പ്രൊപ്പഗണ്ട സിനിമകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ ഇന്ന്. വളരെ പ്രത്യക്ഷമായ രൂപത്തിലോ സൂക്ഷ്മമായോ പ്രൊപ്പഗണ്ടകളും വ്യാജ ആരോപണങ്ങളും കടന്നുവരുന്ന സിനിമകള്‍ വിവിധ ഭാഷകളില്‍ ഇറങ്ങുന്നുമുണ്ട്. അത്തരത്തിലൊരു ചിത്രമായ കേരള സ്റ്റോറിയുടെ ടീസര്‍ കണ്ടതിന് ശേഷം ഈ സിനിമക്കെതിരെ നിയമപരമായി തന്നെ നീങ്ങേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് താങ്കളെ നയിച്ച ഘടകം എന്തായിരുന്നു ?
ഞാന്‍ കേരള സ്റ്റോറി എന്ന ഒരു സിനിമക്കോ അതിന്റെ സംവിധായകനായ സുദീപ്‌തോ സെന്നിനോ എതിരല്ല എന്നാണ് ആദ്യം മനസിലാക്കേണ്ടത്. പക്ഷെ മറ്റെല്ലാ സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തവും വിചിത്രവുമായ ഒരു കാര്യമാണ് ഇവിടെ നടന്നിരിക്കുന്നത്.
32000 സ്ത്രീകളെ മനപ്പൂര്‍വ്വം മതംമാറ്റുകയും അവര്‍ പിന്നീട് ഐ.എസ്.ഐ.എസ് എന്ന തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നാണ് കേരള സ്റ്റോറിയുടെ പുറത്തുവന്നിരിക്കുന്ന ടീസറില്‍ പറയുന്നത്. ഇത് വളരെ തെറ്റായ ഒരു കാര്യമാണ്.
ഇന്ത്യയിലെയോ ലോകത്തെയോ ഏതെങ്കിലുമൊരു ഇന്റലിജന്‍സ് ഏജന്‍സി ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. ഇതു സംബന്ധിക്കുന്ന യാതൊരുവിധ കണക്കുകളോ രേഖകളോ ഇല്ല. പിന്നെ എങ്ങനെയാണ് കേരള സ്‌റ്റോറി സംവിധായകന്‍ സുദീപ്‌തോക്ക് ഇത് ‘based on true stories’ എന്ന് പറയാന്‍ സാധിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.
കേരളത്തില്‍ ഓരോ ദിവസവും എട്ടോ ഒമ്പതോ സ്ത്രീകള്‍ മതം മാറ്റപ്പെട്ട് ഐ.എസ്.ഐ.എസില്‍ ചേരുന്നുവെന്നാണ് ടീസറില്‍ പറയുന്നത്. അതായത് വര്‍ഷത്തില്‍ 3000ത്തിലേറെ സ്ത്രീകള്‍. അത് ആര്‍ക്കെങ്കിലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമാണോ? പരിപൂര്‍ണമായും വ്യാജമായ ഒരു ആരോപണമാണിത്.
രാഷ്ട്രീയലാഭത്തിന് വേണ്ടി കേരളം പോലുള്ള സംസ്ഥാനങ്ങളെ തീവ്രവാദത്തെ പിന്തുണക്കുന്നവരായി ചിത്രീകരിക്കുന്നത് തികച്ചും തെറ്റാണ്. അത് ഒരുതരത്തിലും അനുവദിച്ച് കൊടുക്കാനാകില്ല. അതുകൊണ്ട് തന്നെയാണ് ടീസറിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചത്.
നവംബര്‍ മൂന്നിനാണ് കേരള സ്റ്റോറിയുടെ ടീസര്‍ വരുന്നത്. നവംബര്‍ നാലിന് സണ്‍ഷൈന്റെ യൂട്യൂബ് ചാനലില്‍ ഞാന്‍ ഇത് കണ്ടു. ആ ടീസറെന്ന അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഉടന്‍ തന്നെ ഞാന്‍ പരാതി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രസൂണ്‍ ജോഷിക്ക് ആദ്യം പരാതി അയച്ചു. മറ്റ് ഫിലിം ബോര്‍ഡ് ചേമ്പറുകളുടെ അധികൃതര്‍ക്കും സമാനമായ പരാതി നല്‍കി. ടീസറിലേതടക്കം കേരള സ്‌റ്റോറി ടീസറില്‍ പറയുന്ന വാദങ്ങളുടെയെല്ലാം സത്യാവസ്ഥ സെന്‍സര്‍ ബോര്‍ഡ് പരിശോധിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടിരുന്നത്.
പക്ഷെ സി.ബി.എഫ്.സിക്ക് സിനിമകള്‍ നിരോധിക്കാനുള്ള അധികാരമില്ല. കാറ്റഗറിയനുസരിച്ച് സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ മാത്രമേ സാധിക്കു. അതുകൊണ്ട് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി അനുരാഗ് ഠാക്കുറിനും മന്ത്രാലയത്തിന്റെ സെക്രട്ടറി അപൂര്‍വ ചന്ദ്രക്കും കൂടി പരാതി നല്‍കാന്‍ ഞാന്‍ തീരുമാനിച്ചത്. കേരള സ്‌റ്റോറിയില്‍ പറയുന്ന കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് അംഗീകരിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കിയ ശേഷമേ സി.ബി.എഫ്.സിയെ സര്‍ട്ടിഫൈ ചെയ്യാന്‍ അനുവദിക്കാവൂ എന്നായിരുന്നു ഞാന്‍ ഇവരോട് ആവശ്യപ്പെട്ടത്.
ഇതേ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് കേരള മുഖ്യമന്ത്രിക്കും മെയില്‍ അയച്ചിരുന്നു. സിനിമയെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേരളത്തെ ഒരു തീവ്രവാദ സംസ്ഥാനമാക്കി ചിത്രീകരിച്ചിരിക്കുന്ന സുദീപ്‌തോ സെന്നിനെ നേരിട്ട് വിളിച്ച് സംസാരിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
കേരളത്തെ തീവ്രവാദ സംസ്ഥാനമാക്കി ചിത്രീകരിക്കുന്നതിനെ കുറിച്ച് തന്നെയാണ് താങ്കള്‍ പരാതിയിലും ഉന്നയിച്ചിരിക്കുന്നത്. അതേസമയം ലവ് ജിഹാദ് എന്ന വ്യാജ ആരോപണത്തിന്റെ ഭാഗമായി ഉയര്‍ന്ന കാര്യങ്ങള്‍ തന്നെയാണല്ലോ ഈ ടീസറിലും പ്രതിപാദിച്ചിരിക്കുന്നത്. വിദ്വേഷം വളര്‍ത്തുന്നതിന് വേണ്ടി നടത്തുന്ന ലവ് ജിഹാദ് വ്യാജ വാദങ്ങളുടെ കൂടുതല്‍ അപകടകരമായ രൂപമല്ലേ കേരള സ്റ്റോറി?
കേരളത്തിലെ 32000 പെണ്‍കുട്ടികള്‍ തീവ്രവാദികളാണെന്നൊക്കെ പറയുന്നത് വലിയ അന്യായമാണ്. മരുഭൂമിയില്‍ പോയി തോക്കും പിടിച്ച് ജീവിക്കാന്‍ വേണ്ടി കാത്തിരിക്കുന്നവരാണോ മലയാളി പെണ്‍കുട്ടികള്‍. ഇത്രയും അസംബന്ധം നിറഞ്ഞ വാദത്തെ ആര്‍ക്കെങ്കിലും അംഗീകരിച്ച് കൊടുക്കാന്‍ കഴിയുമോ.
കല്യാണം കഴിച്ച് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. ഭാഷയറിയാത്ത ഒരു നാട്ടിലേക്ക് കല്യാണം കഴിച്ചു ചെന്ന് അവിടുത്തെ തീവ്രവാദികളോടൊപ്പം തോക്കും കൊണ്ട് നടക്കാന്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടി ആഗ്രഹിക്കുമോ, ഇല്ല.
ഒരുപാട് പേര്‍ മതം മാറി കല്യാണം കഴിക്കുന്നു എന്നതിനെ കുറിച്ച് സിനിമയെടുക്കണമെങ്കില്‍ എടുത്തോട്ടെ. അതിലൊന്നും ഒരു പ്രശ്‌നവുമില്ല. എന്നാല്‍ മതംമാറി തീവ്രവാദ സംഘടനയിലേക്ക് പോകുകയാണെന്നും അതൊന്നും തടയാന്‍ ഇവിടെയാരുമില്ലെന്നും പറയാന്‍ തുടങ്ങിയാല്‍ അത് അംഗീകരിച്ച് കൊടുക്കാനാകില്ല.
സ്ത്രീകള്‍ അവരുടെ ഇഷ്ടത്തിന്റെയും തീരുമാനത്തിന്റെയും പുറത്താണല്ലോ മതം മാറുന്നത്. അത് ഈ രാജ്യത്തെ നിയമം അനുവദിക്കുന്നുമുണ്ട്. അതിനൊന്നും വില കല്‍പിക്കാത്ത ഈ സിനിമ കേരളത്തിലെ സ്ത്രീകളെ അപമാനിക്കുകയാണ്. ഇതിനെതിരെ കേരളത്തിലെ സ്ത്രീപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണം. മറ്റുള്ളവരും അണിനിരക്കണം.
ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ സേലത്താണ്. പക്ഷെ എന്റെ കുടുംബക്കാര്‍ പലരും മലയാളികളാണ്. അങ്ങനെയൊരു കണക്ഷനും എനിക്ക് കേരളത്തിനോടുണ്ട്. ഇനി അങ്ങനെയൊന്നും ഇല്ലെങ്കില്‍ കൂടിയും ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ഞാന്‍ ഇത്തരം വ്യാജപ്രചരണത്തെ ചോദ്യം ചെയ്യും.
മാത്രമല്ല, കേരളത്തെ ഒരു തീവ്രവാദ സംസ്ഥാനമാക്കി ചിത്രീകരിക്കുന്നതില്‍ വലിയ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ ഇന്റലിജന്‍സ് ഏജന്‍സികളുടെയും വിശ്വാസ്യതയെയാണ് ഈ ടീസര്‍ ചോദ്യം ചെയ്യുന്നത്. പൊലീസും എന്‍.ഐ.എയും ഐ.ബിയും റോയും സി.ബി.ഐയുമെല്ലാം ഇവിടെയുണ്ടെന്നും അതുകൊണ്ട് തങ്ങള്‍ സുരക്ഷിതരാണ് എന്നുമാണ് ജനങ്ങള്‍ കരുതുന്നത്. ആ സുരക്ഷിതാബോധത്തെയാണ് ടീസര്‍ ഇല്ലാതാക്കുന്നത്.
കേരളത്തില്‍ നിന്നും 32000 പെണ്‍കുട്ടികള്‍ തീവ്രവാദികളായി എന്ന വാദത്തെ അംഗീകരിക്കുകയാണെങ്കില്‍ പിന്നെയെന്തിനാണ് ഈ രാജ്യത്ത് ഒരു കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്ന് തിരിച്ചു ചോദിക്കേണ്ടി വരും. അതുകൊണ്ട് പിന്നെ ഒരു പ്രയോജനവുമില്ലല്ലോ.
ഈ സിനിമ റിലീസായാല്‍ ഇന്ത്യയെ കുറിച്ച് ലോകത്തിന് മുമ്പുള്ള ധാരണകള്‍ തന്നെ കീഴ്‌മേല്‍ മറിയും.
ഒരു ദിവസം ഒരു സംസ്ഥാനത്തില്‍ നിന്ന് മാത്രം 9 പേര്‍ തീവ്രവാദികളാകുന്നു എന്നാണെങ്കില്‍ ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളുണ്ട് അവിടെയും സമാനമായ സംഭവങ്ങളുണ്ടാകില്ലേ എന്നാകും കാണുന്നവരെല്ലാം ചിന്തിക്കുക.
മറ്റൊരു അപകടം കൂടിയുണ്ട്. വ്യാജവാദങ്ങളുമായി ഒരു നാടിനെ മോശമായി ചിത്രീകരിക്കുന്ന ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇന്ന് തിയേറ്ററിന്റെ ആവശ്യമില്ല. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുണ്ട്. അതിനേക്കാള്‍ എളുപ്പമുള്ള യൂട്യൂബ് പോലുള്ള സംവിധാനങ്ങളുണ്ട്. ഒ.ടി.ടിക്കും യൂട്യൂബിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല.
കേരള സ്റ്റോറി തിയേറ്ററില്‍ തന്നെ ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നതു കൊണ്ടാണ് എം.ഐ.ബി(മിനിസ്ട്രി ഓഫ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്)ക്ക് ഇത് സംബന്ധിച്ച് പരാതി അയക്കാന്‍ കഴിഞ്ഞത്. ആഭ്യന്തര മന്ത്രാലയത്തിനും നേരിട്ട് തന്നെ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിനെതിരെ സംഘപരിവാര്‍ ലവ് ജിഹാദ് വ്യാജവാദങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത് ശ്രദ്ധയില്‍ പെട്ടിരുന്നോ?
ഹിന്ദുത്വ സംഘടനകളാണ് ലവ് ജിഹാദ് എന്ന വാക്ക് പോലും ഉണ്ടാക്കിയത്. തമിഴ്‌നാട്ടിലും അത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തിരുച്ചിറപ്പിള്ളിയില്‍ ഒരു സംഭവം നടന്നിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് കേന്ദ്ര സഹമന്ത്രിയായ എല്‍. മുരുകന്‍ തമിഴ്‌നാട്ടിലെ എസ്.എസി, എസ്.ടി കമ്മീഷന്‍ ചെയര്‍മാനായിരുന്ന സമയത്തായിരുന്നു ഇത്.
പ്രണയബന്ധത്തെ തുടര്‍ന്ന് ഒരു എസ്.എസി വിഭാഗക്കാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ടു. ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ എല്‍. മുരുകന്‍ ഉടന്‍ തന്നെ ഇതില്‍ ലവ് ജിഹാദ് ആരോപിച്ചു. പക്ഷെ പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവന്നു.
അച്ഛന്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് ആഗ്രഹിക്കുകയും ഇതില്‍ കുപിതനായ കാമുകന്‍ സുഹൃത്തിനൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ലവ് ജിഹാദ് ആരോപണം പൂര്‍ണമായും കെട്ടിച്ചമക്കപ്പെട്ടതാണെന്നും തെളിഞ്ഞു.
സമാനമായ രീതിയില്‍ തന്നെയാണ് കേരളത്തിലും കാര്യങ്ങള്‍ സംഭവിക്കുന്നത്. പതിനെട്ട് വയസ് പൂര്‍ത്തിയായ ഓരോ പൗരനും ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാനും ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കാനും ഇഷ്ടമുള്ള മതത്തിലേക്ക് മാറാനുമെല്ലാം ഇന്ത്യയിലെ നിയമം അനുവദിക്കുന്നുണ്ട്.
കേരളത്തില്‍ മാത്രമല്ല ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും ബീഹാറിലും മഹാരാഷ്ട്രയിലും പഞ്ചാബിലും ജമ്മു കശ്മീരിലും തുടങ്ങി ഇന്ത്യയില്‍ എല്ലായിടത്തും മതപരിവര്‍ത്തനം നടക്കുന്നുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്തും ആളുകള്‍ ഇഷ്ടപ്പെട്ട മതങ്ങളിലേക്ക് മാറുന്നുണ്ട്. പക്ഷെ ലവ് ജിഹാദ് എന്ന ആരോപണം കേരളത്തിനെതിരെ മാത്രമാണ് ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ കേരള സ്റ്റോറി ഗൂഢലക്ഷ്യങ്ങളുള്ള സിനിമയാണ് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
ഇന്ത്യയിലെ മാധ്യമങ്ങള്‍ മോദിക്ക് വേണ്ടി ഗോദി മീഡിയ ആയി കഴിഞ്ഞിരിക്കുന്നവെന്ന വിമര്‍ശനങ്ങള്‍ ശക്തമാകുന്ന സമയമാണിത്. അതേസമയം തന്നെ വസ്തുതാപരമായി റിപ്പോര്‍ട്ടിങ് നടത്തുകയും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ വലിയ ഭീഷണകളും അക്രമങ്ങളും നേരിടേണ്ടി വരികയും ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ താങ്കള്‍ കേരള സ്റ്റോറിക്കെതിരെ മുന്നോട്ടുവരുമ്പോള്‍ ഈ സാഹചര്യങ്ങളെ കുറിച്ച് ആലോചിച്ചിരുന്നോ?
ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരാതികളുമായി നിയമപരമായി മുന്നോട്ടുപോകുകയും ചെയ്തയാളാണ് ഞാന്‍. അതൊക്കെ വെച്ച് നോക്കുമ്പോള്‍ ഇത് വളരെ ചെറിയ കാര്യമാണ്. എനിക്ക് ഒരു പേടിയുമില്ല. എന്തുവന്നാലും ഞാനത് നേരിടും.
കാരണം നിയമവിരുദ്ധമായി ഒന്നും തന്നെ ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ വെറുതെ ആരോപണം ഉന്നയിക്കുകയല്ല, കൃത്യമായ തെളിവുകളോടെ പരാതി നല്‍കുകയാണ് ചെയ്തത്. നിയമത്തിന്റെ വഴിയിലൂടെ തന്നെയാണ് ഞാന്‍ മുന്നോട്ടു പോകുന്നത്.
ഇനി ഗോദി മീഡിയ എന്ന വിമര്‍ശനത്തിലേക്ക് വരികയാണെങ്കില്‍, ഇന്ത്യയില്‍ പ്രാദേശിക പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ലോകത്ത് എല്ലായിടത്തും സര്‍ക്കാരുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് പോലെയേ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കാവൂ എന്ന ആഗ്രഹമുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഗോദി മീഡിയ അഥവാ Lapdog media എന്ന പ്രയോഗം അന്താരാഷ്ട്രത്തില്‍ തന്നെ പ്രചുരപ്രചാരം നേടിയതാണ്. ഇന്ത്യയില്‍ നിലവില്‍ ഈ മാധ്യമ അപചയത്തിന്റെ തോത് വളരെ കൂടുതലാണ്.
ജനങ്ങള്‍ക്കും ഇക്കാര്യം മനസിലായി കഴിഞ്ഞു. ന്യൂദല്‍ഹിയിലെ കര്‍ഷക സമരം അതിന്റെ മികച്ച ഉദാഹരണമാണ്. ചില മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും സമരക്കാര്‍ തയ്യാറായിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കര്‍ഷകസമരക്കാര്‍ കൂടുതലായും സംസാരിച്ചിരുന്നത്.
ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം എന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. വര്‍ക്കിങ് ജേണലിസ്റ്റുകളായ എല്ലാവര്‍ക്കും അങ്ങനെ സാധിക്കുമെന്ന് കരുതുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ പല രീതിയിലുള്ള നിയന്ത്രണങ്ങള്‍ നേരിടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.
പിന്നെ, ഇങ്ങനെ പരാതി നല്‍കുന്നതു കൊണ്ടും നിയമനടപടികള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് കൊണ്ടും എനിക്ക് വ്യക്തിപരമായി ഒരു പ്രയോജനവുമില്ല. പക്ഷെ ഇത് ചെയ്യേണ്ട കാര്യമാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട് എന്റെ മനസാക്ഷി അനുസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചു.
എത്ര വലിയ വിമര്‍ശനങ്ങളാണെങ്കിലും റിലീസിന് മുമ്പേ വിവാദങ്ങളുണ്ടാകുന്നത് ചിത്രത്തെ കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിക്കുകയും കൂടുതല്‍ കാഴ്ചക്കാരെ സമ്മാനിക്കുകയും ചെയ്യാറുണ്ട്. കേരള സ്റ്റോറിയുടെ കാര്യത്തിലും അങ്ങനെ സംഭവിക്കുമെന്ന് കരുതുന്നുണ്ടോ?
സാധ്യതയുണ്ട്. ഞാന്‍ ഒരു ഉദാഹരണം പറയാം. സെപ്റ്റംബറില്‍ അഞ്ച് ലക്ഷം കോടിയുടെ ഒരു അഴിമതി ഞാന്‍ പുറത്തുകൊണ്ടുവന്നിരുന്നു. 770200 കിലോ ഹെറോയിന്‍ മിസിങ്ങാണ് എന്നത് പാര്‍ലമെന്റ് രേഖകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ കണ്ടെത്തുകയും ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ കേരള സ്‌റ്റോറിയുടെ പരാതിയെ കുറിച്ച് ട്വീറ്റ് ചെയ്തത് പോലെ ഇതേ കുറിച്ചും ട്വീറ്റ് ചെയ്തിരുന്നു. പക്ഷെ ഇന്ത്യയിലെ ഒരു മാധ്യമവും അതേ കുറിച്ച് ഒരു അക്ഷരം മിണ്ടിയില്ല. എല്ലാ ന്യൂസ് ചാനലുകള്‍ക്കും ആ പരാതിയുടെ കോപ്പി വെച്ച് അയച്ചിട്ടും ആരും അത് വാര്‍ത്തയാക്കിയില്ല. എന്നാല്‍ ഇന്ന് എല്ലാവരും കേരള സ്റ്റോറിക്കെതിരെ വന്ന പരാതിയെ കുറിച്ച് സംസാരിക്കുന്നു. കാരണം, ഇത് സിനിമയാണ് എന്നത് തന്നെയാണ്.
കേരളത്തില്‍ നടക്കുന്ന ഒരു സംഭവത്തെ കുറിച്ച് എന്ന് അവകാശപ്പെടുന്ന ചിത്രം പൂര്‍ണമായും ഹിന്ദിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ ജനങ്ങളെ ബോധവാന്മാരാക്കുകയല്ല സിനിമയുടെ ലക്ഷ്യമെന്ന് അതില്‍ നിന്ന് തന്നെ വ്യക്തമാണ്. അപ്പോള്‍ പിന്നെ ഇങ്ങനെയൊരു സിനിമയിറക്കുന്നതിന് പിന്നിലെ ഉദ്ദേശങ്ങള്‍ എന്തെല്ലാമായിരിക്കും?
രാഷ്ട്രീയലാഭത്തിന് വേണ്ടി തന്നെയാണ് ഇത്തരം ചിത്രങ്ങള്‍ ഇറക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ കശ്മീരി ഫയല്‍സ് എന്ന സിനിമ മറ്റൊരു ഉദാഹരണമാണ്. ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ കൊല ചെയ്യപ്പെട്ടുവെന്നായിരുന്നു ആ സിനിമ പറഞ്ഞത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിലെ രേഖകള്‍ പ്രകാരം 260 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതില്‍ 90 പേര്‍ മാത്രമാണ് പണ്ഡിറ്റുകള്‍, ബാക്കി കൊല്ലപ്പെട്ടവരെല്ലാം മുസ്‌ലിങ്ങളാണ്. എന്നാല്‍ കശ്മീരി ഫയല്‍സ് എന്ന ചിത്രം ജമ്മു കശ്മീരില്‍ ബി.ജെ.പിക്ക് ഒരു പുതിയ വോട്ടുബാങ്ക് തുറന്നുകൊടുത്തു.
സമാനമായ രീതിയില്‍ കേരള സ്റ്റോറി പുറത്തിറങ്ങിയാല്‍ അത് ചിലര്‍ക്ക് ഗുണം ചെയ്യും. ബി.ജെ.പിയടക്കം കേരള സ്റ്റോറിയെ പിന്തുണക്കുന്നവര്‍ക്കെല്ലാം ഈ സിനിമ കൊണ്ട് നേട്ടങ്ങളുണ്ടായേക്കാം. ഏതെങ്കിലുമൊരു യഥാര്‍ത്ഥ സംഭവത്തെ തുറന്ന് കാണിക്കുന്നതിന് വേണ്ടിയുള്ള സത്യസന്ധമായ വര്‍ക്കാണ് ഇതെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. വ്യാജവാദങ്ങള്‍ മാത്രമുള്ള സിനിമയാകുമിത്.
ഇനി ഇതില്‍ പറയുന്നത് പോലെ 32000 പെണ്‍കുട്ടികള്‍ തീവ്രവാദികളായി എന്നതാണ് സത്യമെങ്കില്‍, അന്വേഷണ ഏജന്‍സികളും ആഭ്യന്തര മന്ത്രാലയവുമൊക്കെ പിന്നെ എന്തിനാണ്. 14 ജില്ലകളിലായി 460ന് മുകളില്‍ പൊലീസ് സ്റ്റേഷനുകള്‍ കേരളത്തിലുണ്ട്. അടുത്ത കാലത്തായി 25 സബ് ഡിവിഷനുകള്‍ കൂടി മുഖ്യമന്ത്രി ആരംഭിച്ചതായാണ് എന്റെ ഓര്‍മ.
ഈ പൊലീസുകാരും രാജ്യത്തെ അന്വേഷണ ഏജന്‍സികളുമെല്ലാം പണിയെടുത്തിട്ടും കേരളത്തില്‍ നിന്നും തീവ്രവാദികളാകുന്നവരെ തടയാനാകുന്നില്ലെന്നാണോ ഇവര്‍ പറയുന്നത്. ഒരു സംസ്ഥാനത്ത് ഈ സ്ഥിതിയാണെങ്കില്‍ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും കൂടി കാര്യമെടുത്താല്‍ എന്താകും ഈ രാജ്യത്തിന്റെ അവസ്ഥ.
താങ്കള്‍ നല്‍കിയ പരാതിയില്‍ കേരള മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്രയും വേഗത്തില്‍ നിയമനടപടികളുണ്ടാകുമെന്ന് കരുതിയിരുന്നോ?
ഇല്ല, അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. നേരത്തെ ഞാന്‍ മറ്റ് രണ്ട് വിഷയങ്ങളില്‍ മെയില്‍ അയച്ചപ്പോള്‍ പ്രതികരണം ലഭിക്കാന്‍ സമയമെടുത്തിരുന്നു. എന്നാല്‍ കേരള സ്റ്റോറിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് അയച്ച മെയിലില്‍ ഉടനടി നടപടികള്‍ സ്വീകരിച്ചു. നവംബര്‍ ആറിന് അയച്ച മെയിലിന് നവംബര്‍ ഏഴിന് തന്നെ മറുപടി ലഭിച്ചു. തുടര്‍നടപടികളുമുണ്ടായി. ഇതിലെല്ലാം കേരള മുഖ്യമന്ത്രിയോട് നന്ദിയുണ്ട്.
കേരള സ്‌റ്റോറിയുടെ കാര്യത്തില്‍ കൂടുതലായി എന്ത് നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്?
കേരള സ്റ്റോറി തിയേറ്ററില്‍ മാത്രമല്ല ഒ.ടി.ടിയിലും യൂട്യൂബിലും ഫേസ്ബുക്കിലും തുടങ്ങി ഒരിടത്തും റിലീസാകാന്‍ പാടില്ല. അതാണ് എന്റെ ആഗ്രഹം. അതിനു വേണ്ടിയാണ് നിയമനടപടികളുമായി മുന്നോട്ടു പോകുന്നത്. പക്ഷെ അവസാന തീരുമാനം സര്‍ക്കാരിന്റെയോ കോടതിയുടേതോ ആയിരിക്കും. എന്നാലും പടം പുറത്തിറങ്ങാന്‍ ഒരു സാധ്യതയുമില്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
Content Highlight: Interview with Tamil journalist Aravindakshan B R who filed complaint against the controversial movie teaser of Kerala story