതിന്റെ ഭവിഷ്യത്ത് അധികാരികളും സമൂഹവും ഒക്കെ വരും കാലങ്ങളില്‍ അനുഭവിക്കും.

ആര്യ.പി: കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തില്‍ നിന്ന് തൊഴില്‍ തേടി വിദേശത്തേക്ക് പോയ നഴ്സുമാരുടെ എണ്ണം മുന്‍കാലത്തെ അപേക്ഷിച്ച് കൂടുതലാണെന്ന് പറഞ്ഞല്ലോ, നഴ്‌സുമാര്‍ ഇത്തരത്തില്‍ കേരളം വിടുന്നത് നമ്മുടെ ആരോഗ്യരംഗത്തെ പ്രതികൂലമായി ബാധിക്കില്ലേ?

ജാസ്മിന്‍ ഷാ: തീര്‍ച്ചയായും. നല്ല പ്രവൃത്തി പരിചയമുള്ള ആള്‍ക്കാര്‍ മുഴുവന്‍ കയറിപ്പോകുകയാണ്. യഥാര്‍ത്ഥത്തില്‍ നമ്മുടെ നാട്ടുകാര്‍ക്ക് നല്ല കെയര്‍ കിട്ടാതാവുന്നു.

സര്‍ക്കാര്‍ തന്നെ പറയുന്നു നിങ്ങള്‍ വിദേശത്തേക്ക് പോയ്ക്കോളൂ എന്ന്. അതിനായി അവര്‍ വിവിധങ്ങളായ സ്‌കീമുകള്‍ ഉണ്ടാക്കി നോര്‍ക്ക വഴിയൊക്കെ ആള്‍ക്കാരെ പുറത്തുവിടുന്നു. യഥാര്‍ത്ഥത്തില്‍ ഇവിടുത്ത മികച്ച ആരോഗ്യപരിപാലനത്തിനായി ഇവരെ ഉപയോഗിക്കേണ്ടതിന് പകരം ഇവര്‍ വിദേശത്തേക്ക് പോകുമ്പോള്‍ നമ്മുടെ നാട്ടുകാര്‍ക്ക് നല്ല കെയര്‍ കിട്ടില്ല. ആ അവസ്ഥയിലേക്കാണ് പോകുന്നത്.

ആര്യ.പി: ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ പഠിച്ചിറങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതില്‍ തന്നെ കേരളത്തില്‍ നിന്നാണെന്ന് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ പഠിച്ചിറങ്ങുന്നത്. കേരളത്തില്‍ നഴ്‌സുമാരുടെ ശമ്പളത്തില്‍ വരുന്ന മാറ്റം ലോകത്തെമ്പാടും പ്രതിഫലിക്കില്ലേ?

ജാസ്മിന്‍ ഷാ: തീര്‍ച്ചയായും. ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന് പറയുന്നതുപോലെ തന്നെ കേരളത്തെ കുറിച്ച് നമുക്ക് പറയാന്‍ പറ്റുന്ന കാര്യമാണ് നഴ്സസ് ഓണ്‍ കണ്‍ട്രിയെന്ന്. ഇന്ത്യയില്‍ മൊത്തത്തില്‍ 35 ലക്ഷം നഴ്സുമാരുണ്ട്. ഇതില്‍ 29 ലക്ഷം മലയാളികളാണ്. 80-90 ശതമാനം സംഭാവന ചെയ്യുന്നത് മലയാളികളാണ്. ഇവര്‍ ഇവിടെ നിന്ന് പോയാല്‍ മാത്രമേ മറ്റുള്ള സ്ഥലങ്ങളില്‍ നഴ്സുമാരെ കിട്ടുകയുള്ളൂ.

നമ്മളുമായി ഏറ്റവും വലിയ കോമ്പറ്റീഷനുള്ളത് ഫിലിപ്പീന്‍സാണ്. ഫിലിപ്പീന്‍സില്‍ നിന്ന് ഒരു കൊല്ലത്തില്‍ പഠിച്ചിറങ്ങുന്നത് 3,000 നടുത്ത് നഴ്സുമാരാണ്. നമ്മുടെ നാട്ടില്‍ അത് രണ്ടര ലക്ഷമാണ്. ഇവിടെ അവര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നതിനനുസരിച്ച് ലോകത്തെല്ലായിടത്തും ശമ്പളം കൂടുന്നുണ്ട്.

ഇവിടെ ശമ്പളം വര്‍ധിച്ചാല്‍ ഗള്‍ഫില്‍ ശമ്പളം കൂടും. കാരണം ഇവിടെ നിന്നുള്ള ആളുകളാണ് ഗള്‍ഫിലേക്ക് പോകുന്നത്. ഗള്‍ഫില്‍ നിന്നാണ് ഇവര്‍ യൂറോപ്പിലേക്ക് പോകുന്നത്. ലോകരാജ്യങ്ങളില്‍ മുഴുവന്‍ വലിയ ഡിമാന്റ് വരും. ഏതാണ്ട് ഒരു കോടി എട്ട് ലക്ഷം വേക്കന്‍സികളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത പത്തോ പതിനഞ്ചോ കൊല്ലത്തേക്ക് ഇവിടെ വലിയ ഷോര്‍ട്ടേജ് വരും. ഇവിടെ അത് പ്രതിരോധിക്കാന്‍ ഇവര്‍ ശമ്പളം കൂട്ടിയേ പറ്റുള്ളൂ. നമ്മള്‍ സമരം ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ മാനേജ്മെന്റുകള്‍ നാളെ ഈ ജോലിക്ക് ആളെ കിട്ടണമെങ്കില്‍ നല്ല ശമ്പളം കൊടുക്കേണ്ടി വരും.

അപ്പോള്‍ സ്വാഭാവികമായും ഇവിടെ ശമ്പളം കൂടുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അത് പ്രതിഫലിക്കും. കഴിഞ്ഞ ദിവസം തന്നെ ഗള്‍ഫിലെ ഒരു സ്വകാര്യ ആശുപത്രി നഴ്സുമാരെ വിളിച്ചത് ഒരു ലക്ഷം രൂപ ശമ്പളത്തിലാണ്. മുന്‍പ് 60,000 വും 70,000 വും കൊടുത്തവര്‍ ഇപ്പോള്‍ 1 ലക്ഷം കൊടുക്കുന്നത് ഇവിടെ 30 ഉം 40 ഉമൊക്കെ ആയ സാഹചര്യത്തിലാണ്.

ഇവിടെ 50 ഓ 60 ഓ കിട്ടിയാല്‍ അവര്‍ ഗള്‍ഫില്‍ പോകില്ല. പണ്ട് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞ വാക്കുണ്ട്. കേരള എക്സ്പ്രസ് ഏത് കാലം വരെ വരുന്നോ അന്ന് വരെ അവിടെ നഴ്സുമാരെ കിട്ടും. പക്ഷേ കേരളത്തില്‍ ശമ്പളവും ആനുകൂല്യവുംം കൂട്ടിയാല്‍ അതിന്റെ വരവ് കുറയുമെന്ന്. ദല്‍ഹിയില്‍ മാത്രമല്ല ലോകത്തെമ്പാടും അത് കൂട്ടേണ്ടിവരും. ആ കാലഘട്ടത്തിലേക്കാണ് തിരിച്ചുപോകുന്നത്.

ആര്യ.പി:  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തേക്കാള്‍ ശമ്പളം കൂടുതലാണോ അതോ കുറവാണോ?

ജാസ്മിന്‍ ഷാ:തീര്‍ച്ചയായും കുടുതലാണ്. അവിടെ മിനിമം വേജ് കുറവാണെങ്കിലും അവിടെയാക്കെ ഫെയര്‍ വേജസാണ് നടപ്പാക്കുന്നത്. കാരണം കേരളത്തിലെ നഴ്സുമാര്‍ വേണം അവിടേക്ക് ചെല്ലാന്‍. കേരളത്തിലെ ഡബിള്‍ സാലറി കിട്ടാതെ പുറത്തേക്ക് ആള്‍ക്കാര്‍ പോകില്ല. കേരളത്തേക്കാള്‍ കുറവ് ശമ്പളം ഉണ്ടെങ്കില്‍ അത് തമിഴ്നാട് മാത്രമായിരിക്കും.

ആര്യ.പി: നഴ്‌സുമാരെ മറ്റിടങ്ങളിലേക്ക് ജോലിക്കായി യു.എന്‍.എ റിക്രൂട്ട് ചെയ്യുന്നുണ്ടോ, മറ്റു സംസ്ഥാനങ്ങളിലെ ശമ്പളം കേരളത്തെ അപേക്ഷിച്ച് കൂടുതലാണോ കുറവാണോ?

ജാസ്മിന്‍ ഷാ: റിക്രൂട്ട് ചെയ്യുന്നില്ല. പക്ഷേ നമ്മള്‍ ആളുകളെ അസിസ്റ്റ് ചെയ്യുന്നുണ്ട്. ആളുകള്‍ക്ക് നല്ല രീതിയിലുള്ള റിക്രൂട്ട്മെന്റ് വിവരങ്ങളും കാര്യങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട്. അവരെ നല്ല നല്ല രാജ്യത്തേക്ക് നല്ല സ്ഥലങ്ങളിലേക്ക് സൗജന്യമായി റിക്രൂട്ട് ചെയ്യുന്ന സംവിധാനങ്ങളിലേക്ക് എത്തിപ്പെടാന്‍ സഹായിക്കാറുണ്ട്. ചതിയില്‍പ്പെടാതിരിക്കാനുള്ള എല്ലാ സംവിധാനവും യു.എന്‍.എ ചെയ്യും.

ആര്യ.പി: നഴ്സിങ് അധ്യാപകരുടെ ശമ്പള സ്‌കെയില്‍ പുതുക്കി നിശ്ചയിക്കുക എന്നൊരാവശ്യം നിങ്ങള്‍ ഈ സമരത്തില്‍ മുന്നോട്ടുവെക്കുന്നുണ്ട്. എങ്ങനെയാണ് നഴ്‌സിങ് അധ്യാപകര്‍ യു.എന്‍.എയുടെ ഭാഗമാകുന്നത്?

ജാസ്മിന്‍ ഷാ: നഴ്സിങ് അധ്യാപകര്‍ എന്ന് പറയുന്നത് അണ്‍ എയ്ഡഡ് മേഖലയിലെ ടീച്ചര്‍മാരെപ്പോലെ ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരാണ്. 10,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങി ജോലി ചെയ്യുന്ന അധ്യാപകര്‍ ഉണ്ട്. യു.എന്‍.എ തുടങ്ങുന്ന സമയത്ത് നഴ്സിങ് ജീവനക്കാരേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങിയ വിഭാഗമായിരുന്നു അവര്‍.

എന്നാല്‍ ഇന്ന് ഏറ്റവും കുറവ് ശമ്പളമാണ് അവര്‍ക്ക് ലഭിക്കുന്നത്. കാരണം അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഇല്ല. അതുകൊണ്ട് തന്നെ ഏറ്റവും തുച്ഛമായ തുകയില്‍ ജോലി ചെയ്യുന്നത്. എല്ലാ കോളേജുകളിലും പ്രിന്‍സിപ്പല്‍മാര്‍ക്ക് ശമ്പളം ഉണ്ടാകും എന്നല്ലാതെ ബാക്കിയെല്ലാവരും കടിച്ചമര്‍ത്തിയാണ് ജീവിക്കുന്നത്.

യു.ജി.സി സ്‌കെയില്‍ ശമ്പളം നടപ്പിലാക്കണമെന്ന് നിയമമുള്ള സംസ്ഥാനമാണ് കേരളം. കഴിഞ്ഞ തവണ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ തന്നെ അവര്‍ക്ക് യു.ജി.സി സ്‌കെയിലില്‍ ഉള്ള ശമ്പളം കൊടുക്കണണെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. ഇതൊന്നും ഒരു മാനേജ്മെന്റുകളും അംഗീകരിക്കുന്നില്ല. അവര്‍ ഇപ്പോള്‍ ഏറ്റവും മോശം സാചര്യത്തിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് അവരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഏകദേശം 2,250 ഓളം അധ്യാപകര്‍ യു.ന്‍.എയുടെ മെമ്പര്‍മാരായിട്ടുണ്ട്.

കേരളത്തിലെ നഴ്സിങ് അധ്യാപകരുടെ 90 ശതമാനം പേരും യു.എന്‍.എയുടെ ഭാഗമായി എന്നതാണ് അതിനര്‍ത്ഥം. ഇത്രയും പേര്‍ കൂട്ടത്തോടെ ചേരുമ്പോള്‍ തന്നെ അവര്‍ക്ക് യു.എന്‍.എയിലുള്ള പ്രതീക്ഷയും അവര്‍ നേരിടുന്ന ചൂഷണവും ഊഹിക്കാവുന്നതേയുള്ളൂ. യു.ജി.സി സ്‌കെയില്‍ നടപ്പിലാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംഘടന പോരാട്ടം തുടരും.

ആര്യ.പി:  കേരളത്തില്‍ മാത്രമാണോ യു.എന്‍.എയുടെ പ്രവര്‍ത്തനം ഇപ്പോള്‍ സജീവമായിട്ടുള്ളത്? ദേശീയ തലത്തില്‍ യു.എന്‍.എയെ വിപുലീകരിക്കുന്നത് എങ്ങനെയാണ്?

ജാസ്മിന്‍ ഷാ: 18 സംസ്ഥാനങ്ങല്‍ നിലവില്‍ യു.എന്‍.എയുടെ പ്രവര്‍ത്തനം ഉണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, ദല്‍ഹി, ഹരിയാന ഇവിടെയാക്കെ നമുക്ക് രജിസ്ട്രേഷന്‍ തന്നെയുണ്ട്. അവിടങ്ങളിലൊക്കെ ഇപ്പോള്‍ നഴ്സുമാരെ കിട്ടാന്‍ വലിയ ക്ഷാമമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നില്ല. കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ അതിന്റെ ഇരട്ടിയായി മറ്റ് സംസ്ഥാനങ്ങളില്‍ പരിഹരിക്കപ്പെടുന്നുണ്ട്.

ആര്യ.പി:  താങ്കളെ സംബന്ധിച്ച് വ്യക്തിപരമായി ഒരുപാട് വെല്ലുവിളികളും ആരോപണങ്ങളും നേരിടേണ്ടി വന്ന ഒരു സമയമാണ് കടന്നുപോയത്. അതിനെല്ലാം പിന്നില്‍ ഏതെങ്കിലും പ്രത്യേക അജണ്ട ഉണ്ടായിരുന്നോ? അന്നത്തെ കേസിനെ കുറിച്ചും തുടര്‍ സംഭവങ്ങളെ കുറിച്ചും?

ജാസ്മിന്‍ ഷാ: യഥാര്‍ത്ഥത്തില്‍ സംഘടനയ്ക്ക് എതിരെയാണ് ആരോപണങ്ങള്‍ വന്നത്. മാധ്യമങ്ങള്‍ അത് വ്യക്തികേന്ദ്രീകൃതമായി എന്നിലേക്ക് മാത്രമാക്കി സൂം ചെയ്തു. പക്ഷേ അതിനെ നേരിടുന്ന കാര്യത്തില്‍ സംഘടന ഒറ്റക്കെട്ടായിരുന്നു. ഏറ്റവും വലിയ കേസില്‍ പോലും 168 പേരില്‍ 167 പേരും സംഘടനയ്ക്ക് അനുകൂലമായിട്ടാണ് മൊഴി നല്‍കിയത്. യു.എന്‍.എ പുറത്താക്കിയവരും സംഘടനയില്‍ ഇല്ലാത്തവരുമായ ഏകദേശം അഞ്ചോ ആറോ ആളുകളാണ് എതിരെ മൊഴി കൊടുത്തത്.

യു.എന്‍.എയുടെ എതിര്‍സംഘടയില്‍പ്പെട്ട ആളുകളാണ് കേസ് കൊടുത്തത്. അല്ലാതെ യു.എന്‍.എയ്ക്കുള്ളില്‍ ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളോ ഭിന്നിപ്പോ ഒരു കാലത്തും ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്കെതിരെയുള്ള ആരോപണവും കേസും വന്നപ്പോള്‍ അത് നടത്തിയത് സംഘടന ആണ്. സംഘടന നമുക്കൊപ്പം നില്‍ക്കുന്നുണ്ട്.

യു.എന്‍.എയ്ക്കൊപ്പം നില്‍ക്കണമെന്ന സംഘടനയുടെ അഭ്യര്‍ത്ഥനയുടെ കൂടി പുറത്താണ് അവിടെ നില്‍ക്കുന്നത്. പിന്മാറിയാല്‍ ഭയന്ന് പിന്മാറിയെന്നത് വരും. നമ്മുടെ കൈകള്‍ സുതാര്യമാണ് എന്ന് നമുക്ക് അറിയാവുന്നത് കൊണ്ട് ഇവരുടെയൊന്നും സര്‍ട്ടിഫിക്കറ്റിന്റെ കാര്യം നമുക്കില്ല.

സംഘനടയ്ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു ചെറിയ ശബ്ദം പോലും ഉണ്ടാകുന്നില്ല. ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടാകുന്നില്ല. സംഘടനയ്ക്ക് ഉള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണല്ലോ നമുക്ക് അതിനെ അതിജീവിക്കാന്‍ പ്രശ്നമുണ്ടാകുന്നത്. പുറമെ നിന്നുള്ളവര്‍ക്ക് എന്തും പറയാം. അതുകൊണ്ട് തന്നെ അതിനെ സിംപിളായി കാണുന്നു.

വ്യക്തിഹത്യകള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഒരു സംഘടനയാകുമ്പോള്‍ എല്ലാം നേരിടാന്‍ തയ്യാറായിട്ടാണല്ലോ നമ്മള്‍ നില്‍ക്കുന്നത്. പ്രത്യേകിച്ച് നമ്മുടെ എതിരാളികള്‍ എന്ന് പറയുന്നത് ശതകോടീശ്വരന്‍മാരാണ്. അതും ഒരു ശതകോടീശ്വരനല്ല. 1,500 ഓളം വരുന്ന ആളുകള്‍. പിന്നെ മതസാമുദായിക സംഘടനകള്‍. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ അവര്‍ ചെയ്തുനോക്കുന്നുണ്ട്.

അവരുടെ ആവശ്യവും അതാണല്ലോ. ഒരാള്‍ക്ക് ഒരു ആയിരം രൂപയുടേയോ 1,500 രൂപയുടേയോ വര്‍ധനവ് കൊടുക്കുമ്പോള്‍ കേരളത്തില്‍ ഒരു ലക്ഷമോ ഒന്നര ലക്ഷമോ നഴ്സുമാര്‍ പണിയെടുക്കുന്നുണ്ട്. അവര്‍ക്കെല്ലാം ഇത് വര്‍ധിക്കുന്നു. അപ്പോള്‍ എത്ര രൂപയുടെ വര്‍ധവനാണ് വരുന്നത്. ഇത് അവര്‍ക്കുണ്ടാക്കുന്ന ഡാമേജ് ചെറുതല്ല. അതുകൊണ്ട് തന്നെ അവര്‍ നമ്മളെ തച്ചുതകര്‍ക്കാനുള്ള ശ്രമം നടത്തിക്കൊണ്ടേയിരിക്കും. അതിനെ പ്രതിരോധിക്കാന്‍ നമ്മളും ശ്രമിച്ചുകൊണ്ടിരിക്കും.

ആര്യ.പി:  മുന്നോട്ടുള്ള പ്രവര്‍ത്തനം, പ്രതീക്ഷ

ജാസ്മിന്‍ ഷാ: ഏറ്റവും നല്ല തൊഴില്‍ സാഹചര്യങ്ങള്‍ ജീവനക്കാര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുക, അവര്‍ക്ക് ഏറ്റവും സമാധാനപരമായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക, മാന്യമായ പരിഗണന സമൂഹത്തില്‍ കിട്ടുക ഇതൊക്കെയാണ് യു.എന്‍.എ സ്വപ്നം കാണുന്ന തൊഴില്‍ സാഹചര്യം. ഒരു നല്ല മുതലാളി തൊഴിലാളി അന്തരീക്ഷം ആശുപത്രികളില്‍ ഉണ്ടാക്കുക. അവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുക നീതി നടപ്പിലാക്കുക, അതിന് ശേഷം യു.എന്‍.എ സ്വന്തമായിട്ട് ഹോം കയെറുകള്‍ ആംബുലന്‍സുകള്‍ നഴ്സിങ് ക്ലിനിക്കുകള്‍ എന്നിങ്ങനെ തുടങ്ങാനുള്ള വലിയ പദ്ധതികള്‍ യു.എന്‍.എ പ്ലാന്‍ ചെയ്യുന്നുണ്ട്.

ചിത്രങ്ങള്‍ക്ക് കടപ്പാട്:  facebook.com / United Nurses Association

Content Highlight: Interview With UNA President Jasmin Shah

x

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more