മാഡ്രിഡ് ടു കണ്ണൂര്‍; സാര്‍ദിനോറോ സംസാരിക്കുന്നു
Sports News
മാഡ്രിഡ് ടു കണ്ണൂര്‍; സാര്‍ദിനോറോ സംസാരിക്കുന്നു
ജാഫര്‍ ഖാന്‍
Tuesday, 15th October 2024, 12:03 pm

അഡ്രിയാന്‍ സാര്‍ദിനേറോ എന്ന പേര് മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്ക് പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാറിയേഴ്സ് എഫ്.സിയുടെ താരമായ ഈ സ്പെയ്ന്‍കാരന്‍ ആറ് കളിയില്‍ മൂന്ന് ഗോളുമായി നിലവില്‍ ലീഗിലെ ടോപ് സ്‌കോറര്‍മാരില്‍ ഒരാളാണ്.

റൗളും പുയോളും റാമോസും സാവിയും ഇനിയെസ്റ്റയും പിക്വെയുമെല്ലാം ജനിച്ച രാജ്യത്ത് നിന്ന് വരുന്നവനാണ് സെര്‍ദിനെറോ. ഒപ്പം ലോക ക്ലബ് ഫുട്ബോളിലെ എക്കാലത്തെയും കുലപതികളായ റയല്‍ മാഡ്രിഡിന്റെ അയല്‍ വീട്ടില്‍ ജനിച്ച സെര്‍ദിനെറോ, ലാ ലീഗ ക്ലബുകള്‍ക്ക് വേണ്ടിയും പയറ്റി തെളിഞ്ഞാണ് മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയില്‍ എത്തുന്നത്. ഗറ്റാഫെ, ഹെര്‍കുലീസ് തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്ക് കളിച്ച അനുഭവവും ഈ 33കാരനുണ്ട്.

റയല്‍ മാഡ്രിഡ്, സ്പാനിഷ് ഫുട്‌ബോള്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ എന്നിവയെക്കുറിച്ചെല്ലാം സാര്‍ദിനേറോ സംസാരിക്കുന്നു.

1 – റയല്‍ മാഡ്രിഡിന്റെ തൊട്ടടുത്താണ് നിങ്ങളുടെ ജന്മദേശം. ഫുട്‌ബോളിലെ ഒരുപാട് ഇതിഹാസ താരങ്ങള്‍ കളിച്ച ക്ലബാണ് റയല്‍ മാഡ്രിഡ്. കരിയറില്‍ ആ നാട്ടില്‍ നിന്നുള്ള വരവ് എത്രത്തോളം സ്വാധീനിച്ചു?

* ലാ ലീഗ മത്സരങ്ങള്‍ ടിവിയില്‍ കണ്ടും പിന്നീട് നേരിട്ട് കണ്ടും വളര്‍ന്ന കുട്ടിക്കാലമാണ് എന്റേത്. മാഡ്രിഡില്‍ ജനിക്കുന്ന ഓരോ കുട്ടിയുടെയും സ്വപ്നം ഫുട്‌ബോള്‍ താരമാവുക എന്നത് തന്നെ. അത് എന്റെ നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഞാനും കുഞ്ഞു പ്രായത്തില്‍ പന്തിന്റെ പിന്നാലെ പോയി. അതൊരു ഭാഗ്യമായി കാണുന്നു.

2 – നിലവില്‍ സൂപ്പര്‍ ലീഗ് കേരളയില്‍ ടോപ് സ്‌കോറര്‍ സ്ഥാനത്ത് നില്‍ക്കുന്ന കളിക്കാരനാണ് നിങ്ങള്‍. കുറഞ്ഞ ദിവസത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ എങ്ങനെ വിലയിരുത്തുന്നു?

* പതിയെ വളരുന്ന ഫുട്‌ബോള്‍ രാജ്യമാണ് ഇന്ത്യ. ഇന്ത്യയെ കുറിച്ച് എനിക് നേരത്തെ തന്നെ അറിയാം. ലോകത്തെ അമ്പരപ്പിക്കുന്ന പൈതൃകമുള്ള രാജ്യം. കണ്ണൂര്‍ വാരിയേഴ്‌സ് ടീമിനൊപ്പം ചേര്‍ന്നതോടെയാണ് ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് മനസിലാക്കുന്നത്. വളരെ ചെറിയ സമയം കൊണ്ട് വിദേശ, സീനിയര്‍, ജൂനിയര്‍ താരങ്ങളെ വെച്ച് മികച്ച രീതിയില്‍ കളിക്കാന്‍ ടീമിന് കഴിഞ്ഞു. മികച്ച നിലവാരമുള്ള പ്രാദേശിക ലീഗാണ് സൂപ്പര്‍ ലീഗ് കേരള.

3 – ഇന്ത്യന്‍ ഫുട്‌ബോള്‍ ലോക ഫുട്‌ബോളിന് ഒപ്പം എത്താന്‍ എന്തൊക്കെയാണ് പ്രാഥമികമായി ചെയ്യേണ്ടത്?

* അഞ്ചാം വയസ് മുതല്‍ ഉള്ള കുട്ടികള്‍ക്ക് ശാസ്ത്രീയമായി ഫുട്‌ബോള്‍ അഭ്യസിക്കാന്‍ അവസരം ഉണ്ടാവുക എന്നത് ആണ് പ്രധാനം. അതിന് എല്‍പ്പിക്കപ്പെടുന്ന പരിശീലകര്‍ ഗ്രാസ് റൂട്ട് തലത്തില്‍ സ്‌പെഷലൈസ് ചെയ്തവര്‍ ആവണം. അത് നിലവില്‍ ഇന്ത്യയിലെ ഏറ്റവും മുന്‍നിര ക്ലബുകള്‍ മുന്‍കൈയ്യെടുത്ത് ആണ് ചെയ്യേണ്ടത്. ആറ് വയസ് മുതല്‍ സീനിയര്‍ തലം വരെ എല്ലാവര്‍ക്കും ടീം വേണം, മത്സരം വേണം. എങ്കില്‍ ഓരോ മികവുള്ള കളിക്കാര്‍ക്കും ഉയരാന്‍ സാധിക്കും.

 

Content Highlight: Interview With Spanish Footballer Adrian Sardinero And M.M. Jafarkhan