‘ഇന്ന് പാട്ട് കേള്‍ക്കുകയല്ലാ കാണുകയല്ലേ, അതുകൊണ്ടാകാം എത്ര സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ പാടിയാലും മെഗാ ഷോകളില്‍ എന്നെ കാണാത്തത്. സമാന്തരമായ വഴിയിലൂടെ എത്ര നല്ല ഗാനങ്ങള്‍ സ്വന്തമായി ഉണ്ടാക്കിയാണ് ഞാന്‍ ഈ ദുരവസ്ഥയെ മറികടക്കാന്‍ ശ്രമിക്കുന്നത്’ രണ്ടു ദിവസം മുമ്പ് ഗായിക പുഷ്പാവതി അവരുടെ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. ആര്യബോധ നിര്‍മ്മിതി കാലങ്ങളായി ഉണ്ടാക്കിയെടുത്ത സൗന്ദര്യ ബോധമാണ് ഇവിടെ മുഖ്യധാരയെ ഭരിക്കുന്നതെന്നും പുഷ്പാവതി അഭിപ്രായപ്പെട്ടിരുന്നു. ഇങ്ങനെ പറയേണ്ടിവന്ന സാഹചര്യം പുഷ്പാവതി ഡൂള്‍ന്യൂസിനോടു വിശദീകരിക്കുന്നു..
പാട്ടുകള്‍ കേള്‍ക്കുന്നത് കൊണ്ടല്ല, കാണുന്നതുകൊണ്ടാകാം മെഗാ ഷോകളില്‍ അവസരം കുറഞ്ഞതെന്നാണ് താങ്കള്‍ പറഞ്ഞത്. എന്താണ് അങ്ങനെയൊരു തോന്നലുണ്ടാവാന്‍ കാരണം?
ഇന്നത്തെ കാലത്തെ കുറിച്ച് പറയാനാണ് ഞാന്‍ ശ്രമിച്ചത്. ഇന്ന് പാട്ടുകള്‍ കേള്‍ക്കുന്നതിനേക്കാള്‍ കാണുകയാണ് ചെയ്യുന്നത് എന്ന്.
എം. മുകുന്ദന്റെ ഒരു പ്രസ്താവനയും അതിന് പിന്നാലെ വന്ന വിമര്‍ശനങ്ങളും കണ്ടപ്പോള്‍ എന്റെ ഒരു പ്രൊഫഷനുമായി കണക്ട് ചെയ്ത് ചിന്തിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ അങ്ങനെ എഴുതിയത്. അതായത് നമ്മുടെയാക്കെ വളര്‍ച്ച റേഡിയോയില്‍ ഒരോ സ്റ്റേഷനും ട്യൂണ്‍ ചെയ്തിട്ട് പാട്ട് കേട്ടതിലൂടെയുള്ളതാണ്. പാട്ട് ആസ്വദിക്കാന്‍ കാഴ്ചയുടെ ആവശ്യമുണ്ടായിരുന്നില്ല.
ഇന്ന് വിഷ്വല്‍ മീഡിയയില്‍ക്കൂടി അവതരിപ്പിക്കപ്പെടുന്ന പാട്ടുകള്‍ കാണുകയാണല്ലോ ചെയ്യുന്നത്. കേള്‍ക്കുന്നതിനോടൊപ്പം കാണുകയും ചെയ്യുന്ന ഒരു സംസ്‌കാരം വളര്‍ന്നുവന്നിട്ടുണ്ട്. ടി.വി, മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയിലൂടെയെല്ലാം.
ലോകമൊട്ടുക്കും ഉണ്ടായിട്ടുള്ള വര്‍ണവിവേചന സമരങ്ങളും പ്രതിരോധങ്ങളും ഓര്‍മിച്ചുകൊണ്ടുതന്നെ എഴുതിയതാണ് ഞാന്‍ ആ വാക്കുകള്‍. ഇത് ലോകത്തിന്റെ എല്ലാ ഭാഗത്തും നിലനിന്നിരുന്ന കാര്യങ്ങളാണ്. പശ്ചാത്യരാജ്യങ്ങളിലെ സംഗീതജ്ഞര്‍ പലതരത്തില്‍ അതിനെ മറികടക്കുകയും പുതിയ സംഗീതധാരകള്‍ ഉരുത്തിരിഞ്ഞുണ്ടാകുകയും ചെയ്യുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്.
നമ്മുടെ നാട്ടില്‍ പ്രതിരോധ ഗാനങ്ങളായും തൊഴിലാളികള്‍ അവരുടെ അധ്വാനത്തിന്റെ ആയാസം കുറയ്ക്കാനുള്ള നാടന്‍പാട്ട് എന്ന രീതിയില്‍ സംഗീതത്തിന്റെ പല തരത്തിലുള്ള വേര്‍ഷന്‍സും ഉണ്ടായിട്ടുണ്ട്.
ഇവിടെ ഞാന്‍ ഉദ്ദേശിച്ചത്, എന്നെ കാണുമ്പോള്‍ ഞാന്‍ ഏത് പാട്ട് പാടണം എന്ന് നിശ്ചയിക്കപ്പെടുന്ന ഒരു രീതിയുണ്ടല്ലോ, അത് നിഷ്‌കളങ്കമല്ല, ശരിയായിട്ടുള്ള കാഴ്ചയല്ല എന്നുള്ളതാണ്.
താങ്കളുടെ സിനിമാ കരിയര്‍ നോക്കുകയാണെങ്കില്‍ പാടിയ ഒട്ടുമിക്ക ഗാനങ്ങളും നാടന്‍പാട്ട് എന്ന ഗണത്തില്‍ പെടുത്താവുന്നതാണ്. മേല്‍പറഞ്ഞ രീതിയിലുള്ള ഒരു നോക്കിക്കാണലാണോ അതിനു കാരണം?
തീര്‍ച്ചയായും. അവര്‍ എന്റെ ശബ്ദത്തിനെ നാടന്‍പാട്ട് പാടാന്‍ മാത്രമെ ഉപയോഗിക്കുന്നുള്ളൂ. വര്‍ഷങ്ങളായിട്ടുള്ള വരേണ്യ സവര്‍ണ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് അത്. അത് നമ്മുടെ മുഖ്യധാരയെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. പോയകാലത്ത് പല സിനിമകളും സവര്‍ണതയെ ഊട്ടിയുറപ്പിക്കുന്നവ തന്നെയായിരുന്നല്ലോ. ചിന്തകളിലും നായികാ സങ്കല്പങ്ങളിലുമൊക്കെ പാട്ടുകാരികള്‍ ഏതുതരത്തില്‍ ആയിരിക്കണമെന്നതുപോലും അറിയാതെ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഞാന്‍ മെലഡി എത്ര നന്നായി പാടിയാലും അത് നിലവിലെ സൗന്ദര്യ സങ്കല്പത്തെ തൃപ്തിപ്പെടുത്തുന്നയാള്‍ പാടിയാല്‍ കൂടുതല്‍ നന്നായി എന്ന് അവര്‍ക്ക് തോന്നും. അതാണ്
ജാതിയുടെ അല്ലെങ്കില്‍ നിറത്തിന്റെ പേരില്‍ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നതായി സിനിമാ മേഖലയിലുള്ള പലരും പറഞ്ഞിട്ടുണ്ട്. സംഗീത രംഗത്ത് അത്തരം മാറ്റി നിര്‍ത്തലുകളുണ്ടോ?
എല്ലാ കലകളും സവര്‍ണ ബ്രാഹ്മണിക്കല്‍ മൂല്യബോധം പേറുന്നുണ്ട്. ഞാന്‍ ചെറിയ പ്രായം തൊട്ടേ പഠിച്ചത് കര്‍ണാടിക് സംഗീതമാണ്. കര്‍ണാടിക് സംഗീതത്തിന്റെ കച്ചേരികളുടെ സര്‍ക്കിളില്‍ ഞാനില്ല. കോളജില്‍ പഠിക്കുന്ന സമയത്തു തന്നെ ഞാന്‍ നല്ല രീതിയില്‍ കച്ചേരി ചെയ്തിരുന്നയാളാണ്. ഓള്‍ ഇന്ത്യാ റേഡിയോയില്‍ കര്‍ണാടക സംഗീതത്തില്‍ എനിക്ക് ബി ഗ്രേഡ് ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് ബിഗ്രേഡ് പോലും കിട്ടുകയെന്നുള്ളത് ഭയങ്കര ബുദ്ധിമുട്ടാണ്. കോളജില്‍ പഠിക്കുമ്പോഴേ അത് കിട്ടിയ ആളാണ് ഞാന്‍.
അതുപോലെ കേന്ദ്രസര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പ് കിട്ടിയിട്ടുണ്ട്. അന്ന് കേരളത്തില്‍ നിന്നും എട്ടുപേര്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പ് കിട്ടിയത്. അതില്‍ ഒരു സ്‌കോളര്‍ഷിപ്പ് എനിക്കു കിട്ടിയെന്നുള്ളത് വലിയ കാര്യമാണ്. അങ്ങനെയൊക്കെ കഴിവ് തെളിയിച്ചിട്ടാണ് വന്നിട്ടുള്ളത്. അല്ലാതെ ചുമ്മാ പഠിച്ച് വെറുതേ പാസായി പോയതല്ല.
അങ്ങനെ പഠിച്ചിറങ്ങി തൊഴില്‍ അന്വേഷിക്കുമ്പോള്‍ എന്റെ പരിസരത്തുനിന്നും എന്നെ കൈപിടിച്ചുയര്‍ത്താന്‍ ആരുമുണ്ടായിരുന്നില്ല. കാരണം ആ മേഖലയില്‍ വളര്‍ന്നു വലുതായ നമ്മളെ മെന്റര്‍ ചെയ്യാവുന്ന ഒരാള്‍ അവിടെയുണ്ടായിരുന്നില്ലയെന്നതാവാം.
മറ്റൊന്ന് കര്‍ണാടിക് സംഗീതം എന്നു പറയുന്നത് ബ്രാഹ്മണിക്കലായിട്ടുള്ള സര്‍ക്കിളാണ്. അതിനുള്ളില്‍ ഞാനുള്‍പ്പെട്ടിട്ടില്ല. സ്റ്റേജുകള്‍ ലഭിക്കുമ്പോഴല്ലേ ഒരു കലാകാരി വളരുന്നത്. അതുകൊണ്ട് ഉപജീവനം എന്നു പറയുന്ന വലിയ ചോദ്യചിഹ്നത്തിനു മുമ്പില്‍ ഇത്തരം ആഗ്രഹങ്ങള്‍ അവിടെ വെച്ചു.
പിന്നീട് സിനിമാ സംഗീതത്തില്‍ വന്നപ്പോള്‍, അവിടെയും വര്‍ണ വിവേചനം നന്നായിട്ടുണ്ട്. സോഷ്യല്‍ പ്രിവിലേജ് എന്നു പറയുന്ന സംഗതിയുണ്ട്. അത് എന്താണെന്ന് മനസിലാവാത്ത ഒരാളുടെയടുത്ത് ഇത്തരം വര്‍ണ വിവേചനത്തെക്കുറിച്ച് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. അവര് പറയുക നമ്മുടെ അപകര്‍ഷതാ ബോധം കൊണ്ട് തോന്നുന്നതാണെന്ന്. അതുകൊണ്ടുതന്നെ ഇത്തരം വിവേചനങ്ങള്‍ക്കെതിരെ പറയുമ്പോള്‍ ആ ഒരു കുറ്റം കൂടി നമ്മള്‍ തലയില്‍ പേറേണ്ടിവരും. അതുകൊണ്ട് ഞാന്‍ പരമാവധി ഇത്തരം കാര്യങ്ങള്‍ പറയാറില്ല.
പരാതി ഞാനൊരിക്കലും പരാതിയായിട്ട് പറയില്ല. ഞാനതിനെ മറികടക്കാന്‍ വേണ്ടി പരമാവധി ശ്രമിക്കാറാണ് പതിവ്. സ്വന്തമായിട്ടുള്ളൊരു സംഗീത വഴി തന്നെ തെരഞ്ഞെടുത്തു. കര്‍ണാടിക് സംഗീത കച്ചേരിയെ അതിന്റെ വഴിക്കു വിട്ടു. വിദ്യാഭ്യാസം കൊണ്ട് കിട്ടിയിട്ടുള്ള അറിവ് ഉപയോഗിച്ച് ഞാന്‍ എന്റെ സ്വന്തം പാട്ടുകള്‍ ഉണ്ടാക്കുന്നു. അത് പ്രതിരോധ ഗാനങ്ങളായി മാറുന്നത് സ്വാഭാവികമാണ്. കാരണം വളരെ താഴ്ന്ന തട്ടില്‍ നിന്നും വളര്‍ന്നുവരുന്ന ഒരു ഗായികയുടെ പ്രതിരോധത്തിന്റെയും കൂടി ഭാഗമാണ് അത്തരം പാട്ടുകള്‍.
ഞാന്‍ ചെയ്ത കബീര്‍ ദാസിന്റെ വര്‍ക്ക് വളരെയധികം നിരൂപക പ്രശംസ നേടിയിട്ടുള്ള വര്‍ക്കായിരുന്നു. കേരളത്തില്‍ ഞാനേ അതിന്റെ മലയാള പരിഭാഷ ചെയ്തിട്ടുള്ളൂ. വര്‍ണ വിവേചനം പുരുഷന്മാരില്‍ മാത്രമല്ലല്ലോ, സ്ത്രീകളായിട്ടുള്ള എഴുത്തുകാരിലും പാട്ടികാരികളിലും അത് സാഹിത്യത്തിലും കടന്നുവന്നുവെന്ന് പറയുന്നത് പോസിറ്റീവായിട്ടുള്ള കാര്യമല്ല. കല എപ്പോഴും സത്യസന്ധമായിരിക്കണം.
വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞല്ലോ. അത്തരം ചില അനുഭവങ്ങള്‍ പങ്കുവെയ്ക്കാമോ?
ഞാന്‍ സിനിമയില്‍ പാടുന്ന പല ഗാനങ്ങളും പല പ്രധാനപ്പെട്ട സ്റ്റേജുകളിലും ഞാന്‍ പാടുമ്പോള്‍ കിട്ടുന്ന ഒരു സ്വീകാര്യതയുണ്ടല്ലോ, ആ ഒരു സന്തോഷം അത് ആസ്വദിക്കാനുള്ള അവസരങ്ങള്‍ പലപ്പോഴും എനിക്കുണ്ടായിട്ടില്ല. പകരം വേറെ ഏതെങ്കിലും ഗായികമാരെ വെച്ചിട്ട് അത് പാടിപ്പിക്കുന്നുണ്ട്.
ഞാന്‍ സിനിമയില്‍ പാടിയിട്ടുള്ള പല പാട്ടുകളും സൂപ്പര്‍ ഹിറ്റുകളാണ്. എന്നാല്‍ ഒരു സൂപ്പര്‍ഹിറ്റുപോലുമില്ലാത്ത പലരും ഒരുപാട് അവസരങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും അങ്ങനെയാണെന്നല്ല പറയുന്നത്.
താങ്കള്‍ കമ്പോസ് ചെയ്ത പല ഗാനങ്ങളും പൊളിറ്റിക്കലാണ്. പലതും ഈ കാലഘട്ടത്തില്‍ പറയേണ്ട രാഷ്ട്രീയം പറയുന്നതായിരുന്നു. പാട്ടിലൂടെ അത്തരമൊരു പോരാട്ടം നടത്തുന്നത് ഒതുക്കിനിര്‍ത്തപ്പെടാന്‍ കാരണമായെന്ന് തോന്നുന്നുണ്ടോ?
അതൊക്കെ ഈ അടുത്തകാലത്തല്ലേ. 2016ലല്ലേ ആസാദി ഇറങ്ങിയത്. ഈ മന്ത്രിസഭ വരുന്നതിന്റെ ഒരുമാസം മുമ്പാണത്. തെരഞ്ഞെടുപ്പു പ്രചരണത്തിന് കേരളത്തിലങ്ങോളം ഇങ്ങോളം ആ പാട്ട് ഉപയോഗിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ ഉത്തരേന്ത്യയിലും ഈ ഗാനം ഉപയോഗിക്കപ്പെടുന്നുണ്ട്.
ഇതിനൊക്കെ മുമ്പ് 2001ല്‍ തുടങ്ങിയതാണ് എന്റെ സിനിമാ കരിയര്‍. എന്നിട്ടും എനിക്ക് ഇതുവരെ അര്‍ഹമായ അംഗീകാരം കിട്ടിയെന്ന് തോന്നിയിട്ടില്ല.
നല്ല മെലഡികള്‍ പാടാന്‍ എനിക്കു കഴിയും. നായികമാര് പാടുന്ന പാട്ടാണല്ലോ സ്ത്രീകളെക്കൊണ്ട് പാടിക്കുന്നത്. ബോള്‍ഡായിട്ടുള്ള നായികാ സങ്കല്പങ്ങള്‍ ഉണ്ടാവാത്തത് എന്താണെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അങ്ങനെയുള്ള നായികാ സങ്കല്പങ്ങള്‍ക്ക് പറ്റിയ മെലഡി എനിക്ക് വഴങ്ങും. ഞാന്‍ ഒരുപാട് മെലഡികള്‍ കമ്പോസ് ചെയ്തിട്ടുണ്ട്. എന്റേത് വളരെ സ്‌ട്രോങ് ആയിട്ടുള്ള ശബ്ദം മാത്രമല്ല. അത്യാവശ്യം മെലോഡിയസായി ശബ്ദം ക്രമീകരിച്ചു പാടാനും കഴിയും.
ആസാദി ഗാനം കമ്പോസ് ചെയ്തതിന്റെ എക്‌സ്പീരിയന്‍സ് ഒന്നു പറയാമോ?
കനയ്യകുമാര്‍ വിളിച്ച മുദ്രാവാക്യം കേട്ടതിന്റെ പ്രചോദനത്തില്‍ നിന്നാണ് ആസാദി ഗാനമുണ്ടായിട്ടുള്ളത്. കനയ്യയുടെ മുദ്രാവാക്യത്തിന്റെ ത്രില്ലിലിരിക്കുമ്പോഴാണ് എം.എ ബേബി ഫേസ്ബുക്കിലൂടെ അതിന്റെ വരികളും അര്‍ത്ഥവും പങ്കുവെച്ചത്. അതേസമയം തന്നെയാണ് എന്റെ സുഹൃത്ത് ഷാഹിന നഫീസ വിളിച്ച് ഇതൊന്ന് കമ്പോസ് ചെയ്തികൂടേയെന്ന് ചോദിച്ചത്. എല്ലാംകൂടിയായപ്പോള്‍ ആ പാട്ട് ഉണ്ടായി. ‘എത്രയെത്ര മതിലുകള്‍’ എന്ന പാട്ടും അതേപോലെ തന്നെയാണുണ്ടായത്.
കേരളത്തില്‍ ഒരുപാട് മ്യൂസിക് ബാന്റുകളുണ്ട്. ഇതില്‍ ഊരാളി മാത്രമാണ് പൊളിറ്റിക്കലായി നില്‍ക്കുന്നത്. കേരളത്തിനു പുറത്ത് നമ്മളറിയുന്ന പല ബാന്റുകളും അതുപറഞ്ഞ രാഷ്ട്രീയം കൊണ്ടുകൂടിയാണ് ശ്രദ്ധനേടിയത്. കേരളത്തില്‍ അത്തരമൊരു സാധ്യതയില്ലേ?
ഞാനൊരു ബാന്റുണ്ടാക്കിയിട്ടുണ്ട്. അത് ഔദ്യോഗികമായി ഞാന്‍ പുറത്തിറക്കിയിട്ടില്ല. ഞാന്‍ ചെയ്ത പാട്ടുകള്‍ ഒന്നും തന്നെ സിനിമാ പാട്ടുകള്‍ ആയിരുന്നില്ല. എല്ലാം പൊളിറ്റിക്കലായിരുന്നു.
ദ്രാവിഡയെന്നാണ് എന്റെ ബാന്റിന്റെ പേര്. പക്ഷേ അത് എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട് ഉയര്‍ന്നുവന്നിട്ടില്ല. അവസരങ്ങളുണ്ടെങ്കിലല്ലേ വരുന്നത്. അതൊക്കെ വളരെ ശ്രമകരമായിട്ടുള്ള കാര്യമാണ്.
ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഉപജീവനത്തിനുവേണ്ടി സംഗീതത്തെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ടോ?
എന്റെ അതിജീവനം ഞാന്‍ സംഗീതത്തില്‍ കൂടി തന്നെയാണ് നടത്തുന്നത്. എന്റെ കഠിനപ്രയത്‌നംകൊണ്ട് തന്നെയാണ് അത് സാധിക്കുന്നത്. സിനിമ, കച്ചേരി, എന്നിങ്ങനെയുള്ള സാധ്യതകള്‍ എനിക്ക് ഉപയോഗപ്പെടുത്താന്‍ പറ്റാറില്ല. സര്‍ക്കാറിന്റെ ചില പരിപാടികള്‍ കിട്ടാറുണ്ട്. അത് അത്ര എളുപ്പമൊന്നുമല്ല. വിദേശത്തുനിന്നുള്ള പരിപാടികള്‍ അധികമൊന്നുമില്ലെങ്കിലും ലഭിക്കാറുണ്ട്. സാംസ്‌കാരിക പരിപാടികള്‍ ലഭിക്കാറുണ്ട്.
ഇത്തരം മാറ്റിനിര്‍ത്തലുകളെ ഏതുരീതിയിലാണ് പ്രതിരോധിച്ചത്?
എന്നെ സംബന്ധിച്ച് പാടാന്‍ എനിക്കാരും അവസരം തന്നില്ലെങ്കില്‍ പോലും അതിനെ മറികടക്കാനുള്ള കാലിബര്‍ എനിക്കുണ്ട്. ഞാന്‍ സ്വന്തമായിട്ട് പാട്ടുകളുണ്ടാക്കും. കാരണം പണ്ട് സിനിമ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവസരങ്ങളുടെ വലിയ ലോകം തന്നെ നമ്മുടെ മുമ്പില്‍ തുറന്നുകിടക്കുന്നുണ്ട്. ഇന്ന് ഒരുപാട് മീഡിയകളുമുണ്ട്. എനിക്ക് എന്റെ വീട്ടിലിരുന്ന് ഒരു പാട്ടുപാടി വേണമെങ്കില്‍ ഇടാം. എന്നാലും സിനിമയില്‍ കിട്ടുന്ന ആ ഒരു വിസിബിലിറ്റി നമുക്ക് കിട്ടിക്കോളണമെന്നില്ല. എങ്കിലും ഒരു പരിധിവരെ പിടിച്ചുനില്‍ക്കാന്‍ പറ്റും.
സിനിമയിലെ അവസരത്തിന് കാത്തിരുന്നിട്ടല്ല എന്റെ വളര്‍ച്ചയുണ്ടായിട്ടുള്ളത്. എന്റെ വളര്‍ച്ചയ്ക്കുള്ള ഓരോ കല്ലുകളും പാവുന്നത് ഞാന്‍ തന്നെയാണ്. അതുകൊണ്ടാണ് ഇത്രയെങ്കിലും എനിക്കു പറയാന്‍ പറ്റുന്നത്. വേറെ ഗായികമാര്‍ക്കൊന്നും ചിലപ്പോള്‍ പറയാന്‍ പറ്റിയെന്നു വരില്ല. അവര്‍ സിനിമയില്‍ അവസരം കാത്തിരിക്കുന്നവരാണ്.
ഞാനുണ്ടാക്കിയ ‘പൊരുതുവാന്‍ ഞങ്ങളീ തെരുവുകളിലുണ്ട്’, അല്ലെങ്കില്‍ ‘എത്രയെത്ര മതിലുകള്‍’ ഈ പാട്ടുകളൊക്കെ ഞാന്‍ ഇതുപോലെ പാടിയിതല്ലേ. അതിന്റെ പ്രൊഡക്ഷനെല്ലാം ഞാന്‍ ആരുടെയും സഹായത്തോടെയല്ല ചെയ്തത്. സാമ്പത്തികമായി വളരെ തുച്ഛമായ പിന്തുണ മാത്രം കിട്ടിയിട്ടുണ്ട്. ഇങ്ങനെ പാടിയിട്ട പാട്ടുകള്‍ക്ക് ലഭിച്ച സ്വീകാര്യതയിലൂടെയാണ് എനിക്ക് വിദേശ പരിപാടികളൊക്കെ കിട്ടി തുടങ്ങിയത്. അല്ലാതെ സിനിമയില്‍ ഞാന്‍ പാടിയ പാട്ടിന്റെ ഗാംഭീര്യം വെച്ചല്ല.
അങ്ങനെ ഞാന്‍ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാട് പാട്ടുകള്‍ ഇതുപോലെ ചെയ്തുവെച്ചിരിക്കുകയാണ്. നാരായണ ഗുരുവിന്റെ കുറേ പാട്ടുകള്‍ ചെയ്തുവെച്ചിട്ടുണ്ട്. പൊയ്കയില്‍ അപ്പച്ചന്റെ കൃതികള്‍, രവീന്ദ്രനാഥ ടാഗോറിന്റേതുണ്ട്. മാധവിക്കുട്ടിയുടെ നല്ല പ്രണയാദുരമായ പാട്ടുകള്‍ സംഗീതം ചെയ്തുവെച്ചിട്ടുണ്ട്. ബംഗാളി കവി കാസി നസ്രുല്‍ ഇസ്‌ലാമിന്റെ കവിതകള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ തന്നെ വരിയെഴുതിയ കമ്പോസ് ചെയ്ത ആല്‍ബം 2018ല്‍ ഇറക്കിയിരുന്നു.
എന്റെ മുമ്പില്‍ തെളിയിച്ചുവെച്ചിട്ടുള്ള ഒരു പാതയില്ല. എന്റെ വഴികള്‍ ഞാന്‍ തന്നെയാണ് വെട്ടിത്തെളിച്ചുവെക്കുന്നത്. ഇവിടെയുള്ള പല ഗായകര്‍ക്കു മുമ്പില്‍ തെളിയിച്ചുവെച്ച ഒരുപാട് വഴികളുണ്ട്. പലര്‍ക്കും അതിലൂടെയങ്ങ് പോയാല്‍ മതി.