| Saturday, 29th April 2023, 4:56 pm

ജാതി സെന്‍സെസ് ഭയപ്പെടുത്തുന്നത് ബി.ജെ.പിയെ മാത്രമല്ല, കോണ്‍ഗ്രസിനെയും : സണ്ണി എം. കപിക്കാട്‌

ആദര്‍ശ് എം.കെ.

സണ്ണി എം. കപിക്കാട്‌

ആദര്‍ശ് എം. കെ: 2014ല്‍ ബി.ജെ.പി അധികാരത്തിലെത്തി ഒമ്പത് വര്‍ഷത്തിലധികം ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം രാജ്യം മറ്റൊരു പൊതു തെരഞ്ഞെടുപ്പിനെ കൂടി നേരിടാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ജാതി സെന്‍സെസ് പ്രസക്തമാകുന്നതെങ്ങനെ?

സണ്ണി എം. കപിക്കാട്‌:  ജാതി സെന്‍സെസ് ഈ കാലഘട്ടത്തില്‍ മാത്രമല്ല, എല്ലാ കാലത്തും ഇന്ത്യയിലെ സര്‍ക്കാരുകള്‍ അനിവാര്യമായി മുന്‍കൈയെടുത്ത് നടപ്പിലാക്കേണ്ട ഒരു കാര്യമാണ്. എന്തുകൊണ്ടെന്നാല്‍ ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ എങ്ങനെ ജീവിക്കുന്നു, അവരുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ നിലവാരമെന്താണ് എന്നതിനെ സംബന്ധിച്ച വ്യക്തമായ ഒരു കാഴ്ചപ്പാട് സര്‍ക്കാരുകള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. 1931ന് ശേഷം അങ്ങനെ ഒരു സെന്‍സെസ് ഇന്ത്യയില്‍ നടന്നിരുന്നില്ല. ഇത് ഇന്ത്യക്കാരെ വിഭജിക്കുന്ന ഒന്നാണെന്ന വ്യാജമായ ഒരു പ്രചാരണം ഇന്ത്യയിലെ സവര്‍ണ ലോബി നടത്തിയതിന്റെ ഭാഗമായിട്ടാണ് അന്ന് ജാതി തിരിച്ചുള്ള സെന്‍സെസ് നിര്‍ത്തലാക്കുവാന്‍ കാരണമായത്.

അവര്‍ നേരിട്ട ഒരു പ്രശ്നം ഈ ജനവിഭാഗങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ഡോ. അംബേദ്കര്‍ അടക്കമുള്ളവര്‍ വളരെ ആധികാരികമായ കണക്കുകള്‍ ഉയര്‍ത്തി അവരെ നേരിട്ടിരുന്നു എന്നതാണ്. അതുകൊണ്ട് അത്തരം വിവരങ്ങള്‍ പുറത്തുവരാതിരിക്കുക എന്നത് ഈ സവര്‍ണ ഓളിഗാര്‍ക്കി (അധികാരം കയ്യാളുന്ന ഒരുകൂട്ടം ആളുകള്‍)യുടെ പ്രധാനമായ കവചമാണ്. അത്തരം വിവരങ്ങള്‍ പുറത്തുവന്നാല്‍ അത് ഇന്ത്യയില്‍ നിലവിലുള്ള സാമ്പത്തിക-സാമൂഹിക രാഷ്ട്രീയ അധികാരത്തെ ചോദ്യം ചെയ്യുന്നതിലേക്ക് വിശാല ബഹുജനങ്ങള്‍ എത്തുമെന്നതാണ് ഭരണകൂടം ഭയപ്പെടുന്ന പ്രധാന കാരണം.

നരേന്ദ്ര മോദി

ഇക്കാരണം കൊണ്ടാണ് 2011ലെ പൊതുസെന്‍സെസിന്റെ കൂടെ ഒരു ജാതി സെന്‍സെസ് നടത്തിയിരുന്നെങ്കിലും അതിന്റെ വിവരങ്ങള്‍ അവര്‍ പുറത്തുവിടാതെ സൂക്ഷിക്കുന്നത്. അതുകൊണ്ട് മോദി ഇന്ത്യ ഭരിക്കുമ്പോള്‍ ജാതി സെന്‍സെസ് നടത്തുമോ എന്നതിനേക്കാളപ്പുറം മോദിയെ പോലെ ഒരാള്‍ ഇന്ത്യ ഭരിക്കാന്‍ കാരണം ഇത്തരം വസ്തുതാപരമായ കണക്കുകള്‍ പൊതുജനങ്ങളുടെ കയ്യില്‍ ഇല്ലാതെ പോയതുകൊണ്ടാണ് എന്ന കാര്യവും മനസിലാക്കേണ്ടതാണ്.

ഇന്ത്യയിലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരമൊരു ആവശ്യം യഥാര്‍ത്ഥത്തില്‍ ഗൗരവമായി ഉന്നയിച്ചിരുന്നില്ല. ഇപ്പോള്‍ മോദിക്കെതിരെ ഉയരുന്ന വിശാല ഐക്യത്തിന്റെ ഭാഗമായി മാത്രമാണ് ജാതി സെന്‍സെസ് എന്ന ആവശ്യം വീണ്ടും ഉയര്‍ന്നുവന്നിട്ടുള്ളത്. കോണ്‍ഗ്രസ് എറെ കാലമായി ഇന്ത്യ ഭരിക്കുമ്പോഴും ജാതി സെന്‍സെസ് നടത്തി ഇന്ത്യയിലെ വ്യത്യസ്ത ജാതികളുടെ സാമൂഹിക-സാമ്പത്തിക നിലയെന്തെന്ന് പരിശോധിച്ചിരുന്നില്ല.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇവിടെ നടക്കുന്ന എല്ലാ ഇടപാടുകളും, അതായത് സാമൂഹിക ഇടപാടുകളാകട്ടെ സാമ്പത്തിക ഇടപാടുകളാകട്ടെ രാഷ്ട്രീയാധികാരവുമായി ചേര്‍ന്നുനില്‍ക്കുന്നതാകട്ടെ ഈ ഇടപാടുകളോടെല്ലാം തന്നെ എല്ലായിപ്പോഴും ജാതി നിര്‍ണായക സ്വാധീനമായിരുന്നു ചെലുത്തിയിരുന്നത്.

ഇന്ത്യയില്‍ ദരിദ്രരെന്ന് മാത്രം വിളിക്കാവുന്ന ഒരു ജനവിഭാഗമില്ല, അവര്‍ ഏതെങ്കിലും ജാതി സമൂഹത്തില്‍പ്പെട്ടവര്‍ കൂടിയായിരിക്കും. അതുപോലെ തന്നെ ഇന്ത്യയില്‍ സമ്പന്നരെന്ന് വിളിക്കാവുന്ന ഒരു ജനവിഭാഗമില്ല, അവരും ഏതെങ്കിലും പ്രത്യേക ജാതി സമൂഹത്തില്‍ നിന്നും വന്നവരായിരിക്കും. ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താനും ജാതി സെന്‍സെസ് സഹായിക്കും.

ഇന്ത്യയിലെ വളരെ ന്യൂനപക്ഷമായ സവര്‍ണ ഓളിഗാര്‍ക്കി കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി രാജ്യം ഭരിച്ചുകൊണ്ടിരിക്കുകയാണ്, അതിനെ ചോദ്യം ചെയ്യാന്‍ കഴിയുന്ന തരത്തിലും ഈ റിപ്പോര്‍ട്ട് മാറും. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുമ്പോഴും സവര്‍ണ ലോബികള്‍ക്ക് അവരുടെ മേലുണ്ടായിരുന്ന സ്വാധീനം ചെറുതല്ല എന്ന് കാണാം. സ്വതന്ത്രമാകുന്നതിന് മുമ്പും ഇന്ത്യന്‍ ഭരണ സംവിധാനത്തിനകത്ത് സവര്‍ണ ലോബിക്ക് വലിയ തരത്തിലുള്ള സ്വാധീനമുണ്ട്. ഇതാണ് ജാതി സെന്‍സെസിന്റെ രാഷ്ട്രീയമായ പ്രാധാന്യം എന്ന് പറയുന്നത്.

ആദര്‍ശ് എം. കെ: ജാതി സെന്‍സെസിലെ ബി.ജെ.പിയെ ഭയപ്പെടുത്തുന്ന ഘടകം എന്താണെന്നാണ് താങ്കള്‍ കരുതുന്നത്? ഇതിലെ വിവരങ്ങള്‍ ബി.ജെ.പിയെ മാത്രമാണോ ഭയപ്പെടുത്തുന്നത്?

സണ്ണി എം. കപിക്കാട്‌: ബി.ജെ.പിയെയും ആര്‍.എസ്.എസ്സിനെയും മാത്രമല്ല, ഇന്ത്യയിലെ സവര്‍ണ ഓളിഗാര്‍ക്കിയെ പിന്‍പറ്റുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ ഭയപ്പെടുന്നുണ്ട് എന്നതുകൊണ്ടാണ് നാളിതുവരെ ഇത്തരമൊരാവശ്യം ഉന്നയിക്കപ്പെടാതെ പോയത്. കേരളത്തിലെ തന്നെ ഉദാഹരണമെടുക്കുകയാണെങ്കില്‍ ഇവിടെ സംവരണ വിരുദ്ധമായ വലിയൊരു വികാരമുണ്ട്.

പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ വലിയൊരു വികാരമാണ് ഇവിടെയുള്ളത്. അവര്‍ ജോലി മുഴുവന്‍ തട്ടിയെടുക്കുന്നു, അവസരങ്ങള്‍ തട്ടിയെടുക്കുന്നു എന്നതാണ് വാദം.

1930 മുതല്‍ എസ്.എന്‍.ഡി.പി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പുറത്തുവിടണമെന്നത്. നാളിതുവരെ കേരളം ഭരിച്ച ഒരാളും അതിന് തയ്യാറായിട്ടില്ല. അതിന് കാരണം, അതിലെ വസ്തുതകള്‍ മുഴുവന്‍ പുറത്തുവന്നാല്‍ ഇതിലെ നുണക്കഥകള്‍ മുഴുവന്‍ പൊളിയും എന്നതാണ്.

ഇന്ത്യയില്‍, കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ സിംഹഭാഗവും കൈവശം വെച്ചിരിക്കുന്നത് ജനസംഖ്യാപരമായി കുറഞ്ഞ ജാതികളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതിന് മെറിറ്റ് എന്ന മറയാണ് ഉപയോഗിക്കുന്നതെങ്കിലും ഫലത്തില്‍ ഈ ജാതി തിരിച്ചുള്ള ലിസ്റ്റ് പുറത്തുവന്നാല്‍ കേരളത്തിന്റെ സെക്രട്ടറിയേറ്റ് അടക്കം ചോദ്യം ചെയ്യപ്പടും. അതുകൊണ്ടാണ് അവരതിന് തയ്യാറാകാത്തത്.

ആര്‍.എസ്.എസ്, ബി.ജെ.പി പോലുള്ള സംഘപരിവാര്‍ ശക്തികള്‍ നേരിടുന്ന പ്രശ്നം അവരുടെ അധികാരത്തിന്റെ അടിത്തറ തന്നെ ഈ ജാതി സമുദായങ്ങള്‍ക്കുമപ്പുറം ഒരു ഹിന്ദു ഐഡന്‍ഡിറ്റിയെ സ്ഥാപിച്ചെടുക്കലാണ്. ആ ഹിന്ദു ഐഡന്‍ഡിറ്റിയില്‍ തന്നെ പട്ടിക ജാതിക്കാരുണ്ട് പട്ടിക വര്‍ഗക്കാരുണ്ട് മറ്റ് ന്യൂനപക്ഷങ്ങളുണ്ട് ബ്രാഹ്‌മണരുണ്ട് ക്ഷത്രിയരുണ്ട് മറ്റ് പലരുമുണ്ട്.

എന്നാല്‍ ജാതി തിരിച്ചുള്ള ലിസ്റ്റ് പുറത്തുവന്നാല്‍ വളരെ വ്യാജമായി കെട്ടിച്ചമക്കപ്പെട്ട ഈ ഹിന്ദു ബോധ്യമായിരിക്കും തകരാന്‍ പോകുന്നത്. അത് തകര്‍ന്നാല്‍ ഇന്ത്യയില്‍ പിന്നെ ബി.ജെ.പിക്ക് ഒരു സ്‌കോപ്പുമില്ല. അതുകൊണ്ടാണ് അവര്‍ ജാതി സെന്‍സെസിനെ കൂടുതല്‍ ഭയപ്പെടുന്നതെന്ന് നമുക്ക് മനസിലാക്കാം.

ആദര്‍ശ് എം. കെ: സി.പി.ഐ.എം, കോണ്‍ഗ്രസ്, എസ്.പി, ആര്‍.ജെ.ഡി പോലുള്ള പാര്‍ട്ടികള്‍ ജാതി സെന്‍സെസ് വേണമെന്ന് പറയുന്നത് എത്രത്തോളം പ്രതീക്ഷ നല്‍കുന്നുണ്ട്?

സണ്ണി എം. കപിക്കാട്‌: വടക്കേ ഇന്ത്യ കേന്ദ്രീകരിച്ച് പിന്നാക്ക രാഷ്ട്രീയത്തില്‍ വലിയൊരു ബലം തന്നെയാണ് പ്രതിപക്ഷ കക്ഷികള്‍ക്കുള്ളത്. പിന്നാക്ക വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് എസ്.പി ആയാലും ആര്‍.ജെ.ഡി ആയാലുമെല്ലാം തന്നെ നിലകൊള്ളുന്നത്. അത്തരം രാഷ്ട്രീയ കക്ഷികളെ സംബന്ധിച്ചിടത്തോളം ഈ ജനതയെ കൂടെ നിര്‍ത്തുക എന്ന് പറയുന്നത് വളരെ പ്രധാനമാണ്.

പ്രതിപക്ഷ കക്ഷികളെ വിശാലമായ അര്‍ത്ഥത്തില്‍ ബി.ജെ.പിക്കെതിരെ ഐക്യപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായുള്ള മുദ്രാവാക്യമായിട്ടായിരിക്കണം ഒരുപക്ഷേ കോണ്‍ഗ്രസ് ജാതി സെന്‍സെസിനെ കാണുന്നത്. അതിനപ്പുറത്തേക്ക് ജാതി തിരിച്ചുള്ള ഒരു സെന്‍സെസ് വേണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കാന്‍ സാധ്യതയില്ല എന്നാണ് ഞാന്‍ കരുതുന്നത്.

അതിന് കാരണം ഇന്ന് ഹിന്ദുത്വ ശക്തികള്‍ കയ്യടക്കിയിരിക്കുന്ന ജനവിഭാഗങ്ങളാണ് മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകളായി വന്നിട്ടുള്ളത്. അവരെയാണ് ബി.ജെ.പി ചോര്‍ത്തിക്കൊണ്ട് പോയത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് അടിമുടി പരിഷ്‌കരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈയൊരു മുദ്രാവാക്യത്തെ ആത്മാര്‍ത്ഥമായി ഏറ്റെടുക്കാന്‍ സാധിക്കൂ എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

വിശാല ബഹുജനങ്ങളുടെ ഒരു പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറേണ്ടി വരും. ബ്രാഹ്‌മണ്‍-ബനിയ കൂട്ടുകെട്ടില്‍ നിന്ന് അവര്‍ പുറത്തുവരേണ്ടി വരും.

എല്ലാ മതവിഭാഗങ്ങളെയും എല്ലാ സാമുദായിക വിഭാഗങ്ങളെയും ഉള്‍ക്കൊള്ളണമെന്ന ധാരണ കോണ്‍ഗ്രസിന്റെ നേതൃത്വത്തിന് ഉണ്ടാകണം. പഴയ കോണ്‍ഗ്രസ് ഭരണം തന്നെയാണ് തുടരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ജാതി സെന്‍സെസ് അവര്‍ക്ക് വലിയ ഭാരമായിത്തീരും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

ജാതി സെന്‍സെസിന്റെ പേരില്‍ ഒരു ഐക്യം രൂപപ്പെടുകയും ഈയൊരു സെന്‍സെസ് നടത്തുകയും ഈ സെന്‍സെസിലെ വിവരങ്ങള്‍ പുറത്തുവരികയും അതിന് അനുസൃതമായ ഒരു ഭരണനടപടിയിലേക്ക് ഗവണ്‍മെന്റ് പോകാതിരിക്കുകയും ചെയ്താല്‍ ഈ ഐക്യം നെടുകയും കുറുകയും പിളരുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട.

1980കള്‍ക്ക് ശേഷം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടിസ്ഥാനപരമായ ചില ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. ആ ചലനങ്ങള്‍ എസ്.പി ആയിട്ടും ബി.എസ്.പി ആയിട്ടും ആര്‍.ജെ.ഡി ആയിട്ടുമൊക്കെ നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. അത് മുഖ്യമായും പിന്നാക്ക വിഭാഗങ്ങളെയും ദളിതരെയും ആദിവാസികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന രാഷ്ട്രീയമാണ്.

ലാലുപ്രസാദ് യാദവ്‌

എന്നാല്‍ ഭരണാധികാരം കിട്ടിയപ്പോള്‍ വേണ്ടത്ര ജാഗ്രതയോടെ ഈ ജനവിഭാഗങ്ങളുടെ അവകാശങ്ങളെ ഉറപ്പിക്കാന്‍ വേണ്ട നിയമനിര്‍മാണങ്ങളോ ഭരണപരിഷ്‌കാരങ്ങളോ നടത്തുവാന്‍ കഴിഞ്ഞില്ല എന്നത് അടിസ്ഥാനപരമായി അവരുടെ വീഴ്ചയാണ്. അക്കാരണത്താല്‍ ഈ പാര്‍ട്ടികളെല്ലാം തന്നെ കുടുംബ പാര്‍ട്ടികളായും കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി മാറുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയ്ക്കാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. അത് ലാലുപ്രസാദ് യാദവായാലും മുലായം സിങ് യാദവായാലും ഏറ്റവുമൊടുവില്‍ മായാവതിയായാലും അവരുടെ വ്യക്തിവാഴ്ചയുടെയോ കുടുംബവാഴ്ചയുടെയോ കാര്യമായാണ് മാറുന്നത്.

മുലായംസിങ് യാദവ്‌


അധികാരത്തില്‍ വന്ന സമയത്ത് ഇവര്‍ ചെയ്യേണ്ടിയിരുന്നത് ഈ പവര്‍ ഇക്വേഷനെ അട്ടിമറിക്കുന്ന ഭരണ നടപടികള്‍ക്ക് തുടക്കം കുറിക്കണമായിരുന്നു. അതിന് അവര്‍ക്ക് സാധിച്ചില്ല. അത്തരമൊരു ഭരണ നടപടിയെടുക്കണമെങ്കില്‍ നിലവിലുള്ള ഭരണസംവിധാനം പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്.

ആ ഭരണപരിഷ്‌കാരം നടപ്പിലാക്കുകയും ഇന്ത്യയില്‍ നിലവിലുള്ള ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതിലൂടെ ഏറ്റവും വിശാലമായ തരത്തില്‍ ബഹുജനങ്ങളെ ഉള്‍ക്കൊള്ളുകയും ജനാധിപത്യ ഇന്ത്യക്കായി നിലകൊള്ളുകയും ചെയ്യേണ്ടതിന് പകരം നിലവിലുള്ള വ്യവസ്ഥക്കനുസരിച്ച് മുഖ്യമന്ത്രിമാരായി തുടരുകയും സാധ്യമായ രീതിയില്‍ അഴിമതിയും പ്രശ്നങ്ങളും ഉണ്ടാക്കുന്ന സ്ഥിതിവിശേഷമാണ് നമ്മള്‍ക്ക് കാണാന്‍ സാധിക്കുന്നത്. നാമമാത്രമായെങ്കിലും അവര്‍ ചെയ്ത കാര്യങ്ങളെ കണ്ടില്ല എന്ന് നടിക്കുന്നതും ശരിയല്ല.

മായാവതി

എന്നാല്‍ അവര്‍ അതില്‍ മാത്രം ഒതുങ്ങിപ്പോയി, അതിനപ്പുറത്തേക്ക് അവര്‍ പോകണമായിരുന്നു. അങ്ങനെയവര്‍ പോയിരുന്നുവെങ്കില്‍ ഇപ്പോഴുള്ള ഒരു ദുസ്ഥിതി ഉണ്ടാകുമായിരുന്നില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ആദര്‍ശ് എം. കെ: 2011ല്‍ ജാതി സെന്‍സെസ് എടുത്തിരുന്നെങ്കില്‍ കൂടിയും അതിന്റെ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാനുള്ള കാരണവും ഇതുതന്നെയായിരിക്കുമല്ലേ?

സണ്ണി എം. കപിക്കാട്‌: തീര്‍ച്ചയായും. അത്തരമൊരു വിവരം താങ്ങാന്‍ ഇന്നത്തെ ഭരണ വര്‍ഗത്തിന് പറ്റില്ല. നൂറ്റാണ്ടുകളായി നടക്കുന്ന ഒരു വഞ്ചനയുടെയും ജാതി വിവേചനങ്ങളുടെയും ബഹിഷ്‌കരണങ്ങളുടെയും പരസ്പരം പുറംതള്ളുന്നതിന്റെയും മൂല്യം ആധുനികമായി ഒരു ദേശരാഷ്ട്രത്തിലേക്ക് വന്നപ്പോഴും, ആ മൂല്യം തന്നെ പിന്തുടരുകയും അധികാരത്തിന്റെ പ്രധാന മേഖലകളിലെല്ലാം സവര്‍ണ ബ്രാഹ്‌മണിക്കല്‍ ലോബികള്‍ പിടിമുറുക്കുകയും, അവരെ നിലനിര്‍ത്താനുള്ള പണവുമായി ബനിയ വിഭാഗമടക്കമുള്ള സാമ്പത്തിക ശക്തികള്‍ കൂടെക്കൂടുകയും രാഷ്ട്രത്തിന്റെ സമ്പത്ത് അവര്‍ക്ക് തിരിച്ച് കൊടുക്കുകയും ചെയ്യുന്ന ഒരു ഭരണ ക്രമമായി ഇന്ത്യന്‍ ജനാധിപത്യം മാറിയിരിക്കുന്നു.

വലിയ കുത്തകകള്‍ക്ക് ഇന്ത്യയുടെ ദേശീയ സ്വത്ത് പകുത്തുകൊടുക്കുക, ആ കുത്തകകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുക, അവര്‍ അധികാരത്തിലെത്തുമ്പോള്‍ വീണ്ടും ഈ സാമ്പത്തിക ശക്തികളെ സഹായിക്കുക എന്നതാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇവിടെ വളരെ ന്യൂനപക്ഷമായിട്ടുള്ള സാമ്പത്തിക-സാമൂഹിക ശക്തികളും ഹിന്ദുത്വ രാഷ്ട്രീയം പറയുന്ന ശക്തികളും കൈകോര്‍ത്തിരിക്കുന്നു എന്നതാണ് നമ്മുടെ പ്രതിസന്ധി. 2011ലെ റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഒരു ബോംബ് പൊട്ടുമെന്നുറപ്പാണ്.

ഈ റിപ്പോര്‍ട്ട് പുറത്തുവരികയാണെങ്കില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടികളും പുതിയ ആര്‍ട്ടിക്കുലേഷനുകളും പുതിയ സാമൂഹിക മുന്നേറ്റങ്ങളും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് മാത്രമാണ് അവര്‍ ആ റിപ്പോര്‍ട്ട് പുറത്തുവിടാത്തത്. അല്ലാതെ എന്താണ് അതിനൊരു കാരണമുള്ളത്?

ഒരു രാജ്യം പണം മുടക്കി സെന്‍സെസ് നടത്തുന്നത് എന്തിനാണ്? അത് വിവരങ്ങള്‍ക്ക് വേണ്ടിയാണ്. ആ വിവരങ്ങള്‍ പുറത്തുവിടാന്‍ എന്തിനാണ് ഗവണ്‍മെന്റ് മടിക്കുന്നത് എന്ന് സാമാന്യബുദ്ധികൊണ്ട് നമ്മള്‍ ആലോചിക്കണം. ആ മടിക്കുന്നതിന്റെ പിന്നില്‍ ഗവണ്‍മെന്റിന്റെ നുണകളെല്ലാം തന്നെ പൊളിഞ്ഞുവീഴും എന്നതാണ് കാരണം.

ഇന്ത്യന്‍ ഗവണ്‍മെന്റ് ഭരണം നടത്തുന്നത് ജനങ്ങള്‍ക്ക് വേണ്ടിയല്ല എന്ന വസ്തുത പുറത്തുവരും. കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ ജീവിച്ച ദളിതരും ആദിവാസികളും പിന്നാക്ക ജനവിഭാഗങ്ങളും ഇപ്പോഴും ദരിദ്രരായി തുടരുകയാണെന്ന യാഥാര്‍ത്ഥ്യം പുറത്തുവരും. അത് പുറത്തുവന്നാല്‍ പുതിയ രാഷ്ട്രീയമാണ് ഉദയം ചെയ്യുക. അത് ഇവരെ അധികാരഭ്രഷ്ടരാക്കുമെന്ന് ഭയപ്പെടുന്നു എന്നത് കൊണ്ടുതന്നെയാണ് ആ റിപ്പോര്‍ട്ട് പുറത്തുവിടാത്തത്.

ആദര്‍ശ് എം. കെ: ജാതി സെന്‍സെസില്‍ ദളിത് സംഘടനകളുടെ കൈക്കൊള്ളുന്ന നിലപാട് ഏത് വിധത്തിലുള്ളതാണ്?

സണ്ണി എം. കപിക്കാട്‌: പൊതുവില്‍ ജാതി സെന്‍സെസ് നടക്കണമെന്നും അതിലെ വിവരങ്ങള്‍ പുറത്തുവിടണമെന്നും തന്നെയാണ് ഏറിയും കുറഞ്ഞും ഇന്ത്യയിലെ ദളിത് സംഘടനകളും പിന്നാക്ക സംഘടനകളും ആവശ്യപ്പെടുന്നത്. അതിന് രാജ്യവ്യാപകമായ ഒരു കവറേജ് ലഭിക്കുന്നില്ല. അത് കിട്ടാതിരിക്കാന്‍ കാരണം പത്ര ഉടമകളും ഈ ലോബിയുടെ ഭാഗമായതുകൊണ്ടാണ്.

ഞങ്ങളെ പോലുള്ളവര്‍ ഇവിടെ എത്ര സമരം നടത്തിയാലും എത്ര ആയിരം ആളുകളെ കൂട്ടി സമരം നടത്തിയാലും സമ്മേളനം നടത്തിയാലും ഒരിക്കല്‍പ്പോലും വാര്‍ത്ത വരില്ല. എന്നിട്ട് അവര്‍ തന്നെ നമ്മളോട് ചോദിക്കും നിങ്ങളിവിടെ എന്താണ് ചെയ്തിട്ടുള്ളതെന്ന്. ഒരുപക്ഷേ ഇത് അവരുടെയും താത്പര്യങ്ങളെ ഹനിക്കുന്നതാവും. അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് വാര്‍ത്ത കൊടുക്കേണ്ട എന്നവര്‍ തീരുമാനിക്കും.

സംഘപരിവാര്‍ ശക്തികളോടുള്ള രാഷ്ട്രീയമായ പ്രതിരോധം രാഷ്ട്രീയമായ മറികടക്കല്‍ എങ്ങനെ സാധ്യമാക്കാം എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനായി വ്യക്തമായ ഒരു വീക്ഷണവും വ്യക്തമായ രാഷ്ട്രീയ പദ്ധതിയും ഉണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് അങ്ങനെയൊരു കാര്യമില്ല.

അങ്ങനെ എല്ലാവര്‍ക്കും യോജിക്കാവുന്ന ഒരു പൊതുലക്ഷ്യം ഇപ്പോള്‍ ഇല്ല. ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് അവര്‍ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. ആ പറയുന്നതിന്റെ കൂടെ തന്നെ ആഭ്യന്തരമായ വൈരുദ്ധ്യങ്ങള്‍ പുറത്തു ചാടിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഒരു മുന്നണിയുടെയും ഭാഗമല്ല എന്ന് ചില പാര്‍ട്ടികള്‍ പ്രഖ്യാപിക്കും. ഈ പാര്‍ട്ടികള്‍ പിടിക്കുന്ന വോട്ടിന്റെ ബലത്തില്‍ ബി.ജെ.പി വിജയിക്കും. ഇതാണ് പ്രാക്ടിക്കലി നടക്കുന്നത്.

സൈദ്ധാന്തികമായി ഹിന്ദുത്വ രാഷ്ട്രീയമെന്ന് പൊതുവില്‍ വിളിക്കാവുന്ന സംഘപരിവാര്‍ രാഷ്ട്രീയം അടിത്തറയാക്കിയിരിക്കുന്നത് ആര്‍ഷ ഭാരത സംസ്‌കാരത്തേയും അവര്‍ ഹിന്ദു എന്ന് വിളിക്കുന്ന സാംസ്‌കാരിക പാരമ്പര്യത്തെയുമാണ്. ഇന്ത്യയെന്നത് ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ സൃഷ്ടി മാത്രമല്ല. ഇവര്‍ പറയുന്ന വേദങ്ങള്‍ക്കും പുരാണങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കുമപ്പുറം ഇന്ത്യക്കകത്ത് നിരവധിയായ മതധാരകളും വിശ്വാസധാരകളും തത്വചിന്താധാരകളും യഥാര്‍ത്ഥത്തിലുണ്ട്.

ഇതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ഏകപക്ഷീയമായി ഈ വൈദിക സംസ്‌കൃതിയെ ഇന്ത്യയിലെ പാരമ്പര്യമായി സ്ഥാപിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയെന്നാല്‍ വേദങ്ങളുടെ നാടാണെന്ന് സ്ഥാപിച്ചെടുക്കുന്നതില്‍ ഓറിയന്റലിസ്റ്റ് പണ്ഡിതര്‍ക്കടക്കം വലിയ പങ്കുണ്ട്.

വേദങ്ങളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഉപനിഷത്തുക്കളിലും രാമായണത്തിലും മഹാഭാരതത്തിലും മുന്നോട്ട് വെക്കുന്ന മൂല്യമണ്ഡലം ബ്രാഹ്‌മണ്യ അധികാരത്തിന് വേണ്ടിയുള്ളതാണെന്ന് പകല്‍ പോലെ വ്യക്തമാണ്.

അംബേദ്കര്‍

അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇതിനോട് കണക്കുതീര്‍ക്കാന്‍ കഴിയുന്ന, ബ്രാഹ്‌മണ്യ അധികാരത്തെ അഭിസംബോധന ചെയ്യുന്ന ഒരു ചിന്താധാര ഇനിയും ഈ പ്രതിപക്ഷ കക്ഷികള്‍ ഗൗരവകരമായി ഏറ്റെടുത്തിട്ടില്ല. ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരേസമയം അംബേദ്കര്‍ ശരിയാണെന്ന് പറയും അതേസമയം തന്നെ ഗാന്ധി ശരിയാണെന്ന് പറയും അതേയമയം തന്നെ മഹാഭാരതവും രാമായണവും ശരിയാണെന്ന് പറയും ഇതിനൊപ്പം തന്നെ ഭരണഘടനയും ശരിയാണെന്ന് പറയും.

ഗാന്ധി

ഇതെല്ലാം ശരിയാണെന്ന് പറയുന്ന ഒരു ലോകം യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കകത്ത് ഇല്ല. ഇവര്‍ യഥാര്‍ത്ഥത്തില്‍ നുണയുടെ വലിയൊരു പരിസരമാണ് സൃഷ്ടിക്കുന്നത്. അങ്ങനെ അഴകൊഴമ്പന്‍ എന്ന് വിളിക്കാന്‍ പോന്ന നിലപാടിലൂടെ ഈ ലോകത്തില്‍ ഒരു ചുക്കും ചെയ്യാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ അവരൊക്കെ വലിയ പ്രമാണിമാരും ബുദ്ധിജീവികളുമായി വാഴ്ത്തപ്പെടുകയും ചെയ്യും.

ഒടുവിലായി പറയുകയാണെങ്കില്‍ യൂറോപ്പില്‍ നിന്നുള്ള ശ്രദ്ധേയനായ ഒരു തത്വചിന്തകന്റെ പഠനം പുറത്തുവരികയുണ്ടായി. ഈ ലോകത്തില്‍ എങ്ങനെയാണ് കള്‍ച്ചറും ക്യാപ്പിറ്റലും തമ്മിലുള്ള ബന്ധം എന്നതിനെ കുറിച്ചൊക്കെയുള്ള പുതിയ പഠനങ്ങളാണ് അദ്ദേഹത്തിന്റേത്. കുറച്ചുദിവസം മുമ്പുള്ള മാതൃഭൂമിക്കകത്ത് അദ്ദേഹവും ഗാന്ധിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദമായ ഒരു പഠനം വന്നു.

ഞാനിത് സൂചിപ്പിക്കാന്‍ കാരണം, ലോകത്തെവിടെയെങ്കിലും മനുഷ്യന് ആവശ്യമുള്ള ഒരു ചിന്താപദ്ധതി രൂപീകരിക്കപ്പെട്ടുവന്നാല്‍ അതിനെ വളരെ പെട്ടെന്ന് വളച്ചൊടിച്ച് ഗാന്ധിയിലേക്കെത്തിക്കുന്ന ചില കൗശലങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. പല മേഖലകളിലും ഗാന്ധിക്ക് പ്രസക്തിയുണ്ട്.

എന്നാല്‍ രാഷ്ട്രീയമായി ഗാന്ധി ഒരു സാനാതന ഹിന്ദുവാണെന്ന കാര്യം നമ്മളാരും മറന്നുപോകരുത്.

ഗാന്ധിയെ ഒരിക്കലും പൂര്‍ണമായി തള്ളിക്കളയണമെന്നൊന്നും ഞാന്‍ പറയില്ല. ഒരു വ്യക്തിയെന്ന നിലയില്‍ സെല്‍ഫ് പ്യൂരിഫിക്കേഷനുള്ള പല ചാനലുകള്‍ അദ്ദേഹം തുറന്നിട്ടുണ്ട്. വ്യക്തിയെന്ന നിലയില്‍ അത് ചിലപ്പോള്‍ മനുഷ്യന് ഗുണം ചെയ്യുകയും ചെയ്യും. പക്ഷേ ഒരു സമൂഹമെന്ന നിലയില്‍ ഏറ്റെടുക്കാവുന്ന വിശ്വസനീയവും പ്രായോഗികവുമായ ഒരു രാഷ്ട്രീയപദ്ധതിയും അദ്ദേഹത്തിന്റേതായി നിലവിലില്ല. അതുകൊണ്ടാണ് ലോകത്ത് ഒരിടത്തും ഗാന്ധിയെ ബഹുജനങ്ങള്‍ ഏറ്റെടുക്കാത്തതും മറിച്ച് വ്യക്തികള്‍ മാത്രം ഏറ്റെടുക്കുന്നതും.

ഗാന്ധി

അതീവസമ്പന്നന്‍മാരായ വ്യക്തികളാണ് ഗാന്ധീയന്‍മാരായി പ്രത്യക്ഷപ്പെടുന്നതെന്ന് അടുത്ത് നിന്ന് നോക്കുമ്പോള്‍ നമുക്ക് മനസിലാകും. അതീവസമ്പന്നരായ വ്യക്തികള്‍ക്ക് മാത്രമേ ഗാന്ധീയന്‍മാരാകാന്‍ സാധിക്കൂ. സാധാരണ കൂലിപ്പണിക്ക് പോകുന്ന ഒരാള്‍ക്ക് ഗാന്ധീയനാകാന്‍ സാധിക്കില്ല. ഗാന്ധി പറഞ്ഞ ഒരു കാര്യം പോലും അവര്‍ക്ക് പ്രായോഗികമാക്കാന്‍ സാധിക്കില്ല. ഭക്ഷണത്തിന്റെയും ചികിത്സയുടെയും കാര്യത്തിലടക്കം ഗാന്ധി പറഞ്ഞ് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അവന് പറ്റില്ല. ഗാന്ധീയനാകാന്‍ മിനിമം സാമ്പത്തിക അടിസ്ഥാനമുണ്ടായിരിക്കണം. ഇക്കാരണം കൊണ്ടുതന്നെ പ്രമാണിമാരായ പലരും ഗാന്ധീയരായിരിക്കും. പക്ഷേ ലോകത്തെ ഒറ്റ ജനത പോലും നാളിതുവരെ തങ്ങള്‍ ഗാന്ധീയരാണെന്ന് പറഞ്ഞിട്ടില്ല.

എന്നാല്‍ ഡോ. അംബേദ്കറെ നോക്കൂ, ബഹുജനങ്ങളാണ് കൂട്ടത്തോടെ ഞങ്ങള്‍ അംബേദ്കറിസ്റ്റാണെന്ന് അന്തസ്സോടെ അവകാശപ്പെടുന്നത്. ഇതാണ് അവര്‍ തമ്മിലുള്ള വ്യത്യാസം. ഈ സനാതന ഹിന്ദുത്വത്തെയും ആര്‍ഷ ഭാരത സംസ്‌കാരത്തെയും അടിസ്ഥാനപരമായി വിമര്‍ശന വിധേയമാക്കുന്ന പുതിയൊരു മാനവികതയുടെ ആവശ്യത്തെ മുന്‍നിര്‍ത്തിയുള്ള ഒരു സാമൂഹിക-രാഷ്ട്രീയ പദ്ധതി അംബേദ്കര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബഹുജനങ്ങള്‍ അതിലേക്ക് ഒഴുകിയെത്തുന്നത്. എന്നാല്‍ ഗാന്ധിയിലേക്ക് അങ്ങനെയെത്തുന്നില്ല.

ഗാന്ധി ഒരു മോശം മനുഷ്യനാണെന്ന ഒരു അഭിപ്രായവും എനിക്കില്ല. എന്നാല്‍ പ്രത്യേകിച്ച് ഇന്ത്യ പോലെ ഒരു സ്ഥലത്ത് അദ്ദേഹം ബഹുജനങ്ങള്‍ക്ക് പിന്തുടരാന്‍ പറ്റിയ ഒരാളല്ല. സനാതന ഹിന്ദുവായ, രാമരാജ്യത്തിന് വേണ്ടി നിലകൊണ്ട ഒരാളെന്ന് നിലയില്‍ അദ്ദേഹത്തെ ഫോളോ ചെയ്യാന്‍ സാധിക്കില്ല.

എന്നാല്‍ ഗാന്ധി പറഞ്ഞത് വേറെ രാമനെ കുറിച്ചാണെന്നാണ് ഗാന്ധീയന്‍മാര്‍ ഇതിന് നല്‍കുന്ന മറുപടി. വേറെ ഏത് രാമനാണ്? അത് എവിടെ നിന്നും വന്നതാണ്? ആ രാമന്‍ രാമായണത്തില്‍ നിന്നും വന്നതാണ്. വാത്മീകിയുടെ രാമായണം തന്നെയാണ് ആര്‍.എസ്.എസ് ആഘോഷിക്കുന്നത്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.

വര്‍ണ ധര്‍മങ്ങള്‍ പരിപാലിക്കുകയും ബ്രാഹ്‌മണ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്ത അയോദ്ധ്യയിലെ രാമനെ തന്നെയാണ് ആര്‍.എസ്.എസ് ആഘോഷിക്കുന്നത്. സത്യബോധത്തിന്റെ പേരാണ് രാമനെന്ന് ഗാന്ധിക്ക് പറയാന്‍ സാധിക്കും. പക്ഷേ ബഹുജനങ്ങളുടെ മനസിലെ രാമന്‍ വില്ലുകുലയ്ക്കുന്ന രാമന്‍ തന്നെയാണ്. അതുകൊണ്ടാണ് ബഹുജനങ്ങള്‍ ഗാന്ധിയെ ഏറ്റെടുക്കാത്തതും ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗാന്ധി ഒരു ഉത്തരമല്ലാത്തതും.

ആദര്‍ശ് എം. കെ:  ജാതി സെന്‍സെസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ആര്‍ക്കെല്ലാം സംവരണത്തിന് അര്‍ഹതയുണ്ടെന്ന് കൃത്യമായ ഒരു ഉത്തരം ലഭിക്കും. എന്നാല്‍ ആര്‍.എസ്.എസ്സും ബി.ജെ.പിയും ഇപ്പോള്‍ സാമ്പത്തിക സംവരണത്തിന് വേണ്ടിയാണ് വാദിക്കുന്നത്. സാമ്പത്തിക സംവരണമെന്നത് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ സങ്കല്‍പത്തിന് തന്നെ കടകവിരുദ്ധമാണ്. സംഘപരിവാറിന്റെ ഈ ആവശ്യത്തെ നിലവില്‍ എങ്ങനെ നോക്കിക്കാണാം?

സണ്ണി എം. കപിക്കാട്‌: ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കും മാത്രമല്ല, മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും സാമ്പത്തിക സംവരണം വേണമെന്ന നിലപാട് തന്നെയാണുള്ളത്. ഈ ആവശ്യമുന്നയിക്കുന്നര്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയില്ല, അല്ലെങ്കില്‍ അത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നു.

ഇന്ത്യയില്‍ സംവരണം രൂപപ്പെട്ട് വന്നതിന്റെ ചരിത്രപരത നമ്മള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയിലെ ബഹിഷ്‌കൃത ജനവിഭാഗങ്ങള്‍ നടത്തിയ പോരാട്ടത്തില്‍ നിന്നാണ് ഉയര്‍ന്നുവന്നതെന്ന് മനസിലാകും. ബഹിഷ്‌കൃതരെക്കൂടി രാഷ്ട്രം ഉള്‍ക്കൊള്ളണമെന്നാവശ്യപ്പെട്ട പ്രക്ഷോഭത്തില്‍ നിന്നാണ് സംവരണം ഉണ്ടാകുന്നത്. ഒരു ദരിദ്ര വിഭാഗവും സംവരണത്തിന് വേണ്ടി സമരം ചെയ്ത ചരിത്രം ഇന്ത്യയിലില്ല.

സംവരണത്തിന് സാമ്പത്തികം ഒരു മാനദണ്ഡമാകേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ സാമ്പത്തികം ഇല്ല എന്ന കാരണത്താല്‍ ഇന്ത്യയിലെ ഒരാള്‍ പോലും സാമൂഹികമായി ബഹിഷ്‌കരിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടില്ല.

മറിച്ച് ചില പ്രത്യേക വിഭാഗത്തില്‍ ജനിച്ചു എന്നതുകൊണ്ട് മാത്രം ആക്രമിക്കപ്പെടുന്ന ഒരു അന്തരീക്ഷമാണ് ഇന്ത്യയിലുള്ളത്. ആ വിഭാഗങ്ങള്‍ അധികാരത്തിലേക്ക് വരാതിരിക്കാന്‍ ബാക്കിയുള്ളവര്‍ ബോധപൂര്‍വമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും അധികാരത്തില്‍ പങ്കാളിത്തം കൊടുക്കാന്‍ ആധുനിക ദേശരാഷ്ട്രത്തിന് ഒരു ഉത്തരവാദിത്വമുണ്ട്.

ബഹിഷ്‌കരിക്കപ്പെട്ടവര്‍ക്ക്, അവിടെ കയറ്റില്ല എന്ന് ഉറപ്പുള്ളവര്‍ക്ക് കയറിയിരിക്കാനുള്ള നിയമനിര്‍മാണമാണ് യഥാര്‍ത്ഥത്തില്‍ സംവരണമെന്നത്.

സാമ്പത്തികമായി ദരിദ്രരായിരിക്കുന്ന മനുഷ്യരുടെ ജീവിത പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു പദ്ധതിയായിട്ടായിരുന്നില്ല സംവരണത്തെ വിഭാവനം ചെയ്തത്. അതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന സാമ്പത്തികം സംവരണത്തിന് ഒരു മാനദണ്ഡമാകേണ്ടതില്ല എന്ന് നിര്‍ദേശിച്ചത്.

ബാക്കിയുള്ള എല്ലാ വിവേചനങ്ങളും അവസാനിച്ചുകഴിഞ്ഞു, ഇനി സാമ്പത്തിക വിവേചനം മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ് ആര്‍.എസ്.എസ് സാമ്പത്തിക സംവരണം ആവശ്യപ്പെടുന്നത്. ഇതുതന്നെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പറയുന്നത്. കാശുണ്ടെങ്കില്‍ പിന്നെ എന്ത് ജാതി എന്നാണ് സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്നവര്‍ പറയുന്നത്.

എന്നാല്‍ അടുത്ത് നിന്ന് പരിശോധിക്കുമ്പോള്‍ ഈ വിവേചനം ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസിലാക്കാം. അതുകൊണ്ട് ആ യാഥാര്‍ത്ഥ്യത്തെ മൂടിവെക്കാനും ജാതിയുമായി ബന്ധപ്പെട്ട അധികാവകാശങ്ങള്‍ ചോദ്യം ചെയ്യപ്പടാതിരിക്കാനും ജാതിവിവേചനം ഇന്ന് അപ്രസക്തമാണെന്ന് സ്ഥാപിച്ചെടുക്കേണ്ടത് ഈ സവര്‍ണ ഓളിഗാര്‍ക്കിയുടെ ആവശ്യമാണ്.

ആദര്‍ശ് എം. കെ: ഈയിടെ കര്‍ണാടകയില്‍ ന്യൂനപക്ഷമായ മുസ്ലിം വിഭാഗത്തിന് അനുവദിച്ചിരുന്ന സംവരണം സംസ്ഥാന സര്‍ക്കാര്‍ എടുത്ത് കളയുകയുണ്ടായി. ഇതിനെ കുറിച്ച്.

സണ്ണി എം. കപിക്കാട്‌: വ്യത്യസ്ത മതങ്ങളെയും വ്യത്യസ്ത ആശയങ്ങളയും ഉന്‍മൂലനം ചെയ്യുക എന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത നയമാണ്. സംഘപരിവാര്‍ ശക്തികള്‍ ഈ ഹിന്ദുത്വത്തെ വിശാലമാക്കിയെടുക്കുന്നതില്‍, അതായത് ദളിതര്‍, ആദിവാസികള്‍, പിന്നാക്ക ജനവിഭാഗങ്ങള്‍ ബ്രാഹ്‌മണര്‍ തുടങ്ങി വളരെ വൈരുദ്ധ്യം നിറഞ്ഞ സാമൂഹിക വിഭാഗങ്ങളെ ഹിന്ദു എന്ന ലേബലില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.

അവര്‍ക്കൊരു ശത്രുവിനെ എപ്പോഴും ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. അതിന് സാധിച്ചില്ലെങ്കില്‍ അവര്‍ക്കുള്ളില്‍ തന്നെയായിരിക്കും കലാപം പൊട്ടിപ്പുറപ്പെടുന്നത്. പുറത്തൊരു ശത്രു ഉണ്ട് എന്ന് നിരന്തരം സ്ഥാപിച്ചെടുക്കേണ്ടത് അവരുടെ ആവശ്യമാണ്. അതിന് അവര്‍ കണ്ടെത്തിയിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ജനവിഭാഗമണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍.

മുസ്ലിങ്ങളെ മുഴുവന്‍ കൊന്നൊടുക്കണമെന്നൊന്നും സംഘപരിവാര്‍ കരുതുന്നില്ല. അങ്ങനെ കൊന്നൊടുക്കിയാല്‍ പിന്നെ സംഘപരിവാറിന് ഇവിടെ പ്രസക്തിയില്ല. രാജ്യത്തിന്റെ ഒറ്റുകാരെന്ന ലേബലില്‍ അവര്‍ ഇവിടെ നിലനില്‍ക്കണം എന്നാണ് സംഘപരിവാര്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ അവര്‍ക്കിങ്ങനെ ഇത് പറഞ്ഞുകൊണ്ടിരിക്കാന്‍ സാധിക്കൂ.

വിചാരധാരയില്‍ പറയുന്നതുപോലെ യാതൊരുവിധ അവകാശാധികാരങ്ങളുമില്ലാത്ത രണ്ടാംകിട പൗരന്‍മാരായി ജീവിച്ചുകൊള്ളണം എന്ന് പറയുന്നതിലേക്കുള്ള സ്റ്റെപ്പായിട്ടാണ് കര്‍ണാടകയില്‍ മുസ്ലിങ്ങളുടെ ഈ അവകാശമെടുത്ത് കളഞ്ഞത് എന്ന് മനസിലാക്കാം. നാല് ശതമാനം സംവരണം ഇനി തിരിച്ചുകിട്ടിയാലും കാര്യമില്ല, അത് മുസ്ലിം വിഭാഗവും മനസിലാക്കണം.

കേരളത്തിലെ മുസ്ലിം കമ്മ്യൂണിറ്റിയെ വെച്ചുകൊണ്ട് ഇന്ത്യയിലെ മുസ്ലിങ്ങളെ നമുക്ക് കാണാന്‍ സാധിക്കില്ല. ഇപ്പോള്‍ പശ്മണ്ഡ മുസ്ലിങ്ങള്‍ തങ്ങളെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ഏറെ നാളായി സമരത്തിലാണ്. മുസ്ലിങ്ങളെല്ലാവരും ഖുര്‍ആന്‍ അംഗീകരിക്കുന്നവരാണെങ്കില്‍ക്കൂടിയും അവര്‍ക്കിടയിലെ വൈവിധ്യത്തെയും നമ്മള്‍ കാണണം.

കേരളത്തില്‍ രാഷ്ട്രീയാധികാരത്തിന്റെ ഭാഗമാണെന്ന കാരണത്താലാണ് മുസ്ലിങ്ങള്‍ ഇവിടെ കൂട്ടത്തോടെ ആക്രമിക്കപ്പെടാത്തത്. ആക്രമിച്ചാല്‍ ജയിക്കുകയുമില്ല. അതിനകത്ത് തീവ്രവാദികള്‍ ഉള്ളതുകൊണ്ടൊന്നുമല്ല ജയിക്കാന്‍ പറ്റാത്തത്. അങ്ങനെ ഒരു കഥയാണ് മലയാളിക്ക് കേള്‍ക്കാന്‍ ഇഷ്ടമെങ്കില്‍ക്കൂടിയും അതല്ല അതിന് കാരണം എന്ന് മനസിലാക്കണം.

രാഷ്ട്രീയാധികാരമുള്ള, സമ്പത്തില്‍ പങ്കാളിത്തമുള്ള ഒരു സമുദായമായിട്ടാണ് കേരളത്തില്‍ മുസ്ലിങ്ങള്‍ ജീവിച്ചുവരുന്നത്.

അവരെ അങ്ങനെ ആക്രമിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഗുജറാത്തും ഉത്തര്‍പ്രദേശും പോലുള്ള സ്ഥലങ്ങളിലെ സ്ഥിതി അതല്ല. അവര്‍ സംഘടിതരല്ല എന്നതുതന്നെയാണ് അതിന് കാരണം. അഥവാ സംഘടിച്ചാല്‍ തന്നെ അതിഭീകരമായ ആക്രമണങ്ങള്‍ക്ക് അവര്‍ വിധേയരാകുമെന്നതാണ് അതിലെ യാഥാര്‍ത്ഥ്യം.

അവരുടെ എല്ലാ വിധത്തിലുമുള്ള പൗരാവകാശങ്ങളും എടുത്ത് കളയുന്നതിന്റെ ഭാഗമായുള്ള ആദ്യ പടിയായി ഈ നാല് ശതമാനം എടുത്ത് കളയുന്നതിനെ നമുക്ക് കാണാം. കര്‍ണാടക തെരഞ്ഞെടുപ്പ് വരുമ്പോള്‍ തങ്ങള്‍ മുസ്ലിങ്ങള്‍ക്കെതിരാണെന്ന് സ്വയം സ്ഥാപിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് മുസ്ലിങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നവാണെന്നും തങ്ങള്‍ മുസ്ലിങ്ങള്‍ക്കെതിരാണ്, ഒരു തരത്തിലുള്ള പ്രീണനവും ഞങ്ങള്‍ ചെയ്യുന്നില്ല എന്ന് കാണിച്ച് ഹിന്ദു വോട്ടുകളെ സമാഹരിക്കാനുള്ള വലിയ നീക്കമാണ് അവര്‍ നടത്തുന്നത്. മുസ്ലിങ്ങള്‍ക്കെതിരായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അടിസ്ഥാനപരമായി ഹിന്ദു ഏകീകരണത്തിനാണ് അവര്‍ പരിശ്രമിക്കുന്നത്.

ജഗദീഷ് ഷെട്ടാര്‍

ജഗദീഷ് ഷെട്ടാറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവിന് പിന്നാലെ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിന് അനുകൂലമായി ചായുന്നു എന്ന തോന്നലുണ്ടാകുന്നു, കോണ്‍ഗ്രസ് വിജയിക്കുമെന്ന് ആളുകള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു ഇതും സംഘപരിവാറിനെ ഭയപ്പെടുത്തുന്നുണ്ട്.

സംഘപരിവാര്‍ ശക്തികളെ പരാജയപ്പെടുത്തുക എന്ന് പറഞ്ഞാല്‍ അവരുടെ ആശയാടിത്തറയെ ചോദ്യം ചെയ്യലാണ്. അവര്‍ ഉള്‍ക്കൊള്ളിച്ചുനിര്‍ത്തിയിരിക്കുന്ന ദളിതര്‍, ആദിവാസികള്‍, പിന്നാക്ക വിഭാഗക്കാര്‍ മറ്റ് മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ പൂര്‍ണമായും ബി.ജെ.പി ക്യാമ്പുകളില്‍ നിന്നും വിട്ടുപോന്നാല്‍ മാത്രമേ അവരെ തോല്‍പിക്കാന്‍ സാധിക്കൂ. ബാക്കിയുള്ള എല്ലാ പ്രചാരണങ്ങളും ബി.ജെ.പി വോട്ടാക്കി മാറ്റും.

അതിന് നേരെ വിപരീതമായി കേരളത്തിലെ സവര്‍ണ ക്രിസ്ത്യാനികള്‍ ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. നിങ്ങള്‍ ബി.ജെ.പി ക്യാമ്പില്‍ നിന്ന് വിട്ടുപോരുകയാണെങ്കില്‍ ഞങ്ങള്‍ അങ്ങോട്ട് ചേരുകയാണെന്നാണ് അവരുടെ നിലപാട്. ഒരു ഘട്ടം കഴിഞ്ഞാല്‍ ഇവരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടി വരും.

കേരളത്തിലെത്തിയ പ്രധാനമന്ത്രി ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നു

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും പുനരാലോചന നടത്തി തിരിച്ചുവരേണ്ടി വരും. അവര്‍ക്കെങ്ങനെയായാലും അധികാരം മതി എന്ന നിലപാടാണ്. അതുകൊണ്ട് എവിടെയും മുട്ടിലിഴയാന്‍ തയ്യാറാകും, അല്ലാതെ നമ്മള്‍ പുറത്ത് വായിക്കുന്നതൊന്നുമല്ല.

കാട് കയ്യേറി അവരുണ്ടാക്കിയിരിക്കുന്ന കള്ള സ്വത്തുക്കള്‍ സംരക്ഷിക്കാനായി അധികാരമുള്ളവരുടെ കൂടെ നില്‍ക്കേണ്ട ആവശ്യകത അവര്‍ക്കുണ്ട്.

ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ രാജ്യവ്യാപകമായി ആക്രമിക്കപ്പെടുമ്പോഴും ഇതവര്‍ക്ക് ബാധകമല്ല. കാരണം കേരളത്തിലെ സുറിയാനി കൃസ്ത്യാനികള്‍ എന്ന് പറയുന്നത് ഒരു മതമല്ല, ജാതിയാണ്. ഒറീസയിലും ദല്‍ഹിയിലുമൊക്കെ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്ക് നോവാത്തത് അതുകൊണ്ടാണ്. നായര്‍ക്കൊപ്പമോ തൊട്ടു താഴയോ ആയ ജാതിയായാണ് അവര്‍ കേരളത്തില്‍ ജീവിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവര്‍ മാത്രമാണ്.

ആദര്‍ശ് എം. കെ:  രാജ്യത്ത് ബ്രാഹ്‌മണിക് ഹിന്ദൂയിസം ഇല്ലാതാകുന്നു, അതിന് മോദിയോട് നന്ദി പറയണം, ആര്‍.എസ്.എസ് ഒരു സാംസ്‌കാരിക സംഘടനയാണ് തുടങ്ങിയ പ്രസ്താവനകള്‍ പ്രൊഫസര്‍ കുഞ്ഞാമന്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയുണ്ടായി. അതിനെ കുറിച്ച്?

സണ്ണി എം. കപിക്കാട്‌: ചിന്താശൂന്യമായ ഒരു അഭിപ്രായപ്രകടനമായിപ്പോയി എന്നാണ് പറയാനുള്ളത്. ആര്‍.എസ്.എസ്സിനെയൊക്കെ കേവലമൊരു സാംസ്‌കാരിക സംഘടനയാണെന്ന് തോന്നുന്നത് തന്നെ ഒരു തുടക്കത്തിന്റെ ലക്ഷണമാണ്. അങ്ങനെയൊന്നും ഒരിക്കലും തോന്നാന്‍ പാടില്ലാത്തതാണ്. അവരൊരു കൊലയാളി സംഘമാണെന്ന് പല തവണ തെളിയിച്ചിട്ടുള്ളവരാണ്. രാവണന്‍ സേന, ഹനുമാന്‍ സേന എന്നിങ്ങനെ പല പേരുകളിലാണെങ്കില്‍ കൂടിയും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആര്‍.എസ്.എസ് തന്നെയാണ്.

പ്രൊഫസര്‍ കുഞ്ഞാമന്‍

കുഞ്ഞാമന്‍ സാറിനെ പോലെ ഒരു ഇന്റലെക്ച്വല്‍ ഇത്തരമൊരു അഭിപ്രായം പറഞ്ഞതുതന്നെ ചിന്താശൂന്യമായിപ്പോയി എന്നാണ് ഞാന്‍ വീണ്ടും പറയുന്നത്.

അദ്ദേഹമത് തിരിത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ സംസാരത്തിനിടയ്ക്ക് വന്നുപോയ ഒരു പിഴവായിരിക്കാം. അത് തിരുത്താനുള്ള അവസരങ്ങളുണ്ട്, അദ്ദേഹമത് തിരുത്തണം എന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിലവിലെ സാമൂഹിക അന്തരീക്ഷത്തില്‍ അത്തരമൊരു അഭിപ്രായം പറയാന്‍ പാടില്ലാത്തതാണ്.

പ്രത്യേകിച്ച് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ പോകുന്നു, പട്ടാളക്കാരുടെ ബാരക്കുകളില്‍ മുഴുവന്‍ ആക്രമണം നടക്കുന്നു, ഇന്ത്യന്‍ പട്ടാളം അനാഥമായിപ്പോയെന്ന് ഒരു തോന്നലുണ്ടാകുന്നു, ഇന്ത്യയുടെ സുരക്ഷിതത്വം ഇതാ തകരുന്നു എന്ന വലിയ വാചകങ്ങള്‍ അടിച്ചിറക്കാന്‍ പോകുന്നു, അങ്ങനെ ഇന്ത്യയെ രക്ഷിക്കാന്‍ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്ക് മാത്രമേ സാധ്യമാകൂ എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകുന്നു, അവിടെ മോദിയുടെ ഇമേജ് നിര്‍മിച്ചെടുക്കപ്പെടുന്നു, മുസ്ലിങ്ങളെ ആക്രമിക്കുന്നതടക്കം കൃത്യമായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമ്പോള്‍ മോദിക്ക് ഞാന്‍ നന്ദി പറയുന്നുവെന്നും ആര്‍.എസ്.എസ് ഒരു സാംസ്‌കാരിക സംഘടന മാത്രമാണ് എന്നൊക്കെ പറയുന്നത് തന്നെ തീര്‍ത്തും അപകടകരകമായ കാര്യമാണ്. അദ്ദേഹം എത്രയും പെട്ടെന്ന് തന്നെ അത് വിശദീകരിക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ പറയുന്നത്.

ആദര്‍ശ് എം. കെ:  ഈയടുത്താണ് ക്രിസ്തുമതം സ്വീകരിച്ച ആദി ദ്രാവിഡര്‍ക്കും പട്ടികജാതി സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം തമിഴ്നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ പാസാക്കുന്നത്. സ്റ്റാലിന്റെ ഈ നീക്കം എത്രത്തോളം പ്രതീക്ഷ നല്‍കുന്നുണ്ട്.

സണ്ണി എം. കപിക്കാട്‌: ഇന്ത്യയില്‍ സ്റ്റാലിന്‍ മാത്രമാണ് ഭരണപരമായ നടപടികളെടുത്തുകൊണ്ട് ഹിന്ദുത്വത്തെ നേരിട്ട് വെല്ലുവിളിക്കുന്നത്. ബാക്കിയുള്ളവരെല്ലാം തന്നെ വെറുതെ പറയുക മാത്രമാണ് ചെയ്യുന്നത്. അവര്‍ പ്രവര്‍ത്തിക്കുന്നത് മുഴുവന്‍ ഹിന്ദുത്വത്തിന് അനുകൂലമായ കാര്യങ്ങളാണ്. അതിന് ഏറ്റവും നല്ല ഉദാഹരണം പിണറായി വിജയനാണ്. ജൂനിയര്‍ മോദിയായിക്കൊണ്ടാണ് പിണറായി വിജയന്‍ കേരളം ഭരിക്കുന്നത്. ഹിന്ദു താത്പര്യ സംരക്ഷണമെന്നത് ഒഴിച്ചുകൂടാനാകാത്ത ഒന്നായിട്ടാണ് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ മനസിലാക്കുന്നത്.

അതിന് ഭിന്നമായി സ്റ്റാലിന്റെ അടിത്തറ ദ്രാവിഡ രാഷ്ട്രീയമായതിനാല്‍ തന്നെ വടക്കേ ഇന്ത്യന്‍ ആധിപത്യത്തിനെതിരെയും ആര്യ-ബ്രാഹ്‌മണ ആധിപത്യത്തിനെതിരെയും നിലപാടെടുക്കുന്നതുകൊണ്ടാണ് ഇത്തരം നിയമനിര്‍മാണങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

തമിഴ്നാട്ടില്‍ സാമ്പത്തിക സംവരണം അനുവദിക്കില്ല എന്ന് നിലപാടെടുത്ത ആളാണ് സ്റ്റാലിന്‍. അത് പ്രാക്ടിക്കലി എത്രത്തോളം സാധ്യമാണെന്നത് മാറ്റിനിര്‍ത്തിയാല്‍ അതൊരു രാഷ്ട്രീയ നിലപാടാണ്. രാജ്യത്തെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ ഒന്നിച്ചുചേര്‍ന്ന് സാമ്പത്തിക സംവരണം നടക്കില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ അതിന് വലിയ പ്രാധാന്യം ലഭിക്കുമായിരുന്നു.

പക്ഷേ സാമ്പത്തിക സംവരണം വേണമെന്നത് 1957 മുതല്‍ പിണറായി വിജയന്റെ പാര്‍ട്ടി ആവശ്യപ്പെടുന്ന കാര്യമാണ്. ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ ആവശ്യപ്പെടുന്നതാണിത്. ഇ.എം.എസ് ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ എഴുതിയിരിക്കുന്ന വാചകം ‘സംവരണം പടിപടിയായി സാമ്പത്തിക മാനദണ്ഡത്തിലാക്കണം’ എന്നാണ്.

പിണറായി വിജയന്‍

അന്നുമുതല്‍ തന്നെ ഈ ബ്രാഹ്‌മണ ലോബികള്‍ ഒളിഞ്ഞും തെളിഞ്ഞും സംവരണത്തിന് സാമ്പത്തികം മാനദണ്ഡമാക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതുതന്നെയാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ പിണറായി വിജയന്‍ മറിച്ചൊരു നിലപാടെടുക്കുമോ? ഇല്ല.

സ്ത്രീകള്‍ക്ക് അമ്പലത്തില്‍ പൂജ നടത്താമെന്ന ഉത്തരവും നേരത്തെ സ്റ്റാലിന്‍ പുറപ്പെടുവിച്ചിരുന്നു. സ്ത്രീകള്‍ക്ക് പൂജാരിമാരാകാന്‍ എന്താണ് കുഴപ്പം എന്നാണ് സ്റ്റാലിന്‍ ചോദിച്ചത്. ഇവിടെ കേരളത്തിലോ? ശബരിമല വിധി കേരളത്തില്‍ നടപ്പിലാക്കുമെന്ന് പറഞ്ഞതല്ലാതെ അതിനായി ഏതെങ്കിലും തരത്തില്‍ മുന്‍കൈയെടുത്തിട്ടില്ല. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് എന്തുകൊണ്ടാണ് ഡി.വൈ.എഫ്.ഐയും വനിതാ വിഭാഗമായ മഹിളാ അസോസിയേഷനും വിവിധ ട്രേഡ് യൂണിയനുകളും മറ്റ് വര്‍ഗബഹുജന സംഘടനകളും ഒന്നിച്ചുനിന്നുകൊണ്ട് അത് നടപ്പിലാക്കാന്‍ ശ്രമിക്കാതിരുന്നത്.

വിധി നടപ്പിലാക്കുമെന്ന് പിണറായി വിജയന്‍ മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏറ്റവുമവസാനം അതില്‍ നിന്ന് നേരെ പുറകോട്ട് മാറി. കോണ്‍ഗ്രസ് അത് വിറ്റ് കാശാക്കാന്‍ നോക്കിയപ്പോള്‍ പിന്‍വലിഞ്ഞതാണെന്ന് ഇവര്‍ക്ക് വെകളിത്തരം പറയാമെങ്കിലും അതൊന്നുമല്ല അതിലെ കാര്യം. അവര്‍ക്കൊരു നിലപാടില്ല എന്നതാണ് സത്യം.

ദളിത് ക്രിസ്ത്യന്‍ പ്രശ്നം തമിഴ്നാട്ടിലേക്കാള്‍ ഏറ്റവും രൂക്ഷമായത് കേരളത്തിലാണ്. ദളിത് ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ പട്ടികജാതി, പട്ടികവര്‍ഗത്തില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരാണ്. നേരത്തെ സൂചിപ്പിച്ച സുറിയാനി ക്രിസ്ത്യാനികളും ബിഷപ്പുമാരും പള്ളിയും മറ്റും ഇവരോട് കടുത്ത വിവേചനമാണ് കാണിക്കുന്നത്. ഇവര്‍ക്ക് യഥാര്‍ത്ഥത്തില്‍ പട്ടികജാതി സ്റ്റാറ്റസ് അവകാശപ്പെടാന്‍ സാധിക്കും. അവര്‍ക്കത് കൊടുക്കേണ്ടതുമാണ്. എന്നാല്‍ അവര്‍ക്ക് കൊടുക്കാനായി പിണറായി വിജയനോ ഉമ്മന്‍ ചാണ്ടിയോ എന്താണ് ചെയ്തിട്ടുള്ളത്? ഒന്നും ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ ഒരു താത്പര്യവും അവരെടുക്കുന്നില്ല എന്നതാണ് വാസ്തവം.

ഉമ്മന്‍ ചാണ്ടി

കേരളത്തില്‍ ഏറ്റവും പ്രാതിനിധ്യം കുറഞ്ഞ വിഭാഗമാണ് ദളിത് ക്രിസ്ത്യാനികള്‍. അവര്‍ക്കിടയില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ കുറവാണ്, എം.എല്‍.എമാര്‍ ഇല്ല എന്ന കാര്യവും ഓര്‍ക്കണം. 1970ലെ തെരഞ്ഞെടുപ്പില്‍ ഒരു ദളിത് ക്രിസ്ത്യാനി നിയമസഭ കണ്ടതല്ലാതെ അതിന് ശേഷം ഒരാള്‍ പോലും നിയമസഭ കണ്ടിട്ടേയില്ല. അത്രയും പ്രാതിനിധ്യമില്ലാത്ത ഒരു വിഭാഗത്തിന് പ്രാതിനിധ്യം വേണമെന്ന് പറയാനുള്ള ആര്‍ജവം പോലുമില്ലാതെയാണ് ഭരണകര്‍ത്താക്കള്‍ ഇപ്പോള്‍ നില്‍ക്കുന്നത്.

യഥാര്‍ത്ഥത്തില്‍ അരികുവത്കരിക്കപ്പെട്ട വിഭാഗത്തിന്റെ അവകാശം സംരക്ഷിക്കുമെന്നാണ് സ്റ്റാലിന്‍ പറയുന്നതെങ്കില്‍ അതിനെതിരെ കണ്ണടിച്ച് ഇരുട്ടാക്കുന്ന നയമാണ് കേരളത്തില്‍ പിണറായി വിജയന്‍ നടപ്പിലാക്കുന്നത്.

ആദര്‍ശ് എം. കെ: ജാതി സെന്‍സെസ് നടത്താന്‍ ഭീമമായ ചെലവ് വേണ്ടിവരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 2021ലെ പൊതുസെന്‍സെസ് നടക്കാത്ത സാഹചര്യത്തില്‍ അതിനോടൊപ്പം ചേര്‍ന്ന് ജാതി സെന്‍സെസും നടത്താവുന്നതല്ലേ?

സണ്ണി എം. കപിക്കാട്‌: തീര്‍ച്ചയായും നടത്താവുന്നതാണ്. പക്ഷേ സര്‍ക്കാരിന് ഇതില്‍ ഒരു താത്പര്യമില്ല. ജാതി സെന്‍സെസ് എടുക്കാന്‍ മോദിക്ക് മാത്രമല്ല, ഇവിടെയുള്ള ഉദ്യോഗസ്ഥവൃന്ദത്തിനും ഒരു താത്പര്യവുമില്ല.

ഇത് എപ്പോള്‍ വേണമെങ്കിലും എടുക്കാവുന്നതാണ്. ഇതിനുള്ള ചെലവ് അത്ര വലുതൊന്നുമല്ല. രാഷ്ട്രത്തിന്റെ ഭാഗദേയം നിര്‍ണയിക്കുന്നതിനുള്ള വിവരശേഖരണമെന്ന് പറയുന്നത് മര്‍മപ്രധാനമായ കാര്യമാണ്. ഇത് തീര്‍ച്ചയായും നടത്തേണ്ടതുമാണ്.

ആദര്‍ശ് എം. കെ: സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ബി.ജെ.പി ഒരു ജാതി സെന്‍സെസ് എടുക്കാന്‍ തയ്യാറാവുകയാണെങ്കില്‍ തന്നെ ആ റിപ്പോര്‍ട്ടിലെ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കുമോ? 2011ല്‍ സംഭവിച്ചത് വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോ?

സണ്ണി എം. കപിക്കാട്‌: ഈ സെന്‍സെസിന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. 2011ലെ ജാതി സെന്‍സെസിന്റെ ഗതി എല്ലാവര്‍ക്കും അറിയുന്നതാണ്. ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാര്‍ ഉണ്ടായാല്‍ മാത്രമേ ഈ റിപ്പോര്‍ട്ട് പുറത്ത് വിടുകയുള്ളൂ. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വി.പി. സിങ് മുന്‍കൈയെടുത്തപ്പോള്‍ ഇന്ത്യയിലുണ്ടായ കലാപങ്ങള്‍ നമ്മള്‍ കണ്ടതാണ്.

വി.പി. സിങ്

ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടതുകൊണ്ടുമാത്രമായില്ല, ഇതനുസരിച്ച് നയപരമായ തീരുമാനങ്ങളെടുക്കണം. അവിടെയാണ് പ്രശ്നം കിടക്കുന്നത്. നമുക്ക് കുറേ വിവരങ്ങള്‍ കിട്ടിയതുകൊണ്ടുമാത്രം കാര്യമില്ലല്ലോ. ആ വിവരങ്ങള്‍ സര്‍ക്കാരുകളുടെ നയപരമായ തീരുമാനങ്ങള്‍ക്ക് ഉപയുക്തമാകണം.

സാമൂഹികപരമായാലും സാമ്പത്തികപരമായാലും രാഷ്ട്രീയധികാരമായാലും അധികമായി കയ്യടക്കി വെച്ചിരിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇതിലൂടെ വലിയ നഷ്ടമുണ്ടാകും. അവരതിന് ഒരിക്കലും സമ്മതിക്കില്ല, അതാണ് ഗവണ്‍മെന്റിലൂടെ പ്രതിഫലിക്കുന്നത്. അക്കാരണം കൊണ്ടുതന്നെ സ്വാഭാവികമായും ഈ ഗവണ്‍മെന്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടില്ല എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്.

ആദര്‍ശ് എം. കെ: ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നാല്‍ ഏതൊക്കെ പാര്‍ട്ടികളുടെ വോട്ടുബാങ്കിനെയായിരിക്കും ഇത് ബാധിക്കുക?

സണ്ണി എം. കപിക്കാട്‌: വടക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളുടെയെല്ലാം തന്നെ സാമൂഹിക അടിത്തറയെന്നോ വോട്ടുബാങ്കെന്നോ വിളിക്കാവുന്നത് പിന്നാക്ക, ദളിത് വിഭാഗങ്ങളാണ്. അവരുടെ കാര്യത്തില്‍ ഒരു തീരുമാനമാകാന്‍ പോകുന്നു എന്ന തോന്നല്‍ പോലും ആ വോട്ടുബാങ്കില്‍ പ്രതിഫലിച്ചേക്കാം എന്നാണ് തോന്നുന്നത്. ആ സാധ്യതയാണ് ഇപ്പോള്‍ നിതീഷ് കുമാറും പ്രതീക്ഷിക്കുന്നത്.

Content Highlights: Interview with Sunny M. Kapikad regarding caste census

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more