സിനിമയിലെത്തി 12 വര്‍ഷം പിന്നിടുമ്പോള്‍ നായകന്റെ കൂട്ടുകാരനെന്ന സൈഡ് റോളില്‍ നിന്നും സിനിമയെ മുന്നോട്ട് നയിക്കുന്ന നായകനെന്ന നിലയിലേക്ക് ഉയരുകയാണ് സിജു വില്‍സണ്‍. കപ്പുച്ചിന്‍ വൈദികനായി എത്തുന്ന വരയന്‍, വിനയന്‍ ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട് എന്നിവയാണ് പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുള്ള സിജു വില്‍സന്റെ ചിത്രങ്ങള്‍. വരയനിലേക്കുള്ള വരവ്, കോമഡി റോളുകളില്‍ നിന്നും നായകനിലേക്കുള്ള കരിയര്‍ ഷിഫ്റ്റ്, സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, തുല്യവേതനം എന്നീ വിഷയങ്ങളില്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് സിജു വില്‍സണ്‍
എന്താണ് വരയന്‍? എങ്ങനെയാണ് ഈ ചിത്രത്തിലേക്ക് വരുന്നത്?
വളരെ ചുരുക്കം സിനിമകളിലാണ് ഞാന്‍ ഹീറോയായി അഭിനയിച്ചിട്ടുള്ളത്. ഏത് കഥാപാത്രവും ചൂസിയായാണ് തെരഞ്ഞെടുക്കാറുള്ളത്. അങ്ങനെയിരിക്കുമ്പോല്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഒരു മൂവി വന്നപ്പോള്‍ യെസ് പറഞ്ഞതാണ്. വരയനില്‍ പൂര്‍ണമായും അച്ചന്‍ കഥാപാത്രമാണ്. എന്നാല്‍ സ്ഥിരം നേച്ചറിലുള്ള അച്ചനല്ല. പിന്നെ, അച്ചന്‍, ഡോക്ടര്‍ എന്നൊക്കെ പറയുന്നത് സിഗ്‌നേചര്‍ ക്യാരക്റ്ററുകളാണല്ലോ. അതും കൂടി ഈ സിനിമ ചൂസ് ചെയ്യാനൊരു കാരണമായി. എല്ലാ പ്രേക്ഷകര്‍ക്കും മനസിലാവുന്ന ഒരു സാധാരണത്വം ഈ കഥയ്ക്കുണ്ടായിരുന്നു.
ഡാനി കപ്പുച്ചിന്‍ എന്ന കപ്പുച്ചിന്‍ വൈദീകന്‍ തന്നെയാണ് സിനിമക്കായി തിരക്കഥയെഴുതിയത്, അദ്ദേഹവുമായിട്ടുള്ള അനുഭവങ്ങള്‍ എങ്ങനെയായിരുന്നു.
അച്ചന്‍ എഴുതുന്ന അച്ചന്‍ കഥാപാത്രം എന്നൊക്കെ പറഞ്ഞപ്പോള്‍ ബൈബിള്‍ നാടകമോ അല്ലെങ്കില്‍ അങ്ങനത്തെ എന്തെങ്കിലും സംഭവമായിരിക്കുമെന്നാണ് വിചാരിച്ചത്. എന്നാല്‍ കഥ കേട്ടപ്പോള്‍ അങ്ങനെയല്ല ഒരു കൊമേഷ്യല്‍ എന്റര്‍ടെയ്നറാണെന്ന് മനസിലായി. പാക്ക്ഡായിട്ടുള്ള കഥയും ശക്തമായ കഥാപാത്രവുമാണ് ചിത്രത്തിലേത്. ഒരു അച്ചന്റെ കയ്യില്‍ നിന്നും ഇങ്ങനെയൊരു തിരക്കഥ വന്നപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.
ആദ്യകാലത്ത് ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങിയ സിനിമാ ജീവിതം ഇപ്പോള്‍ മുഴുനീള കഥാപാത്രങ്ങളിലേക്കും നായകവേഷത്തിലേക്കും എത്തിനില്‍ക്കുകയാണ്. കരിയറില്‍ വന്ന മാറ്റങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
സിനിമയിലെത്തിയിട്ട് 12 വര്‍ഷമായി. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. ഇപ്പോഴും പഠിക്കുന്നു. ഇതുവരെ ലഭിച്ച എക്സ്പീരിയന്‍സ് കൊണ്ടാണ് മുന്നോട്ട് പോകുന്നത്. പല സിനിമകളും കഥാപാത്രങ്ങളും ചെയ്തതാണ് മുന്നോട്ട് പോകാനുള്ള ധൈര്യം തരുന്നത്. സിനിമയെ കുറച്ചുകൂടി അടുത്തറിയാനും സീരിയസായി കാണാനും സാധിച്ചു. ഓരോ സിനിമയും ഓരോ അവസരമാണ്.
ഹ്യൂമര്‍ കുറച്ച് കൂടി ഈസിയായിട്ട് തോന്നിയിട്ടുണ്ട്. തമാശ കഥാപാത്രങ്ങള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം. തമാശ കഥാപാത്രങ്ങള്‍ മാത്രം പോര എന്ന് ചിന്തിക്കുന്ന സമയത്താണ് ആദി ചെയ്യുന്നത്. അതില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു. ഒരേ സ്വഭാവത്തില്‍ പോകാതെ പല തരത്തിലുളള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം.
സിജു വില്‍സന്‍ വലിയൊരു മേക്കോവര്‍ നടത്തിയ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്, വിനയന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം. പത്തൊന്‍പതാം നൂറ്റാണ്ട് എന്നാണ് സ്‌ക്രീനില്‍ കാണാന്‍ സാധിക്കുക?
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതൊരു വലിയ കാന്‍വാസിലെടുക്കുന്ന സിനിമയാണ്. അതുകൊണ്ട് തന്നെ അതിന്റെ റിലീസിനായി സമയം കൊടുക്കേണ്ടതുണ്ട്. എത്തേണ്ട സമയത്ത് പത്തൊന്‍പതാം നൂറ്റാണ്ട് പ്രേക്ഷകരിലേക്ക് എത്തും.
എന്റെ സിനിമാ കരിയറിലെ ഏറ്റവും നല്ല എക്സ്പീരിയന്‍സാണ് ആ ചിത്രത്തില്‍ നിന്നും ലഭിച്ചത്. ആ സെറ്റില്‍ ഞാന്‍ ഭയങ്കര ഫ്രീയായിരുന്നു. പേരെടുത്ത സംവിധായകന്റെ കീഴിലാണ് വര്‍ക്ക് ചെയ്യുന്നത്. വിനയന്‍ സാറിന്റെ ഒരു തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ.
പത്തൊന്‍പതാം നൂറ്റാണ്ടിന് മുമ്പ് എനിക്ക് കിട്ടിയ വലിയ സിനിമയാണ് വരയന്‍. വരയനാണ് പത്തൊന്‍പതാം നൂറ്റാണ്ടിലേക്കുള്ള ലീഡ്. ഹീറോ എന്നാല്‍ ഒരു സിനിമ ചുമലിലേറ്റേണ്ട ഉത്തരവാദിത്തം കൂടിയുണ്ട്. കാരണം തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തണം. അതെനിക്ക് പറ്റുമെന്നൊരു വിശ്വാസം കിട്ടിയത് വരയനിലൂടെയാണ്. ഇത് എന്റെ വിശ്വാസമാണ്. തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകരില്‍ നിന്നും കൂടി അറിയാം.
പ്രേക്ഷകര്‍ കാഴ്ചക്കാര്‍ എന്നതിനപ്പുറം നിരൂപകര്‍ കൂടിയായി മാറുകയാണിപ്പോള്‍. ഒരു സിനിമ ഇറങ്ങുമ്പോള്‍ തന്നെ ഡീഗ്രേഡിംഗ് നടക്കുന്നു എന്ന വാദങ്ങളും ഉയരുന്നുണ്ട്. ഇങ്ങനെയുള്ള ചര്‍ച്ചകളെ എങ്ങനെയാണ് നോക്കി കാണുന്നത്.
പ്രേക്ഷകര്‍ക്ക് വിമര്‍ശനമുന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കാരണം അവര്‍ കാശ് മുടക്കിയാണ് സിനിമ കാണുന്നത്. സൂപ്പര്‍ ഹിറ്റായ സിനിമ പോലും ഇഷ്ടപ്പെടാത്ത ആളുണ്ട്. എല്ലാവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സിനിമ എടുക്കാനാവില്ല. ഭൂരിപക്ഷം ഓഡിയന്‍സിലേക്ക് സിനിമ എത്തിക്കാനേ നമുക്ക് സാധിക്കൂ. ഭൂരിപക്ഷം ഓഡിയന്‍സിന് ഇഷ്ടപ്പെടുമ്പോഴാണ് സിനിമ സൂപ്പര്‍ ഹിറ്റാവുന്നത്.
പ്രതീക്ഷിക്കുന്നത് കിട്ടാതെ വരുമ്പോഴാണ് പ്രേക്ഷകര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. നല്ല വിമര്‍ശനങ്ങള്‍ നല്ല രീതിയില്‍ എടുക്കുക. നല്ല വിമര്‍ശനങ്ങളുണ്ടാകുമ്പോഴാണ് നല്ല സിനിമകള്‍ ഉണ്ടാകുന്നത്. വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നതിനെ നോക്കാറില്ല. നല്ല വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ അറിയാം.
വാര്‍ത്തകളിലും സിനിമ മേഖല നിറഞ്ഞുനില്‍ക്കുകയാണ്. വിജയ് ബാബുവിനെതിരായ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അമ്മ സംഘടനയിലെ മൂന്ന് അംഗങ്ങള്‍ രാജി വെച്ചു. സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, അതിനോട് സിനിമാ മേഖലയുടെ മനോഭാവം, അതിനോടൊക്കെയുള്ള പ്രതികരണം എന്താണ്?
അതിനെ പറ്റി കൂടുതല്‍ വ്യക്തമായ അറിവില്ല. വാര്‍ത്തകളിലൂടെയാണ് ഞാനും വിവരങ്ങള്‍ അറിയുന്നത്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും അവര്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അതിനുള്ള പരിഹാരം ചെയ്യണം. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടാവാം. നമുക്കറിയില്ലല്ലോ.
പഴയ അവസ്ഥയൊക്കെ മാറി തുടങ്ങി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പണ്ട് ഇത്തരം കാര്യങ്ങളൊന്നും പുറത്തേക്ക് വരില്ലായിരുന്നു. സംഘടന എന്ന് പറയുമ്പോള്‍ ഒരാളല്ലല്ലോ തീരുമാനമെടുക്കുന്നത്. ഒരാള്‍ക്കെതിരെ മീ ടൂ ആരോപണമുണ്ടാവുമ്പോള്‍ ഒറ്റയടിക്ക് തീരുമാനമെടുക്കാനാവില്ല.
ഞാന്‍ അമ്മയില്‍ അംഗമല്ല, വാര്‍ത്ത വായിച്ചിട്ടാണ് കാര്യങ്ങള്‍ അറയുന്നത്. അതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളും കാര്യങ്ങളുമൊക്കെയുണ്ടാവും. പുറത്ത് നിന്നുള്ള ആളെന്ന നിലയ്ക്ക് എനിക്ക് എത്രത്തോളം അഭിപ്രായം പറയാമെന്നറിയില്ല. ആണായാലും പെണ്ണായാലും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ആണായാലും പെണ്ണായാലും സ്വന്തമായി വ്യക്തിത്വം ഉണ്ടാവണം. എല്ലാവര്‍ക്കും റിയാക്ട് ചെയ്യാന്‍ പറ്റിയെന്ന് വരില്ല. ആണുങ്ങളിലും അങ്ങനെയുള്ളവരുണ്ട്.
സര്‍ക്കാര്‍ സിനിമാ സംഘടനകളെ വിളിച്ച് ചേര്‍ത്ത് ഒരു ചര്‍ച്ച നടത്തിയിരുന്നു. തുല്യവേതനം നല്‍കാനാവില്ലെന്ന് അമ്മ സംഘടന നിലപാട് സ്വീകരിച്ചത് ചര്‍ച്ചയായിരുന്നു. ഇതിനോടുള്ള അഭിപ്രായമെന്താണ്?
ഏത് മേഖലയിലും, ആണായാലും പെണ്ണായാലും പെര്‍ഫോമന്‍സ് അനുസരിച്ചാണ് വേതനം ലഭിക്കുക. സിനിമക്ക് പൈസ ചെലവാക്കുന്ന പ്രൊഡ്യൂസര്‍ മുടക്കുന്ന പൈസ തിരിച്ച് കിട്ടുമോ എന്ന് നോക്കും. ഡിമാന്‍ഡ് അനുസരിച്ചാണ് വേതനം ലഭിക്കുന്നത്. ആദ്യമായിട്ട് അഭിനയിക്കുമ്പോള്‍ നമ്മള്‍ പ്രതിഫലമൊന്നും നോക്കാറില്ല. ഒരു അവസരം കിട്ടിയല്ലോ എന്നാണ് വിചാരിക്കുന്നത്. എന്നെക്കാളും പ്രതിഫലം വാങ്ങുന്ന ഫീമെയില്‍ ആര്‍ട്ടിസ്റ്റുകളുണ്ട്.
വലിയ നടന്മാരും കഷ്ടപ്പെട്ടാണ് ഇന്ന് ഡിമാന്‍ഡുള്ള താരങ്ങളായി മാറിയത്. ആദ്യം തെളിയിക്കണം ഇത്ര വേതനത്തിലേക്കെത്തുന്ന നടനാണ് അല്ലെങ്കില്‍ നടിയാണെന്ന്. എന്റെ തന്നെ ഉദാഹരണം പറഞ്ഞാല്‍ എന്റെ 12 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വെച്ചിട്ട് മമ്മൂട്ടിയുടെ അല്ലെങ്കില്‍ മോഹന്‍ലാലിന്റെ പ്രതിഫലം വേണമെന്ന് പറയാന്‍ എനിക്ക് തന്നെ നാണം വരും.
ചിലപ്പോള്‍ ജോലിക്കനുസരിച്ചുള്ള വേതനവും കിട്ടാറില്ല. നല്ല കഥാപാത്രങ്ങള്‍ക്കായി വേതനത്തില്‍ കോപ്രമൈസ് ചെയ്യേണ്ടി വരും.
Content Highlight: interview with siju wilson varayan movie