| Tuesday, 29th October 2019, 11:34 pm

'അറസ്റ്റിന് ശേഷം അന്ന് ഞങ്ങളെയും പൊലീസ് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു, അതുകൊണ്ടു തന്നെ അട്ടപ്പാടിയില്‍ നടക്കുന്നത് ഏറ്റുമുട്ടലാണെന്ന പൊലീസിന്റെ ഭാഷ്യം ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല' - ഷൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

അട്ടപ്പാടിയില്‍ പൊലീസ് വെടിവെയ്പിനെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍, മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് അറസ്റ്റിലാവുകയും ജയിലില്‍ കഴിയുകയും ചെയ്ത ഷൈന പി.എ, ഡൂള്‍ന്യൂസ് പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍

മുന്‍കാലങ്ങളിലൊന്നും സംഭവിക്കാത്ത തരത്തില്‍ 2016ല്‍ സി.പി.ഐ.എം അധികാരത്തിലെത്തിയതിന് ശേഷം മാവോയിസ്റ്റുകളെ തുടര്‍ച്ചയായി വെടിവെപ്പിലൂടെ കൊലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഈ സംഭവങ്ങളിലൊന്നും പൊലീസിന്റെ ഭാഷ ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ല. ഇതിനകം മൂന്ന് സ്ഥലങ്ങളിലായി വിവിധ കാലങ്ങളില്‍ നടന്ന വെടിവെപ്പുകളില്‍ ഏഴ് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ അതേ സമയം ഒരു പൊലീസുകാരന് പോലും ഇതുവരെ ഒരു പോറലുമേറ്റിട്ടില്ല എന്നത് പ്രാഥമികമായി തന്നെ പൊലീസിന് നേരെ സംശയങ്ങളുയര്‍ത്തുന്നുണ്ട്.

വ്യക്തിപരമായി ഞങ്ങള്‍ നേരിട്ട ഒരനുഭവം പറയാം. രൂപേഷും ഞാനും മറ്റ് സഖാക്കളുമടങ്ങുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് കോയമ്പത്തൂരിലെ കുരുമത്താംപെട്ടിയിലുള്ള ഒരു ചായക്കടയില്‍ വെച്ചാണ്. ആന്ധ്ര പൊലീസിലെ ഐ.ബി വിഭാഗത്തില്‍ നിന്നുള്ളവരാണ് ഞങ്ങളെ കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് ഞങ്ങളെ വാഹനത്തില്‍ കൊണ്ടു പോകുന്ന സമയത്ത് അവര്‍ ചിലരെ ഫോണില്‍ വിളിക്കുകയും മറ്റൊരു വാഹനം ഏര്‍പ്പാടാക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു സഖാവിന് തെലുങ്ക് ഭാഷ ചെറിയ രീതിയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് വഴിയാണ് അവര്‍ക്ക് ഞങ്ങളെ കൊലപ്പെടുത്താന്‍ ഉദ്ദേശമുണ്ടെന്ന് ഞങ്ങളറിയുന്നത്. ഒരു സിഗ്‌നലില്‍ എത്തിയ സമയത്ത് രൂപേഷ് സാഹസികമായി വാഹനം ഓഫ് ചെയ്യുകയും ഞങ്ങളെ അറസ്റ്റ് ചെയ്ത വിവരം പുറത്തേക്ക് ഉച്ഛത്തില്‍ വിളിച്ചുപറയുകയും ചെയ്തതു കൊണ്ട് മാത്രമാണ് ഞങ്ങളിന്നും ജീവിച്ചിരിക്കുന്നത്.

ഇത്തരം അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ പൊലീസ് എത്രമാത്രം നീചവും ക്രൂരവുമായി ഇടപെടുമെന്ന് ഞങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. നിലമ്പൂര്‍-വൈത്തിരി-അട്ടപ്പാടി സംഭവങ്ങളെ വലിയ സംശയത്തോട് കൂടി തന്നെയാണ് ഞാന്‍ നോക്കിക്കാണുന്നത്.

ഒരു ജനാധിപത്യ ഭരണകൂടം ഭരണഘടനാപരമായും നിയമപരമായും പാലിക്കേണ്ടതായുള്ള യാതൊരു മര്യാദകളും പാലിക്കാതെയാണ് ഈ സംഭവങ്ങളെല്ലാം നടന്നിട്ടുള്ളത്. രോഗാവസ്ഥയില്‍ ക്യാമ്പില്‍ വിശ്രമിക്കുകയായിരുന്ന അജിതയെയും കുപ്പുദേവരാജിനെയും ജീവനോടെ പിടികൂടാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നിട്ടും അവരെ ബോധപൂര്‍വം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പിന്നീട് പുറത്തുവന്ന വിവരങ്ങള്‍.

വൈത്തിരിയിലെ സംഭവത്തില്‍ സി.പി ജലീലിന് വെടിയേറ്റ രീതിയും സമയവും പൊലീസ് ഭാഷ്യവും തമ്മില്‍ വലിയ വൈരുധ്യങ്ങളുണ്ട്. അട്ടാപ്പാടിയില്‍ നിന്നുള്ള വിവരങ്ങള്‍ ഇനി പുറത്ത് വരാന്‍ പോകുന്നതേയുള്ളൂ. വെടിവെപ്പുകള്‍ നടന്ന ഈ മൂന്ന് സ്ഥലങ്ങളിലേക്കും മാധ്യമപ്രവര്‍ത്തകരേയോ വസ്തുതാന്വേഷണ സംഘത്തെയോ പൊലീസ് കടത്തിവിടാതിരിക്കുന്നതും ഒരു പക്ഷേ പൊലീസ് വാദങ്ങള്‍ പൊളിയും എന്ന സംശയത്തിലാകാം.

തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള സൈന്യം ഇത്ര ധൈര്യത്തില്‍ യാതൊരു മടിയുമില്ലാതെ നിരന്തരം മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാനാരംഭിച്ചതിനെ സി.പി.ഐ.എം ഭരണത്തിലെത്തിയതുമായി ബന്ധപ്പെടുത്തി വായിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. എല്ലാതരം വിമത ശബ്ദങ്ങളെയും ഇതര ഇടതുപക്ഷ സ്വരങ്ങളെയും ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുകയും ഉന്മൂലനത്തിന് വിധേയമാക്കുകയും ചെയ്ത ചരിത്രമാണ് ഇന്ത്യയില്‍ സി.പി.ഐ.എമ്മിനുള്ളത്.

സി.പി.ഐ.എമ്മിന് തിരിച്ചടിയാകുന്ന ഇതര ഇടതുപക്ഷ പ്രത്യയശാസ്ത്ര ധാരകളെ എല്ലാകാലത്തും അവര്‍ കടന്നാക്രമിച്ചിട്ടുണ്ട്. മുഖ്യധാരയ്ക്ക് പുറത്തുള്ള എല്ലാ ഇടതുപക്ഷ വിഭാഗങ്ങളെയും സി.പി.ഐ.എം ഭയക്കാറുണ്ട്. വലതുപക്ഷ സര്‍ക്കാറുകള്‍ പോലും സ്വീകരിക്കാത്ത രീതിയിലുള്ള ഹിംസാത്മക നീക്കങ്ങള്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ സി.പി.ഐ.എം നടത്തിവരുന്നത് അതുകൊണ്ടെ് കൂടിയായിരിക്കാം.

2014 ലെ പി.യു.സി.എല്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസ്സിലെ സുപ്രീംകോടതി നിര്‍ദേശപ്രകാരം വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങള്‍ ഉയരുന്ന കേസ്സുകളില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തണം എന്നുണ്ട്. എന്നാല്‍ നിലമ്പൂര്‍ വെത്തിരി കേസ്സുകളില്‍ സംഭവം നടന്ന് ഇത്രയും കാലം പിന്നിട്ടിട്ടും കൃത്യമായ അന്വേഷണങ്ങളോ ജുഡീഷ്യല്‍ പരിശോധനയോ നടന്നിട്ടില്ല.

നിലമ്പൂര്‍ സംഭവത്തില്‍ അന്വേഷണം നടത്തി എന്ന് സര്‍ക്കാര്‍ പറയുമ്പോഴും റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അത് പുറത്തുവിടാന്‍ തയ്യാറാകുന്നുമില്ല. ഇവയെല്ലാം ഗുരുതരമായ നിയമ ലംഘനം കൂടിയാണ്.

തയ്യാറാക്കിയത് ഷഫീഖ് താമരശ്ശേരി

We use cookies to give you the best possible experience. Learn more