കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും നികുതിപ്പണം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന എയ്ഡഡ് സ്ഥാപനങ്ങള്‍, സംവരണം അടക്കമുള്ള ഭരണഘടനാപരമായ അടിസ്ഥാന കാര്യങ്ങള്‍ പാലിക്കുന്നില്ലെന്ന് എത്രയോ പതിറ്റാണ്ടുകളായി നമ്മള്‍ കാണുന്നതാണ്. എസ്.എന്‍ ട്രസ്റ്റിന്റെ സ്ഥാപനങ്ങള്‍ പി.എസ്.സിക്ക് വിടാം എന്ന് സമ്മതിച്ചതുകൊണ്ട് മാത്രം ആ പ്രശ്‌നം അവസാനിക്കാന്‍ പോകുന്നില്ല. ഗവണ്‍മെന്റ് ഉത്തരവ് കൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹരിക്കാന്‍ പറ്റില്ലെന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്.. ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പാകത്തില്‍ വലിയ ബഹുജനമുന്നേറ്റമാണ് ആ വിഷയത്തില്‍ ഉണ്ടായി വരേണ്ടത്.
എയ്ഡഡ് മേഖലയിലെ നിയമനങ്ങളില്‍ ഇപ്പോള്‍ സാമൂഹിക നീതി നടപ്പിലാകുന്നുണ്ട് എന്ന് കരുതുന്നുണ്ടോ?
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നത് സാമൂഹ്യ നീതിയുടെ അടിസ്ഥാന ഘടകമാണെന്നാണ് ഞാന്‍ കരുതുന്നത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും നികുതിപ്പണം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന എയ്ഡഡ് സ്ഥാപനങ്ങള്‍, സംവരണം അടക്കമുള്ള ഭരണഘടനാപരമായ അടിസ്ഥാന കാര്യങ്ങള്‍ പാലിക്കുന്നില്ലെന്ന് എത്രയോ പതിറ്റാണ്ടുകളായി നമ്മള്‍ കാണുന്നതാണ്.
അതിനകത്ത് സാമൂഹ്യ നീതിയും ജനാധിപത്യപരമായ നിയന്ത്രണങ്ങളും കൊണ്ടുവരാനുള്ള ആദ്യകാല ശ്രമങ്ങളാണ് ഇ.എം.എസ് ഗവണ്‍മെന്റിന്റെ കാലത്ത് ഉണ്ടാകുന്നത്. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ല് അതിന്റെ ഭാഗമായിരുന്നു. അത് അട്ടിമറിക്കപ്പെട്ടു. മത സാമുദായിക ശക്തികളുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിട്ടാണ് അതു നടന്നത്,1959 ലെ വിമോചനസമരം.
കഴിഞ്ഞ ഒരു അഞ്ചാറു പതിറ്റാണ്ടായി കേരളത്തിലെ സാമുദായിക രാഷ്ട്രീയത്തിന്റെയും മത രാഷ്ട്രീയത്തിന്റെയുമൊക്കെ പ്രധാനപ്പെട്ട ഒരു സ്രോതസ്സ് ആയി നിലനില്‍ക്കുന്നത് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
മതത്തിന്റെയും ജാതി പ്രസ്ഥാനങ്ങളുടെയുമൊക്കെ പിടിയലകപ്പെട്ട് എല്ലാ തരത്തിലുമുള്ള സാമൂഹ്യ നീതിയെയും നിരസിക്കുന്ന രീതിയില്‍ നിലനിന്നു പോരുന്നതാണ് ഈ സ്ഥാപനങ്ങള്‍. ഇത്തരം സ്ഥാപനങ്ങളിലെ നിയമനം ഒക്കെ നോക്കിയാല്‍ അത് വ്യക്തമാണ്. സംവരണം ഒട്ടുമേ പാലിക്കപെടാത്ത തരത്തിലാണ് നിയമനങ്ങള്‍ നടക്കുന്നത്. ഇതിനെ സംബന്ധിച്ചുള്ള ധാരാളം കണക്കുകള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.
മാത്രവുമല്ല മത സാമുദായിക പ്രസ്ഥാനങ്ങള്‍ക്ക് സാമൂഹ്യ ജീവിതത്തില്‍ സ്വാധീനം ഉണ്ടാക്കുന്നതിനും വലിയ പിടിമുറുക്കങ്ങള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കപ്പെട്ടു വരുന്ന കാര്യവും ഇത് തന്നെയാണ്. കേരളത്തിന്റെ നാവോത്ഥാനത്തിന്റെയും സാമൂഹ്യ നീതി സങ്കല്പത്തിന്റെയും ഉള്ളടക്കത്തിന് എതിര്‍ദിശയിലാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
അതോടൊപ്പം തന്നെ അത് പലതരത്തിലുള്ള അമിതാധികാരപരമായ പ്രവണതകളുടെ കേന്ദ്രമായി മാറിയതിന്റെ ചരിത്രവമുണ്ട്. അതുകൊണ്ട് ഏത് നിലക്കും കേരളത്തില്‍ ചെയ്യേണ്ട അടിസ്ഥാനപരമായ ഒരു കാര്യമാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്കു വിടുക എന്നത്.
എസ്.എന്‍. ട്രസ്റ്റിന് കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിടാന്‍ തയ്യാറാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോടുള്ള പ്രതികരണമെന്താണ്? മാനേജ്‌മെന്റുകള്‍ എതിര്‍പ്പുകളുമായി രംഗത്തെത്തില്ലേ?
എസ്.എന്‍ ട്രസ്റ്റിന്റെ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്കു വിടാം എന്ന കാഴ്ചപ്പാട് ഗുണകരമായ മുന്നേറ്റമായാണ് ഞാന്‍ കരുതുന്നത്. അത് ഉപയോഗപ്പെടുത്തി കൂടുതല്‍ ഫലപ്രദമായ രീതിയില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ജനാധിപത്യ വാദികളെയും സാമൂഹ്യ നീതി സങ്കല്പമുള്ള എല്ലാവരെയും കൂട്ടിയിണക്കി കൊണ്ടുള്ള വലിയൊരു മുന്നേറ്റം ആ വിഷയത്തില്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അത്തരത്തിലാവും എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് എന്നത് സാക്ഷാത്കരിക്കാന്‍ കഴിയുക എന്നു തോന്നുന്നു.
ഒരു ഭരണനടപടി എന്നതുകൊണ്ട് മാത്രം ഇന്നത്തെ നിലയില്‍ അത് പൂര്‍ത്തിയാവുക പ്രയാസമാണ്. വലിയ ഒരു ബഹുജന മുന്നേറ്റം ആ വിഷയത്തില്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വലിയ അളവില്‍ ഇപ്പോഴും എതിര്‍പ്പ് ഉണ്ടാകും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
എസ്.എന്‍ ട്രസ്റ്റിന്റെ സ്ഥാപനങ്ങള്‍ പി.എസ്.സിക്ക് വിടാം എന്ന് സമ്മതിച്ചതുകൊണ്ട് മാത്രം ആ പ്രശ്‌നം അവസാനിക്കാന്‍ പോകുന്നില്ല. ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പാകത്തില്‍ വലിയ ബഹുജനമുന്നേറ്റമാണ് ആ വിഷയത്തില്‍ ഉണ്ടായി വരേണ്ടത്.
സാമൂഹ്യനീതി തല്പരരായ എല്ലാ വിഭാഗം ആളുകളും ഒന്നിച്ച്ചേര്‍ന്ന് അതിനെ വലിയൊരു സാമൂഹ്യ ആവശ്യമായി ഉയര്‍ത്തികൊണ്ട് വരണം. അതിനുതകുന്ന മട്ടില്‍ കൈ കോര്‍ത്ത് നില്‍ക്കണം.
എന്തായാലും എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം സംവരണത്തെയോ ഭരണഘടനാ സങ്കല്പങ്ങളെയോ മാനിക്കാതെ ഒരു ഭാഗത്തു നടക്കുകയും മറുഭാഗത്ത് പൊതുസമൂഹം അതിന്റെ എല്ലാ ഭാരങ്ങളും ഏറ്റെടുക്കുകയും ചെയ്യുന്ന സ്ഥിതി ഇനിയും അതേപടി മാറ്റമില്ലാതെ തുടരുന്നത് ഒട്ടും ആശ്വാസ്യമല്ല. വളരെ വിചിത്രമായ സ്ഥിതി വിശേഷമായി പലരും അത് ചൂണ്ടികാണിച്ചു കഴിഞ്ഞിട്ടുണ്ട്. അത് തിരുത്തേണ്ടതുണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
നിലവിലുള്ള സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അത്തരം ചര്‍ച്ചകള്‍ പ്രതീക്ഷിക്കാമോ?
കേരളപ്പിറവിയുടെ അന്‍പതാം വാര്‍ഷികം പ്രമാണിച്ചും അറുപതാം വാര്‍ഷികം പ്രമാണിച്ചുമെല്ലാം നടന്ന ചര്‍ച്ചകളിലെല്ലാം ഇതിനുമുന്‍പും ഈ കാര്യം പല നിലക്കും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. 2007ലും 2017 ലുമൊക്കെ ഇത്തരം ചര്‍ച്ചകള്‍ ധാരാളമായി നടക്കുകയും പല രീതിയില്‍ ഈ ആശയം ഉയര്‍ന്നു വരികയും ചെയ്യ്തിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും ഒരു ഫലപ്രാപ്തിയിലേക്കോ ഗൗരവപൂര്‍വ്വമായ ഒരു ഇടപെടലിലേക്കോ അത് എത്തിയിട്ടില്ല.
ഞാന്‍ തന്നെ ഇത്തരം ചര്‍ച്ചകളില്‍ ധാരാളമായി പങ്കെടുക്കുകയും ഇതേ കാര്യം പലരൂപത്തില്‍ മുന്‍പും പറയുകയും ചെയ്തിട്ടുണ്ട്. ഇനിയും പറഞ്ഞുകൊണ്ടേയിരിക്കേണ്ട ഒരു കാര്യമാണിത്.
എന്തായാലും ഇതിനെയൊരു ബഹുജനപ്രസ്ഥാനമായി വികസിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതല്ലാതെ ഗവണ്‍മെന്റ് ഉത്തരവ് കൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹരിക്കാന്‍ പറ്റില്ലെന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ഇത്തരം അടിസ്ഥാന കാര്യങ്ങളില്‍ ഒരുമിച്ച് നിന്ന് ജനാധിപത്യപരമായ വീക്ഷണങ്ങള്‍ ഉയര്‍ത്തിപിടിക്കാനുള്ള സന്നദ്ധതയും അതിനുവേണ്ട സഹകരണബോധവും വേണമെന്നാണ് ഞാന്‍ കരുതുന്നത്.
നിര്‍ഭാഗ്യവശാല്‍ നമ്മുടെ കേരളത്തില്‍ ഇന്ന് കാണുന്നത് മറ്റൊന്നാണ്. ഓരോ വിഭാഗങ്ങളും സ്വന്തം ശരികള്‍ അന്തിമമാണെന്ന് കരുതുകയും അതിനപ്പുറമുള്ള എല്ലാത്തിനെയും ഒറ്റയടിക്ക് തള്ളിക്കളയുകയും ചെയ്യുന്ന ശത്രുതാപരമായ വീക്ഷണങ്ങള്‍ വെച്ച് പുലര്‍ത്തുന്നതുകൊണ്ട് പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി ഒന്നിച്ചുനില്‍ക്കാനുള്ള സന്നദ്ധത കുറഞ്ഞുവരുന്നു. അതുകൊണ്ട് കൂടിയാണ് ഇത്തരം കാര്യങ്ങളില്‍ നിര്‍ണായകമായ മുന്നേറ്റങ്ങള്‍ ഉണ്ടാകാത്തത് എന്ന തോന്നലും വ്യക്തിപരമായി എനിക്കുണ്ട്.
അതുകൊണ്ട് പരസ്പര സഹകരണത്തിന്റെയും ഐക്യത്തിന്റെയും ആവശ്യം ഈ കാര്യം നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്നുണ്ട്. കാരണം ഈ ആവശ്യത്തോട് യോജിപ്പുള്ള ധാരാളം വിഭാഗങ്ങള്‍ ഉണ്ട്. പക്ഷെ അവര്‍ക്കിടയിലൊക്കെ തന്നെ മറ്റു കാര്യങ്ങളെ ചൊല്ലി ധാരാളം അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഈ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രധാനമാണെന്ന് കരുതുകയും അഭിപ്രായ ഐക്യം അപ്രധാനമാണെന്ന് കരുതുകയും ചെയ്യുന്ന മനോഭാവം മാറാതെ എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടണമെന്നതിനെ ചൊല്ലിയുള്ള ഒരു ബഹുജനമുന്നേറ്റം നമുക്ക് രൂപപ്പെടുത്താന്‍ കഴിയില്ല. അതും ഇതിന്റെ പശ്ചാത്തലത്തില്‍ പരിഗണിക്കേണ്ട ഒരു കാര്യമായി ഞാന്‍ കരുതുന്നു.
ഒരു ഗവണ്‍മെന്റ് തീരുമാനം എന്ന നിലയില്‍ മാത്രം വന്നാല്‍ മത- സാമുദായിക ശക്തികളുടെ, വര്‍ഗീയ ശക്തികളുടെ ക്രോഡീകരണത്തിന് വീണ്ടും വഴിവെക്കാവുന്ന ഒരു കാര്യമായി ഇതുമാറും. അതുകൊണ്ട് തന്നെ ഈ ആശയത്തെ മുന്‍ നിര്‍ത്തിക്കൊണ്ട് വലിയൊരു ബഹുജന പ്രസ്ഥാനം ഉയര്‍ന്നു വരികയാണ് ഇന്നത്ത ആവശ്യം.
Content Highlight: Interview with Sunil P Ilayidom on Aided school- College appointments to be taken over by Kerala PSC