മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രമായ മാലിക്കിലെ പശ്ചാത്തലസംഗീതമായി വരുന്ന അറബി വരികള്‍ വൈറലായിരിക്കുകയാണ്. ഈ ഗാനം മലയാളികളുടെയെല്ലാം ചുണ്ടിലുണ്ട്. കേരളത്തിലെ സൂഫി സംഗീതത്തിന്റെ ആധികാരിക സ്വരങ്ങളിലൊരാളായ മലപ്പുറം സ്വദേശി സമീര്‍ ബിന്‍സിയാണ് ഈ വരികള്‍ എഴുതിയിരിക്കുന്നത്.
ഈ ഗാനം ജനങ്ങള്‍ ഏറ്റെടുത്തതിനെക്കുറിച്ചും ഒരുപാട് രാഷ്ട്രീയ സംവാദങ്ങള്‍ക്ക് ഇടയാക്കിയ സിനിമയുടെ ഭാഗമായതിനെക്കുറിച്ചും ഡ്യൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സമീര്‍ ബിന്‍സി.
മാലിക് സിനിമ കണ്ട ഏതൊരാളുടെയും ചുണ്ടില്‍ താങ്കളെഴുതിയ വരികളാണ്. ഈ വരികള്‍ ഇത്രത്തോളം ഏറ്റെടുക്കുമെന്ന് കരുതിയിരുന്നോ? ആ നാല് വാക്കുകളില്‍ ഒളിപ്പിച്ചുവെച്ച മാന്ത്രികത എന്താണ് ?
ഒരു പാട്ട് എന്നതിനപ്പുറത്തേക്ക് ഒരു ബി.ജി.എം. മാത്രമാണത്. ബി.ജി.എമ്മിലേക്ക് വേണ്ട രണ്ട് വരികള്‍ മാത്രമാണ് ഞാന്‍ എഴുതിയത്. മാലിക്കില്‍ ഇത് പ്ലെയ്സ് ചെയ്ത ഇടം, ഒരു ക്രാഫ്റ്റെന്ന നിലയില്‍ സിനിമയുടെ ഭംഗി, സുഷിന്‍ ശ്യാമിന്റെ സംഗീതം ഇതെല്ലാം കൂടി വന്നതുകൊണ്ടാണ് ആളുകളുടെ മനസ്സില്‍ ഇത് കയറിക്കൂടിയത്. ഒരു കുട്ടിയുടെ ശബ്ദത്തിന്റെ കൂടെ പ്രസന്റ് ചെയ്തതും ഇത് സ്വീകരിക്കുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം.
എങ്ങനെയാണ് മാലിക്കിന്റെ ഭാഗമാകുന്നത്, ഇത് ആദ്യ സിനിമയാണോ?
മാലിക്കില്‍ ലക്ഷദ്വീപ് പശ്ചാത്തലം വരുന്ന തീരമേ.. എന്ന് തുടങ്ങുന്ന ഗാനത്തില്‍ നമ്മുടെ ടീം പാടുന്നുണ്ട്. ‘ശന്തിരപ്പുതുനാരി…’ എന്ന് തുടങ്ങുന്ന വരികളാണത്. ദ്വീപിലെ ഡോലിപ്പാട്ടിലെ വരികള്‍ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം എന്റെ സുഹൃത്ത് മജ്ബൂര്‍ വഴി പാടാന്‍ ആവശ്യപ്പെടുകയായിരുന്നു. അത് അയച്ചുകൊടുത്ത ശേഷമാണ് പുതിയ ഒരു പണി കൂടിയുണ്ട് എന്ന് പറഞ്ഞ് ബി.ജി.എമ്മില്‍ എത്തുന്നത്.
കേട്ടാല്‍ അറബി പോലെ തോന്നുന്ന കുറച്ചു വരികള്‍ സുഷിന്‍ ശ്യാം കേള്‍പ്പിച്ച് തന്നിരുന്നു. ഞാനത് ദൈവനാമത്തിലുള്ള വരികളായി എഴുതുകയായിരുന്നു. പലരും പറയുന്നപോലെ പൂര്‍ണമായും അസ്മാഉല്‍ ഹുസ്‌നാ എന്ന നാമങ്ങളാണ് ഇതെന്ന് പറയാന്‍ കഴിയില്ല. ഇസ്ലാമിക പണ്ഡിതന്‍മാരില്‍ അഭിപ്രായ വ്യത്യാസമുള്ള, എന്നാല്‍ സൂഫികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള പല വാക്കുകളും ഇതിലുണ്ട്.
മാലിക്കിന്റെ കഥ കേട്ടുകൊണ്ടാണോ നിങ്ങള്‍ സിനിമയുടെ ഭാഗമാകുന്നത്?
കഥ ഞാന്‍ കേട്ടിട്ടില്ല. ബീമാപ്പള്ളി പോലുള്ള ഒരു സ്ഥലത്ത് നടക്കുന്ന ഇഷ്യൂ ആണെന്നും അതില്‍ തീരദേശത്ത് താമസിക്കുന്ന ഒരാളുടെ കഥയും അയാളുടെ മരണത്തിന് മുമ്പുണ്ടാകുന്ന ഒരു പ്ലോട്ടുമാണ് എനിക്ക് ലഭിച്ചത്.
മനുഷ്യ സ്നേഹിയായ, തീക്ഷ്ണനുഭവങ്ങളുള്ള ഒരാള്‍ നിസ്‌കരിക്കുന്ന സമയത്ത് ആക്രമണമേല്‍ക്കുകയും, അയാളുടെ മരിക്കുകയും ചെയ്യുന്നു എന്നതായിരുന്നു ബി.ജി.എമ്മിന് വേണ്ട പ്ലോട്ടായി എനിക്ക് പറഞ്ഞുതന്നത്.
സിനിമ ഇസ്‌ലാമോഫോബിക്കാണ്, കഥ പറയുന്ന രാഷ്ട്രീയ കാലഘട്ടത്തെ മഹേഷ് നാരായണന്‍ മറച്ചുവെച്ചു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?
കലയുടെ ലോകം രാഷ്ട്രീയ മുക്തമാണെന്ന അഭിപ്രായം എനിക്കില്ല. എങ്കിലും അടിസ്ഥാനപരമായി ഞാന്‍ ഒരു കലാകാരനാണ്. എന്നാല്‍ പൊതുബോധത്തിലുള്ള ഇസ്‌ലാം പേടി, അറിവധികാരം, ബ്രാഹ്മണ അധികാരം എന്നീ യാഥാര്‍ഥ്യങ്ങളെക്കുറിച്ചൊക്കെ ഞാന്‍ ബോധവാനാണ്. അതുമായി ബന്ധപ്പെട്ട വിമര്‍ശനമൊക്കെ ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ ഉന്നയിക്കാറുമുണ്ട്.
എന്നാല്‍ ഈ വിഷയങ്ങളില്‍ എന്റെ നിലപാടുകള്‍ ഒരു കലാകാരന്റെ കാഴ്ചപ്പാട് മാത്രമാണ്. ഒരു ഗവേഷകന്റെയോ ആക്ടിവിസ്റ്റിന്റെയോ ഗൗരവത്തില്‍ ഈ വിഷയങ്ങള്‍ പഠിക്കാനുള്ള കഴിവോ അവസ്ഥയോ എനിക്കില്ല. ഞാനൊരു അക്കാഡമീഷനോ രാഷ്ട്രീയക്കാരനായ ആക്ടിവിസ്റ്റോ ഒന്നുമല്ല. അതിനുള്ള കഴിവും എനിക്കില്ല.
ഇസ്‌ലാമോഫോബിയ സിനിമയിലുള്ള കാര്യം മാത്രമല്ല. അത് പൊതുബോധത്തിന്റ ഭാഗമാണ്. സിനിമകളിലും അത് കടന്നുവരും. രാഷ്ട്രീയ വ്യവഹാരങ്ങളില്‍, കരിക്കുലത്തില്‍ കടന്നു വരും. മാലിക്കും പൊതുബോധത്തിന്റെ ഭാഗമാണല്ലോ. എന്നാല്‍ മാലിക് അതുകൊണ്ട് മാത്രമല്ല ശ്രദ്ധിക്കപ്പെട്ടത്.
ഈ സിനിമ ചര്‍ച്ച ചെയ്തത് അതിന്റെ ക്രാഫ്റ്റ് കൊണ്ടും അടയാളപ്പെടുത്തേണ്ട ഒരു ഭംഗി അതിനുണ്ടായതു കൊണ്ടും തന്നെയാണ്. ഇതിനു മുമ്പ് ഇതിനെക്കാൾ ഇസ്‌ലാമോഫോബിയ ദൃശ്യപ്പെട്ട സിനിമകള്‍ വന്നിട്ടുപോലും ഇത്രയും ചര്‍ച്ചയാകാതെ പോയിട്ടുണ്ടല്ലോ.
കലാമൂല്യമുള്ള ജനങ്ങള്‍ കാണുന്ന ഒരു സിനിമയായതു കൊണ്ടാണ് ഇത്രയും ചര്‍ച്ചകള്‍ വരുന്നത്. അത് മറ്റു സാഹചര്യങ്ങളില്‍ ജെന്‍ഡര്‍, ദേശീയത, ജാതി ഇവയുമായി ബന്ധപ്പെട്ടും നടക്കാറുണ്ട്. അതൊക്കെ അറിയാന്‍ ശ്രമിക്കുന്ന, പഠിക്കാനും തിരുത്താനും മാറാനും ശ്രമിക്കുന്ന ഒരാളാണ് ഞാന്‍. പോപുലര്‍ സിനിമകളില്‍ വരുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കലാകാരന്‍മാര്‍ അതിനോടു പുറം തിരിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. അതൊക്കെ ശ്രദ്ധിക്കുന്ന ഒരാളെന്ന നിലയിലാണ് എന്റെ നിലപാടുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.
എന്താണ് ബീമാപ്പള്ളിയില്‍ യഥാര്‍ഥത്തില്‍ നടന്നതെന്ന ചര്‍ച്ചയിലേക്ക് ഞാന്‍ പോകുന്നില്ല. നിരവധി പഠനങ്ങള്‍, വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഒക്കെ നമുക്ക് വായിക്കാന്‍ ലഭിക്കുന്നതാണ്. ഞാനും ഇപ്പോഴാണ് അതൊക്കെ വായിക്കുന്നത്. പുതിയ തലമുറയെ സംബന്ധിച്ചെടുത്തോളം ഇങ്ങനെയൊരു സിനിമ കാണുമ്പോള്‍മ്പോള്‍ 2009 മെയ് 17 നു എട്ടു മനുഷ്യര്‍ കൊല്ലപ്പെട്ട ബീമാപ്പള്ളി വെടിവെപ്പ് എന്ന കേരളം കണ്ട ഏറ്റവും വലിയൊരു വയലന്‍സ്കൂടുതല്‍ പഠിക്കപ്പെടും എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
സിനിമയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സമീര്‍ ബിന്‍സിയെ പ്രതിക്കൂട്ടിലാക്കിയും, അനുകൂലിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ ചില എഴുത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടു, അതിനെ എങ്ങനെ കാണുന്നു?
ഇസ്‌ലാമോഫോബിക്കായ ഒരു സിനിമയില്‍ നിങ്ങള്‍ എന്തുകൊണ്ട് പാട്ടെഴുതി എന്ന നിലക്കുള്ള വിമര്‍ശനങ്ങളാണ് എനിക്കെതിരെയുള്ളത്. എന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന രൂപത്തിലാണ് ഇത്തരം വിമര്‍ശനങ്ങള്‍. ആളുകള്‍ക്ക് അത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശങ്ങളുണ്ട്. അതിനെ പോസിറ്റീവായാണ് കാണുന്നത്.
അതേസമയം, ഇസ്‌ലാമോഫോബിയ പറഞ്ഞ് വ്യക്തിപരമായി ഒരു സിനിമയുടെ സംവിധായകന്റെയോ സിനിമാ പ്രവര്‍ത്തകന്റെയോ പ്രശ്‌നമാക്കി ചുരുക്കേണ്ടതില്ല എന്നാണെന്റെ പക്ഷം. ഒരു വ്യവസായം എന്ന നിലക്ക് സിനിമയുടെ ഭാഗമായ തൊഴിലാളികളെ വ്യക്തിപരമായി ബാധിക്കുന്ന തരത്തില്‍ ഇസ്‌ലാമോഫോബിയയെ പ്ലെയ്സ് ചെയ്യുമ്പോള്‍ പൊതുസമൂഹത്തില്‍ ഇതുസംബന്ധിച്ച യഥാര്‍ത്ഥ ചര്‍ച്ചയെ കുറച്ചുകാണിക്കാന്‍ സാധ്യതയുണ്ട്.
ഇസ്‌ലാമോഫോബിയ ഒരു വ്യക്തിയുടെ വീഴ്ചയല്ല; അതൊരു രാഷ്ട്രീയ സമീപനത്തിന്റെയും സംസ്‌കാര രാഷ്ട്രീയത്തിന്റെയും പ്രശ്‌നമാണ്. ഇന്നത്തെ കാലത്തെ ഭരിക്കുന്ന ആശയമായി ഏറ്റവും നിഷ്‌കളങ്കരെ പോലും സ്വാധീനിക്കുന്ന തരത്തില്‍ എങ്ങിനെ ഇസ്‌ലാമോഫോബിയ വികസിച്ചു എന്നതാണ് നാം ചര്‍ച്ച ചെയ്യേണ്ടത്. അതിനാവശ്യമായ വൈജ്ഞാനിക മുന്നൊരുക്കങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
വിമര്‍ശനങ്ങളില്‍ പ്രയാസം ഉണ്ടാകുന്നുണ്ടോ?
ഇസ്‌ലാമോഫോബിയ ഒരു സിസ്റ്റമിക്ക് ഇഷ്യൂ ആണന്ന് മനസ്സിലാക്കാതെയും ഇതുവരെയുള്ള നമ്മുടെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളെയൊക്കെ റദ്ദ് ചെയ്യുന്ന ഭാഷയില്‍ അവതരിപ്പിക്കുമ്പോഴുള്ള ചെറിയ വിഷമമുണ്ട്.
അതേസമയം, ഈ വിമര്‍ശനം ഉന്നയിക്കുന്ന ആളുകള്‍ ഇസ്ലാമോഫോബിയ എന്ന പ്രശ്‌നത്തെ ആഴത്തില്‍ പഠിച്ചവരൊന്നുമല്ല. ഞാന്‍ എന്റെ നിലപാടുകള്‍ കഴിവതും രൂപപ്പെടുത്താറുള്ളത് ഒരു വിഷയത്തെ – അത് ഇസ്‌ലാമോഫോബിയയാവട്ടെ, ദലിത് പ്രശ്‌നങ്ങള്‍ ആവട്ടെ, സിനിമ ആവട്ടെ, ജെന്‍ഡര്‍ ആവട്ടെ ഗവേഷണ സ്വഭാവത്തില്‍ പഠിച്ചവരില്‍ നിന്നാണ്. അവരുന്നയിക്കുന്ന വിമര്‍ശനങ്ങള്‍ പഠിക്കാന്‍ ഇനിയും എനിക്ക് താല്‍പര്യമുണ്ട്. കേവല ജേണലിസ്റ്റ് യുക്തിയില്‍ നടക്കേണ്ട ഒരു വിമര്‍ശന പദ്ധതിയല്ലല്ലോ ഇസ്‌ലാമോഫോബിയക്കെതിരെ വേണ്ടത്.
ഈ വിഷയയുമായി ബന്ധപ്പെട്ട് എന്റെ സൂഫി അസ്ഥിത്വം വരെ ചര്‍ച്ചയാവുന്നുണ്ട്. സത്യത്തില്‍ ഞാനൊരു സൂഫിയല്ല. സൂഫികളായ ആളുകള്‍ എഴുതിയ പാട്ടുകള്‍ പാടുന്ന ചെറിയ കലാകാരന്‍ മാത്രമാണ്.
ഭാവിയിലും സമീര്‍ ബിന്‍സിയുടെ വരികളും, ശബ്ദവും സിനിമാ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമോ, എന്തോക്കെയാണ് ഭാവി പ്രോജക്ടുകള്‍ ?
സിനിമ എന്റെ ഒരു കണ്‍സേണേ അല്ല, അത് ആ സമയത്ത് അങ്ങനെ വന്നുപോകുന്നതാണ്. അലിഫ് ദി ഇന്‍ഫിനിറ്റ്, മംഖൂസ് മൗലീദ്, റൂമി ആന്റ് ശംസ്; ബ്രിഡ്ജിംഗ് ദി സോള്‍, ഇച്ച മസ്താൻ, നാരായണ ഗുരു എന്നീ സൂഫി ഗാനവുമായി ബന്ധപ്പെട്ട പ്രോജക്ടുകളാണ് ഞാന്‍ ഭാഗമായി ഇനി വരാനുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Interview with sufi singer Sameer Binsi, Malik Arabic song writer