| Monday, 6th June 2022, 7:29 pm

ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചതിന്റെ പേരിലാണ് ഞാന്‍ ആക്രമിക്കപ്പെട്ടത്‌: ടി.ജെ. ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചു എന്നതിന്റെ പേരില്‍ മാത്രം ശിക്ഷ ഏറ്റുവാങ്ങിയ ആളാണ്‌ താനെന്ന് അധ്യാപകന്‍ ടി.ജെ. ജോസഫ്.  ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മതനേതൃത്വങ്ങൾ അവരുടെ താൽക്കാലികമായ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് എല്ലാകാലത്തും പ്രവർത്തിച്ചിട്ടുള്ളത്. എന്നെ തീവ്രവാദികൾ ആക്രമിച്ച് കിടപ്പിലാക്കിയപ്പോൾ ഞാൻ എണീറ്റ് നടക്കുമെന്ന് ഞാനോ മറ്റുള്ളവരോ വിചാരിക്കാതിരുന്ന സമയത്താണ് എന്നെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നത്. എന്റെ കുടുംബത്തിന്റെ ഏക വരുമാനമായിട്ടുള്ള ജോലിയായിരുന്നു അത്. അതിനവർ അന്ന് പറഞ്ഞ കാരണം മതസ്പർദ്ധ ഉണ്ടാക്കി, അല്ലെങ്കിൽ മതനിന്ദ നടത്തി എന്നുള്ളതാണ്. തുടർന്ന് ഒരു കേസ് രാഷ്ട്രം എന്റെ പേരിൽ എടുക്കുകയും എന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയുമൊക്കെ ചെയ്തിരുന്നു. പിന്നീട് വേറെ ഒരു കിരാത മതനിയമം വെച്ച് എന്നെ ആക്രമിക്കുകയും എന്റെ കൈകാലുകളൊക്കെ വെട്ടുകയും ചെയ്തു.

ആ കാലത്താണ് എന്നെ ജോലിയിൽ നിന്നും എന്റെ സമുദായം, എന്റെ സഭ എന്നെ പിരിച്ചുവിടുന്നത്. അതിനവർ പറഞ്ഞ കാരണം വളരെ വിചിത്രമാണ്. ശിക്ഷാനടപടിയല്ല, ശിക്ഷണ നടപടിയാണെന്നായിരുന്നു അതിനു കാരണമായി മാനേജർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്. ഈ ശിക്ഷാനടപടിയും ശിക്ഷണ നടപടിയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് അന്ന് മുതൽ ഇന്ന് വരെ ആലോചിച്ചിട്ട് എനിക്ക് മനസ്സിലായിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് രണ്ടും ഒന്ന് തന്നെയാണ്.

പിന്നീട് കത്തോലിക്കാ സഭയുടെ ഒരു ഔദ്യോഗിക വക്താവ് പറഞ്ഞത് ഞങ്ങൾ ശിക്ഷിക്കാതിരുന്ന് കഴിഞ്ഞാൽ അവരുടെ ശിക്ഷയെ നമ്മൾ അംഗീകരിക്കുന്നതുപോലെയാവും. തീവ്രവാദികളെ ഒക്കെ നമ്മൾ സപ്പോർട്ട് ചെയ്യുന്ന പോലെയാവും. അതുകൊണ്ട് ഞങ്ങളുടെ ശിക്ഷ എന്ന നിലയിലാണ് എന്നെ പിരിച്ചുവിടുന്നതെന്ന്. അങ്ങനെ ചെയ്യാത്ത ഒരു തെറ്റിന്, ഞാൻ എന്റെ ജോലി പരമാവധി നന്നാക്കാൻ ശ്രമിച്ച ഉത്സാഹത്തിന്റെ തുടർച്ചയായുണ്ടായ വിവാദത്തിന്റെ പേരിലാണ് സ്റ്റേറ്റ് എന്റെ പേരിൽ നടപടിയെടുത്തത്.

പിന്നീട് അങ്ങനെ ഒരു കുറ്റകൃത്യമില്ല എന്ന് കോടതിക്ക് ബോധ്യം വന്നിട്ട് എന്നെ കുറ്റ വിമുക്തനാക്കി. എന്റെ മതത്തിന്റെയോ എന്റെ രാഷ്ട്രത്തിന്റെയോ പേരിലല്ലാത്ത നിയമത്തിന്റെ പേരിലാണ് എന്റെ കൈകാലുകൾ എല്ലാം വെട്ടിയത്. പിന്നീട് എന്റെ സമുദായം തന്നെ അവരുടേതായിട്ടുള്ള നീതിയും നിയമവും വെച്ച് എന്നെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും അതിന്റെ നഷ്ടാനുഭവങ്ങൾക്കൊടുവിൽ എന്റെ ഭാര്യക്ക് വിഷാദരോഗം ബാധിച്ച് ആത്മഹത്യ ചെയ്യേണ്ടി വരികയും ചെയ്തു. അങ്ങനെ ഞങ്ങളുടെ കുടുംബത്തെ ഭയങ്കരമായി ശിക്ഷിച്ച, ഒരു തെറ്റും ചെയ്യാത്ത, ജോലിയിൽ ആത്മാർത്ഥത കാണിച്ചു എന്നതിന്റെ പേരിൽ മാത്രം ശിക്ഷ ഏറ്റുവാങ്ങിയ ആളാണ് ഞാൻ,’ടി.ജെ. ജോസഫ് പറഞ്ഞു.

Content Highlight: Interview with T. J Joseph

We use cookies to give you the best possible experience. Learn more