കഥയെക്കാള്‍ വിചിത്രമായ മനുഷ്യജീവിതകഥ ചുരുക്കിയാല്‍ അതിനിടാന്‍ കഴിയുന്ന പേരാണ് ശ്യാമ എസ് പ്രഭ. 14-മത്തെ വയസ്സില്‍ സ്ത്രീത്വത്തിന്റെ വാതില്‍ അവനു നേരെ തുറന്നപ്പോള്‍ സമൂഹവും, കുടുബവും അവനെ അദ്ഭുതത്തോടെ നോക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പുതിയ സമൂഹം പേരെടുത്ത് വിളിച്ച വിഭാഗത്തിലേക്ക് ഈ തിരുവനന്തപുരം സ്വദേശി കടന്നെത്തി. കേരള സര്‍ക്കാരിന്റെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹയായ പെണ്‍കുട്ടി. സാഹിത്യത്തിലെ ബിരുദാനന്ദര ബിരുദം ശ്യാമയെ എത്തിച്ചത് മാതൃഭൂമിയുടെ സാഹിത്യ ക്യാമ്പിലേക്കായിരുന്നു. നിറഞ്ഞ ഹര്‍ഷാരവത്തോടെയുള്ള തുടക്കവും സുഭാഷ് ചന്ദ്രന്റെ അനുഗ്രഹാശ്ശിസ്സുകളും ശ്യാമയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റിക്ക് ലഭിച്ച അംഗീകാരങ്ങളായി മാറി. തിരുവനന്തപുരം നഗരത്തിന്റെ ഒരു കോണില്‍ അച്ഛനും അമ്മയ്ക്കും അനിയനും ഒപ്പം കഴിഞ്ഞിരുന്ന ഒരു സാധാരണ ബാല്യം. പഠനത്തിലെ മികവ് മാതാപിതാക്കള്‍ക്ക് നല്‍കിയത് പുതിയ സ്വപ്ങ്ങളായിരുന്നു. ദാരിദ്രത്തിലും ആ സ്വപ്‌നം അവരെ വളര്‍ത്തി. കൂലിപ്പണിക്കാരനായ അച്ഛന്റെ മരണം ആഘാതങ്ങള്‍ എല്‍പ്പിച്ചെങ്കിലും അമ്മ നല്‍കിയ ആത്മവിശ്വാസത്തില്‍ വളര്‍ന്ന വ്യക്തിയായിരുന്നു ശ്യാം. പത്താം ക്ലാസ്സ് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചു. പരിചിതമല്ലാത്ത രീതിയിലെ മകന്റെ മാറ്റങ്ങള്‍ എല്ലാവരിലും, കുടുംബത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കി. എന്നാലും അവയെ അതിജീവിക്കാന്‍ തയ്യാറായി തന്നെ ശ്യാം മുന്നോട്ട് വന്നു. പിന്നീട് അവനില്‍ നിന്ന അവളിലേക്ക് മാറുകയായിരുന്നു. ശ്യാമ പ്രഭയായി മുന്നോട്ട് പോയപ്പോള്‍ കൂടെ കൂട്ടായി എത്തിയത് വിദ്യാഭ്യാസം തന്നെയായിരുന്നു. രണ്ട് വിഷയത്തില്‍ ബിരുദാനന്ദര ബിരുദവും നേടി മുന്നാം റാങ്കോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. കാലം മാറി, നിലപാടുകളും മാറി. മാറിയ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ ചില ട്രാന്‍സ്‌ജെന്‍ഡര്‍ അനുഭവസാക്ഷ്യങ്ങളും, വെളിപ്പെടുത്തലുമായി ശ്യാമ.
14 വര്‍ഷം എന്ന പുരുഷനായി ജീവിച്ചു. പിന്നീട് സ്ത്രീസ്വത്വത്തെ അംഗീകരിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ച നിമിഷം. തിരിഞ്ഞു നോക്കുമ്പോള്‍ എന്ത് തോന്നുന്നു.?
എല്ലാവരെയും സംബന്ധിച്ച് ശാരീരിക മാനസിക മാറ്റങ്ങള്‍ ഉണ്ടാകുന്നത് കൗമാരപ്രായത്തിലാണ്. സാധാരണയായി ഓപ്പോസിറ്റ് സെക്‌സിനോട് തോന്നുന്ന ആകര്‍ഷണം തുടങ്ങുന്നത് ഈ പ്രായത്തിലാണ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം, അല്ലെങ്കില്‍ ട്രാന്‍സജെന്‍ഡര്‍ വിഭാഗത്തെ സംബന്ധിച്ച് ആ വിഷയത്തിലാണ് ആദ്യമായി മാറ്റങ്ങള്‍ കണ്ടു തുടങ്ങുന്നത്. സ്‌കൂള്‍ കാലം മുഴുവന്‍ പഠിച്ചത് ബോയ്‌സ് സ്‌കൂളിലാണ്. അന്നനിക്ക് ആകര്‍ഷണം തോന്നിയത് ആണ്‍കുട്ടികളോടാണ്. അവര്‍ക്ക് ശബ്ദം മാറുമ്പോഴും, താടി, മുടി എന്നീ മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും എനിക്ക് അത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. പെണ്‍കുട്ടികളോട് തോന്നാത്ത ആകര്‍ഷണം ആണ്‍കുട്ടികളോടാണ് എനിക്ക് തോന്നുന്നത്. അത് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കി എന്റെ ഉള്ളില്‍ തന്നെ. ഒരു പ്രത്യേകതരം ഐഡന്റിറ്റി എന്റെ ഉള്ളില്‍ ഉണ്ടെന്ന ബോധം ആ ചെറിയ പ്രായത്തില്‍ തന്നെ എന്നിലുണ്ടായിക്കൊണ്ടിരുന്നു. വളരുമ്പോള്‍ അത് മാറും എന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. ആ ഒരു അവസ്ഥ വൈകാരികമായി ഒരുപാട് എന്നെ ബാധിച്ചു. മുതിര്‍ന്നപ്പോഴും അത്തരത്തില്‍ പെരുമാറ്റം എന്നില്‍ നിന്ന് മാറാതിരിക്കുകയും ചെയ്തതോടെ കൂടെ ഉള്ള സുഹൃത്തുകള്‍, മുതിര്‍ന്നവര്‍ എല്ലാവരും കളിയാക്കാനും ശകാരിക്കാനും തുടങ്ങി. എന്നാല്‍ അതിനെ ഒക്കെ തരണം ചെയ്താണ് ഞാന്‍ ഇതുവരെ എത്തിയത്. പിന്നീട് എന്റെ പരിമിതമായ അറിവുകള്‍ വച്ച് ഒരു കൗണ്‍സിലറെ സമീപിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതൊരിക്കലും ഒരു മാനസിക പ്രശ്‌നമല്ല. ഹോര്‍മോണ്‍ മാറ്റം മാത്രമാണിത് എന്ന രീതിയില്‍ വളരെ പോസിറ്റീവായാണ് സംസാരിച്ചത്. അതിനു ശേഷം കുറെ വായനകള്‍ക്കും അനുഭവങ്ങള്‍ക്കും ശേഷം ഈ ഐഡന്റിറിയുമായി മുന്നോട്ട് പോകാന്‍ ഞാന്‍ തീരുമാനിച്ചു.
നമ്മുടെ നാട്ടില് ഇത്തരത്തിലൊരു തീരുമാനമെടുക്കുമ്പോള്‍ എതിര്‍പ്പുകള്‍ ധാരാളം ഉണ്ടാകാറുണ്ട്. ഈ തീരുമാനത്തോട് ഉള്ള കുടുംബത്തില്‍ നിന്നുളള പ്രതികരണം എങ്ങനെയാണ്.?
കുടുംബത്തില്‍ നിന്ന് ഒരുപാട് പിന്തുണയുണ്ടെന്ന പറയാന്‍ പറ്റില്ല. അമ്മ, സഹോദരന്‍ എന്നിവര്‍ സംസാരിക്കാറുണ്ട്, മോശമല്ലാത്ത പിന്തുണ ലഭിക്കുന്നുണ്ട്. ഇന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പറ്റി നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിന്റെയൊക്കെ വെളിച്ചത്തില്‍ ഇപ്പോള്‍ കുടുംബത്തില്‍ നിന്ന് സ്വീകാര്യത മുന്നത്തേക്കാളും ലഭിക്കുന്നുണ്ട് എന്റെ കാര്യത്തില്‍. പക്ഷെ എല്ലാവരുടെയും സ്ഥിതി ഇതല്ല.
രണ്ട് വിഷയത്തില്‍ മാസ്റ്റേര്‍സ് ബിരുദമുള്ളയാണ് ശ്യാമ. ആ ഒരു അനുഭവത്തില്‍ വിദ്യാഭ്യാസം നേടുന്നതിലുടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ വികസനം സാധ്യമാകും എന്ന വിശ്വസിക്കുന്നുണ്ടോ?
കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മൂന്നാം റാങ്കോടെ മാസ്റ്റേഴ്‌സ് ഞാന്‍ നേടിയിട്ടുണ്ട്. എന്നാല്‍ എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഇത്തരത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല. എന്റെ അമ്മയുടെ കഷ്ടപ്പാട് കണ്ടുവളര്‍ന്നയാളാണ് ഞാന്‍ അതുകൊണ്ടുതന്നെ പഠനം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. പഠനം മുന്നോട്ട് കൊണ്ടുപോയില്ലെങ്കില്‍ ഒന്നും നേടാന്‍ കഴിയില്ലെന്നറിയാമെന്നുള്ളതു കൊണ്ടുതന്നെയാണ് ഒരുപാട് സമരം ചെയ്ത് പഠനം പുര്‍ത്തിയാക്കിയത്. അതിനുകാരണം എന്റെ കുടുംബത്തിന്റെ പിന്തുണ ഒന്നുമാത്രമാണ്. എന്റെ കമ്യൂണിറ്റിയിലെ എല്ലാവര്‍ക്കും പഠനം തുടരാനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ല.
ശ്യാമ ഇന്ന് സ്ത്രീയാണ്.സ്വാഭാവികമായും എന്ത് വിളിക്കും എന്ന ചോദ്യം ശ്യാമയെ സമീപിക്കുന്നവര്‍ക്കുണ്ടാകും. അതുപോലെ മകള്‍,ചേച്ചി, തുടങ്ങിയ അറിയപ്പെടലുകളില്‍ എന്ത് സംബോധന ചെയ്ത് അറിയപ്പെടാനാണ് അഗ്രഹിക്കുന്നത്?
അത് വിളിക്കുന്നയാളുകളെ ആശ്രയിച്ചാണുള്ളത്. ചേച്ചി എന്ന് വിളിക്കുന്നതാണ് എനിക്ക് കുടുതല്‍ ഇഷ്ടം. കുറച്ചുകൂടി അടുപ്പം നല്‍കുന്ന പ്രയോഗം കൂടിയാണിത്. എന്നിരുന്നാലും എന്റെ ജന്‍ഡര്‍/ഐഡന്റിറ്റി എന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ തന്നെയാണ്. ഒരുപാട് പേര്‍ സര്‍ജറിയൊക്കെക്കഴിഞ്ഞ് സ്ത്രീ എന്ന രീതിയില്‍ അറിയപ്പെടാന്‍ അഗ്രഹിക്കുന്നു. എന്നാല്‍ എല്ലാവരും അങ്ങനെ സ്ത്രീയായി മാറുമ്പോള്‍ നിലനില്‍ക്കുന്ന ഈ കമ്യൂണിറ്റിക്ക് വേണ്ടി നിലകൊള്ളാനും അവകാശങ്ങള്‍ക്ക് വേണ്ടിയും ശബ്ദമുയര്‍ത്താന്‍ ആരെങ്കിലുമൊക്കെ വേണം. അതുകൊണ്ട് തന്നെ എനിക്ക് എന്റെ ഐഡന്റിറ്റിയുമായി ജീവിക്കാനാണ് ആഗ്രഹം.
സമൂഹത്തെ എറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമമാണല്ലോ ചലച്ചിത്രങ്ങള്‍. സിനിമകളിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധാനങ്ങളെ എങ്ങനെയാണ് നോക്കികാണുന്നത്. മലയാളത്തിലെ ഉണ്ടായ അത്തരത്തിലുള്ള ചലച്ചിത്രങ്ങളില്‍ ഈ വിഭാഗത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നുവെന്ന അഭിപ്രായമുണ്ടോ?
മലയാളത്തിലെ പല ചിത്രങ്ങളിലും തെറ്റായ ചിത്രമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെപ്പറ്റി കാണിക്കുന്നത്. ചാന്ത്‌പൊട്ട് പോലുള്ള സിനിമകള്‍ ശരിയായ ട്രാന്‍സ് വിഭാഗത്തെയല്ല കാണിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ സ്വഭാവമുള്ള ആണ്‍കുട്ടി മാത്രമാണാ നായകന്‍. മാത്രമല്ല സമൂഹത്തെ അത് ഒരുപാട് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അതിലെ നായകന്‍ വിവാഹം കഴിക്കുന്നുണ്ട്, പ്രണയിച്ചാണ്, അതായത് ഒപ്പോസിറ്റ് സെക്‌സിലുള്ള ആളെത്തെന്നയാണ് നായകന്‍ വിവാഹം കഴിക്കുന്നത്. അതിനര്‍ത്ഥം അയാള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അല്ല എന്നതു തന്നെയാണ്. സൂത്രധാരന്‍ എന്ന ചിത്രത്തില്‍ സലീം കുമാര്‍ ചെയ്ത വേഷം ഒരിക്കലും ഞങ്ങളുടെ കമ്യൂണിറ്റിയുമായി യാതൊരു സാമ്യവും ഇല്ല. എന്നാല്‍ ഇത്തരത്തില്‍ ഈ ഐഡന്റിറ്റിയെ ഉപയോഗപ്പെടുത്തി ജീവിക്കുന്ന ആള്‍ക്കാരുമുണ്ട്. ഇല്ലായെന്ന് പറയുന്നില്ല. എന്നാല്‍ അതിനര്‍ത്ഥം ട്രാന്‍സ്ജന്‍ഡ്‌ഴ്‌സ് എല്ലാവരും ഈ ചിത്രങ്ങളില്‍ കാണുന്ന മാതിരി ജീവിക്കുന്ന വ്യക്തികളാണെന്നല്ല.
പുരുഷനില്‍ നിന്ന് സ്ത്രീയിലേക്ക് മാനസികമായി മാറ്റം വന്നശേഷം ഉള്ള പ്രധാന കടമ്പ സ്ത്രീശരീരം പ്രാപിക്കുക എന്നതാണല്ലോ. സര്‍ജറിയിലുടെ നടത്തുന്ന ഈ മാറ്റം എങ്ങനെ കാണുന്നു?
സര്‍ജറിയിലൂടെയാണ് രൂപമാറ്റം വരുത്തി സ്ത്രീയാകാന്‍ ശ്രമിക്കുന്നത്. ഒരു നീണ്ട പ്രക്രിയയാണിത്. സെക്‌സ് റി അസൈന്‍മെന്റ് സര്‍ജറിയിലുടെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. എറ്റവും കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള പ്രോസസ് കൂടിയാണ് ഇത്. ആണ്‍ ശരീരത്തില്‍ നിന്നും പെണ്‍ ശരീരത്തിലേക്ക് മാറുമ്പോള്‍ ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനുശേഷവും ധാരാളം ചിലവുകള്‍ ഉണ്ടാകുന്നുണ്ട്. സര്‍ജറിയുടെ ഫലമായി ഉണ്ടാകുന്ന പ്രധാന പോരായ്മ എല്ലുകളുടെ ബലം കുറഞ്ഞുപോകുന്നതാണ്.അതിനുവേണ്ടിയുളള തുടര്‍ ചികിത്സകളും മാനസികമായുള്ള കൗണ്‍സിലുകളും എറെ പ്രധാനമാണ്. ചിലവേറിയതുമാണ്. എകദേശം രണ്ട് ലക്ഷത്തോളമാണ് സര്‍ജറിയുടെ ആകെ ചിലവ്. കേരളത്തില്‍ വ്യാപകമല്ലയെന്നതും വസ്തുതയാണ്. ഒരു വര്‍ഷത്തോളം തുടര്‍ ചികിത്സകളുമായി തുടരേണ്ടതുണ്ട്. വളരെ ചിലവ് കൂടിയ ചികിത്സാകാലയളവ് കൂടിയാണ് ഇത്.
അപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാരിന്റെയോ, അല്ലെങ്കില്‍ ജീവിതത്തിന്റെ എതെങ്കിലും ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ?
സാമ്പത്തിക സഹായം എന്ന രീതിയില്‍ കാര്യമായി ഒന്നും ലഭിക്കുന്നില്ല. സ്‌കൂളുകളില്‍ പഠിക്കുന്ന ഇത്തരം ഐഡന്റിറ്റി ഉള്ളവര്‍ക്ക് സര്‍ക്കാര്‍ സ്്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. കേരളത്തില്‍ ട്രാന്‍സ്‌ജെന്റര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച ആദ്യ വ്യക്തി ഞാനാണ്. സര്‍ക്കാര്‍, പൊതുസമൂഹത്തിന്റെ ഇടപെടല്‍ എന്നുള്ള രീതിയില്‍ കുടുംബശ്രീ, കൊച്ചി മെട്രോ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യുന്നുണ്ട്. കുടുംബശ്രീ വഴി സ്വയംതൊഴില്‍ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അതിനപ്പുറമുള്ള സാമ്പത്തിക സഹായങ്ങളൊന്നും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നില്ല. മാത്രമല്ല സര്‍ക്കാരിന്റെ അപേക്ഷ കോളങ്ങളില്‍ എന്നും തന്നെ മൂന്നാം ലിംഗത്തിനായി പ്രത്യേക കോളങ്ങളൊന്നും നല്‍കുന്നില്ല. പി.എസ്.സി കോളങ്ങളില്‍ വരെ ട്രാന്‍സ്‌ജെന്‍ഡറിന് പ്രത്യേകം പരിഗണനകളോ,കോളങ്ങളോ നല്‍കുന്നില്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ജോലി എന്നത് ഞങ്ങളുടെ സ്വപ്‌നം മാത്രമായി മാറിക്കൊണ്ടിരിക്കയാണ്. ഞാന്‍ യു.ജി.സി യോഗ്യതയുള്ള വ്യക്തിയാണ്. എന്നിട്ടും ജോലിക്ക് പോകുമ്പോള്‍ ഇപ്പോഴും ധാരാളം പരിമിതികള്‍ അനുഭവിക്കുന്നുണ്ട്.
മലയാളിയുടെ മാറിയ രാഷ്ട്രീയ-സാമൂഹിക-സാഹചര്യം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് കാണിക്കുന്നുണ്ട്. കേരളീയ പശ്ചാത്തലത്തില്‍ അത്തരമൊരു സ്വീകാര്യത ഈ വിഭാഗത്തിന് ലഭിക്കുന്നുണ്ട് എന്ന് തോന്നുന്നുണ്ടോ?
പൂര്‍ണ്ണമായി സ്വീകാര്യതയുണ്ടെന്ന് പറയാന്‍ കഴിയില്ല. ഇന്ത്യയിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. വാര്‍ത്താപ്രാധാന്യമുള്ള വിഷയമായി മാധ്യമങ്ങളും സര്‍ക്കാരും കൊട്ടിഘോഷിച്ചെങ്കിലും ഇപ്പോഴും പല അവഹേളനങ്ങളും അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തന്നെ എ.ബി.വി.പി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന അത്തരത്തിലൊരനുഭവമാണ് എനിക്ക് നേരെയുണ്ടായത്. പൊതു സമൂഹത്തില്‍ നിന്നും ഇതുപോലുള്ള ധാരാളം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളീയ സാഹചര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മാറ്റം എന്നത് വളരെ പക്വമായി നടത്തപ്പേടേണ്ടതാണ്. അത്തരത്തില്‍ കേരളീയ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്നതിനും, ട്രാന്‍സ് വിഭാഗത്തിന് സ്വീകാര്യത ലഭിക്കുന്നതിനും ഗ്രാസ്സ് റൂട്ട് ലെവലില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പരിപാടികള്‍ എന്നിവ സമൂഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം. സ്‌കൂളുകളില്‍, അധ്യാപകരില്‍, മാറ്റം വരുത്താനുള്ള പരിപാടികള്‍ സംഘടിപ്പിക്കുക. ഇന്നത്തെ സ്ഥിതിക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാനായി പോരാടാമെന്നേയുള്ളു. എന്റെ ഭാവി തലമുറയ്ക്ക് സംരക്ഷണത്തിനും അവരെ തുല്യരായി കാണാനുള്ള സംസ്‌കാരത്തിനും വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അതിലൂടെ മാത്രമേ ഭാവി തലമുറയ്ക്ക് ഞങ്ങളോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാക്കാനും കേരളീയ പശ്ചാത്തലത്തിലെ നിലവിലെ അവസ്ഥ മാറ്റി പൂര്‍ണ്ണ സ്വീകാര്യത ലഭിക്കുകയുള്ളു. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ട്. നിലവിലെ സിലബസ്സിലെ മാറ്റവും അനിവാര്യമാണ് എന്നാണ് എന്റെ അഭിപ്രായം. കൂടുതല്‍ ശാസ്ത്രീയമായി വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാകണം എല്ലാ ക്ലാസ്സുകളിലേയും സിലബസ്സുകള്‍ തയ്യാറാക്കേണ്ടത്. മെഡിക്കല്‍ സിലബസ്സ് കൂടി ഉള്‍പ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സവിശേഷതകള്‍, ജൈവീകമായ മാറ്റങ്ങള്‍ എന്നിവ കൂടിച്ചേര്‍ന്നുള്ള രീതിയില്‍ പാഠ്യവിഷയങ്ങള്‍ ക്രമപ്പെടുത്തുന്നതിലുടെ മാത്രമേ ഞങ്ങള്‍ക്ക് അനുകൂലമായ ഒരു സാമൂഹിക പശ്ചാത്തലം ഉണ്ടാവുകയുള്ളു.
നേരത്തേ പറഞ്ഞപോലുള്ള സാമൂഹിക സ്വീകാര്യത ലഭ്യമാക്കുവാന്‍ ഇന്നത്തെ സാമൂഹിക മാധ്യമങ്ങള്‍ സഹായകമല്ലെ? അത്തരത്തില്‍ അവയെ ക്രിയാത്മകമായി ഉപയോഗിക്കാവുതല്ലേ?
സാമൂഹിക മാധ്യമങ്ങളില്‍ സ്വീകാര്യതയും പിന്തുണയും ഉണ്ട്. ഇതൊക്കെയാണെങ്കിലും ഇവരെന്താ ഇങ്ങനെയെന്ന് ചോദിക്കുന്ന മറ്റൊരു വിഭാഗവും ഈ സ്‌പേസില്‍ ഉണ്ട്. 2014 ലെ സുപ്രീം കോടതി വിധിയനുസരിച്ചാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി കേരളത്തില്‍ വന്നത്. സ്ത്രീക്കും പുരുഷനും നല്‍കുന്ന തുല്യ നീതിക്കും, അവകാശത്തിനും, സംരക്ഷണത്തിനും അര്‍ഹതപ്പെട്ടവരാണ് മുന്നാംലിംഗമായി കണക്കാക്കപ്പെടുന്ന ഞങ്ങളും. ഈ സംരക്ഷണം ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുടെതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു നിയമനിര്‍മ്മാണം ഉണ്ടെങ്കിലും നിയമത്തിന്റെ പൂര്‍ണ്ണ പരിരക്ഷ ഇപ്പോഴും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല. കോടതി വിധിയെ വാര്‍ത്താമാധ്യമങ്ങള്‍ ആഘോഷിച്ചത് മൂന്നാം ലിംഗം, ഭിന്നലിംഗം, എന്നീ പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്. അതുതന്നെ ഞാനുള്‍പ്പെടുന്ന വിഭാഗത്തോട് കാണിക്കുന്ന അനീതി യാണ്. മുന്നാം ലിംഗമെന്ന് ഞങ്ങളെ മുദ്ര കുത്തുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് ഇവിടെ ആരാണ് ഒന്നാം ലിംഗം എന്നാണ്. പുരുഷനോ, അതോ സ്ത്രീയോ. പുരുഷനാണെങ്കില്‍ എങ്ങനെ അവന് ഒന്നാംലിംഗമെന്ന പദവി കൈവന്നു. ഭിന്നലിംഗം എന്ന വാക്കുപയോഗിച്ച് ഞങ്ങളുടെ വിഭാഗത്തെ സംബോദന ചെയ്യുന്നതിനോട് എനിക്ക് കടുത്ത എതിര്‍പ്പാണുള്ളത്. എറ്റവും മോശമായ, തെറ്റായ പദപ്രയോഗരീതിയാണത്. പല മുഖ്യധാരാ മാധ്യമങ്ങളും ഇൗ പദപ്രയോഗരീതിയാണ് ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ചില മാധ്യമങ്ങളുടെ ഡയറക്ടര്‍മാരോട് ഇൗ പദപ്രയോഗം നടത്തുന്നതിനെതിരെ ഞാന്‍ പ്രതികരിച്ചിട്ടുമുണ്ട്. എന്നാല്‍ അതില്‍ ഒരു മാറ്റം വരുത്താനുള്ള നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇങ്ങനെ ഉപയോഗിക്കുന്നതിന്റെ പ്രധാന പ്രശ്‌നം പൊതു സമൂഹത്തില്‍ ഒരു തെറ്റായ ധാരണ പടര്‍ത്തുവാന്‍ ഇത് കാരണമാകുന്നു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ എല്ലാം തന്നെ ലൈംഗിക തൊഴിലാളികള്‍ ആണ് എന്ന പൊതുബോധം സൃഷ്ടിച്ചെടുക്കാന്‍ മാധ്യമങ്ങളുടെ ഈ പ്രയോഗം കാരണമാകുന്നുണ്ട്. ഇത്തരം മോശമായ പദപ്രയോഗരീതി മാറ്റാന്‍ അവര്‍ തയ്യാറായിട്ടുമില്ല. എന്നാല്‍ ഒരു ഘട്ടത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വിഭാഗത്തെ തിരിച്ചറിയപ്പെടുത്തുവാന്‍ മാധ്യമങ്ങള്‍ സഹായിച്ചിട്ടുണ്ട്.
ജന്‍ഡര്‍ ന്യൂട്രല്‍ ബോധത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിത്. സ്ത്രീ/ പുരുഷന്‍ കോളങ്ങളില്‍ നിന്ന് പുറത്തുവരാനാണ് ശ്രമിക്കേണ്ടത്. ഇത് എത്രത്തോളം സമകാലിക സാഹചര്യത്തില്‍ സാധ്യമാണ്? എല്ലാവരും മനുഷ്യരാണെന്ന രീതിയില്‍ സമൂഹം വളരാന്‍ സാധ്യതയുണ്ടോ?
തീര്‍ച്ചയായും ബൈനറിക്കുള്ളില്‍ മാത്രം ജീവിക്കുന്ന സമൂഹമാണിന്ന്. മനുഷ്യരാണ് എല്ലാവരും എന്ന് വിശ്വസിക്കാന്‍ ആരും തയ്യാറല്ല. ആ കോളങ്ങളില്‍ നിന്ന് മാത്രം അവര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതല്ലാത്തവരെ അവഗണിക്കുന്നു.ജെന്‍ഡര്‍ കോളങ്ങളില്ലാതാകുന്ന രീതിയില്‍ ഒരുമാറ്റം വരണമൊണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ അത് സ്വപ്‌നം മാത്രമായി അവശേഷിക്കുമോ എന്ന പേടിയാണുള്ളത്. അതുകൊണ്ട് തന്നെ മാറ്റം ഉടനെയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല വിശ്വസിക്കുന്നുമില്ല. കുറഞ്ഞപക്ഷം ഞങ്ങളും മനുഷ്യരാണ് എന്ന ബോധമെങ്കിലും ഉണ്ടാവേണ്ടത് അനിവാര്യമാണ്. അങ്ങനെയൊരു സമൂഹത്തിനുമാത്രമേ മനുഷ്യരായി എല്ലാവരെയും, ഞങ്ങളെയും കാണാന്‍ സാധിക്കുകയുള്ളു.
നിലവിലെ രാഷ്ട്രീയ സാഹചര്യം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കുന്നതായി തോന്നിയിട്ടുണ്ടോ?. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഈ വിഷയത്തോടുള്ള സമീപനത്തെ എത്തരത്തില്‍ വിലയിരുത്തുന്നു.?
ഈ അടുത്തു തന്നെയാണ് കേന്ദ്രമന്ത്രിയായ രാംദാസ് അത്വാലെ ട്രാന്‍സ് വിഭാഗത്തില്‍പ്പെട്ടവര്‍ സാരി ഉടുക്കാന്‍ പാടില്ല. അവര്‍ പുരുഷനോ സ്ത്രീയോ അല്ല. പുരുഷന്‍മാരുടെ വസ്ത്രം ധരിച്ചോട്ടെ എന്ന് പരാമര്‍ശിച്ചിരുന്നു. ഇതിലുടെ കടുത്ത അവഗണനയാണ് അധികാര നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. കടുത്ത അജ്ഞത പുലര്‍ത്തുന്ന ഒരു വിഭാഗം നേതൃനിരയിലുണ്ട് എന്നുള്ളതിന് തെളിവാണിത്. ഞാന്‍ തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ യുടെ യൂണിറ്റ് സെക്രട്ടറി കൂടിയാണ്. എല്ലാവര്‍ക്കുമുള്ളതുപോലെ രാഷ്ട്രീയബോധം ഞങ്ങള്‍ക്കുമുണ്ട്. കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി കൊണ്ടുവന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. നടപ്പാക്കിയത് ഇപ്പോഴുള്ള എല്‍.ഡി.എഫ് സര്‍ക്കാരുമാണ്. രാഷ്ട്രീയമേഖലയില്‍ ഒരുപാട് പേര്‍ ഞങ്ങളെ അംഗീകരിക്കുന്നുണ്ട്. സി.പി.എം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളിലെ മെമ്പര്‍ഷിപ്പ് കോളങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കോളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വോട്ട് ബാങ്ക് പ്രതീക്ഷിച്ചാണ് ഇത് ചെയ്യുന്നതെന്ന് ഒരിക്കലും ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം ട്രാന്‍സ് വിഭാഗം ന്യൂനപക്ഷമാണ്. രാഷ്ട്രീയ പാര്‍ട്ടികളിലും ചര്‍ച്ചകളിലും ഞങ്ങളുടെ വിഭാഗത്തെ ഉള്‍പ്പെടുത്തുന്നുണ്ട് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
സാമൂഹിക അംഗീകാരം ലഭിക്കാത്ത വിഭാഗമായി മുദ്രകുത്തപ്പെടുകയാണ് ട്രാന്‍സ് വിഭാഗമെന്ന് നേരത്തെ പറഞ്ഞല്ലോ. അപ്പോള്‍ നിലവില്‍ എന്താണ് ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉപജീവനമാര്‍ഗ്ഗം.?
ഇന്ന് പ്രധാനമായും ഞങ്ങളുടെ വിഭാഗത്തിലുള്ളവരുടെ പൂര്‍ണ്ണമായ പങ്കാളിത്തമുള്ള മേഖല മേക്കപ്പ്, ഡാന്‍സ്, ഹോം നഴ്‌സിംഗ് എന്നിവയില്‍ മാത്രമാണ്. പൊതുമേഖലയില്‍ പലപ്പോഴുമുള്ള അവഗണന ആ മേഖലയിലേക്കുള്ള ട്രാന്‍സ് വിഭാഗത്തിന്റെ വളര്‍ച്ച തടയുന്നു. ഞാന്‍ എന്റെ മാസ്റ്റേഴ്‌സ് കഴിഞ്ഞ് പലയിടത്തും ഇന്റര്‍വ്യൂനായി പോയിട്ടുണ്ട്. ട്രാന്‍സ് എന്ന ഒറ്റകാരണത്താല്‍ മാത്രം ജോലി നല്‍കാതിരിക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുണ്ട്. ഇക്കാരണം ഒന്നുകൊണ്ടുമാത്രമാണ് പലരും കേരളം വിട്ട് പുറത്തുപോയി ജോലി ചെയ്യാന്‍ സന്നദ്ധരാകുന്നത്. വളരെയധികം കഷ്ടപ്പെടേണ്ടി വരുന്ന വിഭാഗം കൂടിയാണ് ഈ വിഭാഗം.
നിലവിലെ സാഹചര്യത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ എന്നാല്‍ ലൈംഗിക തൊഴിലാളികളാണെന്ന ധാരണ നിലനില്‍ക്കുന്നുണ്ട്. ഈ പൊതുബോധ സമീപനത്തോടുള്ള ശ്യാമയുടെ പ്രതികരണം എന്താണ്.?
സ്ത്രീയായി അല്ലെങ്കില്‍ പുരുഷനായി എന്നതിന്റെ പേരില്‍ സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് മിക്ക ട്രാന്‍സ്‌ജെന്‍ഡറുകളും. എല്ലാവരെയും പോലെ വിശപ്പും ദാഹവും ഞങ്ങള്‍ക്കുമുണ്ട.് ഇഷ്ടത്തോടെയോ പൂര്‍ണ്ണസമ്മതത്തോടെയോ അല്ല ആരും ലൈംഗിക തൊഴില്‍ തെരഞ്ഞെടുക്കുന്നത്.വീട്ടില്‍ നിന്ന പുറത്തായ ശേഷം താമസം, ഭക്ഷണം, വാടക, എന്നിവയെല്ലാം നോക്കേണ്ട അവസ്ഥയാണുള്ളത്. മാത്രമല്ല മറ്റൊരു തൊഴിലും നല്‍കാന്‍ നമ്മുടെ സമൂഹം തയ്യാറാവുന്നുമില്ല. ഈ സാഹചര്യത്തില്‍ വരുമാനത്തിനായി ലൈംഗിക തൊഴില്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് എല്ലാ ട്രാന്‍സ്‌ജെന്‍ഡറുകളും. അല്ലാതെ ട്രാന്‍സ് ആയവരെല്ലാം ലൈംഗിക തൊഴിലാളികളാണ് എന്ന ധാരണ തെറ്റാണ്.
ഇപ്പോ ജീവിതം മുന്നോട്ട് പോകുന്നത് സ്ത്രീ എന്ന ഐഡന്റിറ്റിയില്‍ ആണ്. മുന്നോട്ടുള്ള യാത്രയില്‍ ഒരു ജീവിതപങ്കാളി വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?
ഞാന്‍ എന്നെക്കുറിച്ച് പൂര്‍ണ്ണമായി ബോധവതിയാണ്. എത്ര പുരോഗമനം പറഞ്ഞാലും എല്ലാ പുരുഷന്‍മാരും ആഗ്രഹിക്കുന്നത് ഒരു ലൈംഗിക ജീവിതം തന്നെയാണ്. അത്തരത്തില്‍ അവര്‍ ആഗ്രഹിക്കുന്നത് നല്‍കാന്‍ എനിക്ക് കഴിയില്ല. കുഞ്ഞുണ്ടാകുക, അച്ഛനാകുക, തുടങ്ങിയ സ്വപ്‌നങ്ങള്‍ ഉള്ളവരാണ് മിക്ക പുരുഷന്‍മാരും. അത് ആരുടെയും തെറ്റല്ല. അങ്ങനെയുള്ള ആഗ്രഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ എനിക്ക് ചിലപ്പോ കഴിയില്ല. അതുകൊണ്ട് തന്നെ ആരുടെയും ജീവിതം നശിപ്പിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ആ ജീവിതത്തെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല നടക്കില്ലയെന്ന ബോധം എനിക്കിന്നുണ്ട്. കാരണം ഞാന്‍ ഒരാളെ പ്രണയിച്ചിരുന്നു കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്. എന്നെ വളരെ നന്നായി മനസ്സിലാക്കിയിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അത് മുന്നോട്ട് പോയില്ല. ചില പരാമര്‍ശങ്ങള്‍ മാനസികമായി എന്നെ വേദനിപ്പിച്ചു. പുര്‍ണ്ണമായും സ്ത്രീയല്ല ഞാനെന്ന ബോധം ജനിപ്പിക്കുന്ന സാഹചര്യങ്ങള്‍ ആ ബന്ധത്തിലുണ്ടായി. ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ പിരിഞ്ഞു. ഇപ്പോ എന്തായാലും അത്തരത്തിലുള്ള സ്വപ്നങ്ങളൊന്നുമില്ല. ശാരീരിക സാമ്പത്തിക ലക്ഷ്യങ്ങള്‍ വച്ചാണ് പലരും ഞങ്ങളെ സമീപിക്കാറുള്ളത്. അതിനപ്പുറം ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ കഴിയുന്ന കൂടെ ജീവിക്കാന്‍ തയ്യാറായ ഒരു വിഭാഗം ഉണ്ട് ഇപ്പോഴും. ഇപ്പോഴുള്ള ഈ ജീവിതം , ഞങ്ങളുടെ കമ്യൂണിറ്റിയുടെ വികസനത്തിനായി മാറ്റി വയ്ക്കണമെന്നേയുള്ളു. അതിനപ്പുറം ജീവിതപങ്കാളി വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല ഇപ്പോ. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ അത് പുറമേ പ്രകടിപ്പിക്കാന്‍ ഞാനിപ്പോ തയ്യാറല്ല.
…………………………………………………………………………………………………
മലയാളിയുടെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളില്‍ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കൂട്ടത്തില്‍ ശ്യാമയും. സ്ത്രീയായി സാമൂഹിക പശ്ചാത്തലത്തില്‍ ജീവിക്കുമ്പോഴും ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റിക്കായി നിരന്തര സമരത്തിലാണ് ശ്യാമ ഇന്ന്. കേരളത്തില്‍ ആദ്യമായി സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുകയും മികച്ച രീതിയിലുള്ള പ്രകടനം നടത്തുകയും ചെയ്യാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയും ഉണ്ട് ആ മനസ്സില്‍. പ്രവര്‍ത്തനമേഖലകള്‍ ഒരുപാടുണ്ട് ഇന്ന് ശ്യാമയ്ക്ക്. ക്വീര്‍ റിഥം എന്ന സംഘടനയുടെ നേതൃനിരയില്‍ നില്‍ക്കുന്ന വ്യക്തിയാണ് അവര്‍. ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ടെലിവിഷന്‍ അവതാരിക എന്ന ബഹുമതിക്കുടമയും ശ്യാമയാണ്. മാരിവില്‍ പോലെ മനസ്സിജര്‍ പറയുന്നു എന്ന പരിപാടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലായി മാറി.
ഉള്ളിലെ ചോദനയാണ് എങ്ങനെ ജീവിക്കണമെന്ന തീരുമാനിക്കുന്നത്. യഥാര്‍ത്ഥ സ്ത്രീയിലുള്ളതിനേക്കാള്‍ സ്ത്രീത്വം തങ്ങളിലുണ്ടെന്ന് അവകാശപ്പെടുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. അതൊരിക്കലും ഒരു അവകാശവാദമല്ല തങ്ങളിലെ സ്ത്രീയെ എറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് അവര്‍ പറയുന്നത്. പറയുക മാത്രമല്ല അതിനായി അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആണും പെണ്ണും കെട്ടത് എന്ന വിളിയെ ആണും പെണ്ണും ആളുന്നത് എന്നു വിളിച്ച് പഠിച്ചവരാണ് ഓരോ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയും. സൗന്ദര്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്യാമയെ വ്യത്യസ്തമാക്കിയതും ഇത്തരത്തിലുള്ള നിലപാടുകള്‍ തന്നെയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ ദത്തെടുക്കുമ്പോള്‍ ആണ്‍കുട്ടിയെ തെരഞ്ഞെടുക്കുമോ, പെണ്‍കുട്ടിയെ ആയിരിക്കുമോ എന്ന ചോദ്യത്തിന് എല്ലാവരിലും പെണ്‍കുട്ടി എന്നുത്തരം വന്നപ്പോള്‍ ആണ്‍കുട്ടിയെ ദത്തെടുക്കുമെന്നാണ് ശ്യാമ ഉത്തരം നല്‍കിയത്.
ട്രാന്‍സ്‌ജെന്‍ഡറുകളെ എറ്റവും കൂടുതല്‍ അപമാനിക്കുന്ന വിഭാഗം പുരുഷന്‍മാരാണെന്നും, ആണ്‍കട്ടിയെ ദത്തെടുക്കുന്നത് അതിനൊരു മറുപടി നല്‍കാനാണെന്നും അവര്‍ പറഞ്ഞു. ഈ നിലപാടുകള്‍ തന്നെയാണ് ശ്യാമയെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. കളങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാതെ എല്ലാവരെയും വ്യക്തിയായി കാണാന്‍ കഴിയുന്ന സാമൂഹിക ചുറ്റുപാടിനായിട്ടാണ് എല്ലാ സ്ഥാപനങ്ങളുടെയും പ്രാഥമിക ലക്ഷ്യങ്ങളാകേണ്ടത്. മനുഷ്യന്റെ ഉള്ളിലെ വ്യക്തിത്വ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രാഷ്ട്രീയ സ്ഥിതിയുടെയും മാനസിക സ്വീകാര്യതയുടെയും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് നിലവിലെ വ്യവസ്ഥ മാറേണ്ടത്. സാമൂഹിക ചുറ്റുപാടും, ജനങ്ങളും കാലത്തിനൊത്ത് മാറിയെങ്കിലും അവ വെറും ഘടനാപരമാണ്. ഉള്ളടക്കത്തിലെ മാറ്റത്തിലൂടെ മാത്രമേ സ്ഥിരവും സ്ഥായിയുമായ രാഷ്ട്രീയ- സാംസ്‌കാരിക മാറ്റത്തിന് ഭാഗമാക്കാന്‍ സാധിക്കു. ഉപരിപ്ലമായ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുന്നുണ്ടെങ്കിലും സ്ഥിരമായ മാറ്റത്തിനു വേണ്ടിയാണ് ശ്യാമ തന്റെ ജീവിതം വിനിയോഗിക്കുന്നത്.
ജീവിതത്തില്‍ തന്റെ വിഭാഗക്കാര്‍ക്കായി തന്നെ ജീവിക്കണമെന്ന ആഗ്രഹം മാത്രമേയുള്ളു എന്നു പറയുമ്പോഴും, ഒരു പങ്കാളി വേണമെന്ന് സ്വപ്‌നം ഉണ്ടായിരുന്നു എന്ന് അവര്‍ വ്യക്തമാക്കി. ഉള്ളിലെ പ്രണയത്തിന് യോജിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ ഉപേക്ഷിച്ചു. അതില്‍ ഇപ്പോ വിഷമമില്ല. കാരണം ഇനിയും തീരാത്ത പ്രശ്‌നങ്ങള്‍ക്ക് സമരത്തിലേര്‍പ്പെടാനും, സഹജീവികള്‍ക്കായി മാത്രം ജീവിക്കാനും വേണ്ടിയുള്ളതാണ് ഈ ജിവിതമെന്ന് ബോധ്യമാണ് ശ്യാമയെ ഇന്ന മുന്നോട്ട് നയിക്കുന്നത്. നിലവിലെ കലുഷിതമായ സ്ഥിതിയിലും രാഷ്ട്രീയ അസമത്വത്തിനെതിരെ, കോളങ്ങളില്‍ തങ്ങളുടെ ശരിയായ സ്ഥാനത്തിന് വേണ്ടിയും, ജന്‍ഡര്‍ എന്ന സംജ്ഞക്കുമേല്‍ ഛിദ്രശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുമാണ് ശ്യാമ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി സ്ത്രീസ്വത്വത്തിന്റെ സമരോത്മുഖമായ ജീവിതം ഒഴുകുക്കൊണ്ടിരിക്കുന്നത്. സഹജീവികള്‍ക്കും, സ്ത്രീസ്വത്വത്തെ ആഘോഷമാക്കിയവര്‍ക്കും സ്വപ്‌നം കാണാന്‍ അവകാശമുണ്ടെന്ന് സ്വന്തം ജീവിതത്തിലുടെ തെളിയിക്കുകയാണ് ശ്യാമ എസ് പ്രഭ.